
ഭാര്യയെ സുന്ദരിയെന്ന് വിളിച്ച ഫാസ്റ്റ്ഫുഡ് ജോലിക്കാരനോട് കയർത്ത് യുവാവ്. സംഭവം നടന്നത് കൻസാസ് സിറ്റിയിലാണ്. സംഭവത്തിന്റെ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. അതോടെ യുവാവിനെ അനുകൂലിച്ചും പ്രതികൂലിച്ചും വൻ ചർച്ചയും നടക്കുന്നുണ്ട്.
@btownwire എന്ന യൂസറാണ് വീഡിയോ ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തിരിക്കുന്നത്. Popeyes -ൽ ജോലി ചെയ്യുന്ന ഒരു ജീവനക്കാരനാണ് ഇവിടെ എത്തിയ കസ്റ്റമറുടെ ഭാര്യയോട് 'സുന്ദരിയാണ്' എന്ന് പറഞ്ഞത്. എന്നാൽ, യുവതിയുടെ ഭർത്താവിന് ഇത് ഇഷ്ടപ്പെടുന്നില്ല. ഇതോടെ അയാൾ ജീവനക്കാരനോട് ദേഷ്യപ്പെടുന്നതാണ് പിന്നീട് കാണുന്നത്.
തന്റെ ഭാര്യയെ സുന്ദരി എന്ന് വിളിച്ചതിന് ഒരു വിശദീകരണം തരണം എന്നും ഇയാൾ പറയുന്നത് കേൾക്കാം. എന്നാൽ, ജീവനക്കാർ സോറി പറയുന്നുണ്ട്. 'എന്തിനാണ് നിങ്ങൾ അങ്ങനെ പറഞ്ഞത്' എന്നും 'ഇത് ഇന്ത്യയല്ല' എന്നും യുവാവ് ജീവനക്കാരനോട് പറയുന്നത് കേൾക്കാം.
അതോടെ വലിയ ചർച്ചയാണ് വീഡിയോയ്ക്ക് താഴെ ഉണ്ടായിരിക്കുന്നത്. ജീവനക്കാരൻ തന്റെ അതിർവരമ്പുകൾ ലംഘിച്ചോ അതോ അയാൾ അല്പം സൗഹൃദമനോഭാവത്തോടെ, കോംപ്ലിമെന്റായി പറഞ്ഞതാണോ എന്ന കാര്യത്തിലാണ് ചർച്ച. ചിലരൊക്കെ പറഞ്ഞത്, യുവാവിന് ഭാര്യയെ സുന്ദരി എന്ന് വിളിച്ചത് ഇഷ്ടപ്പെട്ട് കാണില്ല. അയാളെ തെറ്റ് പറയാൻ സാധിക്കില്ല എന്നാണ്. ജീവനക്കാരൻ അങ്ങനെ പറയരുതായിരുന്നു എന്നും ചിലരെല്ലാം അഭിപ്രായപ്പെട്ടു.
എന്നാൽ, മറ്റ് ചിലർ പറഞ്ഞത് ആ ജീവനക്കാരൻ ഒരു കോംപ്ലിമെന്റ് പറഞ്ഞതല്ലേ, നിങ്ങൾ സുന്ദരിയാണ് എന്ന് പറയുന്നതിൽ എന്താണ് പ്രശ്നം. അതിന് ഇത്ര അധികം ദേഷ്യപ്പെടേണ്ട ഒരു കാര്യവും ഇല്ലായിരുന്നു എന്നാണ്. അത്രയും രൂക്ഷമായിട്ടാണ് യുവാവ് പെരുമാറുന്നത്. യുവാവ് ഇത് ഇന്ത്യയല്ല എന്ന് പറഞ്ഞതിനെ കുറിച്ചും ചർച്ച നടന്നു. എന്തിനാണ് യുവാവ് അത് പറഞ്ഞത് എന്നായിരുന്നു ചിലരുടെ സംശയം. സ്റ്റേറ്റ്സിൽ കോംപ്ലിമെന്റ് പറയുന്നത് ഒരു തെറ്റല്ല, അങ്ങനെ ചെയ്യുന്നതിൽ ഒരു പ്രശ്നവും ഇല്ല എന്ന് അവിടെയുള്ളവർ തന്നെ കമന്റ് നൽകിയിരിക്കുന്നതും കാണാം.