പി. ശ്രീനിവാസിനോടുള്ള ആദരം, ജീപ്പ് സ്‍മാരകമാക്കുന്നു, വീരപ്പനെ തനിയെ നേരിടാൻ തയ്യാറായ ഉദ്യോ​ഗസ്ഥൻ

Published : May 04, 2022, 01:06 PM ISTUpdated : May 04, 2022, 01:07 PM IST
പി. ശ്രീനിവാസിനോടുള്ള ആദരം, ജീപ്പ് സ്‍മാരകമാക്കുന്നു, വീരപ്പനെ തനിയെ നേരിടാൻ തയ്യാറായ ഉദ്യോ​ഗസ്ഥൻ

Synopsis

വീരപ്പൻ 1991 നവംബർ 9 -ന് താൻ കീഴടങ്ങാൻ തീരുമാനിച്ചതായി ഒരു വയർലെസ് സന്ദേശം ഉദ്യോഗസ്ഥന് അയച്ചു. എന്നാൽ, വീരപ്പന് ഒരു വ്യവസ്ഥയുണ്ടായിരുന്നു. നിരായുധനായി ഒറ്റയ്ക്ക് വേണം ശ്രീനിവാസ് വീരപ്പനെ കാണാൻ വരാൻ എന്നതായിരുന്നു അത്. ആളുകളുടെ നന്മയിൽ വിശ്വസിക്കുന്ന ശ്രീനിവാസ് വീരപ്പന്റെ കുതന്ത്രം വിശ്വസിച്ചു.

വീരമൃത്യു വരിച്ച ഇന്ത്യൻ ഫോറസ്റ്റ് സർവീസ്(Indian Forest Service) ഓഫീസർ പി. ശ്രീനിവാസ(P. Srinivas)നോടുള്ള ആദരസൂചകമായി അദ്ദേഹം ഓടിച്ചിരുന്ന ജീപ്പ് നന്നാക്കി കർണാടക വനംവകുപ്പ് അതിനെ ഒരു സ്മാരകമാക്കി മാറ്റി. കർണാടകയിലെ ചാമരാജനഗർ ജില്ലയിലെ ഗോപിനാഥം എന്ന ഗ്രാമത്തിൽ വച്ച് 1991 നവംബർ 10 -ന് കാട്ടുകൊള്ളക്കാരനായ വീരപ്പനാണ് ഐഎഫ്എസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയത്. വീരപ്പനെ അറസ്റ്റ് ചെയ്യാൻ ധൈര്യപ്പെട്ട ഏക ഉദ്യോഗസ്ഥനാണ് അദ്ദേഹം. കൊല്ലേഗൽ വനംവകുപ്പിന്റെ ഓഫീസിലാണ് ജീപ്പ് സൂക്ഷിച്ചിരിക്കുന്നത്. അവിടെ അദ്ദേഹത്തിന്റെ ഫോട്ടോകളും എഴുത്തുകളും അടങ്ങിയ മ്യൂസിയവുമുണ്ട്. തമിഴ്‌നാട് അതിർത്തിയിലുള്ള പാലാറിലെ കർണാടക റേഞ്ച് ഫോറസ്റ്റ് ഓഫീസിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കിടന്നിരുന്ന ജീപ്പ് 1.1 ലക്ഷം രൂപ ചെലവഴിച്ചാണ് നന്നാക്കിയത്. ഒരു രക്തസാക്ഷിയായ ഫോറസ്റ്റ് ഓഫീസർക്ക് ഇത്തരമൊരു ആദരാഞ്ജലി അർപ്പിക്കുന്നത് ഇതാദ്യമാണ്.

'കർണ്ണാടക വനം വകുപ്പിലെ അഭിമന്യു' എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്. ജനങ്ങൾക്ക് ശ്രീനിവാസനെ കുറിച്ച് ഓർക്കുമ്പോൾ ആദരവ് മാത്രമേയുള്ളൂ. “ഞങ്ങൾ വളരെ പാവപ്പെട്ടവരാണ്. ഞങ്ങൾ ചോദിച്ചതൊന്നും അദ്ദേഹം ഒരിക്കലും നിഷേധിച്ചിട്ടില്ല. ഞാൻ നിങ്ങളുടെ സഹോദരനാണ്, എന്നോട് എന്തും ചോദിക്കാമെന്നാണ് അദ്ദേഹം പറയാറുണ്ടായിരുന്നത്. ഞങ്ങളുടെ ആവലാതികൾ അദ്ദേഹം കേൾക്കുകയും, അതിന് പരിഹാരം കാണുകയും ചെയ്യുമായിരുന്നു” കുഞ്ചനൂർ ഗ്രാമത്തിൽ നിന്നുള്ള ലക്ഷ്മി ഓർമ്മിച്ചു.  

ആന്ധ്രാപ്രദേശിലെ രാജമുണ്ട്രിയിൽ ജനിച്ച അദ്ദേഹം പഠിക്കാൻ മിടുക്കനായിരുന്നു. 1979-ലാണ് ഇന്ത്യൻ ഫോറസ്റ്റ് സർവീസ് പരീക്ഷ അദ്ദേഹം പാസ്സാകുന്നത്. കർണാടക കേഡറിൽ റിക്രൂട്ട് ചെയ്യപ്പെട്ടതിന് ശേഷം, ചാമരാജനഗറിൽ അസിസ്റ്റന്റ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് (എസിഎഫ്) ആയി ആദ്യ നിയമനം. കർണാടക വനങ്ങളിലുള്ള എല്ലാ വേട്ടക്കാരെയും കള്ളക്കടത്തുകാരെയും പിടികൂടാൻ അദ്ദേഹം ഒരു പദ്ധതി തയ്യാറാക്കി. ഓരോ കുറ്റവാളിയുടെയും പേര് വിവരങ്ങൾ അടങ്ങിയ ഒരു സമഗ്രമായ ഡയറക്‌ടറി അദ്ദേഹം തയ്യാറാക്കുകയും അവരുടെ ഫോട്ടോഗ്രാഫുകൾ പരസ്യമായി പ്രചരിപ്പിക്കുകയും ചെയ്തു. അവർക്ക് രക്ഷപ്പെടാനുള്ള പഴുതുകൾ എല്ലാം അദ്ദേഹം ബുദ്ധിപൂർവം അടച്ചു.

അദ്ദേഹത്തിന്റെ തന്ത്രങ്ങൾ ഫലം കാണാൻ തുടങ്ങി. കള്ളക്കടത്തുകാരെയും വേട്ടക്കാരെയും നിയന്ത്രിക്കുന്നതിൽ അദ്ദേഹം ഒരു പരിധി വരെ വിജയിച്ചു. ഇതോടെ, ഡെപ്യൂട്ടി കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് സ്ഥാനത്തേയ്ക്ക് ശ്രീനിവാസ് ഉയർന്നു. തുടർന്ന് ശ്രമകരമായ ഒരു ദൗത്യത്തിലൂടെ അദ്ദേഹം വീരപ്പനെ പിടികൂടി. ചോദ്യം ചെയ്യലിൽ വീരപ്പൻ, തന്റെ താവളങ്ങളും, കടത്തിയ ചന്ദനമരങ്ങളെ കുറിച്ചുളള വിവരങ്ങളും ഉദ്യോഗസ്ഥന് കൈമാറി. ഇതിന്റെ അടിസ്ഥാനത്തിൽ, കർണാടക, തമിഴ്നാട്, കേരളം എന്നിവിടങ്ങളിലെ സംഘത്തിന്റെ ഒളിത്താവളങ്ങളിൽ ശ്രീനിവാസ് ഒറ്റയ്ക്ക് റെയ്ഡ് നടത്തി, മോഷ്ടിച്ച ചന്ദനമരങ്ങൾ വൻതോതിൽ പിടിച്ചെടുത്തു. 

എന്നാൽ, റെയ്‌ഡ്‌ നടക്കുമ്പോൾ, വീരപ്പൻ പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു. സുരക്ഷാ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണെങ്കിലും, ശ്രീനിവാസ് കുറ്റം സ്വയം ഏറ്റെടുത്ത് വീരപ്പനെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ വീണ്ടും ശ്രമം തുടങ്ങി. ഗ്രാമീണരുമായി അദ്ദേഹം സൗഹൃദം സ്ഥാപിക്കുകയും, തന്റെ ദൗത്യത്തിൽ അവരുടെ സഹായം തേടുകയും ചെയ്തു.  

തന്റെ ഗ്രാമത്തിൽ ശ്രീനിവാസിന്റെ വർദ്ധിച്ചുവരുന്ന ജനപ്രീതി വീരപ്പനെ അസ്വസ്ഥനാക്കി.  വീരപ്പൻ അദ്ദേഹത്തെ വകവരുത്താൻ തന്നെ തീരുമാനിച്ചു. വീരപ്പൻ 1991 നവംബർ 9 -ന് താൻ കീഴടങ്ങാൻ തീരുമാനിച്ചതായി ഒരു വയർലെസ് സന്ദേശം ഉദ്യോഗസ്ഥന് അയച്ചു. എന്നാൽ, വീരപ്പന് ഒരു വ്യവസ്ഥയുണ്ടായിരുന്നു. നിരായുധനായി ഒറ്റയ്ക്ക് വേണം ശ്രീനിവാസ് വീരപ്പനെ കാണാൻ വരാൻ എന്നതായിരുന്നു അത്. ആളുകളുടെ നന്മയിൽ വിശ്വസിക്കുന്ന ശ്രീനിവാസ് വീരപ്പന്റെ കുതന്ത്രം വിശ്വസിച്ചു. പ്രത്യേക ടാസ്ക് ഫോഴ്‌സായ എസ്ടിഎഫിലെ അദ്ദേഹത്തിന്റെ കാലാവധി ആ വർഷം ആദ്യം അവസാനിച്ചതിനാൽ, അദ്ദേഹത്തിന് അവരുടെ പിന്തുണ ലഭിച്ചില്ല. 

അടുത്ത ദിവസം രാവിലെ വീരപ്പനെ കാണാൻ ഒറ്റയ്ക്ക് നിരായുധനായി ശ്രീനിവാസ് വരുമ്പോൾ വീരപ്പന്റെ ആളുകൾ അദ്ദേഹത്തെ വെടിവച്ചു കൊന്നു. തുടർന്ന്, നീതിമാനായ അദ്ദേഹത്തിന്റെ തലയറുത്തു. അങ്ങനെ 37 -ാം വയസ്സിൽ അദ്ദേഹം മരണപ്പെട്ടു. ശ്രീനിവാസിന്റെ തല ഇതുവരെ കണ്ടെത്താനായിട്ടില്ല. വീരപ്പന്റെ പീഡനം ഏറ്റുവാങ്ങിയ അദ്ദേഹത്തിന്റെ ശവശരീരം മാത്രമാണ് സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്തത്. 1992 ജനുവരി 26 -ന് മരണാനന്തര ബഹുമതിയായ കീർത്തി ചക്ര നൽകി സർക്കാർ അദ്ദേഹത്തെ ആദരിച്ചു. 
 

PREV
click me!

Recommended Stories

പലസ്തീന് വേണ്ടി പൊടിഞ്ഞ കണ്ണീർ, സുഡാനിൽ ഈയാംപാറ്റകളെ പോലെ മരിച്ച് വീഴുന്ന മനുഷ്യർ
'10 വർഷമായി, കുടുംബവുമായി ജർമ്മനിയിൽ താമസം, പക്ഷേ... എന്തോ ചിലത് നഷ്ടപ്പെട്ടു. നാട്ടിലേക്ക് മടങ്ങണം'; യുവതിയുടെ കുറിപ്പ് വൈറൽ