
ജനസംഖ്യയിൽ ഒന്നാമത് നിൽക്കുന്ന ഓരോ ദിവസവും ഭൂമിയുടെ വില വർധിച്ചുവരുന്ന നമ്മുടെ രാജ്യത്ത് ജനസംഖ്യയില്ലാത്ത നാല് ഗ്രാമങ്ങളുണ്ടെന്ന് നിങ്ങൾക്കറിയാമോ? ഹരിയാനയിലെ ഗുഡ്ഗാവ് ജില്ലയിലെ സോഹ്ന പട്ടണത്തിൽ ആണ് ആൾ താമസമില്ലാത്ത ഈ നാല് ഗ്രാമങ്ങൾ ഉള്ളത്. ഖോബ്രി, ജലാൽപൂർ, പുലാവാസ്, റോജ്ക ഗുർജാർ എന്നിവയാണ് നാല് ഗ്രാമങ്ങൾ. റവന്യൂ വകുപ്പിന്റെ രേഖകൾ അനുസരിച്ച്, ഈ ഗ്രാമങ്ങൾക്ക് വെളിച്ചമില്ലാത്ത ഇടം എന്ന് അർത്ഥം വരുന്ന ബെച്ചിരാഗ് എന്നാണ് വിശേഷണം നൽകിയിരിക്കുന്നത്.
പെട്ടെന്ന് ഒരു ദിവസം ഈ ഗ്രാമങ്ങളിൽ ജനവാസം ഇല്ലാതായതല്ല. മറിച്ച് 100 വർഷത്തിലധികമായി ഈ ഗ്രാമങ്ങളിൽ ആളുകൾ താമസിക്കാറില്ല. ആയിരക്കണക്കിന് ഏക്കറുള്ള ഈ ഗ്രാമങ്ങളിലെ ഭൂമി കൃഷിക്കായി മാത്രമാണ് ഉപയോഗിച്ചു വരുന്നത്. ഈ ഗ്രാമങ്ങളിൽ എവിടെയും വൈദ്യുതി വിതരണം ഇല്ല. വൈദ്യുതി എത്തിക്കുന്നതിനോ മറ്റു വികസന പ്രവർത്തനങ്ങൾ നടത്തുന്നതിനോ കലാകാലങ്ങളായി ഈ ഗ്രാമങ്ങളിലേക്ക് ആരും തിരിഞ്ഞു നോക്കാറില്ല എന്നതാണ് സത്യം. പകൽ സമയങ്ങളിൽ സമീപ പ്രദേശങ്ങളിൽ താമസിക്കുന്നവർ ഈ ഗ്രാമങ്ങളിൽ വന്ന് കന്നുകാലികൾക്ക് തീറ്റ ശേഖരിച്ച് വീടുകളിലേക്ക് മടങ്ങുന്നു. പകൽസമയത്ത് കുറച്ച് ആളുകളെ മാത്രമേ കാണാനാകൂ; എന്നാൽ സൂര്യൻ അസ്തമിച്ചാൽ പിന്നെ ഈ ഗ്രാമങ്ങളിൽ ജനങ്ങളെ കാണാനേ ആകില്ല. എന്തുകൊണ്ടാണ് ഇവ ഇങ്ങനെ ഉപേക്ഷിക്കപ്പെടാൻ കാരണമെന്ന് പ്രദേശവാസികൾക്ക് പോലും അറിയില്ലത്രേ.
മൊബൈൽ ടവറുകൾ സ്ഥാപിക്കാൻ അനുവദിക്കാതെ ഒരു ഗ്രാമം; കാരണം ഇതാണ്
ഖോബ്രി വില്ലേജിന്റെ മൊത്തം ഭൂവിസ്തൃതി ഏകദേശം 196 ഹെക്ടറാണ്. ജലാൽപൂരിൽ 142 ഹെക്ടർ ഭൂമിയുണ്ട്. ആയിരക്കണക്കിന് ഏക്കർ ഭൂമിയുള്ള കുത്തനെയുള്ള പ്രദേശമാണ് റോജ്ക. ഇത് ഗുർജാർ ദംദാമ തടാകത്തിന് സമീപത്താണ് സ്ഥിതി ചെയ്യുന്നത്. പുൽവാസിൽ 130 ഹെക്ടർ ഭൂമിയുണ്ട്. വർഷങ്ങളായി ഈ ഭൂമികളൊക്കെയും കൃഷിക്ക് മാത്രമായിട്ടാണ് ഉപയോഗിച്ചുവരുന്നത്.