
സാങ്കേതികവിദ്യ എത്രത്തോളം വളർന്നാലും ചിലപ്പോഴൊക്കെ അത് മനുഷ്യനെ കുഴപ്പിക്കാറുണ്ട് എന്നതിന്റെ തെളിവാണ് കാലിഫോർണിയയിലെ സാൻ ജോസിലുള്ള ഒരു റെസ്റ്റോറന്റിൽ നിന്നും പുറത്തുവരുന്ന ദൃശ്യങ്ങൾ. റെസ്റ്റോറന്റിലെ ജോലികളിൽ സഹായിക്കേണ്ട ഹ്യൂമനോയിഡ് റോബോട്ട് പെട്ടെന്ന് നിയന്ത്രണം വിട്ട് അക്രമാസക്തമായത് ജീവനക്കാരെയും അതിഥികളെയും ഒരുപോലെ അമ്പരപ്പിച്ചു.
കൗണ്ടറിലിരുന്ന പ്ലേറ്റുകൾ ഓരോന്നായി തല്ലിപ്പൊട്ടിച്ചും കൈകൾ അനിയന്ത്രിതമായി വീശിയും റോബോട്ട് അവിടെ പരിഭ്രാന്തി പടർത്തി. ഇതിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
സാൻ ജോസിലെ പ്രമുഖ ഹോട്ട്‌പോട്ട് റെസ്റ്റോറന്റായ ഹൈഡിലാവോയിലാണ് (Haidilao) സംഭവം നടന്നത്. ഡിസ്‌നി സിനിമയായ 'സൂട്ടോപ്പിയ'യുമായുള്ള (Zootopia) സഹകരണത്തിന്റെ ഭാഗമായി റെസ്റ്റോറന്റിൽ അതിഥികളെ രസിപ്പിക്കാൻ എത്തിച്ച റോബോട്ടാണിത് . ഓറഞ്ച് നിറത്തിലുള്ള ഏപ്രൺ ധരിച്ച ഒരു ഹ്യൂമനോയിഡ് റോബോട്ടിനെയാണ് കാണാൻ കഴിയുന്നത്. ഏപ്രണിന് മുകളിൽ 'ഐ ആം ഗുഡ്' എന്ന് എഴുതിയിട്ടുണ്ടെങ്കിലും റോബോട്ടിന്റെ പ്രവർത്തികൾ ഒട്ടും ഗുഡ് ആയിരുന്നില്ല. കൗണ്ടറിൽ അടുക്കി വെച്ചിരുന്ന പ്ലേറ്റുകൾ ഓരോന്നായി റോബോട്ട് താഴെയിട്ടു പൊട്ടിക്കുന്നു. ഇതിനിടെ ഒരു ജീവനക്കാരി റോബോട്ടിനെ തടയാൻ ആവതും ശ്രമിക്കുന്നുണ്ടെങ്കിലും റോബോട്ട് തന്റെ മെറ്റാലിക് കൈകൾ വീശിക്കൊണ്ട് നൃത്തം തുടരുകയായിരുന്നു.
സാധാരണയായി റെസ്റ്റോറന്റുകളിൽ അതിഥികളെ സ്വാഗതം ചെയ്യാനും ഡാൻസ് കളിച്ച് അവരെ രസിപ്പിക്കാനുമാണ് ഇത്തരം റോബോട്ടുകളെ ഉപയോഗിക്കുന്നത്. ഒരു ചൈനീസ് നിർമ്മിത എന്റർടൈൻമെന്റ് റോബോട്ടാണിത്. നൃത്തം ചെയ്യുന്നതിനിടയിൽ ഉണ്ടായ സാങ്കേതിക തകരാറാണ് ഇതിന് കാരണമെന്ന് സാങ്കേതിക വിദഗ്ധർ വിലയിരുത്തുന്നു. സിസ്റ്റം ഓഫ് ചെയ്യാൻ സാധിക്കാത്ത വിധം റോബോട്ട് ഹാങ്ങ് ആയതാകാം ഇത്തരമൊരു സാഹചര്യത്തിലേക്ക് നയിച്ചതെന്നാണ് നിഗമനം. ഒടുവിൽ ജീവനക്കാർ ഏറെ പണിപ്പെട്ടാണ് റോബോട്ടിനെ കീഴ്പ്പെടുത്തിയത്.
വീഡിയോ വൈറലായതോടെ രസകരമായ കമന്റുകളാണ് എക്സിലും ഇൻസ്റ്റാഗ്രാമിലും നിറയുന്നത്. 'റോബോട്ടിന് ലഹരി തലക്ക് പിടിച്ചോ?' എന്ന് ചിലർ ചോദിക്കുമ്പോൾ, 'പാവം റോബോട്ട്, ജോലി ഭാരം കാരണം മടുത്തു കാണും' എന്നാണ് മറ്റു ചിലരുടെ പരിഹാസം. അതേസമയം, ഇത്തരം റോബോട്ടുകൾക്ക് ഒരു 'എമർജൻസി സ്റ്റോപ്പ്' ബട്ടൺ നിർബന്ധമാക്കണമെന്ന ഗൗരവകരമായ ചർച്ചകളും ഇതിനോടൊപ്പം നടക്കുന്നുണ്ട്. അടിയന്തര സാഹചര്യങ്ങളിൽ റോബോട്ടിനെ ഉടനടി ഓഫ് ചെയ്യാൻ ജീവനക്കാർക്ക് കഴിയാത്തത് വലിയ അപകടങ്ങൾക്ക് കാരണമായേക്കാം എന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്. 'ഇനി വരാനിരിക്കുന്ന കാലത്ത് ഇത്തരം കാഴ്ചകൾ സർവ്വസാധാരണമാകും. നമ്മുടെ വീടുകളിലും റോബോട്ടുകൾ ഇത്തരത്തിൽ അക്രമാസക്തമായാൽ എന്ത് ചെയ്യും?' എന്ന ആശങ്കയും ചിലർ പങ്കുവെച്ചു.
പുതിയ തലമുറയെ സംബന്ധിച്ച് ഇത്തരം വീഡിയോകൾ വെറുമൊരു തമാശയല്ല. ആർട്ടിഫിഷ്യൽ ഇന്റലിജൻസും റോബോട്ടിക്സും നമ്മുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാകുമ്പോൾ നേരിടേണ്ടി വരുന്ന വെല്ലുവിളികളുടെ സൂചന കൂടിയാണിത്. 'സൂയിസൈഡൽ റോബോട്ട്' എന്നും 'റോഗ് എഐ' (Rogue AI) എന്നും വിശേഷിപ്പിക്കപ്പെടുന്ന ഇത്തരം സംഭവങ്ങൾ ഇതിനു മുൻപും ലോകത്തിന്റെ പല ഭാഗങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്തായാലും സാൻ ജോസിലെ ഈ 'ഡാൻസിങ് റോബോട്ട്' ഇപ്പോൾ സോഷ്യൽ മീഡിയയിൽ പുതിയ സെൻസേഷനായി മാറിയിരിക്കുകയാണ്.