'സ്വിഗ്ഗി ഡെലിവറി ഏജന്‍റിൽ നിന്ന് 'കോടീശ്വരനി'ലേക്ക്, അതും കഥയെഴുതി...'; അജിത് കുമാറിന്‍റെ ജീവിതകഥ വൈറൽ

Published : Jul 24, 2026, 01:55 PM IST
Ajith Kumar

Synopsis

കുടുംബത്തിലെ സാമ്പത്തിക പ്രതിസന്ധികളെ തുടർന്ന് സ്വിഗ്ഗി ഡെലിവറി പങ്കാളിയായി ജോലി ചെയ്തിരുന്ന ഫരീദാബാദ് സ്വദേശി അജിത് കുമാർ, പോക്കറ്റ് എഫ്എമ്മിനായി കഥകൾ എഴുതി കോടീശ്വരനായി മാറിയ പ്രചോദനാത്മകമായ ജീവിതകഥയാണിത്. കഠിനാധ്വാനത്തിലൂടെയും പ്രതിസന്ധികളെ അതിജീവിച്ചുമുള്ള അദ്ദേഹത്തിന്റെ ജീവിതം നിരവധി പേർക്ക് പ്രചോദനമാവുകയാണ്.

സ്വിഗ്ഗി ഡെലിവറി പങ്കാളിയായി ജോലി ചെയ്തിരുന്ന ഒരാൾ ഇന്ന് കോടികളുടെ ആസ്തിയ്ക്ക് ഉടമയായെന്ന ജീവിതകഥയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വ്യാപക ശ്രദ്ധ നേടുന്നു. സാമ്പത്തിക പ്രതിസന്ധിയും വ്യക്തിപരമായ തിരിച്ചടികളും അതിജീവിച്ച് സംരംഭകനെന്ന നിലയിൽ ഉയർന്ന ഫരീദാബാദ് സ്വദേശിയായ അജിത് കുമാറിന്‍റെ അനുഭവമാണ് നിരവധി പേരെ പ്രചോദിപ്പിക്കുന്നത്. കുടുംബം നോക്കാനായി ഒരിക്കൽ സ്വിഗ്ഗി ഡെലിവറി ഏജന്‍റായി ജോലി ചെയ്തു. ഒപ്പം ഭാവിയെ കരുതി കഠിനാധ്വനം ചെയ്തു. ഇന്ന് കോടിപതി!

'ഒന്നിൽ നിന്നും പലതിലേക്ക്...'

ഇന്‍വെസ്റ്ററായ രാഹുൽ മാത്തൂർ, പോക്കറ്റ് എഫ്എമ്മിൽ വന്ന അജിത്തിന്‍റെ അഭിമുഖം പങ്കുവച്ചതോടെയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായത്. കൊവിഡ് ലോക്ഡൗണിന് പിന്നാലെ കുടുംബത്തിലെ സാമ്പത്തിക പ്രശ്നങ്ങൾ വർദ്ധിച്ചു. ഇതോടെ കോളേജ് പഠനം പാതി വഴി ഉപേക്ഷിച്ച് സ്വന്തമായി ജോലി തിരയാൻ ആരംഭിച്ചെന്ന് അജിത് പറയുന്നു. ജീവിതത്തിലെ ഒരു ഘട്ടത്തിൽ എല്ലാം അവസാനിച്ചുവെന്നാണ് താൻ കരുതിയിരുന്നെന്നും അജിത് കൂട്ടിച്ചേർക്കുന്നു. കുടുംബത്തിന്‍റെ സാമ്പത്തിക ബാധ്യതകളും വരുമാനക്കുറവും കാരണം ഉപജീവനത്തിനായി സ്വിഗ്ഗി ഡെലിവറി ജോലി ചെയ്തു. ഇടയ്ക്ക് മെഹന്ദി വരക്കാൻ പോയി. മറ്റ് ചിലപ്പോൾ ബ്രൈഡൽ മേക്കപ്പുകൾക്ക്... 

കഠിനാധ്വാനം ചെയ്ത് കുടുംബത്തെ മുന്നോട്ടുകൊണ്ടുപോകുന്നതിനൊപ്പം ഭാവിയെക്കുറിച്ചുള്ള പുതിയ സാധ്യതകളെ കുറിച്ചും നിരന്തരം അന്വേഷിച്ചുകൊണ്ടിരുന്നു. പക്ഷേ, ഒരു അപകടം എല്ലാം അവസാനിപ്പിച്ചെന്ന് തോന്നിച്ചു. അപകടത്തോടെ കിടപ്പിലായി. കടവും ലോണും കൂടി വന്നു. ആയിടയ്ക്കാണ് പരസ്യ വീഡിയോ സ്ക്രിപ്റ്റ് ക്ഷണിച്ച് കൊണ്ട് പോക്കറ്റ് എഫ്എമ്മിൽ പരസ്യം കണ്ടത്. അങ്ങനെ പോക്കറ്റ് എഫ്എമ്മിനായി ആദ്യം പരസ്യമെഴുതി. പിന്നെ കഥകളെഴുതി. ആദ്യത്തെ കഥയ്ക്ക് 20,000 രൂപ ലഭിച്ചു. പിന്നാലെ നിരന്തരം എഴുതാനിരുന്നു ഇതിനിടെ അജിത്തിന്‍റെ ഒരു ഓഡിയോ പരമ്പര പ്ലാറ്റ്‌ഫോമിൽ ഒന്നാം സ്ഥാനം നേടി, 52,000 രൂപയായിരുന്നു അതിന് ലഭിച്ച പ്രതിഫലം. പിന്നാലെ 6.29 ലക്ഷം എന്ന ജീവിതത്തെ മാറ്റിമറിച്ച ആ സംഖ്യയും താൻ കണ്ടെത്തിയെന്ന് അജിത് പറയുന്നു.

 

'സ്വിഗ്ഗി ഏജന്‍റിൽ നിന്നും കഥാകാരനിലേക്ക്'

അജിത് കുമാറിനെക്കുറിച്ച് എക്‌സിൽ എഴുതുമ്പോൾ നിക്ഷേപകനായ രാഹുൽ മാത്തൂർ അദ്ദേഹത്തെ ഒരു കോടീശ്വരൻ എന്നാണ് വിശേഷിപ്പിച്ചത്. “പോക്കറ്റ് എഫ്‌എമ്മിൽ എഴുതാൻ തുടങ്ങിയതിനുശേഷം ഫരീദാബാദിൽ നിന്നുള്ള ഒരു സ്വിഗ്ഗി ഡെലിവറി പങ്കാളി കോടിശ്വരനായി മാറിയിരിക്കുന്നു,” അദ്ദേഹം കുറിച്ചു. വളരെ വിജയകരമായ ഒരു പോക്കറ്റ് എഫ്‌എം പരമ്പരയ്ക്ക് പിന്നിലെ വ്യക്തി അജിത് കുമാറാണെന്നും റോയൽറ്റിയിലൂടെ കോടികൾ സമ്പാദിക്കാൻ സാധ്യതയുണ്ടെന്നും മാത്തൂർ ചൂണ്ടിക്കാട്ടി. “16.8 കോടി നാടകങ്ങളുള്ള “ബ്രഹ്‌മ്യോദ: ദി ഡിസ്ട്രോയർ” -ന്‍റെ പ്രധാന എഴുത്തുകാരനാണ് അജിത് കുമാർ. 2026 ൽ പരമ്പര ആരംഭിച്ചു. നാടകങ്ങൾ 4.16 കോടിയിൽ നിന്ന് 4 മടങ്ങ് വളർന്നു, എപ്പിസോഡുകളുടെ എണ്ണം 1300+ ലേക്ക് ഉയർന്നു.” അദ്ദേഹം ചൂണ്ടിക്കാണിച്ചു. "2026 ജനുവരിയിൽ, ജയ്പൂർ സാഹിത്യോത്സവത്തിലേക്ക് പ്രഭാഷകനായി അദ്ദേഹത്തെ ക്ഷണിച്ചു. ഈ വർഷം, അദ്ദേഹത്തിന്റെ ഷോ 100 കോടിയിലധികം വരുമാനം നേടുന്നതിനാൽ അദ്ദേഹം നിരവധി കോടികൾ സമ്പാദിക്കും," മാത്തൂർ കൂട്ടിച്ചേർത്തു..

ജീവിതം പഠിപ്പിച്ച ഏറ്റവും വലിയ പാഠം

വിജയത്തിന് പിന്നിൽ ഭാഗ്യം മാത്രമല്ല, തുടർച്ചയായ പരിശ്രമവും പരാജയങ്ങളിൽ നിന്ന് പാഠം ഉൾക്കൊണ്ട് കൊണ്ട് മുന്നോട്ട് നീങ്ങാൻ കഴിഞ്ഞത് കൊണ്ട് കൂടിയാണെന്ന് അജിത് വ്യക്തമാക്കുന്നു. പ്രതിസന്ധികൾ നേരിടുമ്പോൾ പ്രതീക്ഷ കൈവിടാതെ മുന്നോട്ടുപോകുകയെന്നതാണ് ജീവിതം പഠിപ്പിച്ച ഏറ്റവും വലിയ പാഠമെന്നും അദ്ദേഹം പറയുന്നു. ബുദ്ധിമുട്ടുകൾക്കിടയിലും പുതിയ കഴിവുകൾ വികസിപ്പിക്കാനും അവസരങ്ങൾ തിരിച്ചറിയാനും ശ്രമിച്ചതാണ് ജീവിതം മാറ്റിമറിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അജിത്തിന്‍റെ ജീവിതാനുഭവം സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ നിരവധി പേരാണ് അദ്ദേഹത്തെ അഭിനന്ദിച്ച് രംഗത്തെത്തിയത്. ചെറിയ ജോലികളെ ഒരിക്കലും നിസ്സാരമായി കാണരുതെന്നും ആത്മവിശ്വാസവും കഠിനാധ്വാനവും ഉണ്ടെങ്കിൽ ജീവിതത്തിൽ വലിയ നേട്ടങ്ങൾ കൈവരിക്കാനാകുമെന്നുമുള്ള സന്ദേശമാണ് അദ്ദേഹത്തിന്‍റെ ജീവിത യാത്ര നൽകുന്നതെന്ന് പലരും അഭിപ്രായപ്പെട്ടു. പരിമിത സാഹചര്യങ്ങളിൽ നിന്ന് ഉയർന്ന് വിജയത്തിലെത്തിയ അദ്ദേഹത്തിന്‍റെ കഥ യുവാക്കൾക്കിടയിൽ പ്രചോദനമായി മാറുകയാണ്.

PREV
Read more Articles on
click me!

Recommended Stories

ജീവിതത്തിലെ ഓരോ നിമിഷവും യൂറ്റ്യൂബിൽ ലൈവ്, 8.35 കോടി സമ്പാദിച്ച് യുവതി, കോർപ്പറേറ്റ് ജോലി വിട്ടു, ഇനി ഡിജിറ്റൽ സംരംഭക
ഇന്ത്യൻ വിദ്യാർഥി പ്രതിഷേധത്തിന്‍റെ ധീരമുഖം, മുംബൈയിൽ പോലീസ് വാൻ ഒറ്റയ്ക്ക് തടഞ്ഞ റിയ അഹിർ ആരാണ്?