ജിപിഎസ് ട്രാക്കര്‍ പ്രവര്‍ത്തനം നിര്‍ത്തി, യുവാക്കൾ കടലിൽ കുടുങ്ങിയത് 29 ദിവസം! അതിജീവിച്ചത് ഇങ്ങനെ

By Web TeamFirst Published Oct 9, 2021, 12:35 PM IST
Highlights

ആ മനുഷ്യർ അങ്ങേയറ്റം തളര്‍ന്നിരുന്നു. ഒക്ടോബർ 2 -ന് പോമിയോ പട്ടണത്തിൽ എത്തിയപ്പോൾ അവരെ ബോട്ടിൽ നിന്നും അടുത്തുള്ള ഒരു വീട്ടിലേക്ക് എടുത്തു കൊണ്ടുപോകേണ്ടി വന്നു. 

ജിപിഎസ് ട്രാക്കര്‍ (GPS tracker) പ്രവര്‍ത്തനം നിര്‍ത്തി. ഇതോടെ രണ്ടുപേര്‍ കടലില്‍ തീരം കാണാതെ കുടുങ്ങിയത് 29 ദിവസം. മെലനേഷ്യൻ രാജ്യമായ സോളമന്‍ ദ്വീപില്‍ (Solomon Islands) നിന്നുമുള്ള രണ്ട് പേരാണ് കടലില്‍ കുടുങ്ങിയത്. ഒടുവില്‍ യാത്ര ആരംഭിച്ചതിന് 400 കിലോമീറ്റര്‍ അകലെ പാപ്പുവ ന്യൂ ഗിനിയ (Papua New Guinea) തീരത്ത് വച്ച് ഇരുവരെയും രക്ഷപ്പെടുത്തി. 

ലിവേ നഞ്ചിക്കാന, ജൂനിയർ കൊളോണി എന്നിവരാണ് സോളമൻ ദ്വീപുകളിലെ മോണോ ദ്വീപിൽ നിന്ന് സെപ്റ്റംബർ മൂന്നിന് രാവിലെ ഒരു മോട്ടോർ ബോട്ടിൽ കടലിലേക്ക് പോയത്. വെല്ലാ ജോർജിയ ദ്വീപിലെ നോറോ പട്ടണത്തിലേക്ക് 200 കിലോമീറ്റർ തെക്കോട്ട് പോകാൻ ഇരുവരും പദ്ധതിയിട്ടു. ഇരുവരും നേരത്തെയും ഇത്തരം യാത്രകള്‍ നടത്തിയിട്ടുള്ളതിനാല്‍ തന്നെ രണ്ടുപേര്‍ക്കും ആശങ്കകളൊന്നും ഇല്ലായിരുന്നു. 

എന്നാല്‍, പരിചയസമ്പന്നരായ ആളുകള്‍ക്ക് പോലും സോളമന്‍ ദ്വീപില്‍ നിന്നും പാപ്പുവ ന്യൂ ഗിനിയയെ വേർതിരിക്കുന്ന കടല്‍  പ്രവചനാതീതമാണ്. കൂടാതെ, യാത്ര തുടങ്ങി കുറച്ച് മണിക്കൂറുകള്‍ കഴിഞ്ഞപ്പോഴേക്കും കനത്ത മഴയും കാറ്റും വന്നു. അതോടെ ഇരുവരും പിന്തുടര്‍ന്ന് വന്ന തീരരേഖ കാണാതായി. 'മോശം കാലാവസ്ഥ വന്നപ്പോള്‍ നാം അസ്വസ്ഥരായി. എന്നാല്‍, ജിപിഎസ് കിട്ടാതായപ്പോള്‍ അത് അങ്ങേയറ്റം മോശമായി' എന്ന് അവര്‍ പറയുന്നു. എങ്ങോട്ടാണ് പോകുന്നത് എന്ന് ഒരു ഐഡിയയും ഇല്ലാതായപ്പോള്‍ ഇന്ധനം തീര്‍ന്നുപോവാതിരിക്കാന്‍ ഇരുവരും ബോട്ട് നിര്‍ത്തിയിട്ടു. 

യാത്രയ്ക്കായി അവർ പായ്ക്ക് ചെയ്ത് കരുതിയിരുന്ന ഓറഞ്ച്, കടലിൽ നിന്ന് ശേഖരിച്ച തേങ്ങകൾ, ക്യാൻവാസ് കഷ്ണം ഉപയോഗിച്ച് പിടിച്ച മഴവെള്ളം എന്നിവ ഉപയോഗിച്ചാണ് ഈ നീണ്ട ദിവസങ്ങള്‍ അവര്‍ അതിജീവിച്ചത്. 29 ദിവസം 400 കിലോമീറ്റർ വടക്കുപടിഞ്ഞാറേക്ക് അവരുടെ ബോട്ട് ഒഴുകി, ഒടുവിൽ ന്യൂ ബ്രിട്ടൻ, പാപ്പുവ ന്യൂ ഗിനിയ തീരത്ത് ഒരു മത്സ്യത്തൊഴിലാളിയെ അവര്‍ കണ്ടെത്തി. 'എവിടെയാണ് എത്തിയത് എന്ന് ഞങ്ങള്‍ക്ക് യാതൊരു രൂപവും ഉണ്ടായിരുന്നില്ല. പക്ഷേ, മറ്റൊരു രാജ്യത്തായിരിക്കും എത്തിയത് എന്ന് യാതൊരു പ്രതീക്ഷയും ഉണ്ടായിരുന്നില്ല' എന്ന് നഞ്ചികാന പറയുന്നു. 

ആ മനുഷ്യർ അങ്ങേയറ്റം തളര്‍ന്നിരുന്നു. ഒക്ടോബർ 2 -ന് പോമിയോ പട്ടണത്തിൽ എത്തിയപ്പോൾ അവരെ ബോട്ടിൽ നിന്നും അടുത്തുള്ള ഒരു വീട്ടിലേക്ക് എടുത്തു കൊണ്ടുപോകേണ്ടി വന്നു. അതിനുശേഷം അവരെ ഒരു പ്രാദേശിക ആരോഗ്യ ക്ലിനിക്കിൽ പരിശോധിച്ചു. ഇപ്പോള്‍ അവര്‍ ആരോഗ്യം വീണ്ടെടുത്തിട്ടുണ്ട്. എന്നാല്‍, ഇപ്പോള്‍ സംഭവിച്ചതില്‍ ചില പൊസിറ്റീവ് കാര്യങ്ങളുണ്ടായി എന്ന് നഞ്ചികാന പറയുന്നു. ആഗോളതലത്തില്‍ തന്നെയുള്ള മഹാമാരിയില്‍ നിന്നും ഒരു ഇടവേള കിട്ടി എന്നാണ് അവന്‍ പറയുന്നത്. 

നേരത്തെയും ഈ കടലില്‍ പലരും കുടുങ്ങിപ്പോയിട്ടുണ്ട്. അതില്‍ ചിലരെ കണ്ടെത്താനാവാത്ത സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. 

click me!