
മഹാരാഷ്ട്രയിലെ നാഗ്പൂർ ജില്ലയിലെ രാംടെക്കിൽ 103 വയസ്സുള്ള ഒരു സ്ത്രീ മരിച്ചതായി ഡോക്ടർമാർ വിധിയെഴുതി. ഗ്രാമത്തിലെ ഏറ്റവും പ്രായം കൂടിയ ആളുടെ മരണാനന്തര ചടങ്ങിന് ഗ്രാമം മുഴുവനും ശവസംസ്കാരത്തിനായി ഒത്തു കൂടിയ എന്നാൽ. അവർക്ക് ഗ്രാമ മുത്തശ്ശിയുടെ ശവസംസ്കാരം നടത്താൻ കഴിഞ്ഞില്ല. പകരം ജന്മദിന കേക്ക് മുറിച്ച് സന്തോഷത്തോടെ തിരിച്ചെത്തിയെന്ന് റിപ്പോര്‍ട്ടുകൾ. അതെ, മരിച്ചെന്ന് കരുതി സംസ്കാരിക്കാനായി എത്തിയ ആൾ ജീവനോടെ എഴുന്നേറ്റ് വന്നു, ഗ്രാമീണരെ മുഴുവനും അമ്പരപ്പിച്ച് കൊണ്ട്. അതും അവരുടെ ജന്മദിനത്തിൽ തന്നെ. സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി.
103 വയസ്സുള്ള ഗംഗാഭായി സാഖറെ ഗ്രാമത്തിന്‍റെ തന്നെ മുത്തശ്ശിയായിരുന്നു. പ്രായത്തിന്‍റെതായ അസ്വസ്ഥതകൾ അവരെ അലട്ടിയിരുന്നു. രണ്ട് മാസമായി അവർ കിടക്കയിൽ തന്നെയായിരുന്നു. ഒരു ദിവസം വെറും രണ്ട് സ്പൂണ്‍ വെള്ളം മാത്രമാണ് ഇക്കാലത്ത് കുടിച്ചിരുന്നത്. കഴിഞ്ഞ തിങ്കളാഴ്ച വൈകുന്നേരത്തോടെ ഗംഗാബായിയുടെ ശരീര ചലനങ്ങൾ നിലച്ചു. പിന്നാലെ അവർ മരിച്ചതായി വീട്ടുകാർ കരുതി. അതോടെ അന്ത്യകർമ്മങ്ങൾക്കായി കുടുംബവും ഒരുങ്ങി. ദൂരെ ദേശങ്ങളിലുള്ള ബന്ധുക്കൾക്കും മറ്റ് വേണ്ടപ്പെട്ടവർക്കും സന്ദേശങ്ങൾ അയച്ചു. ചൊവ്വാഴ്ച രാവിലെയോടെ ഗംഗാഭായിയെ കുളിപ്പിച്ച് പുതിയ സാരി ഉടുപ്പിച്ചു. അന്ത്യകർമ്മങ്ങളുടെ ഭാഗമായി ഗംഗാഭായിയുടെ കൈകളും കാലുകളും കൂട്ടി വച്ച് കെട്ടി. മൂക്കിൽ പഞ്ഞികൾ തിരുകി. ഇതിനകം മരണവാർത്തയറിഞ്ഞ് ദൂരെദേശങ്ങളിൽ നിന്നുള്ള ബന്ധുക്കൾ എത്തിചേർന്നിരുന്നു.
മൃതദേഹം സംസ്കാരത്തിനായി ചിതയിലേക്ക് കൊണ്ട് പോകുന്നതിനായി വാഹനം വീട്ടിലെത്തിയുരുന്നു. വീടിന് മുമ്പിൽ വിവരം അറിഞ്ഞെത്തുന്നവർക്ക് ഇരിക്കാനായി പന്തലുയർന്നു. ഈ സമയം ഗംഗാഭായിയുടെ വിരലുകൾ ഇളകിയതായി ചെറുമകൻ രാകേഷ് സാഖറെ യ്ക്ക് സംശയം തോന്നി. പിന്നാലെ വീട്ടുകാർ ഗംഗാഭായിയുടെ മൂക്കിലെ പഞ്ഞി ഊരിയപ്പോൾ അവർ ദീർഘമായി ശ്വസിച്ചു. ഗംഗാഭായി മരിച്ചിട്ടില്ലെന്ന് ബന്ധുക്കൾ കണ്ടെത്തി. എന്നാൽ അതിനേക്കാൾ വലിയ യാദൃശ്ചികതയായത്. അന്നേ ദിവസം ഗംഗാഭായുടെ ജന്മദിനം കൂടിയായിരുന്നുവെന്നതാണ്. ഇതോടെ ജന്മദിന കേക്കും മുറിച്ച ശേഷം കുടുംബാംഗങ്ങളും ഗ്രാമവാസികളോടുമൊപ്പം ഗംഗാഭായി വീട്ടിലേക്ക് മടങ്ങി. ഇന്ന് ഗ്രാമവാസികൾ ഗംഗാഭായിയെ "ജീവിക്കുന്ന അത്ഭുതം" എന്നാണ് വിളിക്കുന്നത്. സ്വന്തം ജന്മദിന ദിവസം മരണത്തിൽ നിന്നും രക്ഷപ്പെട്ട് ജീവിതത്തിലേക്ക് തിരിച്ചെത്തിയ ഗംഗാഭായിയെ കാണാൻ ദൂരെ ദേശങ്ങളിൽ നിന്നുപോലും ഇപ്പോൾ ഗ്രാമത്തിലേക്ക് ആളുകൾ എത്തുന്നുണ്ടെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.