
വളർത്തുമൃഗങ്ങളെ പരിപാലിക്കാൻ ശ്രദ്ധയും സമയവും വേണം. ചെടികൾ വളർത്താനും കൃത്യമായ പരിചരണം ആവശ്യമാണ്. എന്നാൽ, ഒരു ഇഷ്ടികയിൽ പായൽ വളർത്തുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? കേൾക്കുമ്പോൾ കൗതുകം തോന്നുമെങ്കിലും ചൈനയിലെ യുവാക്കൾക്കിടയിൽ ഇപ്പോൾ പ്രചാരം നേടുന്നത് ഇത്തരമൊരു വിചിത്ര ഹോബികളാണെന്ന് റിപ്പോർട്ട്. സാധാരണ ഇഷ്ടികകളിൽ പായൽ വളർത്തുകയും അവയെ ഒരു കൂട്ടുകാരനെപ്പോലെ കരുതി പരിപാലിക്കുകയുമാണ് ഇവർ ചെയ്യുന്നത്. സമൂഹ മാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടിയ ഈ പ്രവണത, വലിയ അധ്വാനമില്ലാതെ മാനസിക ആശ്വാസം നേടിയെന്ന സംതൃപ്തി കണ്ടെത്താനുള്ള ഒരു മാർഗമായാണ് വിലയിരുത്തപ്പെടുന്നത്.
രീതി വളരെ ലളിതമാണ്. ഒരു സാധാരണ ഇഷ്ടിക എടുത്ത് ദിവസത്തിൽ ഏതാനും തവണ വെള്ളം തളിച്ചുകൊടുക്കുക. അന്തരീക്ഷത്തിൽ സ്വാഭാവികമായി കാണപ്പെടുന്ന പായലിന്‍റെ ബീജാണുക്കൾ ഇഷ്ടികയുടെ പ്രതലത്തിൽ പതിച്ച് വളരുന്നതുവരെ കാത്തിരിക്കുക. ഇതാണ് ഈ ഹോബിയുടെ രീതി.
വളർത്തുമൃഗങ്ങളെപ്പോലെ ഭക്ഷണം നൽകുകയോ നിരന്തരം ശ്രദ്ധിക്കുകയോ ചെലവേറിയ പരിചരണ സാമഗ്രികൾ വാങ്ങുകയോ വേണ്ട. കുറച്ചുകാലം പരിചരണമില്ലാതെ കിടന്നാലും ഇവ അതിജീവിക്കും. കുറച്ചുനാൾ വെള്ളം തളിക്കാതിരുന്നാൽ പായൽ ഉണങ്ങിയ അവസ്ഥയിലേക്ക് മാറാം. വീണ്ടും വെള്ളം തളിച്ചുതുടങ്ങുമ്പോൾ അവയ്ക്ക് പച്ചനിറം വീണ്ടെടുക്കാനും കഴിയും.
In China, people have started keeping bricks instead of cats and dogs. Yes, ordinary bricks!
Chinese teenagers have discovered an unusual hobby: they bring home bricks found on the street, soak them in water and spray them periodically.
Over time, the bricks become covered in a thick layer of moss, and sometimes flowers and ferns appear.
The hobby has become so popular that China National Radio, together with the Botanical Society, has published a guide to growing moss.
It advises people not to collect bricks near polluting industrial facilities, to soak and disinfect them beforehand, and to watch for signs of mould.
The hobby’s popularity is attributed to its low cost, easy maintenance and relaxing effect. Even if you forget to water the moss, it can go dormant and “come back to life” after the next spray.
— NEXTA (@nexta_tv) October 28, 2026
ചൈനീസ് സമൂഹ മാധ്യമങ്ങളിൽ ഈ ഹോബി വലിയ ശ്രദ്ധയാണ് നേടുന്നത്. ഇതുമായി ബന്ധപ്പെട്ട ഒരു ഹാഷ്ടാഗിന് വെയ്‌ബോയിൽ മാത്രം 50 ലക്ഷത്തിലധികം കാഴ്ചകൾ ലഭിച്ചിട്ടുണ്ട്. ഇഷ്ടികകളിൽ പായൽ ക്രമേണ പടരുന്നതിന്‍റെ ചിത്രങ്ങളും അതിനെ പരിചരിക്കുന്നതിലൂടെ ലഭിക്കുന്ന അനുഭവങ്ങളുമെല്ലാം താൽപര്യമുള്ളവർ പങ്കുവെക്കുന്നുണ്ട്. #healing, #stressrelief തുടങ്ങിയ ഹാഷ്ടാഗുകളും ഇതിനായി ഉപയോഗിക്കുന്നു.
ഈ ഹോബിയുടെ പ്രത്യേകതയെക്കുറിച്ച് സിയാവോഹോങ്ഷു എന്ന സമൂഹ മാധ്യമത്തിലെ ഒരു ഉപയോക്താവ് പങ്കുവെച്ച അനുഭവം ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മറ്റുള്ളവരുടെ പ്രതീക്ഷകൾക്കൊത്ത് ഉയരേണ്ടതില്ല, നേട്ടങ്ങൾ തെളിയിക്കേണ്ടതില്ല, വളർച്ച മറ്റുള്ളവരുമായി താരതമ്യം ചെയ്യേണ്ടതില്ല എന്നിവയാണ് ഈ ഹോബിയുടെ ഏറ്റവും വലിയ ആകർഷണമെന്നാണ് അദ്ദേഹം പറയുന്നത്. അതേസമയം ബെയ്ജിംഗിലെ ക്യാപിറ്റൽ നോർമൽ യൂണിവേഴ്‌സിറ്റിയിലെ, പായൽ സംബന്ധിയായ വിഷയങ്ങളിൽ പ്രൊഫസറായിരുന്ന ഷുഡോംഗ് ലി, ഇത്തരം ഇഷ്ടികകൾ കൈകാര്യം ചെയ്യുമ്പോൾ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് ആളുകളോട് നിർദ്ദേശിച്ചു. ഇവ അടച്ചുവെച്ച സാഹചര്യങ്ങളിൽ സൂക്ഷിക്കണമെന്നും, പായലിന്‍റെ ബീജകണങ്ങളുമായുള്ള സമ്പർക്കം കുറയ്ക്കുന്നതിനായി കൈയുറകളും മാസ്കും ധരിക്കണമെന്നും അദ്ദേഹം ഉപദേശിച്ചു.
ദി ഗാർഡിയന്റെ റിപ്പോർട്ട് പ്രകാരം, ബന്ധങ്ങൾ, തൊഴിൽ, കുടുംബ ഉത്തരവാദിത്തങ്ങൾ എന്നിവയോടുള്ള ചൈനയിലെ യുവതലമുറയുടെ മാറിവരുന്ന സമീപനങ്ങളുമായി ഈ പ്രവണതയ്ക്ക് ബന്ധമുണ്ട്. ചൈനയിലെ തൊഴിൽ മേഖല ഏറെ വെല്ലുവിളി നിറഞ്ഞതാണ്. ഇത് ഉയർത്തുന്ന മാനസിക സമ്മർദ്ദം പലരെയും വലിയ മാനസിക സംഘർഷത്തിലേക്കാണ് കൊണ്ടെത്തിക്കുന്നത്. വിദ്യാർഥികളെ ഒഴിവാക്കിയാൽ ബാക്കിയുള്ള 16 -നും 24 -നും ഇടയിൽ പ്രായമുള്ളവരിൽ അഞ്ചിൽ ഒരാൾ തൊഴിൽ രഹിതമാണെന്ന് ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നു.