അമേരിക്കയിലെ ടെന്നസിയിൽ ദമ്പതികളുടെ ട്രക്കിൽ അതിക്രമിച്ച് കയറിയ കരടിക്കൂട്ടം ലഘുഭക്ഷണങ്ങളും ബിയറും കവർന്നു. കരടികൾ സാധനങ്ങൾ എടുത്തുകൊണ്ടുപോകുന്നതിന്‍റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി. കാലിഫോർണിയയിലെ ഒരു ലൈബ്രറിയിൽ സമാനമായ രീതിയിൽ കരടി കയറിയ സംഭവവും അടുത്തിടെ വാർത്തയായിരുന്നു.

അമേരിക്കയിലെ ടെന്നസി സംസ്ഥാനത്തുള്ള ഗാറ്റ്ലിൻബർഗിൽ ദമ്പതികളുടെ ട്രക്കിൽ അതിക്രമിച്ച് കയറിയ വിശന്ന അമ്മക്കരിയും കുട്ടികളുമടങ്ങുന്ന കരടിക്കൂട്ടം ലഘുഭക്ഷണങ്ങളും ബിയർ ക്യാനുകളും കൈക്കലാക്കി. കരടിക്കൂട്ടത്തിന്‍റെ 'മോഷണം' ക്യാമറയിൽ പതിഞ്ഞതോടെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി. കരടികൾ തങ്ങളുടെ സാധനങ്ങൾ എടുത്തുകൊണ്ടുപോകുന്നത് നിസ്സഹായരായി നോക്കിനിൽക്കാനേ ദമ്പതികൾക്ക് കഴിഞ്ഞുള്ളൂ.

അതിക്രമിച്ച് കയറി കരടിക്കൂട്ടം

സംഭവത്തിന്‍റെ ദൃശ്യങ്ങൾ പകർത്തിയ പാം കോൺലി പറയുന്നതനുസരിച്ച്, ട്രക്കിൽനിന്ന് സാധനങ്ങൾ ഇറക്കാൻ പോലും അവർക്ക് സമയം ലഭിച്ചിരുന്നില്ല. അതിനുമുമ്പേ കരടിക്കൂട്ടം ട്രക്കിനുള്ളിൽ കയറുകയായിരുന്നു. നാല് കരടികൾ ട്രക്കിനുള്ളിൽ പരതുന്നതാണ് വീഡിയോയിലുള്ളത്. ആദ്യം ലഘുഭക്ഷണങ്ങൾ നിറച്ച ഒരു ബാഗ് പുറത്തെടുത്ത കരടികൾ പിന്നാലെ ആറ് ബിയർ ക്യാനുകളടങ്ങിയ പാക്കറ്റും കൈക്കലാക്കി. എന്നാൽ, പാക്കറ്റ് താഴേക്ക് വീണ് റോഡിൽ പതിച്ചു. പിന്നലെ ചില കുപ്പികൾ പൊട്ടി ബിയർ റോഡിലൊഴുകുന്നതും വീഡിയോയിൽ കാണാം.

Scroll to load tweet…

കരടികളെ ഓടിച്ചുവിടാൻ ദമ്പതികൾ അടുത്തേക്ക് ചെന്നെങ്കിലും അവയുടെ പ്രതികരണം അത്ര സൗഹാർദപരമായിരുന്നില്ല. തങ്ങളുടെ കാര്യത്തിൽ ഇടപെടേണ്ടെന്ന മട്ടിൽ കരടികൾ പ്രതിരോധിച്ചതോടെ ദമ്പതികൾക്ക് പിൻവാങ്ങേണ്ടിവന്നു. കറുത്ത കരടികൾ മിശ്രഭോജികളാണ്. ഭക്ഷണം കണ്ടെത്താൻ പ്രധാനമായും ഘ്രാണശക്തിയെയാണ് ഇവ ആശ്രയിക്കുന്നത്. കിലോമീറ്ററുകൾ അകലെയുള്ള ഭക്ഷണത്തിന്‍റെ ഗന്ധം പോലും തിരിച്ചറിയാൻ ഇവയ്ക്ക് കഴിയും.

Scroll to load tweet…

കൂടുന്ന കരടി ശല്യം

ഈ മാസം ആദ്യം കാലിഫോർണിയയിലെ ഒരു പ്രാദേശിക ലൈബ്രറിയിൽ കറുത്ത കരടി അതിക്രമിച്ച് കയറിയതും വാർത്തയായിരുന്നു. ലൈബ്രറി വളപ്പിലൂടെ ചുറ്റിനടന്ന കരടി അവിടെയുണ്ടായിരുന്ന ഒരു കുപ്പി തേനും കൈക്കലാക്കി. ലൈബ്രറിയിൽ കയറിയ കരടി ആദ്യം ജീവനക്കാർക്കായി സൂക്ഷിച്ചിരുന്ന ലഘുഭക്ഷണങ്ങളിലേക്കാണ് നീങ്ങിയത്. പീനട്ട് ബട്ടർ, പീച്ച് പപ്‌സ്, കുക്കികൾ, ഒരു കുപ്പി തേൻ എന്നിവ കരടി അകത്താക്കി. വിശപ്പടങ്ങിയതോടെ ലൈബ്രറിയിലാകെ ചുറ്റിനടന്ന കരടി പുതിയ പുസ്തകങ്ങൾ പരിശോധിക്കുകയും റഫറൻസ് വിഭാഗത്തിലെ മേശയ്ക്കരികിൽ എത്തുകയും ചെയ്തു. സന്ദർശനം പൂർത്തിയാക്കിയെന്ന മട്ടിൽ സ്വയം പുറത്തേക്കിറങ്ങി മടങ്ങുകയായിരുന്നു. ഇതിന്‍റെ വീഡിയോകളും നേരത്തെ വൈറലായിരുന്നു.