യജമാനൻ മരിച്ചുപോയതറിയാതെ നായ സ്റ്റേഷനിൽ കാത്തിരുന്നത് 10 വർഷം; ഇത് ഹാച്ചിക്കോയ്ക്ക് 100 തികയുന്ന വര്‍ഷം

Published : Jul 04, 2023, 09:53 AM IST
യജമാനൻ മരിച്ചുപോയതറിയാതെ നായ സ്റ്റേഷനിൽ കാത്തിരുന്നത് 10 വർഷം; ഇത് ഹാച്ചിക്കോയ്ക്ക് 100 തികയുന്ന വര്‍ഷം

Synopsis

അവനൊരിക്കലും സ്റ്റേഷനിൽ യജമാനന് വേണ്ടിയുള്ള കാത്തിരിപ്പും അവസാനിപ്പിച്ചില്ല. വർഷങ്ങൾ കഴിഞ്ഞപ്പോൾ അവനെ ആളുകൾ ഒരു തെരുവുനായയെ പോലെ കണ്ട് തുടങ്ങി. പലരും അവനെ ഉപദ്രവിച്ചു, ചൂടുവെള്ളം വരെ മേലിലൊഴിച്ചു. 

ഉടമകളോട് ഏറ്റവും സ്നേഹവും വിധേയത്വവുമുള്ള വളർത്തുമൃ​ഗങ്ങളായി അറിയപ്പെടുന്നവയാണ് നായകൾ. എന്നാൽ, അവയിൽ തന്നെ ഏറ്റവും സ്നേഹവും വിധേയത്വവും ഉള്ളവനായി അറിയപ്പെടുന്ന നായയാണ് ഹാച്ചിക്കോ. അതിന്റെ തെളിവാണ് ടോക്കിയോയിലെ ഷിബുയ സ്റ്റേഷനിലുള്ള അവന്‍റെ വെങ്കല പ്രതിമ. ജപ്പാനിലെ ഏറ്റവും പ്രിയപ്പെട്ടവനായി മാറിയ ഹാച്ചിക്കോയ്‍ക്ക് ഇത് നൂറ് വയസ് തികയുന്ന വർഷമാണ്. ഇനി എന്താണ് അനേകം സിനിമകൾക്കും പുസ്തകങ്ങൾ‌ക്കും ആധാരമായി മാറിയ അവന്റെ കഥ എന്നല്ലേ? 

1923 നവംബറിലാണ് ജപ്പാനിലെ ഒരു കർഷകന്‍റെ കളപ്പുരയിൽ ഹാച്ചിക്കോ ജനിക്കുന്നത്. പിന്നീട്, 1924 -ൽ ടോക്കിയോ ഇംപീരിയൽ യൂണിവേഴ്‌സിറ്റിയിലെ കാർഷിക വിഭാഗത്തിലെ പ്രൊഫസറായിരുന്ന ഹിഡ്‌സാബുറോ യുനോ അവനെ സ്വന്തമാക്കി. യുനോയും ഹാച്ചിക്കോയും തമ്മിൽ വലിയ അടുപ്പമായിരുന്നു. ദിവസവും രാവിലെ പ്രൊഫസർ കോളേജിലേക്ക് പോകാനായി ഷിബുയ സ്റ്റേഷനിലേക്ക് പോകുമ്പോൾ ഒരുമിച്ച് ഹാച്ചിക്കോയും പോകും. അതുപോലെ മഴയാണെങ്കിലും മഞ്ഞാണെങ്കിലും ഹാച്ചിക്കോ വൈകുന്നേരവും തന്റെ യജമാനനെയും കാത്ത് അവിടെ നിൽക്കുന്നുണ്ടാകും. വർഷങ്ങളോളം അതായിരുന്നു അവന്റെ പതിവ്. 

എന്നാൽ, 1925 മെയ് 21 -ന് യൂനോ പതിവുപോലെ കോളേജിലേക്ക് പോയതാണ്. ഹാച്ചിക്കോ അന്നും സ്റ്റേഷനിലെത്തി. എന്നാൽ, ക്ലാസെടുത്തു കൊണ്ടിരിക്കെ 53 -ാമത്തെ വയസിൽ അദ്ദേഹം ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. എന്നാൽ, ഇതൊന്നും അറിയാത്ത ഹാച്ചിക്കോ റെയിൽവേ സ്റ്റേഷനിൽ തന്റെ കാത്തിരിപ്പ് തുടർന്നു. ആ കാത്തിരിപ്പിനെ തകർക്കാൻ ഒന്നിനും സാധിച്ചില്ല. എന്നാൽ, യുനോയുടെയും ഭാര്യ യെയ്ക്കോയുടേതും പ്രണയവിവാഹമായിരുന്നു. ഇരുകുടുംബങ്ങളും അതിനാൽ അവരുടെ വിവാഹത്തെ അംഗീകരിച്ചില്ല. യൂനോയുടെ മരണശേഷം ഹാച്ചിക്കോയെപ്പോലുള്ള ഒരു വലിയ നായയെ സംരക്ഷിക്കാനുള്ള സാമ്പത്തികം അവർക്കില്ലായിരുന്നു. അങ്ങനെ  ഹാച്ചിക്കോയെ ദൂരെയുള്ള അസകുസയിൽ താമസിക്കുന്ന ഒരു ബന്ധുവിനെ ഏല്പിച്ചു.

ട്രോളിബാ​ഗുകളുമായി ചെന്നാൽ ഈ ന​ഗരത്തിലിനി പിഴയൊടുക്കേണ്ടി വരിക 20000 -ത്തിലധികം രൂപ!

അവിടെ നിന്നും അവൻ യൂനോയ്‍ക്കൊപ്പം താമസിച്ചിരുന്ന വീട്ടിൽ അവൻ സ്ഥിരമായി ചെല്ലും. അവനൊരിക്കലും സ്റ്റേഷനിൽ യജമാനന് വേണ്ടിയുള്ള കാത്തിരിപ്പും അവസാനിപ്പിച്ചില്ല. വർഷങ്ങൾ കഴിഞ്ഞപ്പോൾ അവനെ ആളുകൾ ഒരു തെരുവുനായയെ പോലെ കണ്ട് തുടങ്ങി. പലരും അവനെ ഉപദ്രവിച്ചു, ചൂടുവെള്ളം വരെ മേലിലൊഴിച്ചു. 

എന്നാൽ, യുനോയുടെ വിദ്യാർത്ഥികളിലൊരാളായിരുന്ന ഹിരോകിച്ചി സൈറ്റോ, ഹാച്ചിക്കോയെ തിരിച്ചറിഞ്ഞു. അങ്ങനെ, ആളുകൾ അവനെ ഉപദ്രവിക്കാതിരിക്കാനായി ഒരു പത്രത്തിൽ ഹാച്ചിക്കോയുടെ കഥ പ്രസിദ്ധീകരിച്ചു. അതിന്റെ തലക്കെട്ട് ഇങ്ങനെയായിരുന്നു: 'പാവപ്പെട്ട വൃദ്ധനായ നായയുടെ കഥ: മരിച്ച ഉടമയ്‌ക്കായി ഏഴുവർഷത്തോളമായി ക്ഷമയോടെ അവന്‍ കാത്തിരിക്കുന്നു'. 

അത് വായിച്ചതോടെ ആളുകൾ ഹാച്ചിക്കോയെ സ്നേഹിച്ച് തുടങ്ങി. ഓമനിച്ച് തുടങ്ങി. അവന് പ്രായമായി. യജമാനൻ മരിച്ച് പത്താമത്തെ വർഷം പ്രായത്തെ തുടർന്നുള്ള അവശതകൾക്ക് പിന്നാലെ അവൻ മരണത്തിന് കീഴടങ്ങി. തിരികെ വരാത്ത തന്റെ യജമാനന് വേണ്ടിയുള്ള അവന്റെ പത്ത് വർഷത്തെ കാത്തിരിപ്പ് അവസാനിച്ചു. പക്ഷേ, ആ കഥ ലോകമാകെ അറിഞ്ഞു. ജപ്പാനിൽ അവൻ സ്നേഹത്തിന്റെയും വിശ്വസ്ഥതയുടേയും പ്രതീകമായി. അവന് വേണ്ടി പ്രതിമയുയർന്നു. യുനോയുടെ ശവക്കല്ലറയ്ക്കടുത്താണ് ഹച്ചിക്കോയുടെ ചിതാഭസ്മവും സ്ഥാപിച്ചിട്ടുള്ളത്‌. 

PREV
Read more Articles on
click me!

Recommended Stories

190ൽ 104 സീറ്റും സ്വന്തമാക്കി, യുഡിഎസ്എഫിനെ പരാജയപ്പെടുത്തി കുസാറ്റ് എസ്എഫ്ഐ തിരിച്ചുപിടിച്ചു
പുരുഷന്മാര്‍ കുറവ്, 'ഭർത്താക്കന്മാരെ' മണിക്കൂറിന് വാടകയ്ക്കെടുത്ത് സ്ത്രീകൾ?