വളരെ സുന്ദരമായ ന​ഗരമാണ് ഡുബ്രോവ്നിക്. അവിടെ എപ്പോഴും വിനോദസഞ്ചാരികളുണ്ടാവും. എന്നാൽ, ഇവിടുത്തെ ന​ഗരവീഥികളെല്ലാം കല്ലു പാകിയതാണ്. ഇവിടുത്തെ നിവാസികൾ പറയുന്നത് വിനോദസഞ്ചാരികൾ കൊണ്ടുവരുന്ന ട്രോളി ബാ​ഗുകളുടെ വീലുകൾ ഉരുളുന്ന ഒച്ച കാരണം രാവും പകലും ഇവിടെ ശബ്ദമലിനീകരണം ആണെന്നാണ്.

ആർക്കിടെക്ചർ കൊണ്ടാണെങ്കിലും പ്രകൃതിസൗന്ദര്യം കൊണ്ടാണെങ്കിലും ആരുടേയും കണ്ണും മനസും നിറയ്ക്കുന്ന ഒന്നാണ് ഡുബ്രോവ്നിക് ന​ഗരം. യൂറോപ്പിലെ പ്രധാന വിനോദസഞ്ചാര ആകർഷണകേന്ദ്രം കൂടിയാണ് ഈ ന​ഗരം. എന്താ അങ്ങോട്ട് പോകാൻ ഉള്ളിലൊരു പ്ലാൻ ഉണ്ടോ? എന്നാൽ ഇക്കാര്യം കൂടി മനസിൽ കുറിച്ചിട്ടേക്കൂ, ട്രോളി ബാ​ഗുമായി ആ വഴി പോകണ്ട. കാരണം വേറൊന്നുമല്ല ഡുബ്രോവ്നിക് ന​ഗരം ട്രോളി ബാ​ഗുകൾ നിരോധിച്ചിരിക്കുകയാണ്. 

വർഷം തോറും ലക്ഷക്കണക്കിന് വിനോദസഞ്ചാരികൾ എത്തിച്ചേരുന്ന ന​ഗരത്തിലെ ഈ പരിഷ്കരണം ശരിക്കും ആളുകളെ ഞെട്ടിച്ചിരിക്കും എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ? എന്നാൽ, നൈസായി ട്രോളി ബാ​ഗുമായി അതുവഴി പോകാം എന്നൊന്നും കരുതണ്ട. കനത്ത പിഴ തന്നെ ഒടുക്കേണ്ടി വരും. എന്നാലും, എന്തായിരിക്കും ഇങ്ങനെ ഒരു തീരുമാനമെടുക്കാൻ അവിടുത്തെ അധികൃതരെ പ്രേരിപ്പിച്ചിരിക്കുക? 

ന​ഗരത്തിലെ മേയർ മാറ്റോ ഫ്രാങ്കോവിക് ഇങ്ങനെ കേട്ടാൽ തികച്ചും വ്യത്യസ്തം എന്ന് തോന്നുന്ന ഒരു നിയമം കൊണ്ടുവന്നതിന് പിന്നിൽ കൃത്യമായ കാരണം തന്നെയുണ്ട്. വളരെ സുന്ദരമായ ന​ഗരമാണ് ഡുബ്രോവ്നിക്. അവിടെ എപ്പോഴും വിനോദസഞ്ചാരികളുണ്ടാവും. എന്നാൽ, ഇവിടുത്തെ ന​ഗരവീഥികളെല്ലാം കല്ലു പാകിയതാണ്. ഇവിടുത്തെ നിവാസികൾ പറയുന്നത് വിനോദസഞ്ചാരികൾ കൊണ്ടുവരുന്ന ട്രോളി ബാ​ഗുകളുടെ വീലുകൾ ഉരുളുന്ന ഒച്ച കാരണം രാവും പകലും ഇവിടെ ശബ്ദമലിനീകരണം ആണെന്നാണ്. അതുകൊണ്ട് തന്നെ തങ്ങൾക്ക് ശരിയായ രീതിയിൽ ഒന്ന് ഉറങ്ങാൻ പോലും സാധിക്കുന്നില്ല എന്നും ന​ഗരവാസികൾ വ്യക്തമാക്കി. 

ഇവരുടെ പരാതിയു‌ടെ അടിസ്ഥാനത്തിലാണ് ഈ പുതിയ നിയമം ന​ഗരത്തിൽ നടപ്പിലാക്കിയിരിക്കുന്നത്. ആരെങ്കിലും ട്രോളി ബാ​ഗുമായി പോയാൽ പിഴയായി ഒടുക്കേണ്ടി വരുന്ന തുകയും ചെറുതല്ല, ഏകദേശം 23630 രൂപയാണ് പിഴയിനത്തിൽ അടക്കേണ്ടി വരിക. അതുകൊണ്ട്, അങ്ങോട്ട് പെട്ടിയൊരുക്കുന്നവരുണ്ടെങ്കിൽ ട്രോളി ബാ​ഗുകൾ ഒഴിവാക്കിയേക്കൂ.