കേരള കലാലയങ്ങളുടെ ഉയര്‍ന്ന റാങ്കിംഗ്: ഗവര്‍ണര്‍ പറഞ്ഞതിലെ വാസ്തവമെന്ത്?

By Biju SFirst Published Jul 3, 2023, 7:34 PM IST
Highlights

കേരളത്തിലെ മികച്ച കോളജുകള്‍ വിവിധയിടങ്ങളില്‍ ചിതറി കിടക്കുന്നുവെന്നതും നമുക്ക് അഭിമാനിക്കാവുന്നതാണ്.

പെറ്റി രാഷ്ട്രീയം വെടിഞ്ഞ് വിദ്യാഭ്യാസ മേഖലയില്‍ ബജറ്റ് വിഹിതവും ശ്രദ്ധയും കാര്യമായി കൂട്ടിയില്ലെങ്കില്‍ രാജ്യത്തിന് പുരോഗതി കൈവരിക്കാനാകില്ല. ഈ മേഖലയില്‍ കേരളത്തിന് ശക്തമായ അടിത്തറയുണ്ടെന്നതാണ് എന്‍. ഐ.ആര്‍.എഫ് റാങ്കിങ്ങ് സൂചിപ്പിക്കുന്നത്. 

 

 

സംസ്ഥാനത്തെ സര്‍വ്വകലാശാലകളിലെ ഉയര്‍ന്ന എന്‍. ഐ. ആര്‍ എഫ് (National Institutional Ranking Framework -N-IRF) റാങ്കിംഗില്‍ സംശയം പ്രകടിപ്പിച്ച് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് മുഹമ്മദ് ഖാന്‍ കഴിഞ്ഞ ദിവസമാണ് നിലപാട് വ്യക്തമാക്കിയത്. ഗവര്‍ണറുടെ  പ്രസ്താവന നമ്മുടെ ഉന്നതവിദ്യാസ മേഖലയെക്കുറിച്ചുള്ള പൊതുധാരണകളുടെ സൂചകമാണ്. കേരളത്തിലെ  വിഖ്യാതമായ സര്‍വ്വകലാശാല കാമ്പസുകളില്‍ പോലും ചില വകുപ്പുകളില്‍ മേധാവിയടക്കം സ്ഥിരമദ്ധ്യാപകന്‍ പോലുമില്ലെന്ന പരിതാപകരമായ അവസ്ഥയുണ്ട്. നാല് വര്‍ഷം മുമ്പ് കണ്ണൂര്‍ സര്‍വകലാശാലയില്‍ ജേണലിസം അഡ്ജസന്റ് ഫാക്കല്‍റ്റിയായി  പ്രവര്‍ത്തിച്ചപ്പോള്‍ ആ വകുപ്പിലുള്‍പ്പടെ പലതിലും സ്ഥിരാദ്ധ്യാപകര്‍ ഒരാളു പോലുമില്ലെന്ന അവസ്ഥ വ്യക്തിപരമായി ബോധ്യപ്പെട്ടതാണ്.  നമ്മുടെ സര്‍വകലാശാലകളും കോളേജുകളും തെറ്റില്ലാത്ത റാങ്കിങ്ങ് നേടുന്നതിനെയാണ് ഗവര്‍ണ്ണര്‍ സംശയ ദൃഷ്ടിയോടെ കണ്ടത്. ഒന്നറിയണം, രാജ്യത്തെ മികച്ച  100 കലാലയങ്ങളില്‍ 14 എണ്ണം കേരളത്തിലാണ്. 

ഞങ്ങളൊക്കെ പത്താം ക്‌ളാസ്സില്‍ പഠിക്കുന്ന കാലത്ത് 600-ല്‍ 180 മാര്‍ക്ക് വാങ്ങുന്നത് തന്നെ തെറ്റില്ലാത്ത കാര്യമായിരുന്നു. എന്നിട്ട് 30 മാര്‍ക്ക് മോഡറേഷന്‍ കൂടി നല്‍കി അത് 210 ആയി ഉയര്‍ത്തി. അതായിരുന്നു ഞങ്ങളുടെ ഉന്നത വിദ്യാഭ്യാസത്തിലേക്കുള്ള ചവിട്ടു പടി. എന്നാല്‍ ഇന്ന് പത്താം ക്‌ളാസ്സില്‍ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയവര്‍ക്ക്  പോലും ആവശ്യമുള്ള കോഴ്‌സുകളില്‍ പ്രവേശനം കിട്ടുന്നില്ല.  കേരളത്തിന്റെ വിദ്യാഭ്യാസത്തിലെ വളര്‍ച്ചയായും അധ:പതനമായും ഇതിനെ കണക്കാക്കുന്നവരുണ്ട്. ഞങ്ങളുടെ കാലത്ത് പത്താം ക്ലാസിന് ശേഷം കോളേജിലേക്ക് പോയിരുന്നെങ്കില്‍ ഇന്നത് പ്ലസ് ടുവിന്  ശേഷമാണ്. രണ്ട് വര്‍ഷം മുമ്പ് ദില്ലി സര്‍വ്വകലാശാലയിലെ കോളേജുകളില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ നിറഞ്ഞു കവിഞ്ഞപ്പോള്‍ പ്ലസ് ടു മാര്‍ക്ക് വാരിക്കോരി നല്‍കി നമ്മള്‍ മാര്‍ക്ക് ജിഹാദ് നടത്തുന്നുവെന്ന് വരെ ആക്ഷേപിച്ചു കളഞ്ഞു, ഉത്തേരേന്ത്യക്കാര്‍. കേരളത്തിന്റെ തള്ളിക്കയറ്റം തടയാനാണ് കേന്ദ്ര സര്‍വ്വകലാശാലകളിലെ  ബിരുദ പ്രവേശനം മാര്‍ക്ക് അടിസ്ഥാനത്തില്‍നിന്ന് മാറ്റി പൊതു പ്രവേശന പരീക്ഷ     കൊണ്ടുവന്നതെന്ന് വരെ പരിഹാസമുയര്‍ന്നു. 

ഉന്നത വിദ്യാസ രംഗത്തെ പുഴുക്കുത്തുകള്‍ വാര്‍ത്തയായതാണ് ഈ വിഷയങ്ങള്‍ വീണ്ടും ചര്‍ച്ചാ വിഷയമായത്. വ്യാജ സര്‍ടിഫിക്കറ്റിലൂടെ പിജി പ്രവേശനം നേടിയ നിഖില്‍ തോമസ് എന്ന ഭരണകക്ഷി വിദ്യാര്‍ത്ഥി സംഘടനാ നേതാവ് മുതല്‍ ഇടതു വിദ്യാര്‍ത്ഥി സംഘടനാ നേതാവായിരുന്ന കെ. വിദ്യ എന്ന അധ്യാപിക വരെ ഈ അപഖ്യാതിക്ക്  വളമായി. 

ഞാന്‍ അഞ്ച് വര്‍ഷം പഠിച്ച തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിനെ  എന്‍. ഐ. ആര്‍ എഫ് കേരളത്തിലെ മികച്ച കലാലയമായി തുടര്‍ച്ചയായി തെരഞ്ഞടുത്തതില്‍ അഭിമാനമുണ്ട്. രാജ്യത്തെ 26-ാമത്തെ മികച്ച കലാലയമാണ് ഇത്. എന്നാല്‍ അവിടത്തെ പഠന നിലവാരം അത്രയൊന്നും പോരാ എന്ന നിലപാടുള്ളയാളാണ് ഞാന്‍. കേരളത്തിന് പുറത്ത് ഉന്നത വിദ്യാഭ്യാസത്തിന് പോയ അനുഭവത്തിന്റെ പശ്ചാത്തലത്തില്‍ നടത്തിയ വ്യക്തിപരമായ താരതമ്യത്തില്‍ നിന്നാണ് ആ തോന്നലുണ്ടായത്. ഗവര്‍ണര്‍ സൂചിപ്പിച്ചത് പോലെ എന്‍. ഐ. ആര്‍ എഫ് പട്ടിക തയ്യാറാക്കുന്നതില്‍ ചില ക്രമക്കേടുകള്‍ മറ്റ് ചിലരും ആരോപിക്കാറുണ്ട്. എന്തായാലും യുണിവേഴ്‌സിറ്റി കോളജിലെയും മഹാരാജാസിലെയും കേരള സര്‍വകലാശാലയിലെയും നടത്തിപ്പുകാര്‍ കാശു നല്‍കി പട്ടികയില്‍ മുന്നിലെത്താന്‍ സാധ്യതയില്ല. വേണമെങ്കില്‍ ചില സ്വകാര്യ കോളേജുകളില്‍ അങ്ങനെ ചെയ്യാന്‍ സാധ്യതയുണ്ടെന്ന് പറയാമെങ്കിലും കേരളത്തിലെങ്കിലും അത് നേടിയ കോളേജുകള്‍ ഒട്ടും മോശക്കാരല്ല. 

നോക്കൂ, ആദ്യ 100 മികച്ച കോളേജുകളില്‍ 35 എണ്ണം തമിഴ്‌നാട്ടിലാണ്. തൊട്ടു പിന്നില്‍ ദില്ലി- 32. അതിന് തൊട്ടു പിന്നിലുള്ളത് നമ്മളാണ്. കേരളത്തിലെ 14 കോളേജുകള്‍. അതില്‍ മഹാഭൂരിപക്ഷവും സര്‍ക്കാര്‍, എയിഡഡ് കോളേജുകള്‍. പിന്നെ എട്ട് കോളജുകളുമായി പശ്ചിമ ബംഗാള്‍ നാലാം സ്ഥാനത്ത്. അതായത് ആദ്യ നൂറിലെ  89 കോളേജുകള്‍ കേരളം അടക്കമുള്ള 4 സംസ്ഥാനങ്ങളിലാണ്. എല്ലം പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങള്‍. നമ്മടെ കുട്ടികള്‍ ഉന്നത വിദ്യാഭ്യാസത്തിനെന്ന് പറഞ്ഞ് വണ്ടി പിടിക്കുന്ന കര്‍ണ്ണാടകത്തില്‍ ഈ പട്ടികയില്‍ വെറും 2 കോളജേയുള്ളു. മഹാരാഷ്ട്രയില്‍ 3 എണ്ണം മാത്രം. തെലുങ്കാനയില്‍ ഒന്ന്, ആന്ധ്രയില്‍ ഒന്നുമില്ല.  രാജ്യത്ത് ഏറ്റവും  അധികം കോളജുകളുള്ള, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഉത്തര്‍പ്രദേശില്‍ ആദ്യ നൂറ് പട്ടികയില്‍ ഒരു കോളേജ്  പോലുമില്ല. യു.പി കഴിഞ്ഞാല്‍  മഹാരാഷ്ട്രയിലും   കര്‍ണ്ണാടകത്തിലുമാണ്  ഏറ്റവും  അധികം കോളേജുകള്‍. ബിഹാര്‍, മധ്യപ്രദേശ്, രാജസ്ഥാന്‍, ഒഡീഷ തുടങ്ങിയ വലിയ സംസ്ഥാനങ്ങളിലെ ഒറ്റ കോളേജുകള്‍ പോലും ആദ്യനൂറില്‍ വന്നിട്ടില്ല. തമിഴ്‌നാട് വലിയ സംസ്ഥാനമാണ്.  അവിടത്തെ പല കോളേജുകളും ബ്രിട്ടീഷ് കാലത്തേ വികസിച്ചതുമാണ്. ദില്ലിയാകട്ടെ രാജ്യ തലസ്ഥാനമാണ്. ആ നിലക്ക് രാജ്യത്ത് മൂന്നാം സ്ഥാനത്തുള്ള കേരളത്തിന്റെ നേട്ടം ചെറുതല്ല. മാത്രമല്ല സംവരണം അടക്കം എല്ലാ സാമൂഹ്യ നീതി സമ്പ്രദായങ്ങളും നടപ്പാക്കുന്ന, ഏറെയും  പാവപ്പെട്ടവരും മധ്യവര്‍ഗ്ഗക്കാരും പഠിക്കുന്ന കലാലയങ്ങളാണ് കേരളത്തില്‍ മുന്നിലെത്തിയതില്‍ ഭൂരിപക്ഷവും. 

കേരളത്തിലെ മികച്ച കോളജുകള്‍ വിവിധയിടങ്ങളില്‍ ചിതറി കിടക്കുന്നുവെന്നതും നമുക്ക് അഭിമാനിക്കാവുന്നതാണ്. തലസ്ഥാനമായ തിരുവനന്തപുരത്ത് മൂന്ന് കോളേജുകള്‍-യൂണിവേഴ്‌സിറ്റി കോളേജിന് പുറമെ മാര്‍ ഇവാനിയോസും ഗവ. വിമന്‍സും. ആലപ്പുഴയില്‍ നിന്ന്  മാവേലിക്കര ബിഷപ്പ് മൂര്‍. കോട്ടയത്ത് നിന്ന് ചങ്ങനാശ്ശേരി എസ്.ബിയും സി.എം.എസും. എറണാകുളത്ത് നിന്ന് ആറ് കോളജുകള്‍. രാജഗിരി, സെന്റ് തെരേസാസ്, മഹാരാജാസ്, തേവര സേക്രഡ് ഹാര്‍ട്ട്, ആലുവ യു.സി, കോതമംഗലം മാര്‍ അത്തനേഷ്യസ്. തൃശൂരില്‍ നിന്ന് സെന്റ് തോമസും കോഴിക്കോട് നിന്ന് ദേവഗിരി സെന്റ് ജോസഫും. മലബാറിലെ ഒരു കോളേജ് മാത്രമേ പട്ടികയില്‍ ഇടം പിടിച്ചിട്ടുള്ളു എന്നത് പക്ഷേ ശ്രദ്ധേയമാണ്. മലബാര്‍ മദ്രാസ് പ്രവിശ്യയുടെ ഭാഗമായിരുന്നപ്പോഴുള്ള ചരിത്രപരമായ വിടവ് സ്വാതന്ത്ര്യം കിട്ടി 75 വര്‍ഷം കഴിഞ്ഞിട്ടും പരിഹരിക്കാനായിട്ടില്ല എന്നത് ശ്രദ്ധിക്കണം. നിരവധി മുഖ്യമന്ത്രിമാര്‍ മലബാറില്‍ നിന്ന് വന്നിട്ടു പോലും ഇത് തുടരുന്നു. ഗവര്‍ണര്‍ പറഞ്ഞത് പോലെ സര്‍വകലാശാലകളിലും കോളജുകളിലും പല വകുപ്പിലും  സ്ഥിരം അദ്ധ്യാപകര്‍ പോലും ഇല്ല. റാങ്ക് പട്ടിക നിലവുണ്ടായിരുന്നിട്ടും 2018 -ന് ശേഷം ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജുകളില്‍ സ്ഥിരം പ്രിന്‍സിപ്പല്‍ നിയമനം നടത്തുന്നില്ല. 66 കോളേജുകളില്‍ ഇന്‍ ചാര്‍ജ് പ്രിന്‍സിപ്പല്‍മാരാണ്.   

എന്‍. ഐ.ആര്‍.എഫ് പട്ടികയില്‍  ക്രമക്കേട് ആരോപിക്കുന്ന ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ വാദത്തില്‍ വാസ്തവമുണ്ടോ എന്ന് കേന്ദ്ര സര്‍ക്കാര്‍ തന്നെ പരിശോധിക്കട്ടെ. പഠന, ശിക്ഷണ നിലവാരത്തിന് 40 ശതമാനം. പുറത്തിറങ്ങുന്ന കുട്ടികളുടെ മെരിറ്റിന് 25, ഗവേഷണത്തിന് 15, വ്യത്യസ്ത വിഭാഗങ്ങളുടെ  ഉള്‍ക്കൊള്ളലിന് 10, കോളജിനെപ്പെറ്റിയുള്ള ധാരണക്ക് 10 ശതമാനം- ഇതാണ്   മികച്ച കോളജുകളെ തെരഞ്ഞടുക്കുന്നതിനുള്ള എന്‍. ഐ.ആര്‍.എഫ്  മാനദണ്ഡം. സംവരണം അടക്കം സാമൂഹ്യ നീതി നല്ലനിലയ്ക്ക് കലാലയങ്ങളില്‍  ഉണ്ടായത് തമിഴ്‌നാടിനും കേരളത്തിനും ഗുണം ചെയ്തിട്ടുണ്ടാകും.  ഇക്കാര്യത്തില്‍ മെച്ചം തമിഴ്‌നാടാണ്. മാത്രമല്ല ചെന്നെ മുതല്‍ തെക്ക് മാര്‍ത്താണ്ഡം വരെ തമിഴ്‌നാട്ടിലെ പട്ടികയില്‍ മുന്നിലെത്തിയ കോളജുകള്‍ ചിതറിക്കിടക്കുന്നു. വന്‍ നഗരങ്ങള്‍ക്കപ്പുറം ഗ്രാമങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കും ഉന്നത പഠനാവസരം കേരളത്തിലും തമിഴ്‌നാട്ടിലും പ്രത്യേകമായി ഉണ്ടെന്നത് ശ്രദ്ധിക്കേണ്ടതാണ്. 

ഈ വര്‍ഷം 2746  കോളേജുകളാണ് എന്‍. ഐ.ആര്‍.എഫില്‍ മത്സരിച്ചത്. അതില്‍ നിന്ന് 100 റാങ്കിനുള്ളില്‍ എത്തുന്നത് ചെറിയ കാര്യമല്ല. മറ്റൊന്ന് കൂടി അറിയണം. 202-1ലെ അഖിലേന്ത്യാ ഉന്നത വിദ്യാഭ്യാസ സര്‍വ്വേ പ്രകാരം രാജ്യത്ത് 43,796 കോളജുകളും, 1,113 സര്‍വകലാശാലകളുമാണ് ഉള്ളത്. ഇതില്‍ മികച്ച നൂറ് കലാലയങ്ങളുടെ പട്ടികയില്‍ വന്ന കലാലയങ്ങളുടെ ഗുണനിലവാരത്തില്‍ പോലും നമുക്ക് ആശങ്കയുള്ളപ്പോള്‍  ഇന്ത്യാ മഹാരാജ്യത്തെ മറ്റ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്ഥിതിയെന്താകും? ഇവിടെയാണ് നാം ചൈനയെ കണ്ട് പഠിക്കേണ്ടത്. അവര്‍ ഇന്ന് പല മേഖലകളിലും മുന്നേറുന്നതിന്റെ അടിസ്ഥാന കാരണം വിദ്യാഭ്യാസത്തില്‍ കാലങ്ങളായി നടത്തിയ നിക്ഷേപമാണ്. ലോക അക്കാദമിക് പ്രസിദ്ധീകരണങ്ങളില്‍ ചൈനയുടെ പങ്കാളിത്തം കഴിഞ്ഞ 10 വര്‍ഷത്തില്‍ 5 ശതമാനത്തില്‍ നിന്ന് 26 ശതമാനമായി ഉയര്‍ന്നു. ഇക്കാലയളവില്‍ അവരുടെ സര്‍വ്വകാശാലകള്‍ 140 ശതമാനം കണ്ട് ഉയര്‍ന്നു. ഗവേഷണത്തിന് 10 ഇരട്ടി കൂടുതല്‍ തുക നീക്കിവച്ചു. നമ്മുടെ രാജ്യത്തിലാണെങ്കില്‍  ഉന്നത വിദ്യാഭ്യാസത്തിനുള്ള വിഹിതം വര്‍ഷാവര്‍ഷം കുറഞ്ഞു വരുകയാണ്. പല സ്‌കോളര്‍ഷിപ്പുകളും നിറുത്തി. പെറ്റി രാഷ്ട്രീയം വെടിഞ്ഞ് വിദ്യാഭ്യാസ മേഖലയില്‍ ബജറ്റ് വിഹിതവും ശ്രദ്ധയും കാര്യമായി കൂട്ടിയില്ലെങ്കില്‍ രാജ്യത്തിന് പുരോഗതി കൈവരിക്കാനാകില്ല. ഈ മേഖലയില്‍ കേരളത്തിന് ശക്തമായ അടിത്തറയുണ്ടെന്നതാണ് എന്‍. ഐ.ആര്‍.എഫ് റാങ്കിങ്ങ് സൂചിപ്പിക്കുന്നത്. 
 

click me!