ദില്ലിയിലെ പരാജയത്തിന് കാരണം വിദ്വേഷപ്രസംഗമെന്ന് അമിത് ഷാ; അപ്പോള്‍ അദ്ദേഹം മുമ്പ് നടത്തിയ പരാമർശങ്ങളോ?

By Web TeamFirst Published Feb 15, 2020, 10:04 AM IST
Highlights

അമിത് ഷായുടെ പറച്ചിൽ കേട്ടാൽ തോന്നുക വിദ്വേഷപ്രസംഗം നടത്തിയത് അനുരാഗ് ഠാക്കൂറും പർവേശ് വർമ്മയും മാത്രമാണ് എന്നാണ്.
അപ്പോൾ,  ഈ പറയുന്ന ആളോ?

രണ്ടു മാസമായി ദില്ലിയിൽ തെരഞ്ഞെടുപ്പിന്റെ മേളമായിരുന്നല്ലോ. ഒടുവിൽ കാത്തുകാത്തിരുന്ന തെരഞ്ഞെടുപ്പ് വന്നു. പോളിംഗ് കഴിഞ്ഞ് അധികം വൈകാതെ തന്നെ ഫലവും വന്നു. ആം ആദ്മി പാർട്ടി തുടർച്ചയായ മൂന്നാം വട്ടവും തലസ്ഥാനത്ത് ഭരണം നിലനിർത്തി. അരവിന്ദ് കെജ്‌രിവാൾ എന്ന ജനപ്രിയ നേതാവുതന്നെ മുഖ്യമന്ത്രിപദത്തിലുമേറി. ബിജെപിക്ക് ഏറെ നിരാശ പകർന്ന ഒരു ഫലമായിരുന്നു അത്. എഴുപതു സീറ്റിൽ മത്സരിച്ചിട്ട് കയ്യിൽ തടഞ്ഞത് ആകെ എട്ടെണ്ണമാണ്.

സാധാരണ ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുന്നിൽ നിർത്താറുള്ളത് നരേന്ദ്ര മോദിയെ ആണ്. മുഖ്യതാരപ്രചാരകനും അദ്ദേഹമാകും. എന്നാൽ, ഇത്തവണ പതിവിനു വിരുദ്ധമായി ദില്ലിയിലെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ചുക്കാൻ പിടിച്ചത് അമിത് ഷാ ആയിരുന്നു. അദ്ദേഹം നേരിട്ടിറങ്ങി നടത്തിയത്  35 റാലികളും ഒമ്പതു റോഡ് ഷോകളുമായിരുന്നു. എന്നിട്ടും, തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ ബിജെപി എട്ടുനിലയിൽ പൊട്ടി. അമിത് ഷാ ഒടുവിൽ പാർട്ടിയെപ്പറ്റി ഒരു ആത്മവിമർശനം നടത്തിക്കൊണ്ട് ഇങ്ങനെ പറഞ്ഞു, "ഗോലി മാരോ സാലോം കോ പോലുള്ള വിദ്വേഷ പരാമർശങ്ങളും പാർട്ടിയുടെ തോൽവിക്ക് ഒരു പരിധിവരെ കാരണമായിട്ടുണ്ടാകാം. അവ ഒഴിവാക്കപ്പെടേണ്ടതായിരുന്നു." അനുരാഗ് ഠാക്കൂർ, പർവേശ് വർമ്മ തുടങ്ങിയവർ നടത്തിയ പരാമർശങ്ങൾ പാർട്ടിയെ ജനങ്ങളിൽ നിന്ന് അകറ്റി എന്ന് അദ്ദേഹം നിരീക്ഷിച്ചു.

കാര്യമൊക്കെ സത്യം തന്നെ. കൈവിട്ട കളിയായിപ്പോയി അത്. പക്ഷേ, അമിത് ഷായുടെ പറച്ചിൽ കേട്ടാൽ തോന്നുക വിദ്വേഷപ്രസംഗം നടത്തിയത് അനുരാഗ് ഠാക്കൂറും പർവേശ് വർമ്മയും മാത്രമാണ് എന്നാണ്. ഈ പറയുന്ന ആളോ? നരേന്ദ്ര മോദിയുടെ പരാമർശങ്ങളോ? അതുപോലെ മറ്റു ചില നേതാക്കളുടെ പരാമർശങ്ങളോ? പറയുമ്പോൾ എല്ലാം പറയണമല്ലോ.

ദില്ലിയിലും അതിനു മുമ്പുമായി നടന്ന പല തെരഞ്ഞെടുപ്പ് റാലികളിലുമായി അമിത് ഷാ നടത്തിയിട്ടുള്ള നാല്‌ വിവാദ പരാമർശങ്ങൾ

1. "ഈ തെരഞ്ഞെടുപ്പിൽ താമരയുടെ ബട്ടൺ അമർത്തി ഞെക്കണം. പോളിംഗ് ബൂത്തിൽ നിങ്ങൾ വിരലമർത്തുമ്പോൾ ഷാഹീൻ ബാഗിൽ ഇരിക്കുന്നവർക്ക് ഷോക്കടിക്കണം". ജനുവരി 2020, ദില്ലി.

2. "ബംഗാളിലെ ഈ തെരഞ്ഞെടുപ്പിൽ വിഷയം സംസ്ഥാനത്തിന്റെ സുരക്ഷയാണ്. ഇവിടെ നുഴഞ്ഞുകയറി താമസിക്കുന്നവരെ കൊക്കയിലേക്ക് വലിച്ചെറിയേണ്ട കാലം അതിക്രമിച്ചു കഴിഞ്ഞു". ഏപ്രിൽ 2019 , ബംഗാൾ.

3. "മനുഷ്യന് ഉറക്കമില്ലെങ്കിലും ജീവിക്കാനാകും. പക്ഷേ, ആത്മാഭിമാനം വ്രണപ്പെട്ടാൽ ജീവിക്കാനാകില്ല. ഈ അപമാനത്തിനും പകരം ചോദിച്ചേ മതിയാകൂ. ഈ തെരഞ്ഞെടുപ്പ് (മുസഫർനഗർ കലാപങ്ങളിൽ) നിങ്ങളെ അപമാനിച്ചവരോട് പകരം വീട്ടാനുള്ള അവസരമാണ്". ഏപ്രിൽ 2014, ഉത്തർപ്രദേശ്.

4. "ബിജെപി അബദ്ധവശാൽ പോലും ബിഹാറിൽ തോറ്റെന്നിരിക്കട്ടെ, തോൽക്കുന്നത് ബിഹാറിലാണെങ്കിലും, പടക്കം പൊട്ടുന്നത് പാകിസ്താനിലായിരിക്കും. " ഒക്ടോബർ 2015, ബിഹാർ.
 

click me!