വിദ്യാർത്ഥിനികളെ അപമര്യാദയായി സ്പർശിച്ചു, അവർ കാൺകെ സ്വയംഭോഗം ചെയ്തു, ഗാർഗി വിമൻസ് കോളേജിൽ അന്നു നടന്നത്

By Web TeamFirst Published Feb 15, 2020, 9:11 AM IST
Highlights

പരിപാടി കാണാൻ വന്ന ഒരു വിദ്യാർത്ഥിനിക്ക് മുന്നിൽ നിന്ന് അതിക്രമിച്ചു കയറിയ ഒരാക്രമി സ്വയംഭോഗം ചെയ്തു. അത് കണ്ട നടുക്കത്തിൽ ആ വിദ്യാർത്ഥിനിക്ക് പാനിക് അറ്റാക്ക് വരികയും അവർ ബോധരഹിതയാവുകയും ചെയ്തു.

"ഒന്ന് സുഖിക്കുന്നോ? ഫ്രീയാണ്. വേണെങ്കിൽ ഇപ്പോൾ സാധിച്ചോ...", "ബോയ്‌ഫ്രണ്ടിനെ വേണേൽ ഇതാ ഇന്നെടുത്തോ, നാളെ കിട്ടില്ല", " എന്റെ കൂടെ വരുന്ന പെണ്ണിന് ഞാൻ അമ്പതിനായിരം രൂപയുടെ മേക്കപ്പ് കിറ്റ് ഫ്രീയായിട്ട് തരും, ആരാ പോരുന്നേ?"

ദില്ലി ഗാർഗി കോളേജിലെ പെൺകുട്ടികളിൽ പലരും നടുക്കത്തോടെ ഇപ്പോഴും ഓർക്കുന്ന ചില കമന്റടികളാണ് മേലെ കൊടുത്തിട്ടുള്ളത്. കഴിഞ്ഞ ഫെബ്രുവരി ആറിന് കോളേജിൽ വാർഷികാഘോഷം മടക്കുന്ന സമയം. പരിപാടിയുടെ കൊട്ടിക്കലാശം സുപ്രസിദ്ധ ഗായകൻ സുബിൻ നൗട്ടിയാലിന്റെ ഗാനമേളയാണ്. അതിനായി വിദ്യാർത്ഥിനികൾ എല്ലാവരും കാത്തിരിക്കുകയായിരുന്നു. ഗാനമേള തുടങ്ങുന്നതിനു തൊട്ടുമുമ്പാണ്  മദ്യലഹരിയിൽ മദോന്മത്തരായ ഒരു പറ്റം അപരിചിതർ, കോളേജിന്റെ ഗേറ്റ് തകർത്ത് അകത്തേക്ക് കയറിയതും, കണ്മുന്നിൽ വന്നുപെട്ട എല്ലാ പെൺകുട്ടികളെയും ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചതും. അതിക്രമിച്ച് അകത്തേക്കു വന്നവർ വളഞ്ഞു നിന്ന്, തങ്ങളുടെ ശരീരത്തിൽ വളരെ മോശമായ രീതിയിൽ സ്പർശിക്കുകയും, തങ്ങളെ തുടർച്ചയായി ശല്യം ചെയ്യുകയും, ശുചിമുറിയിൽ ഇട്ടുപൂട്ടുകയും ചെയ്തുവെന്ന് കോളേജിലെ വിദ്യാർത്ഥിനികൾ പൊലീസിൽ പരാതിപ്പെട്ടു.

"അവർ കോളേജ് സ്റ്റുഡന്റസ് ആയിരുന്നില്ല, രാത്രിയായാൽ റോഡിൽ കാണുന്ന കള്ളുംകുടിച്ച് നടക്കുന്ന സാമൂഹ്യവിരുദ്ധരെപ്പോലെ തോന്നിച്ചു അവർ..." അദിതി അഗർവാൾ എന്ന പൊളിറ്റിക്കൽ സയൻസ് വിദ്യാർത്ഥിനി 'ന്യൂസ് ലോൺഡ്രി'യോട് പറഞ്ഞു. പൗരത്വബില്ലിനെ അനുകൂലിച്ചുകൊണ്ട് പരിസരത്തെവിടെയോ സംഘടിപ്പിക്കപ്പെട്ട ഒരു റാലിയിൽ പങ്കെടുത്തു മടങ്ങിയ കൂട്ടത്തിൽ പെട്ടവരാണ് ഇവരെന്ന സ്ഥിരീകരിക്കാത്തൊരു  വാർത്തയും ഇതിനിടെ അവിടെ പ്രചരിച്ചിരുന്നു. ഇടയ്ക്കിടെ ആ ആൾക്കൂട്ടത്തിൽ നിന്ന് ജയ് ശ്രീറാം വിളികളും മുഴങ്ങിയതായിരുന്നു അത്രരത്തിലൊരു സംശയത്തിന് കാരണമായത്.

അമ്പത്തിനാല് വർഷത്തെ പാരമ്പര്യമുള്ള ദില്ലിയിലെ ഏറ്റവും മികച്ച വിമൻസ് കോളേജുകളിൽ ഒന്നാണ് ഗാർഗി കോളേജ്. ഇന്ത്യ ടുഡേ നടത്തിയ സർവേയിൽ ഇന്ത്യയിലെ കോളേജുകളിൽ പഠനനിലവാരത്തിലും സൗകര്യങ്ങളുടെ മികവിലും ഒമ്പതാം സ്ഥാനമാണ് ഗാർഗി കോളേജിനുള്ളത്. ഇവിടെ ആർട്സ്, ഹ്യുമാനിറ്റീസ്, കൊമേഴ്‌സ്, സയൻസ് തുടങ്ങിയ വിഷയങ്ങളിൽ ബിരുദ, ബിരുദാനന്തര ബിരുദ കോഴ്‌സുകളുണ്ട്. ഗാർഗി എന്നത് ബൃഹദാരണ്യകോപനിഷത്തിൽ പരാമർശിക്കപ്പെട്ടിട്ടുളള ധീരയായ ഒരു സ്ത്രീ കഥാപാത്രത്തിന്റെ പേരാണ്.  പെൺകുട്ടികൾ മാത്രം പഠിക്കുന്നഈ  കോളേജിൽ വേണ്ടത്ര സുരക്ഷാ സംവിധാനങ്ങളൊക്കെ ഉള്ളതാണ്. അടച്ചുറപ്പുള്ള ഒരു ഗേറ്റും, നല്ലൊരു ചുറ്റുമതിലുമൊക്കെ ഉണ്ടതിന്.

ക്യാമ്പസിനുള്ളിൽ പലയിടങ്ങളിലായി 23 സിസിടിവി ക്യാമറകൾ സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. അവയിൽ നിന്ന് ശേഖരിക്കപ്പെട്ട ദൃശ്യങ്ങൾ പരിശോധിച്ച ശേഷം പോലീസ് പത്തുപേരെ കസ്റ്റഡിയിൽ എടുത്തിരുന്നു. എന്നാൽ അവരെ എല്ലാവരെയും തന്നെ 24 മണിക്കൂറിനുള്ളിൽ പതിനായിരം രൂപ ജാമ്യം കെട്ടിവെച്ച് പുറത്തുവിടുകയും ചെയ്തു കോടതി. ഇങ്ങനെയൊരു സംഭവം നടന്നിട്ട് നാലു ദിവസം വൈകിയാണ് കോളേജധികൃതർ പോലീസിൽ പരാതി നൽകാൻ തയ്യാറാകുന്നത്. പൊലീസ് പ്രതികൾക്കുമേൽ ഐപിസി 452 - ട്രെസ്പാസിങ് അഥവാ അതിക്രമിച്ചു കടക്കൽ, 354 - സ്ത്രീത്വത്തെ അപമാനിക്കൽ, 509 -സ്ത്രീയെ അപമാനിക്കുന്ന തരത്തിൽ വാക്കോ, ആംഗ്യമോ, പ്രവൃത്തിയോ ഉണ്ടാവുക, 34 - സംഘം ചേർന്ന് അക്രമം പ്രവർത്തിക്കുക തുടങ്ങിയ വകുപ്പുകളാണ് ഇപ്പോൾ ചുമത്തിയിട്ടുള്ളത്. അക്രമികളിൽ പലരും ദില്ലിയിലെ പല കോളേജുകളിലെയും വിദ്യാർത്ഥികളാണെന്നു പറയപ്പെടുന്നുണ്ട്. അവരുടെ മാതാപിതാക്കൾ ഇപ്പോൾ തങ്ങളുടെ മക്കളെ ഏതുവിധേനയും കേസിൽപ്പെടാതെ ഊരിയെടുക്കാനുള്ള ശ്രമങ്ങൾ നടത്തുന്നതാണെന്നും ആക്ഷേപമുണ്ട്.

'റിവേറി'(Reverie) എന്ന പേരിൽ വർഷാവർഷം നടന്നുവരുന്നതാണ് ഗാർഗി കോളേജിലെ ഈ വാർഷികാഘോഷങ്ങൾ. സംഭവം നടന്ന ദിവസം, ഫെബ്രുവരി ആറാം തീയതി ഫെസ്റ്റിവലിന്റെ മൂന്നാമത്തെയും അവസാനത്തെയും ദിവസമായിരുന്നു. അന്നു വൈകുന്നേരം എല്ലാവരും കാത്തിരുന്ന ഗാനമേള നടക്കാനിരികയായിരുന്നു. അപ്പോഴേക്കും, കോളേജിലെ മിക്കവാറും എല്ലാ വിദ്യാർത്ഥിനികളും ഗ്രൗണ്ടിലെ സ്റ്റേജിനു സമീപം സജ്ജീകരിച്ചിരുന്ന സദസ്സിൽ വന്നുചേർന്നിരുന്നു. അതുകൊണ്ടുതന്നെ കോളേജിലെ മിക്കവാറും എല്ലാ പെൺകുട്ടികളും തന്നെ ഈ അപമാനങ്ങൾക്ക് ഇരയായി. ഗാർഗിയിൽ ഇതാദ്യമായിട്ടല്ല ഇത്തരത്തിൽ വിദ്യാർത്ഥിനികൾക്കുനേരെ അവരെ ലൈംഗികമായി അപമാനിക്കാനുള്ള ശ്രമങ്ങൾ ഉണ്ടാകുന്നത്. 2019 -ലും ഇതിനു സമാനമായ സംഭവങ്ങൾ നടന്നിട്ടുണ്ട്. അന്ന് സുരക്ഷാസംവിധാനങ്ങളുടെ കുറവാണ് പെൺകുട്ടികൾക്കു നേരെ പീഡനശ്രമങ്ങളുണ്ടാവാൻ കാരണമായത്. അന്നും വിദ്യാർത്ഥിനികൾ പരാതിപ്പെട്ടിരുന്നെങ്കിലും, കോളേജ് നിയമ നടപടിയുമായി മുന്നോട്ടുപോകാൻ അപ്പോഴും വിമുഖത കാണിക്കുകയായിരുന്നു.

ഇത്തവണത്തെ വാർഷികാഘോഷത്തിന് പ്രവേശനം പാസ് വഴിയാണ് നിയന്ത്രിച്ചിരുന്നത്. പെൺകുട്ടികൾക്ക് ഒരു സ്ത്രീ/പുരുഷ സുഹൃത്തിനെ കൂടെ കൊണ്ടുവരാനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നു. കൂടെ വരുന്ന സുഹൃത്തുക്കൾക്കായി ഓരോ പാസ് വീതം വിദ്യാർഥിനികൾക്ക് നേരത്തെ തന്നെ അനുവദിച്ചിരുന്നു. വൈകുന്നേരം മൂന്നുമണിയോടെ ഗേറ്റിന്റെ പരിസരത്ത് യുവാക്കളുടെ തിക്കും തിരക്കുമായി. ആറുമണിയോടെയാണ് മുന്നൂറിനും നാനൂറിനും ഇടയിൽ വരുന്ന ഒരു കൂട്ടം ആളുകൾ ഗേറ്റ് തകർത്ത് അകത്തേക്ക് കടന്നുവരുന്നത്. അവിടെ സന്നിഹിതരായിരുന്ന പൊലീസും റാപ്പിഡ് ആക്ഷൻ ഫോഴ്സും ഒരു ചെറുവിരൽ പോലും ഈ ജനക്കൂട്ടത്തിനെതിരെ അനക്കുകയുണ്ടായില്ല. വാർഷികാഘോഷച്ചടങ്ങിൽ 3000-4000 പേർ പങ്കെടുക്കുമെന്നാണ് സംഘാടകർ അനുമാനിച്ചിരുന്നത്. എന്നാൽ, ഗാനമേള തുടങ്ങുമ്പോഴേക്കും ക്യാമ്പസ്സിൽ അതിന്റെ ഇരട്ടിയിലധികം പേർ കടന്നുവന്നു കഴിഞ്ഞിരുന്നു. പാട്ടിന്റെ ബഹളത്തിനിടെ ഗ്രൗണ്ടിൽ നടക്കുന്ന പ്രശ്നങ്ങൾ ഒന്നും പുറത്തുയർന്നു കേട്ടതുമില്ല. അനുവാദമില്ലാതെ കടന്നുവന്നവർ ആദ്യമൊക്കെ അബദ്ധത്തിലെന്ന പോലെ സ്ത്രീകളെ തട്ടുകയും മുട്ടുകയുമൊക്കെയാണ് ചെയ്തത് എങ്കിൽ, ഇരുട്ട് കനത്തുവന്നതോടെ അക്രമികളുടെ ആത്മവിശ്വാസം ഇരട്ടിച്ചു. പിന്നീട് കണ്മുന്നിൽ വന്നുപെടുന്ന പെൺകുട്ടികളെ നേർക്കുനേർ കടന്നുപിടിക്കാനും, അവരുടെ അനുവാദമില്ലാതെ ദേഹത്ത് തഴുകാനും ഒക്കെ തുടങ്ങി അവർ. ചിലരാകട്ടെ, സംഘം ചേർന്ന് ഒന്നോ രണ്ടോ പെൺകുട്ടികളെ വളഞ്ഞ് അവരെ ഇരുട്ടുവീണിടങ്ങളിലേക്ക് കൊണ്ട് ചെന്ന് ഉന്തുകയും തള്ളുകയും ഒക്കെ ചെയ്തു.

സംഭവത്തെപ്പറ്റി കോളേജിലെ ഒരു വിദ്യാർത്ഥിനി ഇന്ത്യ ടിവിയോട് പ്രതികരിച്ചത് ഇങ്ങനെയായിരുന്നു," ഏതാണ്ട് നാലേകാലോടെയാണ് ഞാൻ ക്യാമ്പസ്സിനുള്ളിൽ പ്രവേശിച്ചത്. സ്ത്രീകൾക്കും പുരുഷന്മാർക്കും വെവ്വേറെ ഗേറ്റുകൾ ആയിരുന്നു ഉണ്ടായിരുന്നത്. പുറത്തു സ്ഥിതിഗതികൾ വഷളാകുന്നത് കണ്ടപ്പോൾ തന്നെ ഞാൻ കോളേജിലെ സെക്യൂരിറ്റി ഇൻ ചാർജ് മാഡത്തിനെ ചെന്നുകണ്ട് വിവരം അറിയിച്ചു. ഒരു പ്രശ്നവുമില്ല, ഞാൻ കൈകാര്യം ചെയ്തോളാം എന്നവർ പറഞ്ഞു. എന്തായാലും, പിന്നെയവരെ ആ പ്രദേശത്ത് കണ്ടിട്ടില്ല. ഞാൻ ഗ്രൗണ്ടിലേക്ക് പോയപ്പോഴുണ്ട്,  അവിടെയൊരു വിദ്യാർത്ഥിനി ബോധരഹിതയായി നിലത്തുവീണുകിടക്കുന്നു. എന്താണ് പ്രശ്നമെന്ന് ചോദിച്ചപ്പോൾ, അവൾ പറഞ്ഞു അവളുടെ മുന്നിൽ നിന്ന് ഒരു അപരിചിതൻ സ്വയംഭോഗം ചെയ്തു എന്ന്. അതുകണ്ട നടുക്കത്തിൽ അവൾക്ക് 'പാനിക് അറ്റാക്ക്' വന്നതാണ്. അങ്ങനത്തെ ഏഴോ എട്ടോ കേസുകൾ ഞാൻ കണ്ടു. നാലരയോടെ അടക്കേണ്ട ഗേറ്റുകൾ അവർ സമയത്തിന് അടച്ചില്ല. പിന്നെയും ആളുകൾ അകത്തേക്ക് ഒഴുകിയെത്തിക്കൊണ്ടിരുന്നു. ആറുമണിയോടെയാണ് ആ അപരിചിതർ ഗേറ്റ് തകർത്തുകൊണ്ട് അകത്തു വരുന്നത്. ഗേറ്റിലെ സെക്യൂരിറ്റി ജീവനക്കാർ ആരുടേയും പാസ് പരിശോധിക്കാൻ മിനക്കെട്ടില്ല. അങ്ങോട്ട് ചെന്ന് പാസ് കാണിച്ചവരെപ്പോലും പരിശോധിക്കാൻ അവർ മിനക്കെട്ടില്ല. ഇതൊക്കെ ഗുരുതരമായ കൃത്യവിലോപമാണ്..."
 


 

" ഞാനൊരു വലിയ ആൾക്കൂട്ടത്തിന്റെ നടുക്കുപെട്ടുപോയി. അനങ്ങാൻ പറ്റാത്തത്ര തിരക്കായിരുന്നു. അതിനിടയിൽ എന്റെ തൊട്ടടുത്ത് സ്ഥാനം പിടിച്ചിരുന്ന നാലഞ്ച് പേർ ചേർന്ന് എന്നെ മോശമായ രീതിയിൽ സ്പർശിക്കാൻ തുടങ്ങി. ഞാൻ ആകെ നിസ്സഹായയായിപ്പോയി. കാരണം, കയ്യൊന്ന് അനക്കാനോ പ്രതികരിക്കാനോ പറ്റാത്തത്ര തിരക്കായിരുന്നു ചുറ്റിനും. നാൽപതു മിനിറ്റോളം ആ പീഡനത്തിനിരയായി അങ്ങനെ അപമാനിതയായി നിൽക്കേണ്ടിവന്നു എനിക്ക്. ഒടുവിൽ എങ്ങനെയോ ഞാൻ അവിടെ നിന്ന് ഓടി രക്ഷപ്പെട്ടു. എന്നിട്ട് ഒരു സ്റ്റാളിന്റെ ഉള്ളിലെ ഒഴിഞ്ഞ ഇടത്തേക്ക് കേറി ഒളിച്ചുനിന്നു. അവിടെ എന്റെ സുഹൃത്തുക്കളിൽ പലരും എന്നെപ്പോലെതന്നെ ആളുകളുടെ ശല്യത്തിൽ നിന്ന് രക്ഷതേടി ഓടിവന്നൊളിച്ചിട്ടുണ്ടായിരുന്നു..." മറ്റൊരു വിദ്യാർത്ഥിനി പറഞ്ഞു .

"ആദ്യം പരാതി കൊടുക്കേണ്ടത് പ്രിൻസിപ്പാൾ അടക്കമുള്ള കോളേജ് അധികൃതരുടെ കുറ്റകരമായ അനാസ്ഥയ്‌ക്കെതിരെയാണ്. വേണ്ട നടപടിയെടുക്കാത്തതിന് സുരക്ഷയ്ക്ക് നിയുക്തരായ പൊലീസും, റാപ്പിഡ് ആക്ഷൻ ഫോഴ്സും പറയുന്നത്, ഒന്നും ചെയ്യാനുള്ള അനുമതിയോ, വ്യക്തമായ നിർദേശമോ ഒന്നും കോളേജ് അധികൃതരിൽ നിന്നുണ്ടായില്ല, അതുകൊണ്ട് ഒന്നും ചെയ്തില്ല എന്നാണ്." ഒരു രക്ഷിതാവ് വിക്ഷുബ്ധനായിക്കൊണ്ട് പറഞ്ഞു.

"സുരക്ഷിതത്വത്തെപ്പറ്റി അത്രയ്ക്ക് വേവലാതിയുള്ളവർ എന്തിനാണ് ഫെസ്റ്റിന് ഇറങ്ങിപ്പുറപ്പെടുന്നത്" എന്നാണ് ഗാർഗി കോളേജ് പ്രിൻസിപ്പൽ പ്രോമിലാ കുമാർ, രോഷാകുലരായ വിദ്യാർത്ഥിനികളോട് അതേ നാണയത്തിൽ തന്നെ പ്രതികരിച്ചത്. സംഭവത്തെപ്പറ്റി രണ്ടുദിവസം മുമ്പ് അവർ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞതിങ്ങനെ, " ഒരു പരാതിയും എനിക്കിതുവരെ കിട്ടിയിട്ടില്ല. ഇത് ദില്ലി യൂണിവേഴ്സിറ്റിയിലെ മറ്റുകോളേജുകളിലെ പയ്യന്മാർക്കുകൂടി പ്രവേശനമുണ്ടായിരുന്ന ഇവന്റാണ്. പൊലീസ് ഉണ്ടായിരുന്നു, റാപ്പിഡ് ആക്ഷൻ ഫോഴ്‌സ് കമാൻഡോസ് ഉണ്ടായിരുന്നു സുരക്ഷയ്ക്ക്. പുറമെ ബൗൺസർമാർ പോലും ഉണ്ടായിരുന്നു ക്യാമ്പസിൽ. സ്ത്രീകൾ മാത്രം ഉള്ള ഒരു വലിയ ഏരിയ തന്നെ ബാരിക്കേഡ് ചെയ്തു വെച്ചിട്ടുണ്ടായിരുന്നു. ആ സോണിനു പുറത്തേക്ക് പെൺകുട്ടികൾ കടന്നുപോയിട്ടുണ്ടെങ്കിൽ, അത് അവരുടെ വ്യക്തിപരമായ ചോയ്‌സാണ്...."

എന്തായാലും, ഇന്നിപ്പോൾ ഗാർഗി കോളേജിൽ പൊലീസ് ബാരിക്കേഡും പരിശോധനകളും ഒക്കെ ശക്തമാണ്. ഐഡികാർഡും മറ്റും കർശനമായി പരിശോധിച്ച്, തൃപ്തികരമായ കാരണം ബോധിപ്പിച്ചുകൊണ്ടല്ലാതെ ഒരു ഈച്ചയെപ്പോലും അവർ അകത്തേക്ക് വിടുന്നില്ല. അതൊക്കെ നല്ലകാര്യം എന്ന് കോളേജിലെ പെൺകുട്ടികൾ പറയുന്നു. പക്ഷേ, അവർക്ക് ചോദിക്കാനുള്ളത് ഒരു കാര്യം മാത്രം," ഇക്കണ്ട സുരക്ഷയും പരിശോധനയും പൊലീസും പട്ടാളവുമൊക്കെ അന്ന് ഫെബ്രുവരി ആറിന് ക്യാമ്പസിൽ ഞങ്ങൾ അക്രമിക്കപ്പെട്ടപ്പോൾ എവിടെയായിരുന്നു?" 

click me!