കുട്ടികൾക്ക് കിട്ടുന്നത് അച്ഛന്റെ ബുദ്ധിയോ അമ്മയുടെ ബുദ്ധിയോ?

By Web TeamFirst Published May 18, 2022, 1:24 PM IST
Highlights

ഇങ്ങനെയൊക്കെയാണെങ്കിലും, എല്ലാ ശാസ്ത്രജ്ഞരും ഈ X ക്രോമസോം തത്വത്തെ അംഗീകരിക്കുന്നില്ല. അങ്ങനെ ക്രെഡിറ്റ് മുഴുവൻ അമ്മമാർ കൊണ്ടുപോകേണ്ടെന്നാണ് അവർ പറയുന്നത്. 

കുട്ടികളുടെ സ്വഭാവസവിശേഷതകളെ മാതാപിതാക്കളിൽ ഒരാളുമായി ബന്ധപ്പെടുത്താൻ പലപ്പോഴും നമ്മൾ ശ്രമിക്കാറുണ്ട്. പരീക്ഷയിൽ നല്ല മാർക്ക് വാങ്ങുമ്പോഴോ, അതുമല്ലെങ്കിൽ മത്സരങ്ങളിൽ വിജയിക്കുമ്പോഴോ എല്ലാം അതിന്റെ ക്രെഡിറ്റ് എടുക്കാൻ അച്ഛനും അമ്മയും മത്സരിക്കാറുണ്ട്. പോരാത്തതിന് ഒരു ഡയലോഗും, 'അത് പിന്നെ എന്റെ മോളല്ലേ/മോനല്ലേ.' പക്ഷേ, കുട്ടികൾക്ക് കിട്ടുന്നത് ആരുടെ ബുദ്ധി(intelligence)യാണ്, അമ്മയുടേയോ അതോ അച്ഛന്റെയോ? ഗവേഷകരുടെ അഭിപ്രായത്തിൽ അമ്മയിൽ നിന്നാണ് കുട്ടികൾക്ക് ബുദ്ധിശക്തി പകർന്ന് കിട്ടുന്നത്.  

എക്‌സ് ക്രോമസോമാണ് ബുദ്ധിശക്തിയെ വഹിക്കുന്നതെന്ന് ഒന്നിലധികം പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. സ്ത്രീകൾക്ക് ഈ ക്രോമസോമുകൾ രണ്ടെണ്ണമുണ്ട് (XX). എന്നാൽ, പുരുഷന്മാർക്ക് ഒരെണ്ണമേ (XY) ഉള്ളൂ. അതുകൊണ്ട് തന്നെ തങ്ങളുടെ കുട്ടികൾക്ക് ബുദ്ധിപരമായ ജീനുകൾ കൈമാറാനുള്ള കഴിവ് പിതാവിനേക്കാൾ മാതാവിന് കൂടുതലാണ്. മാത്രവുമല്ല, പിതാവിൽ നിന്ന് പാരമ്പര്യമായി ലഭിക്കാവുന്ന ബുദ്ധിപരമായ ജീനുകൾ തനിയെ നിർജ്ജീവമായേക്കാം. മക്കളുടെ ബുദ്ധിശക്തി അമ്മയുടെ ജീനുകളുമായി ബന്ധപ്പെട്ടിരിക്കുന്നത് കൊണ്ട് തന്നെ പിതാവിന് അതിൽ കാര്യമായ പങ്കില്ലെന്നാണ് ഇതിനെ അനുകൂലിക്കുന്ന ​ഗവേഷകർ പറയുന്നത്.

വർഷങ്ങളായി ഈ സിദ്ധാന്തം തെളിയിക്കാൻ നിരവധി പഠനങ്ങൾ നടന്നിട്ടുണ്ട്. അതിലൊന്ന് ഗ്ലാസ്‌ഗോയിലെ മെഡിക്കൽ റിസർച്ച് കൗൺസിൽ സോഷ്യൽ ആൻഡ് പബ്ലിക് ഹെൽത്ത് സയൻസസ് യൂണിറ്റ് നടത്തിയ ഒരു പഠനമാണ്. അതിലും കുട്ടികളുടെ ഐക്യു അമ്മമാരുടേതിന് സമാനമാണെന്ന് കണ്ടെത്തിയിരുന്നു. പഠനത്തിനായി തിരഞ്ഞെടുത്ത കുട്ടികളെ അവരുടെ 14 മുതൽ 22 വയസ്സ് വരെയുള്ള കാലത്ത് എല്ലാ വർഷവും ഗവേഷകർ അഭിമുഖം നടത്തി. വിദ്യാഭ്യാസം, സാമൂഹിക-സാമ്പത്തിക നില തുടങ്ങിയ വിവിധ ഘടകങ്ങൾ അവർ കണക്കിലെടുത്തു. ഒടുവിൽ അമ്മമാരിൽ നിന്നാണ് അവർക്ക് ബുദ്ധിശക്തി ലഭിച്ചതെന്ന അനുമാനത്തിൽ അവർ എത്തി. മാത്രവുമല്ല, അമ്മയും കുഞ്ഞും തമ്മിലുള്ള മാനസികമായ അടുപ്പവും ഇതിൽ പ്രധാനമാണ്.    

ഇങ്ങനെയൊക്കെയാണെങ്കിലും, എല്ലാ ശാസ്ത്രജ്ഞരും ഈ X ക്രോമസോം തത്വത്തെ അംഗീകരിക്കുന്നില്ല. അങ്ങനെ ക്രെഡിറ്റ് മുഴുവൻ അമ്മമാർ കൊണ്ടുപോകേണ്ടെന്നാണ് അവർ പറയുന്നത്. ജനിതകഘടന മാത്രമല്ല ഒരു കുട്ടിയുടെ ബുദ്ധിശക്തി നിർണ്ണയിക്കുന്നതെന്ന് മറ്റ് ഗവേഷകർ ചൂണ്ടി കാട്ടുന്നു. കുഞ്ഞിന്റെ മാനസികവും, ബുദ്ധിപരവുമായ വളർച്ചയ്ക്ക് മാതാപിതാക്കളുടെ വൈകാരികമായ പിന്തുണ അനിവാര്യമാണെന്ന് ഗവേഷർ പറയുന്നു. 

സൈക്കോളജി സ്പോട്ട് പറയുന്നതനുസരിച്ച്, ബുദ്ധിയുടെ 40 മുതൽ 60 ശതമാനം വരെ പാരമ്പര്യമായി ലഭിച്ചേക്കാം, എന്നാൽ ബാക്കിയുള്ളത് നമ്മുടെ പരിസ്ഥിതിയിൽ നിന്നാണ് നമുക്ക് ലഭിക്കുന്നത്. കുഞ്ഞുങ്ങളുടെ ആത്മവിശ്വാസം വളർത്തിയെടുക്കുന്നതിലും, പുതിയ കഴിവുകൾ പഠിപ്പിക്കുന്നതിലും മാതാപിതാക്കൾക്ക് തുല്യപങ്കുണ്ട്. കുട്ടികളുടെ വൈകാരികവും ബൗദ്ധികവുമായ വികാസത്തിൽ ഓരോ രക്ഷിതാവും വളരെ പ്രധാനപ്പെട്ട ഒരു പങ്ക് വഹിക്കുന്നുവെന്നും ഗവേഷകർ അഭിപ്രായപ്പെട്ടു.  

  


 

click me!