ഒന്ന് കരഞ്ഞു, 3000 രൂപ ചാർജ്ജ് ഈടാക്കി ആശുപത്രി!

Published : May 19, 2022, 03:55 PM ISTUpdated : May 19, 2022, 03:58 PM IST
ഒന്ന് കരഞ്ഞു, 3000 രൂപ ചാർജ്ജ് ഈടാക്കി ആശുപത്രി!

Synopsis

കാമിലിന് നൽകിയ ബില്ല് കണ്ട് നെറ്റിസൺമാരും അമ്പരന്നു. ട്വിറ്ററിൽ യുവതി ഷെയർ ചെയ്ത ബില്ലിനോട് ആളുകൾ വളരെ രൂക്ഷമായാണ് പ്രതികരിച്ചത്. ഇതിനെതിരെ നിരവധി പേർ അതൃപ്തി അറിയിച്ചു. 

ഒരു സ്ത്രീക്ക് ആശുപത്രിയിൽ വച്ച് കരഞ്ഞതിന്റെ (crying) പേരിൽ അധികപണം അടക്കേണ്ടി വന്നു. അമേരിക്കയിലെ ഒരു ആശുപത്രി(hospital)യാണ് രോഗിയായ യുവതി കരഞ്ഞുവെന്ന കാരണം പറഞ്ഞു ബില്ലിൽ 3000 രൂപ പ്രത്യേകം ഈടാക്കിയത്. ഈ ബില്ല് യുവതിയുടെ സഹോദരി സോഷ്യൽ മീഡിയയിൽ പങ്കിട്ടതോടെ അത് വലിയ ചർച്ചയായി.  

ഈ സംഭവം അമേരിക്കയിലെ ആശുപത്രികളുടെ അവസ്ഥയും അവയുടെ പ്രവർത്തന സംവിധാനവും തുറന്നുകാട്ടുന്നു. ന്യൂയോർക്കുകാരിയായ കാമിൽ ജോൺസൺ പങ്കിട്ട ആശുപത്രി ബില്ലിന്റെ ചിത്രത്തിൽ അവളുടെ സഹോദരിക്ക് നടത്തിയ നിരവധി പരിശോധനകളുടെ ബില്ലുകൾ ഉൾപ്പെടുന്നു. അതിൽ ഒന്നിൽ "ബ്രീഫ് ഇമോഷണൽ/ബിഹേവ് അസ്സസ്മെൻറ്സിന്" $40 ചാർജ് ചെയ്തിരിക്കുന്നതായി കാണാം. തുടർന്നുള്ള ട്വീറ്റിൽ, തന്റെ സഹോദരിക്ക് ഒരു അപൂർവ രോഗം ഉണ്ടെന്നും, അത് മൂലം അവൾ വളരെ ബുദ്ധിമുട്ടുകയാണെന്നും യുവതി പറഞ്ഞു. രോഗം സഹോദരിയെ നിരാശയിലാഴ്ത്തി എന്നും, അവൾ നിസ്സഹായത അനുഭവിക്കുകയാണെന്നും അവൾ അവകാശപ്പെട്ടു. 

ഒരു നല്ല ചികിത്സ കണ്ടെത്താനാകാതെ അവൾ ആകെ വിഷമിക്കുകയാണ് എന്നും, അതുകൊണ്ടാണ് സഹോദരി വികാരാധീനയായത് എന്നും അവൾ പറഞ്ഞു. എന്നാൽ, അവളുടെ കണ്ണുനീരിന് ആശുപത്രി അധികൃതർ 3000 രൂപ ഈടാക്കി. എന്തിനാണ് അവൾ കരയുന്നത് എന്ന് പോലും തിരക്കാതെ, അവളെ സഹായിക്കാൻ ശ്രമിക്കാതെ, ഒന്നും തന്നെ ചെയ്യാതെയാണ് അവർ ഇത് ചെയ്തത് എന്നവൾ എഴുതി.

ഹീമോഗ്ലോബിൻ ടെസ്റ്റിനേക്കാൾ കൂടുതൽ തുക കരഞ്ഞതിന് ഈടാക്കിയതായി അവൾ പറഞ്ഞു. കാമിലിന് നൽകിയ ബില്ല് കണ്ട് നെറ്റിസൺമാരും അമ്പരന്നു. ട്വിറ്ററിൽ യുവതി ഷെയർ ചെയ്ത ബില്ലിനോട് ആളുകൾ വളരെ രൂക്ഷമായാണ് പ്രതികരിച്ചത്. ഇതിനെതിരെ നിരവധി പേർ അതൃപ്തി അറിയിച്ചു. ഇത് ഏത് തരത്തിലുള്ള ആരോഗ്യ സംവിധാനമാണെന്ന് പലരും ചോദിക്കുന്നു. എന്നാൽ, ഇതാദ്യമായല്ല ഇത്തരമൊരു കേസ് പുറത്തുവരുന്നത്. 

കഴിഞ്ഞ ഒക്ടോബറിൽ, ശസ്ത്രക്രിയയ്ക്ക് ശേഷം ഒരു സ്ത്രീ തന്റെ ബില്ലിന്റെ ഫോട്ടോ അപ്‌ലോഡ് ചെയ്യുകയുണ്ടായി. കാമിലിന്റെ സഹോദരിക്ക് $40 ഈടാക്കിയ അതേ കാരണത്താൽ ഈ സ്ത്രീയിൽ  നിന്നും $11 ഈടാക്കി. മറുക് നീക്കം ചെയ്യുന്നതിനായി യുവതി ആശുപത്രിയിൽ എത്തിയതായിരുന്നു. ശസ്ത്രക്രിയക്ക് ഇടയിൽ വേദനിച്ചതിനെ തുടർന്ന് അമിതമായി നിലവിളിച്ചു അവർ. എന്നാൽ ഇങ്ങനെ ഉറക്കെ കരഞ്ഞതിനാണ് അധികൃതർ ആശുപത്രി ബില്ലിൽ $11 ഈടാക്കിയത്. അപ്രതീക്ഷിതമായ ഈ അധിക നിരക്ക് കണ്ടാണ് യുവതി ഇത് ട്വിറ്ററിൽ പങ്കുവെക്കാൻ തീരുമാനിച്ചത്.  

അതേസമയം ആശുപത്രിയിൽ കരഞ്ഞതിന് സ്ത്രീക്ക് അധികം തുക ഈടാക്കിയതല്ല. പകരം വൈകാരിക-പെരുമാറ്റ വിലയിരുത്തലിനാണ് ഈ തുക ചാർജ് ചെയ്തിരിക്കുന്നത് എന്നാണ് വിശദീകരണം നൽകുന്നത്. രോഗിയുടെ മാനസിക നിലയെക്കുറിച്ച് ഡോക്ടർമാർ ചില പതിവ് ചോദ്യങ്ങൾ ചോദിക്കുകയും, അതിനെ കുറിച്ച് ഒരു റിപ്പോർട്ട് നൽകുകയും ചെയ്യുന്നു. അതിനാണ് ഈ ബില്ല് ഈടാക്കുന്നത്. എന്നാൽ ചില ഡോക്ടർമാർ ആത്മാർത്ഥമായി ഇത് ചെയ്യുമ്പോൾ, മറ്റുള്ളവർ അത് പണം ഈടാക്കാനുള്ള ഒരു മാർഗ്ഗം മാത്രമായി കാണുന്നു. രോഗികൾ വികാരാധീനരായി എന്ന കാരണത്താലോ, ഒന്ന് കരഞ്ഞു എന്ന കാരണത്താലോ ഇത് ചെയ്യാൻ പാടുള്ളതല്ല. രോഗിയുമായി കൂടിയാലോചിച്ചതിന് ശേഷം മാത്രമേ ഏതൊരു വൈകാരിക-പെരുമാറ്റ വിലയിരുത്തലും ഡോക്ടർക്ക് നടത്താൻ സാധിക്കുകയുള്ളൂ. ഇത്തരം വിലയിരുത്തലുകളുടെ പേരും പറഞ്ഞ് തങ്ങളുടെ ബില്ലുകളിൽ അധിക ചാർജുകൾ എഴുതി ചേർത്തുവെന്ന് പറഞ്ഞ് മുൻപും പലരും പരാതിപ്പെട്ടിട്ടുണ്ട്.  

(ചിത്രം പ്രതീകാത്മകം)

 

PREV
Read more Articles on
click me!

Recommended Stories

രണ്ട് മക്കളടങ്ങുന്ന കുടുംബം, ഒരു സുപ്രഭാതത്തിൽ പിരിച്ചുവിട്ടു, എങ്ങനെ ജീവിക്കും, ഇന്ത്യൻ ടെക്കിയുടെ പോസ്റ്റ്
ആറ് കിലോ കുറഞ്ഞു, മാനസികവും ശാരീരികവുമായി തളർന്നു, തൊഴിലുടമ ചൂഷണം ചെയ്യുകയാണ്, ജോലിക്കാരിയുടെ പോസ്റ്റ്