
ചൈനയിലെ ബാത്ത്ഹൗസുകൾ വളരെ പ്രശസ്തമാണ്. പരമ്പരാഗത ശൈലിയിലുള്ള പൊതുകുളിമുറികൾ മുതൽ സ്പാ അടക്കം ഓഫർ ചെയ്യുന്ന ആധുനിക ബാത്ത്ഹൗസ് വരെ ചൈനയിലുണ്ട്. എന്നാൽ, അതിൽ നിന്നെല്ലാം വ്യത്യസ്തമായ ഒരു ബാത്ത്ഹൗസാണ് ഇപ്പോൾ ട്രെൻഡായിക്കൊണ്ടിരിക്കുന്നത്. പരമ്പരാഗത ചൈനീസ് വൈദ്യശാസ്ത്രത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട 'ഹോട്ട്‌പോട്ട് ബാത്ത്' ആണത്. സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, ആരോഗ്യ ഗുണങ്ങൾ നൽകുമെന്ന് വിശ്വസിക്കപ്പെടുന്ന ചേരുവകൾ ചേർത്ത ഇളംചൂടുള്ള സൂപ്പ് പോലുള്ള കുളങ്ങളാണ് ഈ ബാത്ത്ഹോസുകൾ. അതിൽ നമ്മൾ തീരെ പ്രതീക്ഷിക്കാത്ത ചില ചേരുവകളും ഉണ്ട്. അത് മുളകുകളാണ്.
ഒക്ടോബറിലാണ്, ഹീലോങ്ജിയാങ് പ്രവിശ്യയിലെ ഹാർബിനിലുള്ള ഒരു റിസോർട്ട്, അഞ്ച് മീറ്റർ വീതിയുള്ള വൃത്താകൃതിയിലുള്ള ഒരു പൂൾ ഇതിനായി ഒരുക്കിയത്. ചുവപ്പും വെള്ളയും എന്നിങ്ങനെ രണ്ട് ഭാഗങ്ങളായി ഇതിനെ ഭാഗിച്ചിരിക്കുന്നതും കാണാം. ചുവന്ന ഭാഗത്ത് മുളക്, വഴുതന, കാബേജ് എന്നിവയെല്ലാമുള്ള ഒരു എരിവുള്ള സൂപ്പിന്റെ രൂപത്തിലാണ് നിർമ്മിച്ചിരിക്കുന്നത്. എന്നാൽ, വെളുത്ത വശത്ത് പാൽ, ഈത്തപ്പഴം, ഗോജി ബെറി എന്നിവയെല്ലാം ചേർത്തിരിക്കുന്നതായിട്ടാണ് കാണുന്നത്.
പരമ്പരാഗത ചൈനീസ് വൈദ്യശാസ്ത്രത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഈ സജ്ജീകരണം ആളുകൾക്ക് ഒരുപാട് ഗുണങ്ങൾ പ്രദാനം ചെയ്യുമെന്നാണ് അവകാശപ്പെടുന്നത്. റിലാക്സേഷന് വേണ്ടിയും സമ്മർദ്ദം കുറക്കാൻ വേണ്ടിയും ഒക്കെ ഇത് സഹായിക്കുമെന്നും പറയുന്നു. ചുവപ്പ് ഭാഗം ഉണ്ടാക്കിയിരിക്കുന്നത് പനിനീരിന്റെ ഇതളുകൾ കൊണ്ടാണെന്നും ദിവസവും ഇത് മാറ്റാറുണ്ട് എന്നും ഒരു ജീവനക്കാരൻ പറയുന്നു. ഇതിൽ ഉപയോഗിച്ചിരിക്കുന്ന മുളക് അധികം എരിവില്ലാത്ത ഇനമാണ്, ഇത് മെറ്റബോളിസത്തെ പ്രോത്സാഹിപ്പിക്കുകയും രക്തചംക്രമണം വർദ്ധിപ്പിക്കുകയും ചെയ്യുന്നു, അതേസമയം പാൽ ചർമ്മത്തിന് മൃദുത്വം നൽകാൻ സഹായിക്കുന്നു എന്നും ജീവനക്കാരൻ പറഞ്ഞു.
ടൂറിസ്റ്റുകളും പ്രദേശവാസികളുമായി ഒരുപാടുപേർ ഇവിടെയെത്താറുണ്ട്. 160 യുവാനാണ് ഇവിടെ കുളിക്കണമെങ്കിൽ നൽകേണ്ടത്. അതായത് ഇന്ത്യൻ രൂപയിൽ ഏകദേശം 2000 രൂപ. ഏത് പ്രായക്കാർക്കും ഈ ബാത്ത്ഹൗസിൽ വരാം. എന്നാൽ, 15-20 മിനിറ്റാണ് ഈ വെള്ളത്തിൽ ചെലവഴിക്കുന്നത് നല്ലത് എന്നും റിപ്പോർട്ടുകൾ പറയുന്നു.