
ഒരേ സമയം രണ്ടു വ്യത്യസ്ത സംസ്ഥാനങ്ങളില്‍ സ്ഥിതിചെയ്യുന്ന ഒരു വീട്. അങ്ങനെയൊരു വീടുണ്ടോ എന്നാണ് ചോദ്യം എങ്കില്‍ അങ്ങനെ ഒരു വീടുണ്ട്. ഒരേസമയം തെലുങ്കാനയിലും മഹാരാഷ്ട്രയിലുമായി സ്ഥിതി ചെയ്യുന്ന ഈ വീട്ടില്‍ 13 അംഗങ്ങളുമുണ്ട്. പവാര്‍ ഫാമിലി എന്നറിയപ്പെടുന്ന വീട്ടുകാരുടേതാണ് ഈ വീട്. ഒരേസമയം രണ്ട് സംസ്ഥാനങ്ങളില്‍ സ്ഥിതിചെയ്യുന്നതുകൊണ്ടുതന്നെ ഏറെ കൗതുകം നിറഞ്ഞതാണ് ഇവിടുത്തെ ഇവരുടെ ജീവിതം .
ചന്ദ്രപൂര്‍ ജില്ലയിലെ മഹാരാജഗുഡ ഗ്രാമത്തിലെ പവാര്‍ കുടുംബം ആണ് ഒരേ സമയം മഹാരാഷ്ട്രയിലും തെലങ്കാനയിലും ആയി ജീവിക്കുന്നത്. മഹാരാഷ്ട്രയും തെലുങ്കാനയും ഒരേസമയം അവകാശവാദം ഉന്നയിച്ചിട്ടുള്ള 14 ഗ്രാമങ്ങളില്‍പ്പെട്ട ഒരു ഗ്രാമമാണ് ഇവരുടെത്. 10 മുറികള്‍ ഉള്ള ഇവരുടെ വീട്ടിലെ നാലു മുറികളും അടുക്കളയും തെലുങ്കാനയിലും മറ്റു നാല് മുറികളും ഹാളും മഹാരാഷ്ട്രയിലും ആണ് . വര്‍ഷങ്ങളായി ഈ വീട്ടിലാണ് ഈ കുടുംബം താമസിച്ചു വരുന്നത്.
ഇങ്ങനെ താമസിക്കുന്നത് കൊണ്ട് ഒരേസമയം ഗുണവും ദോഷവും ഉണ്ടെന്നാണ് ഇവര്‍ പറയുന്നത്. ഇരു സംസ്ഥാനങ്ങളുടെയും ക്ഷേമ പദ്ധതികളില്‍ ഇവര്‍ അംഗമാണ് എന്നതാണ് ഒരു പ്രധാന ഗുണം . അതുപോലെതന്നെ ഇരു സംസ്ഥാനങ്ങളുടെയും നമ്പര്‍ പ്ലേറ്റുകള്‍ ഇവര്‍ക്ക് പ്രയോജനപ്പെടുത്താം. അതേസമയം തന്നെ ഇരു സംസ്ഥാനങ്ങളിലും ഇവര്‍ നികുതി അടയ്ക്കണം.
തങ്ങളുടെ വീട് മഹാരാഷ്ട്രയയിലും തെലുങ്കാനയിലും ആയാണ് സ്ഥിതി ചെയ്യുന്നതെങ്കിലും ഇന്നുവരെ തങ്ങള്‍ക്ക് അതില്‍ ഒരു പ്രശ്നവും ഉണ്ടായിട്ടില്ലെന്നും രണ്ട് സംസ്ഥാനങ്ങളിലും വസ്തുനികുതി അടയ്ക്കുകയും ഇരുവരുടെയും പദ്ധതികള്‍ പ്രയോജനപ്പെടുത്തുകയും ചെയ്യുന്നുവെന്നും വീടിന്റെ ഉടമ ഉത്തം പവാര്‍ പറഞ്ഞതായാണ് എ എന്‍ ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്.
1969-ല്‍ അതിര്‍ത്തി തര്‍ക്കം പരിഹരിച്ചപ്പോള്‍ ആണ് പവാര്‍ കുടുംബത്തിന്റെ ഭൂമി രണ്ട് സംസ്ഥാനങ്ങളിലായി വിഭജിക്കപ്പെട്ടത്. അതിന്റെ ഫലമായി വീടും പിളര്‍ന്നു. എ എന്‍ ഐ റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച് നിയമപരമായി ഈ ഗ്രാമങ്ങള്‍ മഹാരാഷ്ട്രയുടെ ഭാഗമാണെങ്കിലും, തെലങ്കാന സര്‍ക്കാര്‍ ഈ ഗ്രാമങ്ങള്‍ക്കുമേല്‍ അവകാശവാദം ഉന്നയിക്കുകയും അവരുടെ പദ്ധതികളിലൂടെ ഈ ഗ്രാമങ്ങളിലെ ജനങ്ങളെ നിരന്തരമായി ആകര്‍ഷിക്കുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ കൃത്യമായ ഒരു തീരുമാനം ഈ ഗ്രാമങ്ങളുടെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട് ഇതുവരെയും ഉണ്ടായിട്ടില്ല.