
വിദേശരാജ്യങ്ങളിലെ തൊഴിൽ സംസ്കാരവും ജീവിതരീതിയും എങ്ങനെ ഒരാളുടെ കാഴ്ചപ്പാടുകളെ സ്വാധീനിക്കുന്നു എന്നതിനെക്കുറിച്ച് ഒരു ഇന്ത്യൻ പ്രൊഫഷണൽ പങ്കുവെച്ച കുറിപ്പ് സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നു. അനുജ് ശർമ്മ എന്ന യുവാവാണ് ഇന്ത്യയിൽ നിന്ന് നെതർലൻഡ്‌സിലേക്ക് മാറിയപ്പോൾ താൻ അനുഭവിച്ച സാംസ്കാരികവും പ്രൊഫഷണലുമായ മാറ്റങ്ങളെക്കുറിച്ച് ഇൻസ്റ്റഗ്രാമിലൂടെ മനസ്സ് തുറന്നത്.
നെതർലൻഡ്‌സിലെ ജീവിതം തന്റെ സാമ്പത്തിക സുരക്ഷിതത്വം, വർക്ക് ലൈഫ് ബാലൻസ്, സമാധാനം എന്നിവയെ എങ്ങനെ മെച്ചപ്പെടുത്തിയെന്ന് അദ്ദേഹം വീഡിയോയിലൂടെ വിശദീകരിക്കുന്നു. വിദേശ ജീവിതത്തിൽ തന്നെ ഏറ്റവും കൂടുതൽ അത്ഭുതപ്പെടുത്തിയത് പണം ലാഭിക്കാനുള്ള കഴിവാണെന്ന് അനുജ് പറയുന്നു. 'നിങ്ങളുടെ സമ്പാദ്യം ഇവിടെ വളരെ വേഗത്തിൽ വളരുന്നു. വാടകയും ഭക്ഷണവും യാത്രയും ഉൾപ്പെടെയുള്ള എല്ലാ ചിലവുകൾക്കും ശേഷവും ഓരോ മാസവും മാന്യമായ ഒരു തുക മിച്ചം പിടിക്കാൻ എനിക്ക് സാധിക്കുന്നുണ്ട്. ഇത് ഭാവിയിന്മേൽ വലിയ ആത്മവിശ്വാസം നൽകുന്നു' എന്ന് അദ്ദേഹം പറയുന്നു.
നെതർലൻഡ്‌സിലെ തൊഴിൽ സംസ്കാരത്തിൽ നമ്മുടെ സമയത്തിന് ലഭിക്കുന്ന വലിയ പ്രാധാന്യത്തെ അദ്ദേഹം എടുത്തുപറഞ്ഞു. ജോലി ഒരിക്കലും ജീവിതത്തെ പൂർണ്ണമായി കീഴടക്കുന്നില്ലെന്നും, കൃത്യസമയത്ത് ജോലി അവസാനിപ്പിച്ച് വൈകുന്നേരങ്ങൾ സ്വന്തം ഇഷ്ടങ്ങൾക്കായി മാറ്റിവെക്കാൻ സാധിക്കുന്നുണ്ടെന്നും അദ്ദേഹം നിരീക്ഷിച്ചു. ദീർഘകാലാടിസ്ഥാനത്തിലുള്ള സന്തോഷത്തിന് ഇത്തരമൊരു ബാലൻസ് അത്യാവശ്യമാണെന്ന് അദ്ദേഹം ഓർമ്മിപ്പിക്കുന്നു.
ഒരു വിദേശിയാണെന്ന വേർതിരിവ് ഇല്ലാതെ ജോലിസ്ഥലത്ത് വലിയ ബഹുമാനവും അംഗീകാരവും ലഭിക്കുന്നുണ്ടെന്ന് അനുജ് സാക്ഷ്യപ്പെടുത്തുന്നു. ആശയങ്ങൾ കേൾക്കപ്പെടുകയും അർഹമായ മൂല്യം നൽകപ്പെടുകയും ചെയ്യുന്നത് വലിയ ആത്മവിശ്വാസം നൽകുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സോഷ്യൽ മീഡിയയിൽ വൈറലായ ഈ വീഡിയോയ്ക്ക് താഴെ നിരവധിയാളുകളാണ് അനുജിന്റെ നിരീക്ഷണങ്ങളെ പിന്തുണച്ചും അഭിനന്ദിച്ചും എത്തുന്നത്.