
ഗ്ലാമറിൻ്റെയും സൗന്ദര്യത്തിൻ്റെയും കൊടുമുടിയിൽ നിൽക്കുന്ന കെ-പോപ്പ് ലോകം പുറമേ കാണുന്നത്ര തിളക്കമുള്ളതല്ല. ലോകമെമ്പാടുമുള്ള ആരാധകരെ ഞെട്ടിച്ചുകൊണ്ട്, പ്രശസ്ത കെ-പോപ്പ് താരം ഹ്യൂന വേദിയിൽ കുഴഞ്ഞുവീണ സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. മക്കാവുവിൽ നടന്ന 'വാട്ടർബോംബ് മക്കാവു 2025' എന്ന പരിപാടിക്കിടെയാണ് സംഭവം. ഹ്യൂനയുടെ സൂപ്പർ ഹിറ്റായ ‘ബബിൾ പോപ്’എന്ന ഗാനം ആലപിക്കുന്നതിനിടെ പെട്ടെന്നുണ്ടായ ബോധക്ഷയം കാരണം താരം സ്റ്റേജിൽ തളർന്ന് വീഴുകയായിരുന്നു. ഉടൻ തന്നെ സുരക്ഷാ ഉദ്യോഗസ്ഥർ താരത്തെ ആശുപത്രിയിലേക്ക് മാറ്റി. ഇതിൻ്റെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. താരം വേദിയിൽ കുഴഞ്ഞ് വീണതിന് കാരണം മറ്റൊന്നുമല്ല: അതിവേഗം ഭാരം കുറച്ചതിനെ തുടർന്നുള്ള ആരോഗ്യപ്രശ്നങ്ങളാണ്.
കൊറിയൻ പോപ്പ് ലോകം സൗന്ദര്യത്തിനും ശരീര ഭംഗിക്കും നൽകുന്ന പ്രാധാന്യം വളരെ വലുതാണ്. താരങ്ങൾ എപ്പോഴും പരിപൂർണ്ണരായി കാണപ്പെടണം എന്ന ഈ സമ്മർദ്ദം പലപ്പോഴും അതിരുകടന്ന ഡയറ്റിംഗിലേക്കും ആരോഗ്യപരമായ വെല്ലുവിളികളിലേക്കും നയിക്കാറുണ്ട്. ഇതിൻ്റെ ഏറ്റവും പുതിയ ഇരയാണ് ഹ്യൂന. അതിവേഗം ഭാരം കുറച്ച്, ആരാധകരെ തൃപ്തിപ്പെടുത്താനുള്ള ശ്രമത്തിനിടെയാണ് താരത്തിന് വേദിയിൽ വെച്ച് ആരോഗ്യപ്രശ്‌നങ്ങളുണ്ടായത്.
വിവാഹശേഷം ഭാരം വർദ്ധിച്ചതിനെ തുടർന്ന് താരം മാനസികമായി സമ്മർദ്ദത്തിലായിരുന്നു. ഇതിനെ തുടർന്ന് ഹ്യൂന ഒരു മാസം കൊണ്ട് 10 കിലോഗ്രാം വരെ ശരീരഭാരം കുറയ്ക്കാൻ ശ്രമിച്ചു. . സ്റ്റേജ് പ്രകടനത്തിനായി കൂടുതൽ മികച്ച ശരീരം നേടാൻ വേണ്ടിയായിരുന്നു തീവ്രമായ ഈ ഡയറ്റിംഗ്. എന്നാൽ, ഇത് ശരീരത്തിന് താങ്ങാൻ കഴിയുന്നതിലും അപ്പുറമായിരുന്നു. അതുകൂടാതെ 2020-ൽ തന്നെ ഹ്യൂണയ്ക്ക് വാസോവാഗൽ സിൻകോപ് എന്ന രോഗം സ്ഥിരീകരിച്ചിരുന്നു. കടുത്ത സമ്മർദ്ദം, ക്ഷീണം, പോഷകാഹാരക്കുറവ് എന്നിവ ഈ അവസ്ഥയെ കൂടുതൽ വഷളാക്കാം.
തീവ്രമായ ഡയറ്റിംഗും സ്റ്റേജ് പ്രകടനത്തിൻ്റെ സമ്മർദ്ദവും ചേർന്നപ്പോൾ ഇത് ബോധക്ഷയത്തിലേക്ക് നയിക്കുകയായിരുന്നു. സംഭവത്തിന് ശേഷം ആരാധകരോട് ക്ഷമ ചോദിച്ച് ഹ്യൂണ ഇൻസ്റ്റാഗ്രാമിൽ കുറിപ്പിട്ടു. തനിക്ക് പ്രൊഫഷണലായി പ്രവർത്തിക്കാൻ കഴിഞ്ഞില്ലെന്ന് താരം കുറിച്ചു. എന്നിരുന്നാലും, താൻ ആരോഗ്യവതിയാണെന്നും സ്റ്റാമിന വർദ്ധിപ്പിച്ച് ശക്തമായി തിരിച്ചെത്തുമെന്നും ഹ്യൂണ ആരാധകർക്ക് ഉറപ്പ് നൽകി.
കെ-പോപ്പ് ഇൻഡസ്ട്രിയിൽ താരങ്ങൾക്ക് നിലനിൽക്കണമെങ്കിൽ, പൊതുസമൂഹം ആവശ്യപ്പെടുന്ന 'പരിപൂർണ്ണമായ' ശരീരഘടന നിലനിർത്തേണ്ടത് അനിവാര്യമാണ്. ഈ സമ്മർദ്ദം കാരണം പല യുവതാരങ്ങളും അനാരോഗ്യകരമായ ഡയറ്റിംഗ് രീതികൾ സ്വീകരിക്കുന്നതായി നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നു. വേദിയിലെ തിളക്കം നിലനിർത്താൻ വേണ്ടി താരങ്ങൾ അനുഭവിക്കുന്ന മാനസികവും ശാരീരികവുമായ ഈ വെല്ലുവിളികളുടെ ഒരു നേർചിത്രമാണ് ഹ്യൂണയുടെ ഈ അനുഭവം. ആരാധകർക്ക് വേണ്ടി സ്വയം പട്ടിണി കിടക്കുന്നതും, അപകടകരമാംവിധം ഡയറ്റിംഗ് ചെയുന്നതും കെ-പോപ്പ് ഇൻഡസ്ട്രിയിലെ സ്ഥിരം കാഴ്ചകളാണ്.