
വിശന്നാൽ നമ്മൾ നമ്മളല്ലാതാവും എന്ന് പറയാറുണ്ട്. പക്ഷേ, എന്നാൽപ്പോലും ഈ ജഡ്ജി ചെയ്തത് പോലെ നമ്മളാരും ചെയ്യുമെന്ന് തോന്നുന്നില്ല. എന്താണ് അദ്ദേഹം ചെയ്തത് എന്നോ? വിശന്നത് കൊണ്ട് അയാൾ ഒന്നും നോക്കാതെ പരോൾ പോലുമില്ലാതെ ഒരാൾക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചത്രെ. ഇങ്ങനെ ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.
ജഡ്ജിയുടെ വേഷം ധരിച്ച ഒരാൾ തന്നെ തമാശയായി ഇക്കാര്യം വിവരിക്കുന്ന ഒരു വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുന്നത്. അതോടെ ഇത് വൻ വിവാദത്തിനും വഴിവച്ചു. ധാർമ്മികത, വിശപ്പ്, മനഃശാസ്ത്രം എന്നീ മൂന്ന് വിഷയങ്ങളിലാണ് വീഡിയോ വൈറലായതോടെ ചർച്ചകൾ നടക്കുന്നത്.
ടിക്ടോക്ക് വീഡിയോ പിന്നീട് @Bornakang എന്ന യൂസർ X (ട്വിറ്റർ) -ൽ പങ്ക് വയ്ക്കുകയായിരുന്നു. വീഡിയോയിൽ ജുഡീഷ്യൽ ജഡ്ജിന്റെ വേഷത്തിൽ ഒരാളെ കാണാം. അയാൾ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുകയാണ്. അയാൾ ഒന്നും പറയുന്നില്ല. നേരെ നോക്കിക്കൊണ്ടിരിക്കുകയാണ്. എന്നാൽ, വീഡിയോയിൽ ഇങ്ങനെ എഴുതി കാണിക്കുന്നുണ്ട്, 'അവസാനം ഉച്ചഭക്ഷണം കഴിച്ചു, എനിക്ക് വിശക്കുന്നതിനാലാണ് ഒരാൾക്ക് പരോളില്ലാതെ ജീവപര്യന്തം നൽകിയത്'.
പോസ്റ്റ് ചെയ്തതിന് പിന്നാലെ അഞ്ച് മില്ല്യൺ ആളുകൾ എങ്കിലും ഈ വീഡിയോ കണ്ടു കഴിഞ്ഞു. പലരും ഇയാളുടെ ധാർമ്മികതയെ ചോദ്യം ചെയ്തു. മറ്റ് ചിലർ ഇതിനെ തമാശയായിട്ടാണ് കണ്ടത്. എന്നാൽ, ഇതേ തുടർന്ന് ഇക്കാര്യത്തിൽ ഗൗരവപരമായ ചർച്ചകൾ നടത്തിയവരും ഉണ്ട്. ഇത് സംഭവിക്കാറുണ്ട്, അതിനാലാണ് ഉച്ചഭക്ഷണത്തിന് മുമ്പുള്ള നേരങ്ങളിൽ ജഡ്ജി കഠിനമായ ശിക്ഷകൾ വിധിക്കുകയും ഉച്ചഭക്ഷണത്തിന് ശേഷം അത്ര കഠിനമല്ലാത്ത ശിക്ഷ വിധിക്കുകയും ചെയ്യുന്നത് എന്നും പലരും അഭിപ്രായപ്പെട്ടു.