ക്യാപ്റ്റൻ അമേരിക്കയ്ക്ക് സിക്സ് പാക്ക് ആവാമെങ്കിൽ, പിന്നെ എനിക്കായാലെന്താ..?

By Web TeamFirst Published Apr 26, 2019, 7:22 PM IST
Highlights

ആ സിനിമ അനുരാഗിന്റെ മനസ്സിന് വല്ലാത്തൊരു ഉന്മേഷം പകർന്നു. തിന്നുന്നത് ദേഹത്ത് പിടിക്കാൻ തുടങ്ങി. ഒപ്പം ജിമ്മിലെ വർക്ക്ഔട്ടിലും ഡയറ്റിലും കൃത്യമായ നിഷ്ഠപുലർത്തിയതോടെ അവനിൽ ഉണ്ടായ മാറ്റം ആരെയും അസൂയപ്പെടുത്തുന്നതായിരുന്നു. വെറും രണ്ടു വർഷം കൊണ്ട് 'എല്ലൻ' അനുരാഗ്, 'സിക്സ്പാക്ക്' അനുരാഗ് ആയി മാറി. 

എല്ലാവരും ഇപ്പോൾ സംസാരിക്കുന്നത് 'അവഞ്ചേഴ്‌സ് : ഏൻഡ് ഗെയിം' സിനിമയെപ്പറ്റിയാണ്. ഈ പറഞ്ഞത് എന്താണെന്ന് പോലും നിങ്ങൾക്ക് മനസ്സിലായിട്ടില്ലെങ്കിൽ നിങ്ങളൊരു മാർവൽ ഫാനല്ല..! പോട്ടെ, സാരമില്ല.. അതൊരു കുറ്റമൊന്നുമല്ല. എന്നാൽ, എല്ലാ സിനിമയിലും ആർക്കെങ്കിലുമൊക്കെ കണ്ടെടുക്കാവുന്ന എന്തെങ്കിലും ഒരു നന്മ കാണുമല്ലോ. അത് സ്വന്തം ജീവിതത്തിൽ ഉയർന്നുവരാൻ അയാളെ സഹായിച്ചാൽ അത് മറ്റു പലർക്കും പ്രചോദനമായേക്കും. അത്തരത്തിൽ ഒരു കഥയാണ് അനുരാഗ് ചൗരസ്യ എന്ന എഞ്ചിനീയരുടേത്. 

എല്ലാവരും 'എല്ലൻ' എന്നുവിളിച്ച് കളിയാക്കിയിരുന്നു അനുരാഗിനെ. അനുരാഗ് നന്നാവാൻ തീരുമാനിച്ചിട്ട് കാലം കുറെയായിരുന്നു. പോവാത്ത ജിംനേഷ്യങ്ങളില്ല. കഴിക്കാത്ത സപ്ലിമെന്റുകളില്ല. ചെയ്യാത്ത കസർത്തുകളില്ല. എന്തൊക്കെ ചെയ്താലും ദേഹത്തുമാത്രം ഒന്നും പിടിക്കില്ല. വയറിനുള്ളിൽ മറ്റാരോ ഇരുന്ന് തിന്നുന്നതെല്ലാം ആവിയാക്കുന്ന പോലെയാണ് അനുരാഗിന് തോന്നിയത്. എന്ത് ചെയ്താലും ദേഹത്ത് പിടിക്കില്ല. ആളുകളുടെ കളിയാക്കലുകൾ തുടർന്നുകൊണ്ടിരുന്നു.

അങ്ങനെയിരിക്കെ 2008-ൽ മാർവൽ ഫ്രാഞ്ചയ്‌സിലെ ആദ്യ സിനിമയായ അയൺ മാൻ റിലീസ് ചെയ്യുന്നു. അനുരാഗ് തന്റെ പതിവ് പരിശ്രമങ്ങൾ തുടരുന്നു. 2011  വരേയ്ക്കും കാര്യമായ പുരോഗതിയുണ്ടായില്ല. 2011 -ൽ അനുരാഗിന്റെ ജീവിതത്തെ മാറ്റിമറിച്ച ഒരു സംഭവം നടക്കുന്നു. മാർവൽ സീരീസിലെ 'ക്യാപ്റ്റൻ അമേരിക്ക ' എന്ന ചിത്രം റിലീസാവുന്നു. അതിൽ സ്റ്റീവ് റോജേഴ്‌സ് എന്ന മെലിഞ്ഞ പയ്യനുണ്ടാവുന്ന രൂപമാറ്റം കണ്ടപ്പോൾ അത് അനുരാഗിൽ ഉണ്ടാക്കിയ മാറ്റം അത്ഭുതകരമായിരുന്നു. ആ കഥാപാത്രം സ്‌ക്രീനിൽ തന്റെ കണ്മുന്നിൽ മെലിഞ്ഞുണങ്ങിയ ഒരു രൂപത്തിൽ നിന്നും നല്ലൊരു സിക്സ്പായ്ക്ക് മസിൽ ബോഡിയിലേക്ക് രൂപം മാറുന്നത് കണ്ടപ്പോൾ അനുരാഗും ഉറപ്പിച്ചു. ക്രിസ് ഇവാൻസിന് ഒരു സിനിമയ്ക്കുവേണ്ടി ഇങ്ങനെ രൂപം മാറാമെങ്കിൽ തനിക്കെന്തുകൊണ്ട് സാധിക്കില്ല.

അന്നുമുതൽ അനുരാഗിന്റെ പരിശ്രമങ്ങൾക്ക് വല്ലാത്തൊരു ഊർജ്ജമായിരുന്നു. ആ സിനിമ അവന്റെ മനസ്സിന് വല്ലാത്തൊരു ഉന്മേഷം പകർന്നു. അവൻ തിന്നുന്നത് അവന്റെ ദേഹത്ത് പിടിക്കാൻ തുടങ്ങി. അവന്റെ മസിലുകൾ മെല്ലെ മെല്ലെ വലിപ്പം വെക്കാൻ തുടങ്ങി. ഒപ്പം ജിമ്മിലെ വർക്ക്ഔട്ടിലും ഡയറ്റിലും കൃത്യമായ നിഷ്ഠപുലർത്തിയതോടെ അനുരാഗിൽ ഉണ്ടായ മാറ്റം ആരെയും അസൂയപ്പെടുത്തുന്നതായിരുന്നു. വെറും രണ്ടു വർഷം കൊണ്ട് 'എല്ലൻ' അനുരാഗ്, 'സിക്സ്പാക്ക്' അനുരാഗ് ആയി മാറി. 

ക്യാപ്റ്റൻ അമേരിക്ക തന്റെ റോൾ മോഡലാണെന്നാണ് അനുരാഗ് പറയുന്നത്. തങ്ങൾ ചിന്തിക്കുന്നതുപോലും ഒരുപോലെയാണെന്ന് അനുരാഗ് കരുതുന്നു. ക്യാപ്റ്റൻ അമേരിക്കയുടെ അതേ ഉന്മേഷം, എനർജി, ദേഷ്യം, സങ്കടം, നിരാശ, സ്നേഹം, പ്രതീക്ഷ ഒക്കെ താനും അതേ  തീവ്രതയിൽ അറിയുന്നുണ്ട് എന്നാണ് അനുരാഗ് പറയുന്നത്. 

ചില സിനിമകൾ.. അതിലെ ചില കഥാപാത്രങ്ങൾ നമ്മുടെ മനസ്സുകളെ വളരെ പോസിറ്റീവ് ആയി സ്വാധീനിക്കും. അന്നുവരെ നമുക്ക് സാധിക്കാതിരുന്ന പലതും, നമ്മുടെ മനസ്സ് ഉത്സാഹം കൊണ്ട് നിറഞ്ഞിരിക്കെ സാധിക്കും. എന്തായാലും, അനുരാഗ് ചൗരസ്യ എന്ന എഞ്ചിനീയർ പറയുന്നത് ഒന്നുമാത്രം, " എന്റെ ജീവിതത്തിലെ ഇന്നത്തെ ഈ മാറ്റത്തിനും, അതെനിക്ക് തരുന്ന സന്തോഷങ്ങൾക്കും ഞാൻ കടപ്പെട്ടിരിക്കുന്നത് ഒരാളോട് മാത്രം.. ക്യാപ്റ്റൻ അമേരിക്ക..! " 

click me!