'ഇത് അടിമത്തം'; ഇന്ത്യൻ കമ്പനികളുടെ 'ജിപിഎസ് ട്രാക്കിംഗ് വർക്ക് ഫ്രം ഹോം' രീതിക്കെതിരെ രൂക്ഷ വിമ‍ർശനം

Published : Jun 11, 2026, 10:11 AM IST
Indian Techie

Synopsis

പിരിച്ചുവിടലിന് ശേഷം വർക്ക് ഫ്രം ഹോം ഏർപ്പെടുത്തിയ ഒരു കമ്പനി, ജീവനക്കാർ എവിടെയാണെന്ന് കണ്ടെത്താൻ ജിപിഎസ് ട്രാക്കിങ് സംവിധാനം ഉപയോഗിക്കുന്നു. ദില്ലി-എൻസിആർ പരിധിക്കുള്ളിൽ ഉണ്ടെങ്കിൽ മാത്രമേ ഹാജർ രേഖപ്പെടുത്തൂ എന്ന ഈ നിയമം ജീവനക്കാരിൽ വലിയ നിരാശയുണ്ടാക്കുകയും സമൂഹ മാധ്യമങ്ങളിൽ ചർച്ചയാവുകയും ചെയ്തു.

 

സ്ഥാപനങ്ങളിൽ 'വർക്ക് ഫ്രം ഹോം' സൗകര്യം ഏർപ്പെടുത്തുമ്പോൾ ജീവനക്കാർക്ക് സാധാരണയായി വലിയ സന്തോഷമാണ് ഉണ്ടാകാറുള്ളത്. എന്നാൽ, കമ്പനിയുടെ പുതിയ വർക്ക് ഫ്രം ഹോം പോളിസി കേട്ട് അക്ഷരാർത്ഥത്തിൽ ഞെട്ടിയിരിക്കുകയാണ് തൊഴിലാളികൾ. ജീവനക്കാർ വീട്ടിലിരുന്ന് ജോലി ചെയ്യുമ്പോൾ അവർ എവിടെയാണെന്ന് കണ്ടെത്താൻ കമ്പനി ജിപിഎസ് ട്രാക്കിങ് സംവിധാനം ഏർപ്പെടുത്തിയെന്ന് സമൂഹ മാധ്യമത്തിലൂടെ കമ്പനിയിലെ ഒരു തൊഴിലാളി തന്നെയാണ് വെളിപ്പെടുത്തിയത്. ഈ പോസ്റ്റ് ഇപ്പോൾ വലിയ രീതിയിൽ ചർച്ചയായിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ മാസം കമ്പനി വലിയ തോതിൽ ജീവനക്കാരെ പിരിച്ചുവിട്ടിരുന്നുവെന്നും, ഇതിന് പിന്നാലെയാണ് പുതിയ വർക്ക് ഫ്രം ഹോം നിയമം കൊണ്ടുവന്നതെന്നും ജീവനക്കാരൻ പറയുന്നു.

വർക്ക് ഫ്രം ഹോം

പിരിച്ചുവിടലിന് മുൻപ് 40 ജീവനക്കാരുണ്ടായിരുന്ന കമ്പനിയിൽ ഇപ്പോൾ വെറും 15 പേർ മാത്രമാണുള്ളത്. ഇതോടെ ചെലവ് ചുരുക്കലിന്‍റെ ഭാഗമായി ആറാം നിലയിലുണ്ടായിരുന്ന വലിയ ഓഫീസ് മുറി ഒഴിഞ്ഞ്, തൊട്ടുതാഴത്തെ നിലയിലുള്ള ചെറിയൊരു സ്പേസിലേക്ക് കമ്പനി മാറി. "അഞ്ചാം നിലയിൽ ഞങ്ങൾ എല്ലാവർക്കും ഇരിക്കാനുള്ള സ്ഥലമില്ലാത്തതിനാലാണ് കമ്പനി വർക്ക് ഫ്രം ഹോം ഏർപ്പെടുത്താൻ തീരുമാനിച്ചത്. അവിടെ ഞങ്ങൾക്ക് ആകെ 4 സീറ്റുകൾ മാത്രമാണ് അനുവദിച്ചിട്ടുള്ളത്. അതിനാൽ ബാക്കിയുള്ളവർ മാറിമാറി വീട്ടിലിരുന്ന് ജോലി ചെയ്യണം. ഏതാനും ആഴ്ചകൾക്ക് ശേഷം വീട്ടിലിരിക്കുന്നവർ ഓഫീസിലേക്ക് വരികയും, ഓഫീസിലുള്ളവർ വീട്ടിലേക്ക് മാറുകയും ചെയ്യും," റെഡ്ഡിറ്റിലെ 'ഇന്ത്യൻ വർക്ക് പ്ലേസ്' എന്ന പേജിൽ ജീവനക്കാരൻ കുറിച്ചു.

 

 

എന്തൊരു ദുരന്തം

വർക്ക് ഫ്രം ഹോം പ്രഖ്യാപിച്ചപ്പോൾ സ്വന്തം നാട്ടിലേക്ക് മടങ്ങാമെന്നും അവിടെയിരുന്ന് ജോലി ചെയ്യാമെന്നും കരുതി ജീവനക്കാരൻ സന്തോഷിച്ചെങ്കിലും 'ജിപിഎസ്' നിബന്ധന വന്നതോടെ ആ പ്രതീക്ഷകൾ തകർന്നു. "എനിക്ക് ഒടുവിൽ നാട്ടിലേക്ക് പോകാൻ കഴിയുമെന്ന് കരുതി ഞാൻ ആദ്യം സന്തുഷ്ടനായിരുന്നു. എന്നാൽ, ദില്ലി - എൻസിആർ പരിധിക്കുള്ളിൽ ഇരുന്ന് മാത്രമേ ജോലി ചെയ്യാൻ പാടുള്ളൂവെന്ന് ബോസ് വ്യക്തമാക്കി. ഇത് ഉറപ്പാക്കാൻ ഹാജർ രേഖപ്പെടുത്തുന്നത് ജിപിഎസ് വഴിയാണ്. ജീവനക്കാരൻ ദില്ലി - എൻസിആർ പരിധിക്കുള്ളിൽ ഉണ്ടെങ്കിൽ മാത്രമേ സിസ്റ്റം ഹാജർ രേഖപ്പെടുത്തുകയുള്ളൂ," ജീവനക്കാരൻ പറഞ്ഞു. ഇതിന് ബോസ് കൃത്യമായ കാരണം പറഞ്ഞിട്ടില്ലെങ്കിലും, പെട്ടെന്ന് എന്തെങ്കിലും അടിയന്തിര ആവശ്യത്തിന് ഓഫീസിലേക്ക് വിളിച്ചാൽ വേഗത്തിൽ എത്തിച്ചേരാൻ വേണ്ടിയായിരിക്കാം ഇതെന്നാണ് ജീവനക്കാരൻ കരുതുന്നു. "ഇത് കേട്ടപ്പോൾ എനിക്ക് വലിയ നിരാശ തോന്നി. ഇതാണോ യഥാർത്ഥ വർക്ക് ഫ്രം ഹോം കൊണ്ട് ഉദ്ദേശിക്കുന്നത്?" അദ്ദേഹം ചോദിക്കുന്നു.

'ഇതാണ് അടിമത്തം'

പോസ്റ്റ് വൈറലായതോടെ വലിയ രീതിയിലുള്ള പ്രതികരണങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ നിന്ന് ഉയരുന്നത്. ഒരു വിഭാഗം ആളുകൾ ജീവനക്കാരനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചപ്പോൾ, പ്രമുഖ കമ്പനികളെല്ലാം ഇത്തരമൊരു രീതി തന്നെയാണ് പിന്തുടരുന്നതെന്ന് മറ്റ് ചിലർ ചൂണ്ടിക്കാണിച്ചു. ഒരു ഉപയോക്താവ് കുറിച്ചത് ഇങ്ങനെ, "ഇതിനെ അടിമത്തം എന്നാണ് വിളിക്കുന്നത്, നിർഭാഗ്യവശാൽ ഇത് നമ്മുടെ സമൂഹത്തിൽ സാധാരണമായിക്കഴിഞ്ഞു." മറ്റൊരു വ്യക്തി പ്രതികരിച്ചത്, കമ്പനികൾക്ക് ജീവനക്കാരോട് ഇങ്ങനെ ചെയ്യാൻ കഴിയുമെന്ന് തനിക്ക് അറിയില്ലായിരുന്നു എന്നാണ്." വലിയ മൾട്ടി നാഷണൽ കമ്പനികളിൽ പോലും (MNCs) സ്ഥിതി ഇതുതന്നെയാണ്. കറണ്ട് പോയി, ഇന്‍റർനെറ്റ് ഇല്ല എന്നൊക്കെ നിസ്സാര കാരണങ്ങൾ പറഞ്ഞ് ഓഫ്‍ലൈനാകുന്ന നിരവധി ജീവനക്കാരുണ്ട്. അത്തരം കാര്യങ്ങൾ ഒഴിവാക്കാനാകാം കമ്പനി ജിപിഎസ് ട്രാക്കിങ് കൊണ്ടുവന്നത്." എന്നായിരുന്നു മറ്റൊരാൾ അഭിപ്രായപ്പെട്ടത്. അതേസമയം കമ്പനിയുടെ പേര് വെളിപ്പെടുത്തത്തതിനെയും ചിലർ രൂക്ഷമായി വിമർശിച്ചു.

 

PREV
Read more Articles on
click me!

Recommended Stories

കാമുകൻ തടവിലാക്കി, 911 -ലേക്ക് വിളിച്ചിട്ട് കിട്ടിയില്ല, പിസാ ഓർഡർ വഴി പോലീസിന് സന്ദേശമയച്ച് യുവതി. ഒടുവിൽ മോചനം!
ജാ​ഗ്രത വേണം, അമിതവ്യായാമം അത്യാപത്തായേക്കും, 23 -കാരന് സംഭവിച്ചത്...