
"ഇന്ത്യ വെറുമൊരു രാജ്യമല്ല, എല്ലാ തിരിവുകളിലും സൗകര്യങ്ങൾ നിറഞ്ഞ വിസ്മയ ലോകമാണ്!" വിദേശരാജ്യങ്ങളിലെ ജീവിതം കണ്ട് മോഹിക്കുന്നവരുടെ കണ്ണ് തുറപ്പിക്കുന്നതാണ് അമേരിക്കയിലെ ഭീമമായ ചികിത്സാച്ചെലവിനെക്കുറിച്ച് ഒരു ഇന്ത്യൻ വയോധികൻ പങ്കുവെച്ച ഈ കുറിപ്പ്. വെറുമൊരു സാധാരണ പരിശോധനയ്ക്കും മരുന്നിനുമായി ഇദ്ദേഹത്തിന് യുഎസിൽ ചിലവാക്കേണ്ടി വന്ന തുകയുടെ കണക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി ചർച്ച ചെയ്യപ്പെടുന്നത്. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ആരോഗ്യ പരിരക്ഷാ ചെലവുകളിൽ ആകാശവും ഭൂമിയും പോലുള്ള വ്യത്യാസമാണുള്ളതെന്നാണ് എക്സ് (X) പ്ലാറ്റ്‌ഫോമിൽ അധീർ സിൻഹ പങ്കുവെച്ച അനുഭവം വ്യക്തമാക്കുന്നത്.
തന്‍റെ ഭാര്യയോടൊപ്പം രണ്ട് മാസമായി സിയാറ്റിലിൽ താമസിക്കുകയായിരുന്നു ഈ വയോധികൻ. ഇന്ത്യയിൽ നിന്ന് കൊണ്ടുവന്ന മരുന്നുകൾ തീർന്നുപോയതോടെയാണ് ഇവരുടെ ബുദ്ധിമുട്ടുകൾ ആരംഭിക്കുന്നത്. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് നാട്ടിൽ നിന്നും നൽകിയ മരുന്നുകൾ കഴിച്ച് സുഖം പ്രാപിച്ചുവരികയായിരുന്ന ഭാര്യയ്ക്ക്, മരുന്ന് തീർന്നതോടെ പുതിയൊരു പ്രിസ്‌ക്രിപ്ഷൻ ആവശ്യമായി വന്നു.
അമേരിക്കയിലെ ചികിത്സാച്ചെലവ് തങ്ങൾ വിചാരിച്ചതിലും എത്രയോ മടങ്ങ് അപ്പുറമായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. ഒരു സ്പെഷ്യലിസ്റ്റ് ഡോക്ടറെ കാണാൻ ശ്രമിച്ചെങ്കിലും അതിനു മുൻപ് ഒരു ജനറൽ ഫിസിഷ്യനെ കാണണമെന്നായിരുന്നു നിർദ്ദേശം. ഇതിനായി ദിവസങ്ങളോളം കാത്തിരിക്കേണ്ടി വന്നു. ഒടുവിൽ നടന്ന 10 മിനിറ്റ് മാത്രം നീണ്ട വീഡിയോ കൺസൾട്ടേഷന് മാത്രമായി വന്ന ബിൽ 283 ഡോളറാണ് (ഏകദേശം 23,000 രൂപ).
*An advice from a senior citizen currently visiting the US*
Dear friends,
We have been staying in Seattle, Washington, for the past two months. My wife was suffering from a severe respiratory issue when we left India. After using those medicines from India,here in the US, she had…— Sr.Sinha (@AdhirSinha) July 5, 2026
ഇതിനുപുറമെ, ഡോക്ടർ എഴുതിത്തന്ന മരുന്നുകൾക്കായി വലിയൊരു തുക വേറെയും ചിലവായി. ഇൻഷുറൻസ് പരിരക്ഷ ഉണ്ടായിട്ട് കൂടിയാണ് ഈ തുകയെന്നാണ് റിപ്പോർട്ടുകൾ. അങ്ങനെ വെറുമൊരു സാധാരണ പരിശോധനയ്ക്കും മരുന്നിനുമായി ആകെ മെഡിക്കൽ ബിൽ 65,000 രൂപയ്ക്ക് മുകളിലായി. ഇത്രയും തുക നൽകിയെങ്കിലും മരുന്നുകൾ ഉടൻ തന്നെ ഫാർമസിയിൽ നിന്ന് ലഭിച്ചില്ല. പ്രാദേശിക ഫാർമസിയിൽ ഈ മരുന്നുകൾ എത്തിച്ചേരാൻ 4 മുതൽ 5 ദിവസങ്ങൾ വരെ കാത്തിരിക്കേണ്ടി വന്നു. ഒടുവിൽ, അഞ്ചാം ദിവസം മരുന്ന് കയ്യിൽ കിട്ടിയപ്പോഴാണ് അദ്ദേഹം മറ്റൊരു ഞെട്ടിക്കുന്ന യാഥാർത്ഥ്യം മനസ്സിലാക്കിയത്.
ആ മരുന്നുകളെല്ലാം പ്രമുഖ ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ 'സിപ്ല' (Cipla) നിർമ്മിച്ചതും, അവയിൽ "മെയ്ഡ് ഇൻ ഇന്ത്യ" എന്ന് വ്യക്തമായി രേഖപ്പെടുത്തിയതുമായിരുന്നു! ഇന്ത്യയിൽ വെറും 2,500 രൂപയ്ക്ക് ലഭിക്കുന്ന മരുന്നുകൾക്കാണ് അമേരിക്കയിൽ ഇൻഷുറൻസ് കിഴിവും കഴിഞ്ഞ് 21,000 രൂപ (യഥാർത്ഥ വില 42,000 രൂപ) ഈടാക്കിയത്. "ഇന്ത്യയിലെ ഏത് സാധാരണ ഫാർമസിയിലും ഉടനടി ലഭിക്കുന്ന മരുന്നുകൾ ഇവിടെ സംഘടിപ്പിക്കാൻ ഞങ്ങൾക്ക് 12 ദിവസമാണ് എടുത്തത്. വിരമിക്കൽ കാലത്ത് ഇന്ത്യയിൽ ജീവിക്കാൻ സാധിക്കുന്നത് വലിയൊരു ഭാഗ്യമായി കരുതുക,"- അദ്ദേഹം കുറിപ്പിൽ എഴുതി.
ഈ അനുഭവത്തിന് പിന്നാലെ അമേരിക്കയിലെ ജീവിതത്തെ ഇന്ത്യയിലെ ദൈനംദിന സൗകര്യങ്ങളുമായി അദ്ദേഹം താരതമ്യം ചെയ്തു. ലണ്ടനിലോ ന്യൂയോർക്കിലോ ഉള്ള കോടീശ്വരന്മാർക്ക് പോലും ലഭിക്കാത്ത ചില സൗകര്യങ്ങൾ ഇന്ത്യയിലെ ഇടത്തരക്കാർക്ക് എളുപ്പത്തിൽ ലഭ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയിലെ കുറഞ്ഞ ചെലവിലുള്ള ചികിത്സ, വിദഗ്ദ്ധ ഡോക്ടർമാരുടെ സേവനം, വിലകുറഞ്ഞ മൊബൈൽ ഡാറ്റ, അതിവേഗ UPI പേയ്‌മെന്റുകൾ, മിനിറ്റുകൾക്കകം സാധനങ്ങൾ എത്തിക്കുന്ന ഡെലിവറി ആപ്പുകൾ, എളുപ്പത്തിൽ ലഭിക്കുന്ന വീട്ടുസഹായം, സ്നേഹമുള്ള അയൽപക്കങ്ങൾ എന്നിവയെല്ലാം അദ്ദേഹം പ്രശംസിച്ചു. "ഇന്ത്യ വെറുമൊരു രാജ്യം മാത്രമല്ല; എല്ലാ തിരിവുകളിലും സൗകര്യങ്ങൾ നിറഞ്ഞ വിസ്മയകരമായ ഒരു ലോകമാണത്" എന്ന് കുറിച്ചുകൊണ്ടാണ് അദ്ദേഹം തന്‍റെ വാക്കുകൾ അവസാനിപ്പിച്ചത്.
പോസ്റ്റ് വൈറലായതോടെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയത്. അമേരിക്കയിൽ കൃത്യമായ ഹെൽത്ത് ഇൻഷുറൻസ് ഇല്ലെങ്കിൽ സാധാരണക്കാർക്ക് ജീവിക്കാൻ കഴിയില്ലെന്നതിന്‍റെ തെളിവാണ് ഇതെന്നാണ്ചിലർ ചൂണ്ടിക്കാണിക്കുന്നത്. അതേസമയം, അമേരിക്കൻ ആരോഗ്യരംഗത്തെ ഉയർന്ന ചിലവുകൾക്ക് കാരണം അവിടുത്തെ അത്യാധുനിക ചികിത്സാ രീതികളും നൂതന മെഡിക്കൽ സാങ്കേതികവിദ്യകളുമാണെന്നും വാദിക്കുന്നവരുമുണ്ട്. എന്നാൽ, അമേരിക്കൻ ആരോഗ്യ മേഖലയിലെ ഭീമന്മാർ ഇന്ത്യൻ ആശുപത്രികളിലും ഇന്‍വെസ്റ്റ്മെന്‍റ് നടത്തിക്കഴിഞ്ഞെന്നും നാളെ ഇന്ത്യൻ ആരോഗ്യരംഗം യുഎസിന്‍റെതിനേക്കാൾ മോശമാകുമെന്നും മറ്റ് ചിലർ ചൂണ്ടിക്കാണിച്ചു.