കേന്ദ്ര സർക്കാർ നിർദ്ദേശത്തെ തുടർന്ന് സീ5-ൽ നിന്ന് പിൻവലിച്ച 'സത്‌ലജ്' എന്ന സിനിമയുടെ വ്യാജ പതിപ്പുകൾ വ്യാപകമായി പ്രചരിക്കുന്നു. മനുഷ്യാവകാശ പ്രവർത്തകനായ ജസ്വന്ത് സിംഗ് ഖൽറയുടെ ജീവിതം പ്രമേയമാക്കിയ ചിത്രം, നിരവധി നിയമപോരാട്ടങ്ങൾക്കും സെൻസറിംഗ് പ്രശ്നങ്ങൾക്കും ശേഷമാണ് ഒടിടിയിൽ എത്തിയത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കേന്ദ്ര സർക്കാറിന്‍റെ നിർദ്ദേശത്തിന് പിന്നാലെ സീ5 തങ്ങളുടെ ഒടിടി പ്ലാറ്റ്ഫോമിൽ നിന്നും പിൻവലിച്ച 'സത്‌ലജ്' എന്ന സിനിമയുടെ വ്യാജ പതിപ്പുകൾ വ്യാപകമാകുന്നു. "ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ" സിനിമ ഒടിടിയിൽ നിന്നും നീക്കുകയാണെന്ന് സീ5 പ്രഖ്യാപിച്ചതിന് പിന്നാലെ നിരവധി പൈറസി വെബ്സൈറ്റുകളിൽ ചിത്രം പ്രത്യക്ഷപ്പെട്ടുകയായിരുന്നു.

Scroll to load tweet…

സത്ലജ് നീക്കം ചെയ്ത് സീ5

ജൂലൈ 3 -നാണ് 'സത്‌ലജ്' എന്ന സിനിമ സീ 5 -വിന്‍റെ ഒടിടി പ്ലാറ്റ്ഫോിമിൽ പ്രദർശനം തുടങ്ങിയത്. എന്നാൽ, വെറും 48 മണിക്കൂറിനുള്ളിൽ ചിത്രം ഇന്ത്യയിലെ പ്ലാറ്റ്ഫോമിൽ നിന്നും പിൻവലിച്ചു. മനുഷ്യാവകാശ പ്രവർത്തകനായ ജസ്വന്ത് സിംഗ് ഖൽറയുടെ ജീവിതത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമ്മിച്ച ജീവചരിത്ര സിനിമയാണ് സത്ലജ്. സിനിമയിലെ ചില ഭാഗങ്ങൾ ഇന്ത്യാ വിരുദ്ധർ ദുരുപയോഗം ചെയ്തേക്കാമെന്ന ആശങ്ക കേന്ദ്ര സർക്കാർ പങ്കുവച്ചതിന് പിന്നാലെയാണ് സിനിമ ഒടിടി പ്ലാറ്റഫോമുകളിൽ നിന്നും നീക്കം ചെയ്തതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. സിനിമ തങ്ങളുടെ ഇന്ത്യൻ പ്ലാറ്റ്ഫോമിൽ നിന്നും നീക്കം ചെയ്യുകയാണെന്നും എന്നാൽ സിനിമയുടെ സർഗ്ഗാത്മക കാഴ്ചപ്പാടിനെ പിന്തുണയ്ക്കുന്നത് തുടരുമെന്നും എത്രയും വേഗം കാഴ്ചക്കാർക്ക് കാണാനായി സിനിമ പുനഃസ്ഥാപിക്കുന്നതിന് ലഭ്യമായ എല്ലാ നിയമപരമായ വഴികളും തേടുമെന്നും സി5 അറിയിച്ചു. എന്നാൽ, ഇതിനിടെയാണ് ഇന്ത്യയിലെ വിവിധ പൈറസി സൈറ്റുകളിൽ സിനിമ എച്ച്ഡി മികവോടെ അപ്പ്ലോഡ് ചെയ്യപ്പെട്ടതെന്നും റിപ്പോർട്ടുകൾ പറയുന്നു.

Scroll to load tweet…

പഞ്ചാബ് '95

ആദ്യം ' പഞ്ചാബ് '95' എന്ന് പേരിട്ടിരുന്ന ഈ ചിത്രം 2022 -ലാണ് സെൻസറിംഗിന് വേണ്ടി സമർപ്പിച്ചത്. എന്നാൽ, പല കാരണങ്ങൾ ചൂണ്ടിക്കാട്ടി സെൻട്രൽ ബോർഡ് ഓഫ് ഫിലിം, സിനിമയ്ക്ക് സെൻസർ സർട്ടിഫിക്കറ്റ് നൽകിയില്ല. ഒടുവിൽ സിനിമയിൽ നിന്നും 127 ഭാഗങ്ങൾ നീക്കം ചെയ്യണമെന്ന് ബോർഡ് ആവശ്യപ്പെട്ടു. ഒപ്പം സിനിമയുടെ പേര് മാറ്റാനും നിർദ്ദേശിച്ചു. പിന്നാലെ സിനിമ പ്രവർത്തകർ ബോംബെ ഹൈക്കോടതിയെ സമീപിച്ചു. പിന്നാലെ 2023 -ൽ ടൊറന്‍റോ ഇന്‍റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ നിന്നും ചിത്രം പിൻവലിച്ചു. ഏതാണ്ട് മൂന്ന് വർഷത്തോളം പിന്നീട് സിനിമ പെട്ടിയിൽ കിടന്നു. ഒടുവിൽ നിർമ്മാതാക്കൾ തീയ്യറ്റർ റിലീസ് ഒഴിവാക്കി സത്ലജ് എന്ന പേരിൽ സീ 5 -വിന്‍റെ ഒടിടി പ്ലാറ്റ്ഫോമിൽ ഡിജിറ്റൽ പ്രീമിയർ നടത്താൻ തീരുമാനിക്കുകയായിരുനനു. ഒടിടിയിൽ എത്തിയ സിനിമ പൂർണ്ണമായ സിനിമയാണെന്നും "ഞങ്ങൾ എപ്പോഴും ഉദ്ദേശിച്ചതുപോലെ അതിന്‍റെ യഥാർത്ഥ രൂപത്തിൽ" അവതരിപ്പിച്ചുവെന്നും സംവിധായകൻ ഹണി ട്രെഹാൻ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

Scroll to load tweet…

ജസ്വന്ത് സിംഗ് ഖൽറ

ബാങ്ക് ഡയറക്ടറും മനുഷ്യാവകാശ പ്രവർത്തകനുമായിരുന്ന ജസ്വന്ത് സിംഗ് ഖൽറ, പഞ്ചാബ് പോലീസ് ഉൾപ്പെട്ട 25,000 നിയമവിരുദ്ധ കൊലപാതകങ്ങളെയും ശവസംസ്കാരങ്ങളെയും കുറിച്ചുള്ള വാർത്തകൾ പുറത്ത് കൊണ്ട് വന്നിരുന്നു. ഈ കൊലപാതകങ്ങൾ മറയ്ക്കാൻ അതുമായി സഹകരിക്കാൻ വിസമ്മതിച്ച 2,000 -ത്തോളം പേലീസ് ഉദ്യോഗസ്ഥരെ പോലും പോലീസ് കൊലപ്പെടുത്തിയിട്ടുണ്ടെന്നുമായിരുന്നു ജസ്വന്ത് സിംഗിന്‍റെ ആരോപണം. ഓപ്പറേഷൻ ബ്ലൂ സ്റ്റാർ, ഇന്ദിരാഗാന്ധിയുടെ വധം, 1984 -ലെ സിഖ് വിരുദ്ധ കലാപം എന്നിവയെത്തുടർന്ന്, സംശയിക്കപ്പെടുന്ന ആരെയും തീവ്രവാദികളെന്ന നിലയിൽ കസ്റ്റഡിയിലെടുക്കാൻ പഞ്ചാബ് പോലീസിന് അധികാരം ലഭിച്ചു. നിരായുധരായ പ്രതികളെ വെടിവയ്പ്പിൽ കൊന്നുവെന്നും കൊലപാതകങ്ങൾ മറയ്ക്കാൻ ആയിരക്കണക്കിന് മൃതദേഹങ്ങൾ പഞ്ചാബ് പോലീസ് കത്തിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. ഇതുമായി നിരവധി കൂട്ട കുഴിമാടങ്ങൾ അദ്ദേഹം കണ്ടെത്തുകയും ചെയ്തിരുന്നു. 1995 സെപ്റ്റംബറിൽ തന്‍റെ വീടിന് മുന്നിൽ കാർ കഴുകിക്കൊണ്ടിരുന്ന ജസ്വന്തിനെ പിന്നീട് കണ്ടെത്തിയിട്ടില്ല. അദ്ദേഹത്തെയും പഞ്ചാബ് പോലീസ് തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയെന്ന ആരോപണം പിന്നാലെ ഉയർന്നു. ഈ കേസിൽ ആറ് പഞ്ചാബ് പോലീസ് ഉദ്യോഗസ്ഥരെ പിന്നീട് കുറ്റക്കാരായി കണ്ടെത്തി ജീവപര്യന്തം തടവിന് ശിക്ഷിച്ചതും ഏറെ ശ്രദ്ധനേടിയിരുന്നു.