
പ്രവാസിയാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്, പ്രത്യേകിച്ചും യുഎസിലേക്ക് നീങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി ഇന്ത്യന്‍ ടെക്കി. ഷെറിന്‍ നഗ്ദിവെ എന്ന സോഫ്റ്റ്വെയർ എഞ്ചിനീയറാണ് തന്‍റെ സുഹൃത്തിന്‍റെ സഹോദരനെ കുറിച്ച് ഇന്‍സ്റ്റാഗ്രാമില്‍ കുറിപ്പെഴുതിയത്. 'അമേരിക്കൻ സ്വപ്നം' എന്നത് ഇന്ന് ഒരു വെറും ദിവാസ്വപ്നമാണെന്ന് യുവതി എഴുതുന്നു. കുറിപ്പ്, സമൂഹ മാധ്യമ ഉപയോക്താക്കളുടെ സജീവ ശ്രദ്ധ നേടി. നിരവധി പേരാണ് കുറിപ്പിന് പ്രതികരണവുമായെത്തിയത്.
50 ലക്ഷം രൂപ വായ്പയെടുത്ത് യുഎസില്‍ ബിരുദം പൂർത്തിയാക്കിയ ശേഷം ഒരു ജോലി പോലും ലഭിക്കാത്ത ഒരു വ്യക്തിയാണ് തന്‍റെ സുഹൃത്തിന്‍റെ സഹോദരനെന്ന് യുവതി കുറിപ്പില്‍ വ്യക്തമാക്കുന്നു. അദ്ദേഹത്തിന്‍റെ അച്ഛൻ മകന്‍റെ പഠന ചെലവിനായി എടുത്ത ലോണ്‍ അടയ്ക്കാനായി വലിയൊരു തുക ഇഎംഐ അടയ്ക്കുകയാണെന്നും അതിനാല്‍ അദ്ദേഹത്തിന് ഇപ്പോൾ കുറഞ്ഞ ശമ്പളമുള്ള ജോലി ചെയ്യേണ്ട അവസ്ഥയാണെന്നും യുവതി കൂട്ടിച്ചേർത്തു.
യുഎസിലെ ബിരുദ പഠനത്തിന് 60,000 ഡോളർ, അതായത് 50 ലക്ഷത്തിന് മേലെ രൂപയാണ് വായ്പയായി അദ്ദേഹമെടുത്തത്. പക്ഷേ. ജോലി ഓഫറുകളൊന്നും ലഭിച്ചില്ല. തുടര്‍ന്ന് അദ്ദേഹം മുംബൈയിലേക്ക് വാഹനം കയറാന്‍ നിര്‍ബന്ധിതനായി. ഇന്ന് അദ്ദേഹത്തിന്‍റെ അച്ഛന്‍ 9000 രൂപയാണ് ഇഎംഐയായി അടയ്ക്കുന്നത്. അതിനാല്‍, ഒരു ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പില്‍ വെറും20,000 രൂപയ്ക്കാണ് അദ്ദേഹമിന്ന് ജോലി ചെയ്യുന്നതെന്നും ഷെറിന്‍ എഴുതി.
പിന്നാലെ, യുഎസില്‍ പഠനമെന്ന തീരുമാനം എടുക്കുന്നതിന് മുമ്പ് ചില കാര്യങ്ങൾ അറിഞ്ഞിരിക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അമേരിക്ക ഇന്നും അവിശ്വസനീയമായ നോട്ടങ്ങളിലാണ്. അവിടെ ഇന്നും ലോകോത്തര ഗവേഷണമുണ്ട്. മെറിറ്റിലാണ് എല്ലാ കാര്യങ്ങളും. സാധ്യതകൾ തേടുന്ന മാനേജർമാർ.. എന്നാല്‍ ഇന്ന് STEM ബിരുദധാരികളെയും സ്വീകരിച്ചിരുന്ന തൊഴില്‍ വിപണി പെട്ടെന്ന് ഇല്ലാതാവുകയാണെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി. .
ഇന്ത്യയിലെ മികച്ച സ്കൂളുകളായ ഐഐടികളിൽ നിന്നുള്ള ബിടെക് ബിരുദധാരികളും, യുഎസ് സർവകലാശാലകളിൽ നിന്നുള്ള മാസ്റ്റേഴ്സ് വിദ്യാർത്ഥികളും ഇന്റേൺഷിപ്പുകളും ജോലികളും കണ്ടെത്താൻ പാടുപെടുകാണ്. യുഎസിലെ പിരിച്ച് വിടലുകൾ തുടരുകയാണ്. ഇത്, തൊഴിൽ അന്വേഷകരുടെ ക്യൂവിന്‍റെ നീളം കൂട്ടുന്നു. തുടക്കക്കാര്‍ക്ക് പോലും ഇന്ന് 2–3 വർഷത്തെ പരിചയം ആവശ്യമാണ്. നിയമനം നടത്തുന്നത് പല കമ്പനികളും അവസാനിപ്പിച്ചു. അതുകൊണ്ട് ലോണ്‍ പേപ്പറില്‍ ഒപ്പിടും മുമ്പ് ഒന്ന് കൂടി ആലോചിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഏറ്റവും ഒടുവിലായി താന്‍ ആരെയും നിരാശനാക്കാന്‍ പറഞ്ഞതല്ലെന്നും യാഥാര്‍ത്ഥ്യം പറഞ്ഞെന്നേയൂള്ളൂവെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. അത് കൊണ്ട് സ്വപ്നങ്ങളെ പിന്തുടരുന്നത് അവസാനിപ്പിക്കരുതെന്നും എന്നാല്‍ തീരുമാനം എടുക്കുമ്പോൾ രണ്ട് വട്ടം ആലോചിക്കണമെന്നും ഷെറിന്‍ മുന്നറിയിപ്പ് നല്‍കുന്നു.