
പുതിയ കാലത്ത് ജോലി എന്നത് പലതാണ്. പഴയത് പോലെയത്. ഒരു പരസ്യബോർഡ് കഴുത്തിൽ തൂക്കി തെരുവിലൂടെ നടന്നാൽ പോലും പണം ലഭിക്കും. അതും മണിക്കൂറിന്. അത്തരമൊരു ജോലിയെ കുറിച്ച് ചൈനീസ് മൃഗശാല ചെയ്തൊരു പരസ്യം ലോക ശ്രദ്ധ തന്നെ നേടി. സംഗതി സിംമ്പിളാണ്. മധ്യ ചൈനയിലെ ഒരു മൃഗശാലയിലെ പാർക്കിൽ കരടിയുടെ വേഷം ധരിച്ച് അലഞ്ഞ് നടക്കാനും, സന്ദർശകരുമായി സംവദിക്കുകയും വേണം. വെറുതേ വേണ്ട 1,00,000 യുവാൻ (ഏകദേശം 14 ലക്ഷത്തോളം രൂപ) വാർഷിക ശമ്പളം തരും. പരസ്യം വന്നതിന് പിന്നാലെ ചൈനയിലെ തൊഴിൽ രഹിതരായ യുവാക്കളുടെ തള്ളിക്കയറ്റമായിരുന്നെന്ന് സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. പക്ഷേ, ഒരു ചെറിയ പ്രശ്നമുണ്ട്!
ഹെനാൻ പ്രവിശ്യയിലെ ലുവോഹെ നഗരത്തിലെ ലുവോഹെ വന്യജീവി മൃഗശാലയാണ് തങ്ങളുടെ പുതിയ ജോലി നിയമനത്തെ കുറിച്ച് പ്രാദേശിക സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത്. പിന്നാലെ ഇത് മറ്റ് സമൂഹ മാധ്യമങ്ങളിലും പങ്കുവയ്ക്കപ്പെടുകയും വൈറലാവുകയുമായിരുന്നു. ഈ വേഷം കെട്ടുന്നവർ "മൃദുവായ" കറുത്ത കരടി വസ്ത്രങ്ങൾ ധരിക്കുകയും, പാർക്കിൽ ചുറ്റിനടക്കുകയും, അതിഥികളുമായി ഇടപഴകുകയും വേണം. പക്ഷേ, ഒരു കാര്യം ഉണ്ട്. സംസാരിക്കാൻ പാടില്ല. സംസാരിക്കണമെങ്കിൽ അടിയന്തര സാഹചര്യമോ സഹായം ആവശ്യമാണെങ്കിൽ മാത്രം. അല്ലാത്ത സമയങ്ങളിൽ "കരടികൾക്ക്" മൂളൽ ശബ്ദങ്ങൾ മാത്രമേ പുറപ്പെടുവിക്കാൻ കഴിയൂ! എന്നായിരുന്നു പരസ്യം.
ആറ് മണിക്കൂർ ഷിഫ്റ്റനുസരിച്ചാണ് ജോലി. മാസത്തിൽ നാല് അവധി ലഭിക്കും. അപേക്ഷകർ 18 വയസ്സോ അതിൽ കൂടുതലോ പ്രായമുള്ളവരും, ശാരീരികമായി ആരോഗ്യമുള്ളവരും, ലിംഗഭേദമില്ലാത്തവരുമായിരിക്കണം. ചാടുക, നൃത്തം ചെയ്യുക, മരങ്ങൾ കയറുക, ക്ഷീണിതനാണെങ്കിൽ കിടന്നുറങ്ങുക, ദിവാസ്വപ്നം കാണുക തുടങ്ങിയ വിചിത്രവും ആവിഷ്കാരപരവുമായ കഴിവുകൾ പ്രകടിപ്പിക്കാൻ ഈ തൊഴിൽ പരസ്യം അപേക്ഷകരെ പ്രോത്സാഹിപ്പിക്കുന്നു. "കൂടുതൽ വിചിത്രമാകുന്തോറും നിങ്ങൾ കൂടുതൽ ജനപ്രിയനാകും," എന്നായിരുന്നു അതിലെ പരസ്യ വാചകം എന്ന് റിപ്പോർട്ടുകൾ പറയുന്നു. ഭക്ഷണത്തിനും ഒരു നിയമവുമുണ്ട്, കാരണം സന്ദർശകർക്ക് കരടിക്ക് ലഘുഭക്ഷണം നൽകാൻ അനുവാദമുണ്ട്. അതിനാൽ ഉദ്യോഗാർത്ഥികൾ ലഘുഭക്ഷണങ്ങൾ കഴിക്കാൻ മടിക്കരുത് എന്ന് പ്രത്യേകം പറയുന്നു.
"ഞങ്ങളുടെ മേഖലയിലെ ഏറ്റവും സ്വതന്ത്രമായ സ്ഥാനം" എന്നാണ് മൃഗശാല ജീവനക്കാർ പുതിയ തൊഴിൽ ഒഴിവിനെ വിളിക്കുന്നത്. "നമ്മുടെ മേഖലയിലെ ഏറ്റവും സ്വതന്ത്രമായ സ്ഥാനമാണത്. ക്ഷീണമുണ്ടെങ്കിൽ, നിങ്ങൾക്ക് കിടന്ന് ദിവാസ്വപ്നം കാണാം. നിങ്ങൾക്ക് ഊർജ്ജസ്വലത തോന്നുന്നുവെങ്കിൽ, നിങ്ങൾക്ക് ചാടാം, നൃത്തം ചെയ്യാം, മരങ്ങൾ കയറാം, അല്ലെങ്കിൽ മീൻ പിടിക്കാം. സുഖം തോന്നുന്നതെന്തും ചെയ്യാം," പരസ്യത്തിൽ പറഞ്ഞതായി റിപ്പോർട്ടിൽ പറയുന്നു. "നിങ്ങൾക്ക് ഏറ്റവും അർത്ഥശൂന്യമായ രീതിയിൽ പെരുമാറാൻ കഴിയും. കൂടുതൽ വിചിത്രമാകുന്തോറും നിങ്ങൾ കൂടുതൽ ജനപ്രിയനാകും."
പരസ്യം പെട്ടെന്ന് തന്നെ ഹിറ്റായി. ഹെനാനിലെ കൊടും ചൂടത്ത് ദിവസം മുഴുവനും ഒരു രോമക്കുപ്പായത്തിനുള്ളിൽ ഒന്ന് മിണ്ടാൻ പോലും കഴിയാതെ നിശബ്ദനാകേണ്ടിവരുന്നതിലെ ക്രൂരതയോർത്ത് സമൂഹ മാധ്യമ ഉപയോക്താക്കൾ പരിഹാസവുമായെത്തി. മറ്റ് ചിലർ യഥാർത്ഥ വന്യമൃഗങ്ങളെക്കുറിച്ച് കുട്ടികൾക്ക് തെറ്റായ ധാരണ ലഭിക്കുന്നതിനെക്കുറിച്ചുള്ള ആശങ്ക പ്രകടിപ്പിച്ചു. മെയ് ആദ്യം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പിന്തുണയോടെ തുറന്ന മൃഗശാല, സന്ദർശകരുടെ ഇടപെടൽ വർദ്ധിപ്പിക്കുക എന്ന ക്യാമ്പൈൻറെ ഭാഗമാണ് പുതിയ ജോലി ഒഴിവെന്നും കൂട്ടിച്ചേർത്തു.
എങ്കിലും ദിവസങ്ങൾക്കുള്ളിൽ 100 -ലധികം പേർ അപേക്ഷിച്ചെന്നും ഒപ്പം എല്ലാ ഒഴിവുകളും നികത്തിയതായും മൃഗശാല അധികൃതർ അവകാശപ്പെട്ടതായി റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, പുതിയ ജോലിക്ക് എത്ര പേരെ നിയമിച്ചുവെന്ന് മൃഗശാല വ്യക്തമാക്കിയിട്ടില്ല. ഇനിയൊരു ബോണസ് ഉണ്ട് ! ഇത്തരത്തിൽ വേഷമിടുന്ന 'മനുഷ്യക്കരടി' സമൂഹ മാധ്യമങ്ങളിൽ പ്രശസ്തനായാൽ അടിസ്ഥാന ശമ്പളത്തെക്കാൾ കൂടുതൽ സമ്പാദിക്കാൻ കഴിയും പക്ഷേ അതെത്രയെന്ന് മൃഗശാല വ്യക്തമാക്കിയിട്ടില്ല. വർഷങ്ങളായി ചൈനയിലെ മൃഗശാലകളിൽ യഥാർത്ഥ മൃഗങ്ങൾക്ക് പകരം അവയുടെ വേഷം ധരിച്ച മനുഷ്യരാണെന്ന പരാതി ഉയരുന്നുണ്ട്. എന്നാൽ, ഇതാദ്യമായാണ് ഇത്തരമൊരു പരസ്യം വൈറലാകുന്നത്.