കൊറോണ വൈറസ് ബാധയുടെ ഭീകരത റിപ്പോര്‍ട്ട് ചെയ്‍ത സ്വതന്ത്ര മാധ്യമപ്രവര്‍ത്തകനെ കാണാനില്ല; എന്താണ് സംഭവിച്ചത്?

Published : Feb 11, 2020, 10:26 AM ISTUpdated : Feb 11, 2020, 10:45 AM IST
കൊറോണ വൈറസ് ബാധയുടെ ഭീകരത റിപ്പോര്‍ട്ട് ചെയ്‍ത സ്വതന്ത്ര മാധ്യമപ്രവര്‍ത്തകനെ കാണാനില്ല; എന്താണ് സംഭവിച്ചത്?

Synopsis

നേരത്തെ പറഞ്ഞ വീഡിയോയിൽ അദ്ദേഹം തുടർന്ന് ചൈനയിലെ ആശുപത്രികൾ നേരിട്ട് സന്ദർശിച്ചപ്പോൾ താൻ കണ്ട ദുരിതം നിറഞ്ഞ കാഴ്ചകളെപ്പറ്റി വിവരിക്കുന്നുണ്ട്. രോഗികൾ നിറഞ്ഞുകവിഞ്ഞ ആശുപത്രികൾ. കിടക്കാനിടമില്ലാതെ ഇടനാഴികളിലും മറ്റും നിലത്ത് വിരിപ്പുവിരിച്ച്, ഓക്സിജൻ സിലിണ്ടറും ഘടിപ്പിച്ച് കിടത്തിയിരിക്കുന്നു അവരിൽ പലരെയും. 

''എനിക്ക് ഭയമില്ല. എന്റെ തൊട്ടുമുന്നിൽ മഹാവ്യാധിയാണ്. എനിക്ക് പിന്നാലെ, ചൈനയിലെ ഭരണകൂടവും, നിയമവ്യവസ്ഥയുമുണ്ട്. എന്നാലും, എന്റെ കൊക്കിനു ജീവനുള്ളിടത്തോളം കാലം, എന്റെ കണ്മുന്നിൽ കാണുന്ന ദുരിതങ്ങളെപ്പറ്റി ഞാൻ ലോകത്തോട് വിളിച്ചു പറയുകതന്നെ ചെയ്യും. എനിക്ക് മരണത്തെ ഭയമില്ല, ആ ഞാൻ പിന്നെയെന്തിന് നിങ്ങളെപ്പേടിക്കണം, കമ്യൂണിസ്റ്റ് പാർട്ടീ?"

ചെൻ ക്വിഷി എന്ന ചൈനീസ് സ്വതന്ത്ര മാധ്യമപ്രവർത്തകൻ ജനുവരി 30 -ന് പുറത്തുവിട്ട യൂട്യൂബ് വീഡിയോയിൽ പറഞ്ഞ വാക്കുകളാണിത്. തന്റെ മകനെ കുറച്ചു ദിവസമായി കാണാനില്ല എന്നും, ഗവൺമെന്റ് അവനെ കരുതൽ കസ്റ്റഡിയിൽ എടുത്തിരിക്കയാവാമെന്നും, അവനെ ഗവൺമെന്റ് ഉന്മൂലനം ചെയ്യാൻ സാധ്യതയുണ്ട് എന്നുമൊക്കെ പരാതിപ്പെട്ടുകൊണ്ട് ചെന്നിന്റെ അമ്മ രംഗത്തെത്തിയിട്ടുണ്ട്. ഗവണ്മെന്റിന്റെ കെടുകാര്യസ്ഥതയെപ്പറ്റിയുള്ള യാഥാർഥ്യങ്ങൾ പുറംലോകത്തെ അറിയിച്ചതിന്റെ പേരിൽ സർക്കാർ ചെൻ ക്വിഷിയെ നിശ്ശബ്ദനാക്കിയോ എന്നുള്ള ആശങ്കകൾ ഇപ്പോൾ ചൈനീസ് മാധ്യമലോകത്ത് പരക്കുകയാണ്. ഒരു സ്വതന്ത്ര മാധ്യമപ്രവർത്തകൻ എന്നതിലുപരി അറിയപ്പെടുന്ന ഒരു മനുഷ്യാവകാശപ്രവർത്തകനും അഭിഭാഷകനാണ് ചെൻ ക്വിഷി.

കൊറോണാവൈറസ് ബാധയെപ്പറ്റി ആദ്യം ലോകത്തെ അറിയിച്ച ഡോ. ലീ വെൻ ലിയാങ്ങിന്റെ അവസ്ഥ ചെൻ ക്വിഷിക്കും നേരിടുമോ എന്ന ഭയം അദ്ദേഹത്തിന്റെ വേണ്ടപ്പെട്ടവർക്കുണ്ട്. ഡോ. ലീയുടെ ഇടപെടലുകൾ ഭരണകൂടത്തിന്റെ അപ്രീതിക്ക് കാരണമാവുകയും, അദ്ദേഹം അറസ്റ്റുചെയ്യപ്പെടുകയുമുണ്ടായി. പിന്നീട് അദ്ദേഹത്തിന് കൊറോണാ വൈറസ് ബാധയുണ്ടാവുകയും അസുഖം മൂർച്ഛിച്ച് അദ്ദേഹം മരണപ്പെടുകയുമാണ് ഉണ്ടായത്. അതുപോലൊരന്ത്യം ചെൻ ക്വിഷിയെയും കാത്തിരിക്കുന്നുണ്ട് എന്നുള്ള ഉത്കണ്ഠയിലാണ് അദ്ദേഹത്തിന്റെ അമ്മയടക്കമുള്ളവർ ഇപ്പോൾ. 

നേരത്തെ പറഞ്ഞ വീഡിയോയിൽ അദ്ദേഹം തുടർന്ന് ചൈനയിലെ ആശുപത്രികൾ നേരിട്ട് സന്ദർശിച്ചപ്പോൾ താൻ കണ്ട ദുരിതം നിറഞ്ഞ കാഴ്ചകളെപ്പറ്റി വിവരിക്കുന്നുണ്ട്. രോഗികൾ നിറഞ്ഞുകവിഞ്ഞ ആശുപത്രികൾ. കിടക്കാനിടമില്ലാതെ ഇടനാഴികളിലും മറ്റും നിലത്ത് വിരിപ്പുവിരിച്ച്, ഓക്സിജൻ സിലിണ്ടറും ഘടിപ്പിച്ച് കിടത്തിയിരിക്കുന്നു അവരിൽ പലരെയും. വീൽ ചെയറിൽ മരിച്ചു കിടക്കുന്ന ഒരാളെ കയ്യിൽ ചേർത്ത് പിടിച്ചുനിൽക്കുന്ന ഒരു സ്ത്രീയെയും ആ വീഡിയോയിൽ കാണാം.

ലോകത്തിനു മുന്നിൽ വാർത്തകളെത്തിക്കാൻ വേണ്ടി ചൈനീസ് ഗവണ്മെന്റ് അംഗീകൃത റിപ്പോർട്ടർമാർ ഹാസ്മാത്ത് സ്യൂട്ടുകളും മറ്റും ധരിച്ച് മാസ്കും സേഫ്റ്റി ഗോഗിളുകളും ഒക്കെ ഇട്ടുകൊണ്ട് ആശുപത്രികൾ സന്ദർശിക്കുന്നത്. അതിൽ നിന്ന് വ്യത്യസ്തനായിരുന്നു ചെൻ. കാരണം, അദ്ദേഹം ധരിച്ചിരിക്കുന്നത് വെറുമൊരു സാധാരണ മാസ്കും, കണ്ണ് സംരക്ഷിക്കാന്‍ വേണ്ടി ഒരു സേഫ്റ്റി ഗോഗിളും മാത്രമാണ്. എന്നാൽ സ്റ്റേറ്റ് സ്‌പോൺസേർഡ് റിപ്പോർട്ടർമാരുടെ പ്രക്ഷേപണങ്ങളിൽ നിന്ന് വ്യത്യസ്തമായി ചെന്നിന്റെ വീഡിയോകളിൽ കുറച്ചുകൂടി ദൃശ്യങ്ങള്‍ സത്യസന്ധമാണ്.

ഇതിനുമുമ്പ് ചെൻ ക്വിഷിയെ കണ്ടിട്ടുള്ളത് ഹോങ്കോങ് പ്രതിഷേധ സമരങ്ങൾ റിപ്പോർട്ട് ചെയ്യാൻ വേണ്ടി അവിടെ സമരമുഖത്ത് നേരിട്ട് ചെന്നപ്പോഴായിരിക്കും. അവിടെ നിന്നും നിരന്തരം വിഡിയോകൾ ക്വിഷി പുറത്തുവിട്ടിരുന്നു അന്ന്. അന്നും ആ വീഡിയോകളിലൂടെ സത്യം പുറത്തുവിട്ടതിന് പൊലീസ് പിടിച്ച് അകത്തിട്ടിരുന്നു ക്വിഷിയെ. ഇന്നിപ്പോൾ വൈറസ്‌ബാധിതമായ വുഹാനിലെ തെരുവുകളിൽ നിന്നും സ്റ്റേറ്റ്അക്രെഡിറ്റഡ് അല്ലാത്ത മാധ്യമക്കാർക്ക് വിലക്കുള്ള ആശുപത്രികളിൽ നിന്നുമെല്ലാം ക്വിഷി അതിസാഹസികമായി, സ്വന്തം ജീവൻ വരെ അപകടപ്പെടുത്തിക്കൊണ്ട് പുറത്തുവിട്ട വീഡിയോ ദൃശ്യങ്ങൾ കൊറോണാവൈറസ് ബാധയുടെ ചരിത്രത്തിന്റെ തന്നെ ഭാഗമായ വിലപ്പെട്ട തെളിവുകളാണ് .

സോഷ്യൽ മീഡിയയിൽ ക്വിഷിയുടെ മോചനത്തിനായുള്ള ക്യാമ്പെയ്‌നുകൾ സജീവമാണ്. " ക്വിഷിയെ മറ്റൊരു ഡോ. ലീ ആക്കരുത്", " ജനങ്ങളെ സത്യം വിളിച്ചു പറയാൻ അനുവദിക്കണം", ''എന്നെക്കൊന്നാൽ, എന്റെ ചോരയിൽ നിന്ന് പതിനായിരങ്ങൾ ഇനിയും ഉയിർത്തെണീക്കും", "പാട്ടുകൾ അധികാരികൾക്കുവേണ്ടിയല്ല, ജനങ്ങൾക്കുവേണ്ടിയാകണം" എന്നിങ്ങനെ പല മുദ്രാവാക്യങ്ങളും ഇന്ന് ചൈനീസ് സോഷ്യൽ മീഡിയയിൽ വൈറലാണ്.

ചെൻ ക്വിഷിക്ക് ട്വിറ്ററിൽ രണ്ടു ലക്ഷം ഫോളോവർമാരും, അദ്ദേഹത്തിന്റെ യൂട്യൂബ് ചാനലിന് നാലുലക്ഷത്തോളം സബ്സ്ക്രൈബർമാരും ഉണ്ട്. കഴിഞ്ഞ ഏതാനും ആഴ്ചകളായി ഈ രണ്ടു മാധ്യമങ്ങളിലൂടെയും നിരന്തരം വീഡിയോ ദൃശ്യങ്ങൾ പ്രക്ഷേപണം ചെയ്തു കൊണ്ടിരിക്കുകയായിരുന്നു ക്വിഷി. കഴിഞ്ഞ വ്യാഴാഴ്ച മുതലാണ് ചെൻ ക്വിഷിയെ ബന്ധപ്പെടാൻ പറ്റാത്ത അവസ്ഥയുണ്ടായത്. സർക്കാർ നിയന്ത്രണത്തിലുള്ള ഏതോ ഡിറ്റെൻഷൻ സെന്ററിൽ അടച്ചിരിക്കുകയാണ് ചെൻ ക്വിഷിയെ എന്നാണ് അദ്ദേഹത്തോട് അടുപ്പമുള്ളവർ ഊഹിക്കുന്നത്. എന്തായാലും, ഡോ. ലീയുടെ മരണത്തെത്തുടർന്ന് ചൈനയിൽ ഉയർന്ന ജനരോഷത്തിന് ചെൻ ക്വിഷിയുടെ തിരോധനത്തോടെ വീണ്ടും കാറ്റുപിടിച്ചിരിക്കുകയാണ്. 

PREV
click me!

Recommended Stories

പത്താം നൂറ്റാണ്ടിലെ നിധി തേടിയ സംഘത്തിന് മുന്നിൽ പാമ്പ്, 'നിധി കാക്കുന്നവനെ'ന്ന് ഗ്രാമീണർ, പ്രദേശത്ത് സംഘർഷാവസ്ഥ
എഐ വിപ്ലവം: 4- 5 വർഷത്തിനുള്ളിൽ വൈറ്റ് കോളർ ജോലികൾ ഭീഷണിയിൽ, മുന്നറിയിപ്പുമായി ബിൽ ഗേറ്റ്സ്