രവീന്ദ്ര കൗശിക് എന്ന 'ബ്ലാക്ക് ടൈഗര്‍', പാകിസ്ഥാന്‍ മണ്ണില്‍ ജീവന്‍ ബലികഴിക്കേണ്ടിവന്ന ഇന്ത്യയുടെ ചാരന്‍

By Web TeamFirst Published Feb 11, 2020, 9:04 AM IST
Highlights

രാജ്യത്തെ സേവിക്കാനിറങ്ങിയതിന്റെ പേരിൽ അനുഭവിക്കേണ്ടി വന്ന ക്രൂരപീഡനങ്ങളെക്കാൾ കൗശിക്കിന്റെ ഉള്ളുലച്ചത് പിടിയിലായി എന്ന വിവരം ഐഎസ്‌ഐ അറിയിച്ച ശേഷം റോയുടെ നിസ്സംഗമായ നിലപാടാണ്. തങ്ങൾക്ക് അങ്ങനെ ഒരു ഏജന്റ് ഉള്ളതായിപ്പോലും റോ സമ്മതിക്കാൻ കൂട്ടാക്കിയില്ല. അദ്ദേഹത്തിന്റെ മോചനത്തിനായി ഒരു നടപടിയും റോയുടെ പക്ഷത്തുനിന്നുണ്ടായില്ല. 

യുദ്ധത്തിലേർപ്പെടാത്ത രാജ്യങ്ങൾ ചുരുക്കമാണ്. ഓരോ യുദ്ധവും രാജ്യത്തിന് സമ്മാനിക്കുക ഒരു പിടി ഹീറോകളെക്കൂടിയാണ്. ചിലരുടെ ധീരതകളെ രാജ്യം മരണാനന്തരം വാഴ്ത്തും. അവരെ ബഹുമതികൾ കൊണ്ട് മൂടും, രാജ്യമെമ്പാടും സ്മാരകങ്ങളുയരും. അവിടെ ജനിച്ചുവീഴുന്ന ഓരോ കുഞ്ഞും പിന്നീട് ആ ധീരജവാന്റെ വീരകഥകൾ കേട്ടുകൊണ്ട് വളരും. അപൂർവം ചിലർ, യുദ്ധത്തിന്റെ അസാമാന്യ ധൈര്യം പ്രകടിപ്പിച്ച ശേഷവും പ്രാണൻ നഷ്ടപ്പെടാതെ തന്നെ ആ അഭിനന്ദനങ്ങളും, മിലിട്ടറി പുരസ്കാരങ്ങളും ഒക്കെ ഏറ്റുവാങ്ങും. ആയുഷ്കാലം മുഴുവൻ അവർ രാഷ്ട്രത്തിന്റെ വിവിഐപികൾ ആയിരിക്കും. എന്നാൽ, ഒരു യുദ്ധത്തിന്റെ വിജയവും തോൽവിയുമൊക്കെ നിർണ്ണയിക്കുന്ന ഒരു ഘടകമുണ്ട്. മിലിട്ടറി ഇന്റലിജൻസ്. ശത്രുരാജ്യത്തിന്റെ നീക്കങ്ങളെക്കുറിച്ച് മുൻ‌കൂർ അറിവുണ്ടായിരിക്കുക ഏതൊരു രാജ്യത്തിനും യുദ്ധത്തിൽ മേൽക്കൈ നൽകുന്ന ഒരു ഘടകമാണ്. അതിന് സാധാരണയായി രാജ്യങ്ങൾ ചെയ്യാറ്. എതിർ രാജ്യങ്ങളിൽ തങ്ങൾക്ക് വിവരങ്ങൾ നൽകാൻ വേണ്ടി ഒരു ചാരൻ അഥവാ സ്പൈയെ നിലനിർത്തുക എന്നതാണ്. റോ ചെയ്തിട്ടുണ്ട് അങ്ങനെ, ഐഎസ്ഐ ചെയ്തിട്ടുണ്ട്, സിഐഎയും കെജിബിയും മൊസാദും ഒക്കെ സ്ഥിരമായി അതുതന്നെ ചെയ്തുവരുന്നു.

എന്നാൽ, ലോകത്തെ ഏറ്റവും നന്ദികെട്ട ജോലി കൂടിയാണ് ഒരു രാജ്യത്തിൻറെ ചാരന്റേത്. ശത്രുരാജ്യത്ത് അവരിൽ ഒരാളായി ആ രാജ്യത്തെ സ്തുതിച്ചു കൊണ്ടും, മാതൃരാജ്യത്തെ പഴിച്ചുകൊണ്ടും കഴിച്ചുകൂട്ടേണ്ടി വരുന്ന ഓരോ നിമിഷവും പിടിക്കപ്പെടുമോ എന്ന ഭയം അവരെ അലട്ടും. രാത്രി സ്വൈര്യമായി ഒന്ന് കിടന്നുറങ്ങാൻ പോലുമാകില്ല. കണ്ടെത്തപ്പെടുമോ എന്ന ഭയം അവരെ വിടാതെ പിന്തുടരും. എങ്ങാനും പിടിക്കപ്പെട്ടാലോ? ഇവരെ അറിയുകപോലുമില്ല എന്ന് രാജ്യം ഒറ്റയടിക്ക് കയ്യൊഴിഞ്ഞു കളയും. പിന്നെ നേരെ കഴുവേറ്റപ്പെടാനോ, ഫയറിംഗ് സ്‌ക്വാഡിന്റെ മുന്നിലേക്ക് പോകാനോ അല്ലെങ്കിൽ ആജീവനാന്തം ജയിൽവാസം അനുഷ്ഠിക്കാനോ ഒക്കെയാകും യോഗം. മാതാ ഹരി എന്ന വിശ്വപ്രസിദ്ധയായ ചാരവനിതയുടെ വിധി തന്നെ ഇക്കാര്യത്തിലുള്ള ഉത്തമോദാഹരണം. ഇന്ത്യൻ ചാരണെന്നാരോപിച്ച് പാകിസ്ഥാൻ തടവിലിട്ടിരിക്കുന്ന സരബ്ജിത് സിങിന്റെയും കുൽഭൂഷൺ ജാധവിന്റേയും കാര്യവും വ്യത്യസ്തമല്ല.

പാകിസ്താന്റെ മണ്ണിൽ ഇന്ത്യ ഇന്നോളം നടത്തിയിട്ടുള്ള ചാരപ്രവർത്തനങ്ങളിൽ ഏറ്റവും അധികകാലം നീണ്ടുനിന്ന, ഏറ്റവും കൂടുതൽ ഇന്റലിജൻസ് വിവരങ്ങൾ ലഭിച്ച ഒന്നായിരുന്നു 'ഓപ്പറേഷൻ ബ്ലാക്ക് ടൈഗർ'. അത് രാജസ്ഥാനിൽ ജീവിച്ചിരുന്ന നാടകപ്രേമിയായ രവീന്ദ്ര കൗശിക് എന്ന യുവാവിൽ നിന്ന് നബി അഹമ്മദ് ഷക്കീർ എന്ന ഇന്ത്യൻ ചാരനിലേക്കുള്ള വളർച്ചയുടെയും, ആ ജീവിതത്തിൽ പിന്നീടുണ്ടായ ദുരന്തത്തിന്റെയും കഥയാണ്. 2012 -ൽ പുറത്തിറങ്ങിയ 'ഏക് ഥാ ടൈഗർ' എന്ന സൽമാൻ  ചിത്രത്തിന്റെ കഥാതന്തു രവീന്ദ്ര കൗശിക്കിന്റെ ജീവിതത്തോട് ഏറെ സാമ്യമുള്ളതാണ്.

ആരായിരുന്നു രവീന്ദ്ര കൗശിക്?

1952 ഏപ്രിൽ 11 -ന് രാജസ്ഥാനിലെ ശ്രീഗംഗാ നഗറിൽ ജനിച്ച കൗശിക് അവിടെ നിന്നുതന്നെ ബിരുദ പഠനം പൂർത്തിയാക്കി. തുടർന്ന് ഉത്തർപ്രദേശിലെ ലഖ്‌നൗവിൽ വെച്ച് നടന്ന നാടകമത്സരത്തിൽ കൗശിക്കിന്റെ പ്രകടനം പലരെയും ഹഠാദാകര്‍ഷിച്ചു. അക്കൂട്ടത്തിൽ, ഇന്ത്യൻ ചാര സംഘടനയായ റിസർച്ച് ആൻഡ് അനാലിസിസ് വിങ്ങിന്റെ ചില ഉന്നതോദ്യോഗസ്ഥരും ഉണ്ടായിരുന്നു. അവർ, ഏറെ ദുഷ്കരമായ, ജീവാണുവരെ അപകടമുള്ള ഒരു ദൗത്യത്തിനുള്ള ഓഫർ കൗശികിന് വെച്ചുനീട്ടി. റോയുടെ ഏജന്റ് ആയി റിക്രൂട്ട് ചെയ്യപ്പെടുമ്പോൾ വെറും 21 വയസ്സുമാത്രമായിരുന്നു കൗശിക്കിന്റെ പ്രായം. ദില്ലിയിൽ വെച്ച് രണ്ടുവർഷത്തോളം നീണ്ടുനിന്ന കടുത്ത പരിശീലനം നൽകപ്പെട്ടു. മുസ്ലിം എന്ന് തോന്നിക്കാൻ വേണ്ടി സുന്നത്ത് കർമ്മം പോലും അയാൾ ചെയ്തു. ഉർദുവിൽ അഗാധമായ പാണ്ഡിത്യം ഏറെ കഷ്ടപ്പെട്ട് അയാൾ നേടിയെടുത്തു. ഇസ്ലാമിക ജീവിതചര്യകൾ ശീലിച്ചു. ഖുർആൻ മറ്റാരേക്കാളും നന്നായി ഓതാൻ പഠിച്ചു. അയാൾക്ക് അഭിനയിക്കാനുണ്ടായിരുന്നത് പാകിസ്താനി ആയിട്ടായിരുന്നു. അതുകൊണ്ട് പാകിസ്താന്റെ ചരിത്രവും ഭൂമിശാസ്ത്രവും മറ്റു പ്രാഥമിക വിവരങ്ങളും ഒക്കെ ഇന്റലിജൻസ് ഏജൻസി വിശദമായി കൗശിക്കിനെ പഠിപ്പിച്ചെടുത്തു.

 

പുതിയൊരു പാകിസ്താനി വ്യക്തിത്വം കൗശികിന് കല്പിച്ച് നൽകപ്പെട്ടു. അതിനുവേണ്ട വ്യാജരേഖകളും റോ ചമച്ചുനൽകി. ഒടുവിൽ പാകിസ്താനിലേക്ക് കടന്ന് ഒരു ചാരന്‍റെ ജീവിതം തുടങ്ങാൻ സമയമായി. പുതിയ ദൗത്യത്തിലേക്ക് കടന്നശേഷം അയാൾ അറിയപ്പെടുക, നബി അഹമ്മദ് ശകീർ എന്നായിരുന്നു. അയാൾ അതിർത്തി കടന്ന് പാകിസ്ഥാനിൽ എത്തിയ നിമിഷം രവീന്ദ്ര കൗശിക് എന്ന വ്യക്തിയുടെ പേരിൽ ഇന്ത്യയിൽ അവശേഷിച്ചിരുന്ന സകല വിവരങ്ങളും, അയാളുടെ അസ്തിത്വത്തെ തെളിയിക്കുന്ന സർവ്വരേഖകളും അതാതിന്റെ ഇടങ്ങളിൽ നിന്ന് തേച്ചുമായ്ച്ചു കളയപ്പെട്ടു. കറാച്ചിയിലേക്കാണ് റോ അദ്ദേഹത്തെ അയച്ചത്. അവിടെ ചെന്ന് ബിരുദം നേടിയ ശേഷം പാക് മിലിട്ടറിയിൽ ഒരു ഗുമസ്തനാന്റെ ജോലി നേടുന്നതിൽ അദ്ദേഹം വിജയിച്ചു. തന്റെ ജോലിയിൽ ഏറെ തിളങ്ങിയിരുന്ന കൗശിക് വളരെ വേഗം റാങ്കുകളിൽ മുകളിലേക്ക് കയറി അധികം താമസിയാതെ മിലിട്ടറിയിലെ ഡെപ്യൂട്ടി ചീഫ് അക്കൗണ്ടന്റ് ആയി.

 

തന്റെ സൈനിക ജീവിതത്തിന് എല്ലാ അർത്ഥത്തിലും പൂർണത കിട്ടാൻ വേണ്ടി, ലാഹോറിൽ നിയുക്തനായിരുന്ന സമയത്ത് തന്റെ സൈനികാസ്ഥാനത്തെ യൂണിഫോം തയ്ക്കുന്ന ജീവനക്കാരന്റെ മകളായ അമാനത്ത് എന്ന യുവതിയെ അദ്ദേഹം വിവാഹം കഴിച്ചു. അമാനത്തിൽ അദ്ദേഹത്തിന് ഒരു ആൺകുഞ്ഞും ജനിച്ചു. 1979 മുതൽ 1983 വരെ രവീന്ദ്ര കൗശിക് അഥവാ നബി അഹമ്മദ് ശകീർ, ഇന്ത്യൻ സൈന്യത്തിന് പാക് പട്ടാളത്തെപ്പറ്റിയുള്ള ഇന്റലിജൻസ് വിവരങ്ങൾ കൈമാറിക്കൊണ്ടിരുന്നു എന്നാണ് ചരിത്രം. അതും പ്രധാനപ്പെട്ട സൈനികനീക്കങ്ങളെ സംബന്ധിച്ച ഏറെ നിർണായകമായ കോണ്ഫിഡന്റിൽ ഡീറ്റെയിൽസ്.  ഈ കാലയളവിലെ സ്തുത്യർഹ സേവനങ്ങളാണ് കൗശികിന് 'ബ്ലാക്ക് ടൈഗർ' എന്ന ബഹുമതി നൽകാൻ ഇന്ദിരാ ഗാന്ധിയെ പ്രേരിപ്പിച്ചത്.

 

കൗശിക്കിന്റെ കവർ വളരെ കൃത്യമായി അവിടെ സ്ഥാപിതമായിക്കഴിഞ്ഞിരുന്നു. അടുത്ത 30 വർഷക്കാലത്തെ തന്റെ സർവീസ് അദ്ദേഹം അനായാസം അവിടെ പൂർത്തിയാക്കിയേനെ. എന്നാൽ, 1983 സെപ്റ്റംബറിൽ നടന്ന ഒരു സംഭവം അദ്ദേഹത്തിന്റെ ജീവിതത്തെ മാറ്റിമറിച്ചു.  ഇനായത്ത് മാസി എന്നൊരു റോ ഏജന്റ് രവീന്ദ്ര കൗശിക്കിനെ കാണാൻ വേണ്ടി പാകിസ്താനിലെത്തി. എന്നാൽ, ഏജന്റ് ഐഎസ്‌ഐയുടെ പിടിയിലകപ്പെട്ടു. ചോദ്യം ചെയ്യലിനിൻടെ മാസി എല്ലാം വെളിപ്പെടുത്തി, അതോടെ വെളിച്ചത്തായത് കൗശിക്കിന്റെ കള്ളി കൂടിയായിരുന്നു. മാസിയിൽ നിന്നുകിട്ടിയ വിവരങ്ങൾ വെച്ച് അവർ കൗശികിലേക്കെത്തി. അദ്ദേഹം അറസ്റ്റിലായി. അവർ അദ്ദേഹത്തെ ക്രൂരമായ പീഡനങ്ങൾക്ക് വിധേയനാക്കി. ഒടുവിൽ കോടതി ചാരപ്രവർത്തനം നടത്തിയതിന്, രവീന്ദ്ര കൗശിക്കിനെ വധശിക്ഷയ്ക്ക് വിധിച്ചു.  1985 -ൽ അത് ജീവപര്യന്തമായി ഇളവുചെയ്യപ്പെട്ടു. പിന്നീട് അദ്ദേഹം ജയിലിൽ കഴിച്ചുകൂട്ടിയത് നീണ്ട 18 വർഷക്കാലമാണ്. ആദ്യ രണ്ടുവർഷക്കാലം സിയാൽ കോട്ടിൽ ക്രൂരപീഡനങ്ങൾക്ക് വിധേയനായി കഴിച്ചുകൂട്ടിയശേഷം, പിന്നീട് അദ്ദേഹം മിയാ വാലി സെൻട്രൽ ജയിലിലേക്ക് പറഞ്ഞയക്കപ്പെട്ടു.

രാജ്യത്തെ സേവിക്കാനിറങ്ങിയതിന്റെ പേരിൽ അനുഭവിക്കേണ്ടി വന്ന ക്രൂരപീഡനങ്ങളെക്കാൾ കൗശിക്കിന്റെ ഉള്ളുലച്ചത് പിടിയിലായി എന്ന വിവരം ഐഎസ്‌ഐ അറിയിച്ച ശേഷം റോയുടെ നിസ്സംഗമായ നിലപാടാണ്. തങ്ങൾക്ക് അങ്ങനെ ഒരു ഏജന്റ് ഉള്ളതായിപ്പോലും റോ സമ്മതിക്കാൻ കൂട്ടാക്കിയില്ല. അദ്ദേഹത്തിന്റെ മോചനത്തിനായി ഒരു നടപടിയും റോയുടെ പക്ഷത്തുനിന്നുണ്ടായില്ല. മിയാവാലി ജയിലിൽ കഴിച്ചുകൂട്ടവെ അതിരഹസ്യമായി തന്റെ കുടുംബത്തിന് കത്തെഴുതാൻ അദ്ദേഹത്തിന് കഴിഞ്ഞു. അങ്ങനെ എഴുതിയ അപൂർവം കത്തുകളിൽ ഒന്നിൽ അദ്ദേഹം ഇങ്ങനെ എഴുതി, "ഇന്ത്യ പോലെ മഹത്തായ ഒരു രാജ്യത്തിന് വേണ്ടി ത്യാഗം ചെയ്യുന്നവരെ ഇങ്ങനെയാണോ പരിഗണിക്കുന്നത്? ഈ അവഗണനയാണോ എന്റെ സേവനങ്ങൾക്കുള്ള പ്രതിഫലം?"

 

2001 നവംബറിൽ മിയാവാലി സെൻട്രൽ ജയിലിൽ വെച്ച് ക്ഷയരോഗവും ഹൃദ്രോഗവും മൂർച്ഛിച്ച് രവീന്ദ്ര കൗശിക് കരണമടഞ്ഞു. മരണശേഷവും ഇന്ത്യാ ഗവൺമെന്റ് അദ്ദേഹത്തെ തിരിച്ചറിയാനോ മൃതദേഹം ഏറ്റുവാങ്ങാനോ തയ്യാറായില്ല എന്നാണ് കൗശിക്കിന്റെ കുടുംബത്തിന്റെ പരാതി. കാർഗിൽ യുദ്ധത്തിലും മറ്റും മരിച്ചവരുടെ ബന്ധുക്കൾക്കും, പരിക്കേറ്റ സൈനികർക്കുമൊക്കെ വേണ്ട സഹായങ്ങളും ജോലിയും മറ്റും നൽകാൻ തയ്യാറാകുന്ന സർക്കാർ, സൈന്യത്തിന് വേണ്ടി ശത്രുരാജ്യത്ത് ജന്മനാട്ടിലെ ജീവിതം ബലികഴിച്ച്, സ്വന്തം വ്യക്തിത്വം പോലും മാറ്റിമറിച്ച്, ചാരപ്രവൃത്തിയിൽ ഏർപ്പെടുന്ന സൈനികർ പിടിക്കപ്പെടുമ്പോൾ അവരെ തിരിച്ചറിയാൻ പോലും വിസമ്മതിക്കുന്നത് കഷ്ടമാണ് എന്നവർ പറഞ്ഞു. പിറന്ന നാടിനെ സേവിക്കാൻ വേണ്ടി തന്റെ മകൻ പാക് മണ്ണിൽ ചെന്ന് ഒരു മുസ്ലീമായി മാറിയതിലോ, തന്നെ പിന്നീട് വന്നു കാണാത്തതിലോ, അവൻ അവിടെ വെച്ച് ക്രൂരപീഡനങ്ങൾ ഏറ്റുവാങ്ങി, ദീർഘകാലം ജയിലുകളിൽ കിടന്ന് നരകിച്ച് ഒടുവിൽ മാറാരോഗം വന്നു ചുമച്ചു ചോരതുപ്പി മരിച്ചതിലോ ഒക്കെ തോന്നിയതിനെ എത്രയോ ഇരട്ടി സങ്കടമാണ് തനിക്ക് ഇന്ത്യൻ സർക്കാരിൽ നിന്ന് അവന്റെ പേരിൽ വെറും 500  രൂപ മാസാമാസം പെൻഷനായി കൈപ്പറ്റുമ്പോൾ തോന്നാറുള്ളത് എന്ന് കൗശിക്കിന്റെ വയോധികയായ അമ്മ അമലാദേവി പരിഭവിച്ചു.  

തന്റെയും കുടുംബത്തിന്റെയും പരിതാപാവസ്ഥയെപ്പറ്റി രാജ്യത്തെ എല്ലാ നേതാക്കളെയും ചെന്നുകണ്ട് പരാതികൾ നൽകി എങ്കിലും ആരും തങ്ങളെ വീണ്ടും വിധം പരിഗണിച്ചിട്ടില്ല എന്ന് അവർക്ക് പരാതിയുണ്ട്. റോ പോലെയുള്ള സ്ഥാപനങ്ങൾ ഇന്ത്യയിലെ ഏറ്റവും സമർത്ഥരായ യുവാക്കളെ റിക്രൂട്ട് ചെയ്ത് അന്യനാട്ടിൽ ദൗത്യങ്ങൾക്ക് പറഞ്ഞയച്ച്, ഒടുവിൽ എന്തെങ്കിലും പ്രശ്നമുണ്ടാകുമ്പോൾ പിന്നീട് അവരുടെ കുടുംബത്തിന് കിട്ടുന്ന പരിഗണന ഇതാണ് എന്നറിയുന്നതിൽ വളരെ  ദുഃഖമുണ്ട് എന്നും അവർ പറഞ്ഞു.

click me!