ബൈബിളിലെ സഹോദരഘാതകനായ കായേനെപ്പോലെ ഹിറ്റ്‌ലറും, ജീവിച്ചിരിക്കെത്തന്നെ നരകയാതനയ്ക്ക് വിധിക്കപ്പെട്ടത് ഇങ്ങനെ

By Babu RamachandranFirst Published Feb 10, 2020, 6:33 PM IST
Highlights

ഹിറ്റ്‌ലറെ ഒരു 'ഫാസിസ്റ്റ് ചെകുത്താനായി' അല്ലെങ്കിൽ സർവനാശം വിതയ്ക്കുന്ന ഒരു നികൃഷ്ടജന്തു' ആയിട്ടാണ് ഇതിൽ ചിത്രീകരിച്ചിട്ടുള്ളത് എന്നാണ് ചിത്രകാരൻ ജോർജ് ഗ്രോസ് തന്നെ ഒരിക്കൽ പറഞ്ഞത്. 

ഫെബ്രുവരി 4 -ന് ബെർലിനിലെ ജർമൻ ചരിത്ര മ്യൂസിയത്തിൽ ഒരു ചിത്രത്തിന്റെ അനാച്ഛാദനം നടന്നു. ചിത്രത്തിന്റെ പേര് "Cain or Hitler in Hell' അഥവാ കായേനോ ഹിറ്റ്‌ലറോ നരകത്തിൽ' എന്നായിരുന്നു. അത് 1944 -ൽ, ഹിറ്റ്‌ലർ തന്റെ ഉഗ്രപ്രതാപത്തിന്റെ പരകോടിയിൽ നിൽക്കുന്ന കാലത്ത് ബെർലിനിൽ വെച്ച് വരയ്ക്കപ്പെട്ടതാണ്. ചിത്രകാരന്റെ പേര് ജോർജ് ഗ്രോസ്(George Grosz). ആ ചിത്രം സ്ഥിരമായി പ്രസ്തുത മ്യൂസിയത്തിന്റെ ഗാലറിയിൽ പ്രതിഷ്ഠിക്കാനുള്ള ചടങ്ങായിരുന്നു ചൊവ്വാഴ്ച അവിടെ നടന്നത്. 

ജർമനിയിൽ വെയ്മർ ഗവണ്മെന്റ് ഭരണത്തിലുള്ള കാലത്തു തന്നെ രാഷ്ട്രീയത്തിൽ അധിഷ്‌ഠിതമായ വിഷയങ്ങൾ സ്വീകരിച്ച് ചിത്രങ്ങൾ വരച്ചിരുന്ന വിഖ്യാതനായ ചിത്രകാരനായിരുന്നു ജോർജ് ഗ്രോസ്. ഒന്നാം ലോക മഹായുദ്ധം അവസാനിക്കുന്നതുമുതൽ, നാസികൾ ഭരണത്തിലേറുന്ന 1933 വരെ അദ്ദേഹം ജർമനിയിൽ കഴിഞ്ഞു. എന്നാൽ, ഹിറ്റ്‌ലർ അധികാരത്തിലേറിയതോടെ, ഇനിയും രാഷ്ട്രീയാധിഷ്ഠിതമായ തന്റെ ചിത്രം വര നടത്താൻ സാധിക്കില്ല എന്ന് ഗ്രോസിന് ബോധ്യം വന്നു. അക്കൊല്ലം അദ്ദേഹം എന്നെന്നേക്കുമായി അമേരിക്കയിലേക്ക് കുടിയേറിപ്പാർത്തു. ജന്മനാട്ടിൽ ഉപേക്ഷിച്ചു പോവേണ്ടി വന്ന അദ്ദേഹത്തിന്റെ അമൂല്യമായ പല ചിത്രങ്ങളും 'വിഘടനവാദപരം' എന്ന് മുദ്രകുത്തി ജർമൻ ഭരണകൂടം കത്തിച്ചുകളഞ്ഞു. 
 


 

ഈ ചിത്രം അദ്ദേഹം അമേരിക്കയിൽ കഴിഞ്ഞ കാലത്ത് 1944 -ൽ വരച്ചതാണ്. ബൈബിളിലെ ആദത്തിന്റെ മൂത്ത സന്തതിയായ കായേന്റെ രൂപത്തിലാണ് ഹിറ്റ്‌ലറെ വരച്ചിരിക്കുന്നത്. കായേനെപ്പറ്റി ബൈബിളിൽ പറയുന്നത് ഇപ്രകാരം, "ആദം തന്റെ ഭാര്യയായ ഹവ്വായോടുചേര്‍ന്നു. അവള്‍ ഗര്‍ഭംധരിച്ചു കായേനെ പ്രസവിച്ചു. പിന്നീട് അവള്‍ കായേന്റെ സഹോദരന്‍ ആബേലിനെ പ്രസവിച്ചു. ആബേല്‍ ആട്ടിടയനും കായേന്‍ കൃഷിക്കാരനുമായിരുന്നു. ഒരിക്കല്‍ കായേന്‍ തന്റെ വിളവില്‍ ഒരു ഭാഗം കര്‍ത്താവിനു കാഴ്ച സമര്‍പ്പിച്ചു. ആബേല്‍ തന്റെ ആട്ടിന്‍കൂട്ടത്തിലെ കടിഞ്ഞൂല്‍ക്കുഞ്ഞുങ്ങളെയെടുത്ത് അവയുടെ കൊഴുപ്പുള്ള ഭാഗങ്ങള്‍ കര്‍ത്താവിനു കാഴ്ചവച്ചു."

എന്നാല്‍ കായേനിലും അവന്റെ കാഴ്ച വസ്തുക്കളിലും കർത്താവ് പ്രസാദിച്ചില്ല. അത് കായേനെ അത്യധികം കോപിപ്പിച്ചു. അവന്റെ മുഖം കറുത്തു.ഒരു ദിവസം കായേന്‍ തന്റെ സഹോദരന്‍ ആബേലിനോടു പറഞ്ഞു: നമുക്കു വയലിലേക്കു പോകാം. അവര്‍ വയലിലായിരിക്കേ കായേന്‍ ആബേലിനോടു കയര്‍ത്ത് അവനെകൊന്നു.  
 


 

കര്‍ത്താവു കായേനോടു ചോദിച്ചു, "നിന്റെ സഹോദരന്‍ ആബേല്‍ എവിടെ?" "എനിക്കറിഞ്ഞുകൂടാ..", കായേന്‍ പറഞ്ഞു. 

എന്നാല്‍ എല്ലാം അറിയുന്ന കർത്താവ് തുടർന്ന് കായേനെ ശപിക്കുകയാണ്, "നീയെന്താണു ചെയ്തത്? നിന്റെ സഹോദരന്റെ രക്തം മണ്ണില്‍നിന്ന് എന്നെ വിളിച്ചു കരയുന്നു. നിന്റെ കൈയില്‍നിന്നു നിന്റെ സഹോദരന്റെ രക്തം കുടിക്കാന്‍ വായ് പിളര്‍ന്ന ഭൂമിയില്‍ നീ ശപിക്കപ്പെട്ടവനായിരിക്കും.  കൃഷിചെയ്യുമ്പോള്‍ മണ്ണു നിനക്കു ഫലംതരുകയില്ല. നീ ഭൂമിയില്‍ അലഞ്ഞുതിരിയുന്നവനായിരിക്കും" 

ഈ ബൈബിൾ കഥാപാത്രമായ കായേനുമായി ഹിറ്റ്‌ലറെ താരതമ്യം ചെയ്യുകയാണ് ചിത്രകാരൻ ചെയ്തത്. ബൈബിൾ കഥകളിൽ പറഞ്ഞിരിക്കുന്നതിൻ പ്രകാരം ലോകത്തിലെ ആദ്യത്തെ 'സഹോദരവൈരി'യാണ് കായേൻ. സ്വന്തം സഹോദരനോടുള്ള വിദ്വേഷം മൂത്ത അവനെ വധിച്ചു കളഞ്ഞവനാണ് അയാൾ. അതിന്റെ ശിക്ഷയായി ഭൂമിയിൽ തന്നെ നരകയാതന അനുഭവിക്കാൻ വിധിക്കപ്പെട്ടയാൾ. മനുഷ്യരെല്ലാം ഒരമ്മ പെറ്റമക്കളാണ് എന്ന വിശ്വമാനവിക സങ്കൽപം കടമെടുത്താൽ ജൂതരോടുള്ള വംശീയ വൈരത്തിന്റെ പേരിൽ അവരെ കൊന്നൊടുക്കിയ ഹിറ്റ്‌ലർക്ക് കായേൻ എന്നല്ലാതെ മറ്റേതു പേരാണ് ചേരുക. അതാണ്, പിന്നിൽ യുദ്ധത്തി ഇരമ്പി വരുമ്പോൾ, അസ്ഥികൂടങ്ങളുടെ കൂനയ്ക്കരികിൽ വിഷണ്ണനായി തലയ്ക്ക് കയ്യും കൊടുത്തിരിക്കുകയാണ് ഈ ചിത്രത്തിലെ ഹിറ്റ്‌ലർ. കലാപരമായ ഔന്നത്യത്തിനു പുറമെ, ചിത്രത്തിന്റെ ചരിത്രപ്രസക്തി കൂടി കണക്കിലെടുക്കുമ്പോൾ ഏറെ അമൂല്യമാണ് ജോർജ് ഗ്രോസിന്റെ ഈ കലാസൃഷ്ടി. ഈ ചിത്രം, നാടുവിട്ടോടി അമേരിക്കയിൽ ചെന്നഭയം തേടിയ ശേഷം എത്രമാത്രം വിമര്ശനാത്മകമായിരുന്നു ഗ്രോസിന്റെ കലാധിഷണ എന്നത് ഈ ചിത്രത്തിൽ വ്യക്തമാവുന്നുണ്ട് എന്ന് ജർമ്മൻ സാംസ്‌കാരിക വകുപ്പിന്റെ പ്രതിനിധിയായ മാർക്കസ് ഹിൽഗർട്ട് പറഞ്ഞു. 
 

'ജോർജ് ഗ്രോസ്'

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദത്തിൽ ബെർലിൻ ജീവിതത്തിന്റെ കാർട്ടൂൺ വരകളിലും ചിത്രങ്ങളിലും പ്രശസ്തനായ ഒരു ജർമ്മൻ കലാകാരനായിരുന്നു ജോർജ് ഗ്രോസ്. വീമർ റിപ്പബ്ലിക്കിന്റെ കാലത്ത് ബെർലിൻ ദഡ ആർട്ട് മൂവ്മെന്റിന്റെയും ന്യൂ ഒബ്ജക്ടീവിറ്റി ഗ്രൂപ്പിന്റെയും പ്രമുഖ അംഗമായിരുന്നു അദ്ദേഹം. അമേരിക്കയിൽ അഭയം തേടിയകാലം അദ്ദേഹം ദീർഘകാലം ന്യൂയോർക്കിലെ  'ആർട് സ്റ്റുഡന്റസ് ലീഗി'ൽ അധ്യാപകനായിരുന്നു. ഹിറ്റ്‌ലർ മരിച്ച്, സഖ്യസേനയ്ക്ക് മുന്നിൽ നാസികൾ നിരുപാധികം കീഴടങ്ങി, ജർമനി ജനാധിപത്യത്തിലേക്ക് മടങ്ങി വന്ന ശേഷം,1959- ൽ മാത്രമാണ് അദ്ദേഹം ബെർലിനിലേക്ക് മടങ്ങി വന്നത്. 

ഹിറ്റ്‌ലറെ ഒരു 'ഫാസിസ്റ്റ് ചെകുത്താനായി' അല്ലെങ്കിൽ സർവനാശം വിതയ്ക്കുന്ന ഒരു നികൃഷ്ടജന്തു' ആയിട്ടാണ് ഇതിൽ ചിത്രീകരിച്ചിട്ടുള്ളത് എന്നാണ് ചിത്രകാരൻ ജോർജ് ഗ്രോസ് തന്നെ ഒരിക്കൽ പറഞ്ഞത്. അത് നാസിസത്തോടുള്ള തന്റെ എതിർപ്പിന്റെ പരിച്ഛേദമാണ് എന്നും അദ്ദേഹം പറഞ്ഞു. ഇനി, വരും തലമുറക്കുമുന്നിൽ ഹിറ്റ്‌ലറെ അടയാളപ്പെടുത്തുന്ന മറ്റൊരു അമൂല്യ നിധിയായി ഈ ഉത്കൃഷ്ട കലാസൃഷ്ടി ജർമ്മൻ ചരിത്ര മ്യൂസിയത്തിന്റെ അകത്തളങ്ങളിൽ എന്നെന്നേക്കുമായി തുടരും. 

 

click me!