"ഇതൊരു സാധാരണ രോഗമല്ല, സൂക്ഷിക്കണം..." എന്ന് കൊറോണാവൈറസിനെപ്പറ്റി ചൈനക്കാർക്ക് ഏറ്റവും ആദ്യമായി മുന്നറിയിപ്പുനൽകിയത് ഡോ.ലീ വെൻ ലിയാങ്ങ് ആയിരുന്നു. കഴിഞ്ഞ വ്യാഴാഴ്‌ച അദ്ദേഹത്തിന്റെ ജീവൻ അതേ വൈറസ് ബാധയാലുണ്ടായ അസുഖം തന്നെ കവർന്നെടുത്തതോടെ, അദ്ദേഹം ഉയർത്തപ്പെട്ടത് അഭിപ്രായ സ്വാതന്ത്ര്യത്തിനുവേണ്ടി ജീവൻ ബലികഴിച്ചവരുടെ ഗണത്തിലേക്കാണ്. അതിനൊരു കാരണമുണ്ട്. ഇങ്ങനെയൊരു അസുഖമുണ്ടെന്ന് റിപ്പോർട്ട് ചെയ്ത ഡോ. ലീ -യെ കസ്റ്റഡിയിലെടുത്ത് വിരട്ടുകയാണ് രാജ്യത്തെ പൊലീസ് ആദ്യം തന്നെ ചെയ്തത്. ഇനി ഇതുപോലെ അഭ്യൂഹങ്ങൾ പറഞ്ഞുപരത്തിയാൽ പിടിച്ച് അകത്തിടുമെന്നു ഭീഷണി മുഴക്കുകയും. ഒടുവിലെന്തായി? ഡോ. ലീ മുന്നറിയിപ്പുനല്കിയിരുന്ന പോലെ, ഒരു സാധാരണ ന്യൂമോണിയയിൽ ഒതുങ്ങാതെ  അതൊരു മാരക പകർച്ചവ്യാധിയായി മാറുകയും, നൂറുകണക്കിന് പേരുടെ ജീവനെടുക്കുകയും ചെയ്തു. അവസാനം അസുഖത്തെ തുരത്താനുള്ള ശ്രമങ്ങളിലേർപ്പെട്ട അദ്ദേഹത്തെയും ആ വൈറസ് ബാധിച്ചു. അസുഖം മൂർച്ഛിച്ച് അദ്ദേഹം ഗുരുതരാവസ്ഥയിൽ ആവുകയും ചെയ്തു.  

കഴിഞ്ഞ വ്യാഴാഴ്ച രാത്രിയോടെ  ഡോ.ലീ വെൻ ലിയാങ്ങിന്റെ ഹൃദയം അവസാനമായി ഒന്ന് മിടിച്ചു. അദ്ദേഹത്തിന്റെ ശ്വാസകോശത്തിലേക്ക് പ്രാണവായു, ഏറെ പണിപ്പെട്ടെങ്കിലും അവസാനമായി ഒരു സന്ദർശനം കൂടി നടത്തി. അതിനുശേഷം എല്ലാം നിലച്ചു. അദ്ദേഹത്തിന്റെ ശരീരം തണുത്തുവിറങ്ങലിച്ച് അദ്ദേഹം പ്രാക്ടീസ് ചെയ്തുകൊണ്ടിരുന്ന വുഹാൻ സെൻട്രൽ ഹോസ്പിറ്റലിന്റെ മോർച്ചറിയിൽ തന്നെ വിശ്രമിച്ചു. കുടുംബത്തിന് ഏറെ പ്രതീക്ഷകളുണ്ടായിരുന്നു ഡോ. ലീ എന്ന മിടുക്കനായ ഭിഷഗ്വരനിൽ. വെറും മുപ്പത്തിനാലാം വയസ്സിൽ, പലരും തങ്ങളുടെ കുടുംബ ജീവിതങ്ങളിലേക്ക് കാലെടുത്തുവെക്കുന്ന സമയത്ത്, കൊറോണാവൈറസ് എന്ന മാരകമായ പകർച്ചവ്യാധി ആ പ്രതീക്ഷകളെ തച്ചുതകർത്തു. കഴിഞ്ഞ ഡിസംബറിൽ നാടുമുഴുവൻ അജ്ഞാതമായ ഒരു അസുഖം പടർന്നുപിടിച്ചപ്പോൾ അതേപ്പറ്റി വിലയേറിയ നിരീക്ഷണങ്ങൾ നടത്തിയ ഡോക്ടർമാരിൽ ഒരാൾ ലീ ആയിരുന്നു. ആ നിരീക്ഷണങ്ങളാണ് പിന്നീട് ഇതൊരു പൊതുവായ പകർച്ചവ്യാധിയാണെന്നും അസുഖം ബാധിച്ചവരെ ക്വാറന്റൈൻ ചെയ്തുകൊണ്ട് അസുഖത്തെ പടരാതെ നോക്കേണ്ടതുണ്ടെന്നുമൊക്കെ ഭരണകർത്താക്കൾക്ക് ബോധ്യം പകര്‍ന്നത്. 

കൊറോണാ വൈറസിനെതിരായ പ്രവർത്തനങ്ങൾ ഡോ. ലീയെ ചൈനയിൽ ഏറെ പ്രശസ്തനാക്കിയിരുന്നതുകൊണ്ടാവും, മരിച്ചു കഴിഞ്ഞിട്ടും മൂന്നു മണിക്കൂറോളം നേരം ഡോക്ടർമാർ അദ്ദേഹത്തിന്റെ ഹൃദയത്തെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങളിൽ മുഴുകിയത്. എന്നാൽ ആ ശ്രമങ്ങൾക്കൊന്നും അദ്ദേഹത്തെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനായില്ല. അസുഖത്തോടു പോരാടാനുള്ള തന്റെ പ്രവർത്തനങ്ങൾ പാതിവഴി ഉപേക്ഷിച്ചിട്ട് ഇനിയൊരു മടങ്ങിവരവില്ലാത്ത ഒരിടത്തേക്ക് ഡോ. ലീ പോയി. ആ മൂന്നുമണിക്കൂർ നേരത്തെ ശ്രമം മുകളിൽ നിന്നുള്ള ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ഉത്തരവുകൾ അനുസരിച്ചു കൂടിയായിരുന്നു. കാരണം, ഡോ. ലീ എന്ന വ്യക്തി കൊറോണാ ബാധയുമായി ബന്ധപ്പെട്ട ജനഹൃദയങ്ങളിൽ അത്രകണ്ട് പ്രിയങ്കരനായിക്കഴിഞ്ഞിരുന്നു. അദ്ദേഹത്തെ രക്ഷിക്കാൻ ഗവൺമെന്റ് കഴിവിന്റെ പരമാവധി ചെയ്തു എന്ന് സ്ഥാപിക്കേണ്ടത് ആ സാഹചര്യത്തിന്റെ ആവശ്യമായിരുന്നു. അദ്ദേഹം കൊറോണാ വൈറസ് ബാധയുടെ ഒരു ഇര എന്ന തരത്തിൽ മാത്രമല്ല ഇന്ന് പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയിൽ അറിയപ്പെടുന്നത്, അഭിപ്രായ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പോരാട്ടത്തിൽ രക്തസാക്ഷിത്വം വരിച്ച ധീരനായൊരു പോരാളി എന്ന നിലയ്ക്ക് കൂടിയാണ്. 

 


 

ചൈനയിൽ നിലവിലുള്ള ഒരേയൊരു രാഷ്ട്രീയ പാർട്ടിയാണ് കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈന. അതല്ലാതെ ഒരു പാർട്ടിക്കും അവിടെ പ്രവർത്തിക്കാൻ സ്വാതന്ത്ര്യമില്ല. രാജ്യത്തെ ആകെ ബാധിക്കുന്ന കൊറോണ പോലൊരു മഹാവ്യാധിയുടെ വിഷയത്തിൽ പോലും സർക്കാർ സംവിധാനങ്ങൾ എവിടെയെങ്കിലും കെടുകാര്യസ്ഥതയോ അലംഭാവമോ ഉദാസീനതയോ കാണിച്ചാൽ പോലും അതേപ്പറ്റി ഒരു വാക്ക് പരസ്യമായി മിണ്ടാൻ ചങ്കിലെ ചൈനയിൽ ആർക്കും അനുവാദമില്ല. പ്രതിഭയും, മനുഷ്യപ്പറ്റും, ഹൃദയവിശാലതയും, നട്ടെല്ലുമുള്ള ധീരന്മാർ എന്നും ചൈനയിലെ ഗവൺമെന്റിന്റെ ഉരുക്കുമുഷ്ടിയിൽ അമർന്ന് ഞെരിഞ്ഞു മരിച്ചിട്ടേയുള്ളൂ. ഭരണകൂടത്തെ വിമർശിക്കുന്നവരെ തത്സമയം മരണം തേടിവന്നില്ലെങ്കിൽ പോലും, അധികം താമസിയാതെ തന്നെ പൊതുസമൂഹത്തിൽ നിന്ന് അവർ എന്നെന്നേക്കുമായി 'പർജ്' അഥവാ നിഷ്കാസനം ചെയ്യപ്പെടും. ആ വിമതസ്വരങ്ങളെ അടിച്ചമർത്തി, നിശബ്ദമാക്കി അതിനു മുകളിലേക്ക് പാർട്ടിയുടെ ഔദ്യോഗികസ്വരം ഉയർന്നുകേൾക്കാൻ തുടങ്ങിയാൽ മനസിലാക്കാം, സ്ഥിതിഗതികൾ നിയന്ത്രണാധീനമാക്കപ്പെട്ടു, ക്രമസമാധാനനില പുനഃസ്ഥാപിക്കപ്പെട്ടു എന്ന്.

കഴിഞ്ഞ ഡിസംബറില്‍, ഈ അസുഖത്തിന് കൊറോണാവൈറസ് ബാധ എന്ന ഔദ്യോഗികമായ വിളിപ്പേരൊക്കെ കിട്ടും മുമ്പ്, ഡോ. ലീ തന്റെ മെഡിക്കൽ സ്‌കൂൾ പൂർവ വിദ്യാർത്ഥി ഗ്രൂപ്പിലേക്ക് ഒരു സംഭ്രമജനകമായ സന്ദേശം അയച്ചുവിട്ടു. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി രോഗികളെ പരിശോധിച്ചതിൽ നിന്ന് അദ്ദേഹത്തിന് വെളിപ്പെട്ട ഒരു സത്യമായിരുന്നു അദ്ദേഹം അവിടെ നഗരത്തിലെ മറ്റു പ്രസിദ്ധ ഡോക്ടർമാർക്കിടയിൽ പരസ്യമാക്കിയത്. 2003 -ൽ ചൈനയിൽ പടർന്നുപിടിച്ച് ലോകമെമ്പാടുമായി ഏതാണ്ട് എണ്ണൂറോളം രോഗികളുടെ മരണത്തിനു കാരണമായ സാർസ് എന്ന അസുഖം ഇതാ മറ്റൊരു രൂപത്തിൽ നേരിയ ലക്ഷണ വ്യത്യാസങ്ങളോടെ തിരിച്ചു വന്നിരിക്കുന്നു. ആ ദിവസങ്ങളിൽ ഡോ. ലീ ചികിത്സിച്ചുകൊണ്ടിരുന്നത് വുഹാനിലെ ഒരു ഇറച്ചിച്ചന്തയിൽ നിന്നുള്ള ഒരുപറ്റം രോഗികളെയാണ്. അവർക്കൊക്കെ ഉണ്ടായിരുന്നത് സമാനമായ രോഗലക്ഷണങ്ങൾ. പലരും ചികിത്സക്കിടെ മരിക്കുകയും, മറ്റുള്ളവർക്കും അതേ വിധി തന്നെയാകും എന്നു തോന്നുകയും ചെയ്തതോടെയാണ് സംഭവം തന്റെ പിടിയിൽ നിൽക്കില്ല എന്ന ബോധ്യത്തോടെ ഡോ. ലീ ഈ വിഷയത്തെപ്പറ്റി ഒരു മുന്നറിയിപ്പ് പുറപ്പെടുവിക്കാൻ തീരുമാനിക്കുന്നത്. 
 


 

അടുത്തുണ്ടായ നടപടി ഏറെ വിചിത്രമായ ഒന്നായിരുന്നു. അടുത്തദിവസം രാവിലെ തന്നെ ഡോ. ലീ അറസ്റ്റുചെയ്യപ്പെട്ടു. അദ്ദേഹത്തിനുമേൽ ചുമത്തപ്പെട്ട കുറ്റമെന്തെന്നോ? 'അഭ്യൂഹങ്ങൾ പറഞ്ഞുപരത്തി'. അദ്ദേഹത്തെ കസ്റ്റഡിയിലെടുത്ത് ചട്ടപ്പടി ഉപദേശിച്ച പൊലീസ് അദ്ദേഹത്തോട് പറഞ്ഞതിങ്ങനെ, "നല്ല ബോധ്യത്തോടെ മാത്രം എന്തെങ്കിലും പറയാൻ വാ തുറക്കുക. ഇത് നിങ്ങൾക്കുള്ള അവസാനത്തെ മുന്നറിയിപ്പാണ്. ഇനിയും നിങ്ങളുടെ ധാർഷ്ട്യം നിങ്ങൾ അവസാനിപ്പിച്ചില്ലെന്നുണ്ടെങ്കിൽ, പശ്ചാത്തപിച്ചില്ലെന്നുണ്ടെങ്കിൽ, നിയമവിരുദ്ധമായ ഇത്തരം പ്രവർത്തനങ്ങൾ തുടർന്നാൽ, നിയമം അനുശാസിക്കുന്ന ശിക്ഷ നിങ്ങളെ തേടിയെത്തും." 

ഇങ്ങനെ മാരകമായ ഒരു പകർച്ചവ്യാധി വുഹാനിലും പരിസരങ്ങളിലും വന്നുപെട്ടിട്ടുണ്ട് എന്ന ഡോ. ലീ അടക്കമുള്ള പത്തോളം ഡോക്ടർമാരുടെ മുന്നറിയിപ്പുകൾ അവഗണിച്ചതും, അവർക്കെതിരെ വ്യാജവാർത്ത പ്രചരിപ്പിച്ചു എന്നാരോപിച്ചുകൊണ്ട്‌ കേസെടുത്തതും ഒക്കെയാണ് ഇന്ന് കാണുന്നത്ര വലിയ തോതിൽ ലോകവ്യാപകമായി കൊറോണാവൈറസ് പടർന്നു പിടിക്കാനുള്ള ഒരു കാരണം. ലക്ഷക്കണക്കിന് പേർ നിത്യം വന്നുപോകുന്ന വുഹാനിൽ ഡോ. ലീ മുന്നറിയിപ്പ് നൽകിയ അന്നുതൊട്ടെങ്കിലും വേണ്ട നടപടികൾ കൈക്കൊണ്ടിരുന്നു എങ്കിൽ മരണസംഖ്യ എത്രയോ കുറഞ്ഞിരുന്നേനെ. 

ലോകത്തിലെ മറ്റുരാജ്യങ്ങൾ പോലെയല്ല ചൈന. ഇവിടെ നമ്മൾ ഉപയോഗിക്കുന്നത് ഫേസ്ബുക്കും വാട്ട്സാപ്പും ട്വിറ്ററും യൂട്യൂബും ഒക്കെയാണെങ്കിൽ ചൈനയ്ക്ക് അത് റെൻറെനും, വീചാറ്റും, വീബോയും, യൂക്കൂടോക്കുവും ഒക്കെയാണ്. അക്കൂട്ടത്തിൽ ഏറ്റവും ജനപ്രിയമായ വീ ചാറ്റിൽ, ഡോ. ലീ മരിച്ച വ്യാഴാഴ്ച ഏതാണ്ട് എല്ലാവരും ഇട്ട പോസ്റ്റ്, അദ്ദേഹത്തെ സ്മരിച്ചുകൊണ്ടുള്ളതായിരുന്നു. അദ്ദേഹത്തിന് നന്ദി പറഞ്ഞുകൊണ്ടുള്ളതായിരുന്നു. ഡോ. ലീ -ക്ക് അനുകൂലമായ സഹതാപതരംഗം സാമൂഹ്യമാധ്യമങ്ങളിൽ ഉടലെടുക്കുന്നു എന്നറിഞ്ഞതോടെ ഗവൺമെന്റിന്റെ സെൻസർഷിപ്പ് ഉത്തരവും പിന്നാലെ വന്നു. ഭരണകൂടത്തോടുള്ള പ്രതിബദ്ധത പ്രതിഫലിക്കുന്ന രീതിയിലല്ലാതെ പോസ്റ്റുകൾ ഇടുകയോ, ലൈക്ക് ചെയ്യുകയോ, ഷെയർ ചെയ്യുകയോ, കമന്റ് ചെയ്യുകയോ ഒക്കെ ചെയ്‌താൽ അറസ്റ്റുചെയ്യപ്പെട്ടേക്കാം എന്നതരത്തിലുള്ള തുറന്ന ഭീഷണികളായിരുന്നു ആ സെൻസർഷിപ്പ് നോട്ടീസുകൾ. എന്നാൽ, വെള്ളിയാഴ്ച പകലോടെ, ആ സെൻസർഷിപ്പ് ഇണ്ടാസുകളെ ഏറെക്കുറെ അവഗണിക്കുന്ന രീതിയിലുള്ള പോസ്റ്റുകൾ ധാരാളമായി സോഷ്യൽ മീഡിയയിൽ വന്നു. ഒരു കവിത അക്കൂട്ടത്തിൽ വല്ലാതെ പങ്കുവെക്കപ്പെട്ടു. അതിന്റെ വരികൾ ഇങ്ങനെയായിരുന്നു. "ഇരുട്ടിൽ മറ്റുള്ളവർക്കായി ചൂട്ടുപിടിക്കുന്നവരാണ്, എന്നും തണുത്ത് വിറങ്ങലിച്ച് മരിച്ചിട്ടുള്ളത്..." 

തങ്ങളുടെ പ്രിയ ഡോക്ടർ ലീയുടെ മരണത്തിന്റെ കാര്യത്തിൽ സർക്കാർ കാണിച്ച നെറികേടോർത്ത് ചൈനയിലെ ജനങ്ങൾക്കിടയിൽ അമർഷം പുകയുകയാണ്. എന്നാൽ, അവിടത്തെ രാഷ്ട്രീയ സാഹചര്യം വെച്ച് ഒരു വാക്ക് മിണ്ടാനോ, എഴുതാനോ നിവൃത്തിയില്ല. അങ്ങനെ ചെയ്താൽ കഴുത്തിന് മീതെ തല കാണില്ല. അത്ര തന്നെ. ഇങ്ങനെയുള്ള കാഴ്ചകൾ കണ്ടുകണ്ട് മരവിച്ചിരിക്കുകയാണ് ചൈനീസ് ജനതയുടെ മനസ്സാക്ഷി. അവർക്ക് മനസ്സുമടുത്തിട്ടുണ്ട്. ട്വിറ്ററിന് സമാനമായി ചൈനയിലുള്ള മൈക്രോബ്ലോഗ്ഗിങ് സൈറ്റാണ് വീബോ എന്നത്. അതിൽ ഡോ. ലീയുടെ മരണവാർത്ത ലോകമറിഞ്ഞ ശേഷം രണ്ടു ഹാഷ്ടാഗുകൾ ഏറെ വൈറലായി. ഒന്ന്, ഡോക്ടറോട് കാണിച്ച നന്ദികേടിന്റെ പേരിൽ ഭരണാധികാരികൾ നിരുപാധികം മാപ്പുപറയണം എന്ന ആവശ്യം ഉന്നയിച്ചുകൊണ്ടുള്ളത്. രണ്ട്, "ഞങ്ങൾക്ക് അഭിപ്രായസ്വാതന്ത്ര്യം വേണം" എന്ന് പ്രഖ്യാപിച്ചുകൊണ്ടുളത്. രണ്ടു വിഷയങ്ങളും ലക്ഷക്കണക്കിന് പ്രാവശ്യം ഈ പ്ലാറ്റ്‍ഫോമിൽ പരാമർശവിധേയമായി. എന്നാൽ കമ്യൂണിസ്റ്റ് പാർട്ടി സെൻസർഷിപ്പ് സംവിധാനങ്ങൾ ഉടനടി ഈ രണ്ടു ഹാഷ്ടാഗുകളും വീബോയിൽ നിരോധിച്ചു. രണ്ടും മണിക്കൂറുകൾക്കകം നീക്കം ചെയ്യപ്പെട്ടു എങ്കിലും, അപ്പോഴേക്കും "ഞങ്ങൾക്ക് അഭിപ്രായസ്വാതന്ത്ര്യം വേണം" എന്നുള്ള ഹാഷ്ടാഗ് മുപ്പതുലക്ഷം പേർ പങ്കിട്ടുകഴിഞ്ഞിരുന്നു. 

രോഗികളുമായി നിരന്തരം സമ്പർക്കത്തിൽ ഏർപ്പെടുന്ന ചൈനയിലെ സർക്കാർ ഡോക്ടർമാരിൽ പലർക്കും ഇതിനകം കൊറോണാവൈറസ് ബാധ ഏറ്റുകഴിഞ്ഞു. എന്നാൽ, അവരിൽ പലർക്കും സമയബന്ധിതമായി കൃത്യമായ ചികിത്സ കിട്ടിയിട്ടില്ല. കാരണം, അവരും ചെന്ന് ചേരേണ്ടത് ചികിത്സയ്ക്കായി കാത്തുകെട്ടിക്കിടക്കുന്നവരുടെ ക്യൂവിന്റെ പിന്നറ്റത്താണ്. ചൈനയിലെ ആരോഗ്യസംരക്ഷണ സംവിധാനത്തിന് കൈകാര്യം ചെയ്യാവുന്നതിൽ അധികമാണ് അവിടത്തെ കൊറോണാ ബാധിതരുടെ എണ്ണം.  

അനുദിനം വഷളായിക്കൊണ്ടിരിക്കുക്ക തന്റെ ആരോഗ്യത്തെപ്പറ്റി ഡോ. ലീ'ക്ക് കൃത്യമായ ധാരണയുണ്ടായിരുന്നു എന്നുവേണം കരുതാൻ. അതുകൊണ്ടാവും, ചൈനീസ് പ്രസിദ്ധീകരണമായ കൈക്സിന്(Claixin) നൽകിയ അഭിമുഖത്തിൽ അദ്ദേഹം ഇങ്ങനെ പറഞ്ഞത്, "ആരോഗ്യകരമായ ഒരു സമൂഹത്തിൽ നിന്ന്, കേവലം ഒരു ശബ്ദം മാത്രം എന്നും ഉയർന്നു കേട്ടാൽ പോരാ..!". സാധാരണഗതിയിൽ ചൈനയിലെ രാഷ്ട്രീയ സാഹചര്യം വെച്ച് ജീവനിൽ കൊതിയുള്ള ഒരു പൗരന് ഇങ്ങനെ ഒരു അഭിപ്രായം പറയാനുള്ള ധൈര്യമുണ്ടാവില്ല. എന്നാൽ, മരണം ആസന്നമാണ് എന്നുറപ്പിച്ചിരിക്കുന്ന ഡോ. ലീ'ക്ക് മറ്റെന്തു ഭയം..?