
അമേരിക്കൻ യൂട്യൂബറും ടിക് ടോക്ക് ഇൻഫ്ലുവൻസറുമായ കാസ് സോയർ അടുത്തിടെ ടിക്ടോക്കിൽ ഒരു വീഡിയോ ഷെയർ ചെയ്തിരുന്നു. സിംഗപ്പൂരിലെ മറീന ബേ സാൻഡ്സ് ഹോട്ടലിലെ ഇൻഫിനിറ്റി പൂളിലേക്ക് നുഴഞ്ഞുകയറിയതിന്റെ വീഡിയോയിരുന്നു ഇത്. അനുമതിയില്ലാതെ എങ്ങനെ പൂളിലേക്ക് കയറിയെന്ന് കാണിക്കുന്ന വീഡിയോയാണ് സോയർ ഷെയർ ചെയ്തത്. എന്നാൽ, വീഡിയോ വൈറലായതിനെത്തുടർന്ന് തനിക്ക് വധഭീഷണി ഉണ്ടെന്നാണ് ഇപ്പോൾ സോയർ ആരോപിക്കുന്നത്. വീഡിയോ ഷെയർ ചെയ്തപ്പോൾ തന്നെ ഇതിനെതിരെ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു. ഇങ്ങനെ അതിക്രമിച്ച് കടക്കുന്നത് ശരിയല്ലെന്നും ഇത് തെറ്റാണ് എന്നും പറഞ്ഞായിരുന്നു വിമർശനങ്ങൾ.
പിന്നീട്, താൻ ചെയ്തതിൽ ഖേദിക്കുന്നു എന്നും പറഞ്ഞ് മറ്റൊരു വീഡിയോ കൂടി സോയർ ഷെയർ ചെയ്തു. അതേസമയം തന്നെ ഇൻഫിനിറ്റി പൂളിലേക്ക് താൻ അനുമതിയില്ലാതെയാണോ പ്രവേശിച്ചത് അതോ ഇത് മനപ്പൂർവ്വം ചെയ്തതാണോ, സോയർ ഈ ഹോട്ടലിലെ താമസക്കാരൻ തന്നെ ആയിരുന്നോ തുടങ്ങി ഒരുപാട് സംശയങ്ങൾ സോഷ്യൽ മീഡിയയിൽ ആളുകൾ ഉന്നയിച്ചിരുന്നു. ഇതിനൊന്നും തന്നെ സോയർ വിശദീകരണം നൽകിയിട്ടില്ല.
ഒക്ടോബർ 19 -നാണ് ആഡംബര ഹോട്ടലിലെ ഇൻഫിനിറ്റി പൂളിൽ കുളിക്കുന്നത് കാണിക്കുന്ന ഒരു വീഡിയോ സോയർ പങ്കുവെച്ചത്. എന്നാൽ, വീഡിയോയിൽ, ശരിയായ അനുമതിയില്ലാതെ താൻ ആ പ്രദേശത്തേക്ക് നുഴഞ്ഞുകയറിയതാണ് എന്നും ഇയാൾ അവകാശപ്പെട്ടിരുന്നു. അതോടെയാണ് സോഷ്യൽ മീഡിയയിൽ വലിയ വിമർശനങ്ങൾ ഉയർന്നത്. അനുമതിയില്ലാതെ ഇങ്ങനെ ചെയ്യുന്നത് ക്രിമിനൽ കുറ്റമാണ് എന്നും പലരും അഭിപ്രായപ്പെട്ടു. പിന്നാലെയാണ് ഖേദപ്രകടനം നടത്തിക്കൊണ്ടുള്ള വീഡിയോ ഇയാൾ ഷെയർ ചെയ്തത്.
എന്നാൽ, ഇപ്പോൾ സോയർ പറയുന്നത് ഈ വീഡിയോയുടെ പേരിൽ തനിക്ക് വധഭീഷണി വരുന്നുണ്ട് എന്നാണ്. ഹോട്ടലിൽ താമസിക്കുന്ന അതിഥികൾക്ക് ഈ പൂൾ ഉപയോഗിക്കാമെന്നും യുവാവ് പറയുന്നു. എന്നാൽ, ഇയാൾ അവിടെ താമസിക്കുന്നയാളാണോ എന്ന കാര്യത്തിൽ വിശദീകരണം നൽകിയിട്ടില്ല. ജയിലിൽ അടക്കും, വധിക്കും എന്നൊക്കെ പറഞ്ഞ് ആളുകൾ തന്നെ ഭീഷണിപ്പെടുത്തുകയാണ് എന്നാണ് യുവാവ് പറയുന്നത്. അതേസമയം, അനുമതിയില്ലാതെ ഒരാൾക്കും ഇൻഫിനിറ്റി പൂളിലേക്ക് പ്രവേശിക്കാനാവില്ല എന്നാണ് ഹോട്ടൽ പറയുന്നത്.