
കൗതുകം കൊള്ളിക്കുന്ന നിരവധി വീഡിയോകളാണ് ഓരോ ദിനവും സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. ചില വീഡിയോ ഒക്കെ കാണുമ്പോൾ ഈ ലോകത്ത് ഇങ്ങനെയൊക്കെ നടക്കുമോ എന്ന് നാം ചിന്തിച്ച് പോകും. അതുപോലെ ഒരു വീഡിയോയാണ് ഇതും. പാമ്പുകളെ പേടിയില്ലാത്ത ആളുകൾ ചുരുക്കമായിരിക്കും. ചില മനുഷ്യർക്കാണെങ്കിൽ പാമ്പിന്റെ ചിത്രം കണ്ടാൽ പോലും പേടിയാണ്. അത്തരക്കാർക്ക് കാണാൻ പറ്റിയ ഒരു വീഡിയോ അല്ല ഇത്.
ഒരു കുഞ്ഞുകുട്ടി പെരുമ്പാമ്പിനെ കെട്ടിപ്പിടിക്കുന്നതും അതിനൊപ്പം കളിക്കുന്നതുമാണ് വീഡിയോ. ഇന്ന് പലയിടങ്ങളിലും ആളുകൾ പെരുമ്പാമ്പുകളെ പെറ്റുകളായി വളർത്താറുണ്ട്. അതുമായി ബന്ധപ്പെട്ട പല വീഡിയോകളും ഇന്ന് സാമൂഹിക മാധ്യമങ്ങളിൽ കാണാം. ഇതും അത്തരത്തിൽ ഒരു വീഡിയോ ആണെന്നാണ് കാണുമ്പോൾ തോന്നുന്നത്.
വീഡിയോയിൽ രണ്ടോ മൂന്നോ വയസ് പ്രായം തോന്നുന്ന കുട്ടി പെരുമ്പാമ്പിനരികിലായി ഇരിക്കയാണ്. പിന്നീട് പെരുമ്പാമ്പ് ഇഴഞ്ഞ് നീങ്ങുമ്പോൾ കുട്ടിയും കൂടെ നീങ്ങുന്നത് കാണാം. ഒരു ഭയവും കൂടാതെയാണ് കുട്ടി കൂറ്റൻ പാമ്പുമായി ഇടപഴകുന്നത്. പെരുമ്പിനൊപ്പം പോവുക മാത്രമല്ല, അതിന്റെ തല പിടിക്കുന്നതും അത് കുട്ടി ദേഹത്തോട് ചേർക്കുന്നതും എല്ലാം വീഡിയോയിൽ കാണാം.
കുറച്ച് വർഷങ്ങൾക്ക് മുമ്പ് ട്വിറ്ററിൽ ഷെയർ ചെയ്ത വീഡിയോ ഇപ്പോൾ വീണ്ടും സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. വീഡിയോയ്ക്ക് കമന്റിട്ട മിക്കവരും ഇത് അവിശ്വസനീയമായ കാഴ്ചയാണ് എന്നാണ് പറഞ്ഞത്. ഇത്ര ചെറിയ ഒരു കുട്ടി എങ്ങനെയാണ് ഇത്ര വലിയ ഒരു പാമ്പിനൊപ്പം കളിക്കുന്നത്, അതിന്റെ അടുത്ത ഭക്ഷണം ആ കുട്ടിയാവാനാണ് സാധ്യത എന്നാണ് പലരും കുറിച്ചത്. അതുപോലെ അനേകം പേരാണ് പാമ്പുമായി ഇടപഴകുമ്പോഴുള്ള അപകടത്തെ കുറിച്ച് കമന്റ് നൽകിയിരിക്കുന്നത്.