
ഉത്തര കൊറിയയിൽ ആത്മഹത്യ നിരക്കിൽ അടുത്ത കാലത്തായി വലിയ വര്‍ദ്ധവ് ഉണ്ടായതിനെ തുടർന്ന് രാജ്യത്ത് ആത്മഹത്യ നിരോധിച്ച് കൊണ്ട് ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ രഹസ്യ ഉത്തരവ് പുറപ്പെടുവിച്ചതായി റേഡിയോ ഫ്രീ ഏഷ്യയോട് സംസാരിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ആത്മഹത്യയെ “സോഷ്യലിസത്തിനെതിരായ ദ്രോഹം” എന്നാണ് കിം ജോങ് ഉന്‍ വിശേഷിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകൾ. ഇതിന് പിന്നാലെ ആത്മഹത്യ തടയുന്നതിനായി പ്രാദേശിക ഭരണകൂടങ്ങള്‍ മുന്‍കൂട്ടി നടപടികള്‍ സ്വീകരിക്കണമെന്നും കിം ജോങ് ഉന്‍ നിര്‍ദ്ദേശം നല്‍കി.
ഈ ഉത്തരവില്‍, ഓരോ പ്രദേശത്തുമുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ “ഉത്തരവാദിത്തത്തിന് വിധേയരാക്കപ്പെടും” എന്നും, അവരുടെ പ്രദേശങ്ങളില്‍ ആത്മഹത്യകള്‍ നടക്കാതിരിക്കാന്‍ പൂര്‍ണ്ണ ഉത്തരവാദിത്തം ഉദ്യോഗസ്ഥർ ഏറ്റെടുക്കണമെന്നും കിം ജോങ് ഉന്‍ ആജ്ഞാപിച്ചെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. രാജ്യത്തെ ആത്മഹത്യാ നിരക്കിന്‍റെ കണക്കുകള്‍ പുറത്തുവിട്ടിട്ടില്ലെങ്കിലും, ദക്ഷിണ കൊറിയയുടെ നാഷണല്‍ ഇൻറലിജന്‍സ് സര്‍വീസിന്‍റെ (NIS) റിപ്പോര്‍ട്ട് അനുസരിച്ച്, കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ആത്മഹത്യകളുടെ എണ്ണം ഏകദേശം 40 ശതമാനം വര്‍ദ്ധിച്ചിട്ടുണ്ടെന്ന് മേയ് മാസാവസാനത്തില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
“ജനങ്ങള്‍ അനുഭവിക്കുന്ന ദാരിദ്ര്യവും കഠിനമായ ജീവിതപ്രതിസന്ധികളും കാരണം ഉത്തര കൊറിയയില്‍ വളരെയധികം ആഭ്യന്തര അസ്ഥിരതകള്‍ ഉണ്ടാകുകയാണ്,” എന്ന് ദക്ഷിണ കൊറിയന്‍ ഇന്‍റലിജന്‍സ് സര്‍വീസിലെ ഒരു വക്താവ് വെളിപ്പെടുത്തിയെന്നും റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നു. അത്യാവശ്യ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ജനങ്ങള്‍ ഏറെ കഷ്ടപ്പെടുന്ന സാഹചര്യത്തില്‍, ഉത്തര കൊറിയയില്‍ കുറ്റകൃത്യങ്ങളും ഉയരുന്നുവെന്നും ദക്ഷിണ കൊറിയന്‍ രഹസ്യാന്വേഷണ ഏജന്‍സി കൂട്ടിച്ചേർക്കുന്നു.
ഈ രഹസ്യ ആത്മഹത്യ നിരോധന ഉത്തരവ്, ഓരോ പ്രവിശ്യയിലെയും പാര്‍ട്ടി കമ്മിറ്റികളുടെ പ്രവിശ്യ, നഗരം, പ്രാദേശിക നേതാക്കള്‍ പങ്കെടുത്ത അടിയന്തര യോഗങ്ങളിലാണ് കൈമാറപ്പെട്ടതെന്ന് വടക്കുകിഴക്കന്‍ പ്രവിശ്യയായ നോര്‍ത്ത് ഹാംഗ്യോംഗിലെ ഒരു ഉദ്യോഗസ്ഥന്‍ റേഡിയോ ഫ്രീ ഏഷ്യയോട് പറഞ്ഞതായാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകൾ. ഈ വര്‍ഷം ചോംഗ്ജിന്‍ നഗരത്തിലും സമീപത്തെ ക്യൂംഗ്സോങ്ങ് കൗണ്ടിയിലും 35 ആത്മഹത്യാ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. അതില്‍ ഭൂരിഭാഗം സംഭവങ്ങളിലും കുടുംബാംഗങ്ങള്‍ ഒന്നിച്ച് ആത്മഹത്യ ചെയ്തതാണെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
യോഗത്തില്‍ പങ്കെടുത്തവര്‍ “രാജ്യത്തെയും സാമൂഹിക സംവിധാനത്തെയും വിമര്‍ശിച്ച ആത്മഹത്യാ കുറിപ്പുകളുടെ ഉള്ളടക്കം കേട്ടപ്പോള്‍ ഞെട്ടിപ്പോയി” എന്നും ആ ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേർത്തു.“ജനറല്‍ സെക്രട്ടറി ആത്മഹത്യാ പ്രതിരോധ നയം അംഗീകരിച്ചിട്ടും ഉദ്യോഗസ്ഥര്‍ക്ക് കാര്യമായ പരിഹാരം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു . ഭൂരിഭാഗം ആത്മഹത്യകളും ശക്തമായ ദാരിദ്ര്യവും വിശപ്പും തന്നെയാണ് കാരണം. അതിനാല്‍ ഇപ്പോള്‍ ഇതിന് ഒരു ഫലപ്രദമായ പ്രതിവിധി ആര്‍ക്കും കണ്ടെത്താന്‍ കഴിയുന്നില്ല.” എന്നും ഉദ്യോഗസ്ഥർ പറഞ്ഞതായാണ് റിപ്പോര്‍ട്ടുകൾ. അതേസമയം ഒരു പ്രവിശ്യയില്‍ ആത്മഹത്യാ നിരക്ക് കൂടുകയാണെങ്കില്‍ അത് ആ പ്രവിശ്യയിലെ ഉദ്യോഗസ്ഥർക്കെതിരെയുള്ള കടുത്ത നടപടിക്ക് കാരണമാകുമെന്നും മറ്റ് ചില റിപ്പോര്‍ട്ടുകൾ പറയുന്നു.