ഇന്ത്യയിൽ ആൾ ദൈവങ്ങൾക്ക് ഒരു പഞ്ഞവുമില്ല. അവരെ ചുറ്റിപ്പറ്റി ഇടയ്ക്കിടെ വിവാദങ്ങളും പൊട്ടിപ്പുറപ്പെടാറുണ്ട്. ഇപ്പോൾ സ്വാമി നിത്യാനന്ദയാണ് വിവാദത്തിലെങ്കിൽ, അല്പം മുമ്പ് ഗുർമീത് റാം റഹീം ആയിരുന്നു. അതിനു മുമ്പ് ആസാറാം ബാപ്പു ആയിരുന്നു.  ഇന്ത്യയിലെ ഏറെ കുപ്രസിദ്ധരായ അഞ്ച് ആൾ ദൈവങ്ങളെപ്പറ്റിയുള്ള വിവരണങ്ങള്‍. 

1. സന്ത് ആസാറാം ബാപ്പു 

യഥാർത്ഥനാമം അസുമൽ സിരുമലാനി ഹർപലാനി. ഇന്ത്യയിലും വിദേശത്തുമായി 425 ആശ്രമങ്ങൾ. 50 -ലേറെ ഗുരുകുലങ്ങൾ. ഇപ്പോൾ സുഖവിശ്രമം ജോധ്പുർ സെൻട്രൽ ജയിലിൽ. പതിനാറുവയസ്സുള്ള ഒരു ഭക്തയെ, ആ കുട്ടിയുടെ അമ്മയെ പുറത്ത് കാത്തുനിർത്തിച്ചുകൊണ്ട് ബലാത്സംഗം ചെയ്‌തു എന്ന കുറ്റത്തിന് ജീവപര്യന്തം തടവുശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കുകയാണ് ഒരു കാലത്ത് രണ്ടു കോടിയിൽപ്പരം അനുയായികളുണ്ടായിരുന്ന ഈ ആൾദൈവം. ബലാത്സംഗക്കുറ്റത്തിന് പുറമെ നിരവധി കൊലപാതകക്കേസുകളും ആസാറാമിന്‌  മേൽ ചുമത്തപ്പെട്ടിട്ടുണ്ട്. 

2. ഗുർമീത് റാം റഹീം സിങ്ങ് 

ദേരാ സച്ചാ സൗദാ എന്ന ഒരു കൾട്ടിന്റെ ആരാധ്യപുരുഷനായിരുന്നു ഏറെക്കാലം ഗുർമീത്. നിരവധി ഗിന്നസ് റെക്കോർഡുകൾ സ്വന്തം പേരിൽ കുറിച്ചിട്ടുള ഒരു സന്നദ്ധ സംഘടനയായിരുന്നു ദേരാ സച്ചാ സൗദയുടെ മാനവിക മുഖം. മുംബൈയിലെ നിർമൽ ലൈഫ് സ്റ്റൈൽ മാളിൽ വെച്ച് ഗുർമീത്തിന്റെ അംഗരക്ഷകരിൽ ഒരാൾ നടത്തിയ വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെട്ട കേസാണ് ആദ്യമുണ്ടാകുന്ന വിവാദം. എന്നാൽ, ഈ കേസിൽ തെളിവുകളുടെ അഭാവത്തിൽ ആരും ശിക്ഷിക്കപ്പെടാതെ പോയി. ദേരാ ആശ്രമത്തിൽ നിരവധി അനുയായികൾക്കുമേൽ നടത്തിയ  ഷണ്ഡീകരണവും വിവാദമായിരുന്നു. സിബിഐ അന്വേഷണത്തിൽ ഗുർമീത്തിനുമേൽ ചുമത്തപ്പെട്ട ബലാത്സംഗ ആരോപണവും തെളിഞ്ഞിരുന്നു. ഈ കേസിലും, രാമചന്ദ്ര ഛത്രപതി എന്ന പത്രാധിപരെ വെടിവെച്ചുകൊന്ന കേസിലുമായി ജീവപര്യന്തം തടവ് ശിക്ഷ അനുഭവിച്ചുകൊണ്ട് റോത്തക്കിലെ സുനരിയാ ജയിലിൽ കഴിയുകയാണ് ഗുർമീത് ഇപ്പോൾ. 

ഗുർമീത് റാം റഹീം എന്ന ആൾദൈവം എന്തിനായിരുന്നു 'രാംചന്ദ്ര ഛത്രപതി'യെ വെടിവെച്ചുകൊന്നത് ?
 

3. സ്വാമി നിത്യാനന്ദ 

എ രാജശേഖരൻ എന്ന സ്വാമി നിത്യാനന്ദയുടെ പേര് ആദ്യമായി വിവാദങ്ങളുടെ നിഴലിൽ പെടുന്നത് സ്വാമിയുടെ  ധ്യാനപീഠം ആശ്രമത്തിൽ നിന്ന് പുറത്തുവന്ന ചില അശ്ലീല വീഡിയോകളുടെ പേരിലാണ്. സിനിമാ നടി രഞ്ജിതയായിരുന്നു സ്വാമിയോടൊപ്പം വീഡിയോയിൽ ഉണ്ടായിരുന്നത്. ഇരുവരും വീഡിയോ വ്യാജമാണ് എന്ന നിലപാട് സ്വീകരിച്ചെങ്കിലും, സൈബർ ഫോറൻസിക് പരിശോധനാ ഫലങ്ങൾ മറിച്ചായിരുന്നു. നിത്യാനന്ദസ്വാമിയുടെ ഏറ്റവും അടുത്ത ശിഷ്യയായിരുന്നു ആരതി റാവു. അഞ്ചുവർഷം നിത്യാനന്ദയോടൊപ്പം ചെലവിട്ടകാലത്ത് താൻ അനുഭവിച്ച പീഡനങ്ങളെപ്പറ്റി അവർ തുറന്നുപറഞ്ഞു. ഈ കാലയളവിൽ സ്വാമി നിത്യാനന്ദ തന്നെ പലവട്ടം ബലാത്സംഗം ചെയ്തു എന്ന് ആരതി പറഞ്ഞു. ആരോടെങ്കിലും അതേപ്പറ്റി പറഞ്ഞാൽ കൊന്നുകളയും എന്നായിരുന്നു സ്വാമിയുടെ ഭീഷണി. സ്വാമി തന്നെ നിരന്തരം മർദ്ദിച്ചിരുന്നതായും ആരതി റാവു അന്ന് ആരോപിച്ചിരുന്നു. ആശ്രമവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്യപ്പെട്ട ഒരു ക്രിമിനൽ കേസിൽ, ഗുജറാത്ത് പൊലീസ് ഇപ്പോൾ വീണ്ടും നിത്യാനന്ദയെ തേടിക്കൊണ്ടിരിക്കയാണ്. അതിനിടെ  സ്വാമി വിദേശത്തേക്ക് കടന്നിരിക്കുന്നു എന്ന വിവരവും പൊലീസിന് കിട്ടിയിട്ടുണ്ട്. 

കുണ്ഡലിനി, മൂന്നാം കണ്ണ്, താന്ത്രിക് സെക്സ്; സ്വാമി നിത്യാനന്ദയുടെ നിഗൂഢജീവിതം

4 . സ്വാമി പ്രേമാനന്ദ 

സ്വാമി പ്രേമാനന്ദ എന്ന പ്രേം കുമാറിന്റെ വംശീയ വേരുകൾ ശ്രീലങ്കയിലാണ്. അവിടെ നടന്ന ആഭ്യന്തരകലാപത്തിൽ തമിഴ് വംശജർ ആക്രമിക്കപ്പെട്ടപ്പോൾ, നാടുവിട്ടോടി ഇന്ത്യയിലേക്ക് ചേക്കേറിയതാണ് പ്രേമാനന്ദ സ്വാമികളും, ഒപ്പം കുറെ അനുയായികളും. തിരുച്ചിറപ്പള്ളിയിലെ വാടകക്കെട്ടിടത്തിലായിരുന്നു ആദ്യത്തെ ആശ്രമം. പിന്നീട് 1989 -ൽ ഫാത്തിമാനഗറിലെ 150 ഏക്കറിലേക്ക് ആശ്രമം പറിച്ചുനട്ടു. അവിടെ നിരവധി അനാഥക്കുട്ടികൾക്കും സ്വാമി അഭയമേകിയിരുന്നു അന്ന്.  ആശ്രമത്തിന്റെ പേരിലുള്ള ട്രസ്റ്റിലേക്ക് വിദേശത്തുനിന്നും സ്വദേശത്തുനിന്നുമായി ഒഴുകിയെത്തിയത് കോടികളായിരുന്നു. 

1994 -ൽ പ്രേമാനന്ദയുടെ ആശ്രമത്തിലെ അന്തേവാസിയായിരുന്ന ഒരു യുവതി അവിടെ നിന്ന് രക്ഷപ്പെട്ടോടി, പുറത്തുവന്ന് സ്വാമിക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചപ്പോഴാണ് ആശ്രമത്തിലെ പ്രശ്നങ്ങൾ പുറംലോകമറിയുന്നത്. തന്നെ സ്വാമി നിരന്തരം ബലാത്സംഗം ചെയ്യുമായിരുന്നു എന്നും, താൻ ഗർഭിണിയാണ് എന്നും അവർ വെളിപ്പെടുത്തി. പുതുക്കോട്ട കോടതിയിൽ വെച്ച് നടന്ന വിചാരണയിൽ സ്വാമിക്കുവേണ്ടി ഹാജരായത് റാം ജേഠ്‌മലാനി അടക്കമുള്ള സുപ്രീം കോടതിയിലെ അതിപ്രഗത്ഭരായ അഭിഭാഷകരായിരുന്നു. ബലാത്സംഗമല്ല, നടന്നത് ഉഭയസമ്മതപ്രകാരമുള്ള ലൈംഗിക ബന്ധം മാത്രമായിരുന്നു എന്ന് റാം ജേഠ്‌മലാനി കോടതിയിൽ വാദിച്ചു. 1997 -ൽ 13  ബലാത്സംഗങ്ങൾ, രണ്ടു പെൺകുട്ടികൾക്കെതിരെ നടന്ന പീഡനശ്രമം, ഒരു കൊലപാതകം എന്നീ ആരോപണങ്ങളിൽ കുറ്റക്കാരനെന്നു കണ്ടെത്തി കോടതി പ്രേമാനന്ദയെ ജീവപര്യന്തം കഠിനതടവിന് ശിക്ഷിച്ചു. 2011 ഫെബ്രുവരിയിൽ കരൾ രോഗം ബാധിച്ച് സ്വാമി പ്രേമാനന്ദ മരണപ്പെടുകയും ചെയ്തു. അവസാനം വരേയ്ക്കും താൻ നിരപരാധിയാണ് എന്നുതന്നെയാണ് പ്രേമാനന്ദ പറഞ്ഞുകൊണ്ടിരുന്നത്. 

5. സ്വാമി അമൃത ചൈതന്യ 

സ്വയം പ്രഖ്യാപിത ആൾദൈവങ്ങളിലെ മലയാളി സാന്നിധ്യമായിരുന്നു സ്വാമി അമൃത ചൈതന്യ അഥവാ സന്തോഷ് മാധവൻ. നിരവധി വഞ്ചനാ കേസുകളിലും, ബലാത്സംഗക്കേസുകളിലും സ്വാമി പ്രതിചേർക്കപ്പെട്ട. പ്രായപൂർത്തിയാകാത്ത രണ്ടു പെൺകുട്ടികളെ ബലാത്സംഗം ചെയ്യുകയും അതിന്റെ വീഡിയോ ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിക്കുകയും ചെയ്ത കുറ്റത്തിന് ഇയാളെ കോടതി 16  വർഷത്തെ തടവിന് ശിക്ഷിച്ചിരുന്നു. ഒരു ഗൾഫ് മലയാളി സ്ത്രീയിൽ നിന്ന് 45  ലക്ഷം തട്ടിച്ചു എന്നൊരു കേസും സ്വാമിക്കെതിരെ ചാർജ്ജ് ചെയ്യപ്പെട്ടിരുന്നു. ശാന്തി തീരം എന്ന പേരിൽ കൊച്ചിക്കടുത്ത് ഒരു ആശ്രമം നടത്തുകയായിരുന്നു അറസ്റുചെയ്യപ്പെടുമ്പോൾ സ്വാമി അമൃതചൈതന്യ എന്ന സന്തോഷ് മാധവൻ.