നവംബർ 20 -ന്  നെറ്റ്ഫ്ലിക്സിൽ റിലീസായ ഒരു ഡോകുമെന്ററിയാണ് ബിക്രം, യോഗി, ഗുരു, ദ പ്രെഡേറ്റർ എന്നത്. ഈ ഡോകുമെന്ററിയിൽ പറയുന്നത് ഇന്ത്യയിൽ നിന്ന്, അമേരിക്കയിലേക്ക് കുടിയേറി സെലിബ്രിറ്റി യോഗാ ഗുരു എന്ന നിലയ്ക്ക് ലക്ഷക്കണക്കിന് ഡോളർ സമ്പാദിച്ച്, ഒടുവിൽ ബലാത്സംഗ ആരോപണങ്ങളിൽ വിചാരണ നേരിട്ടുകൊണ്ടിരിക്കുന്ന ബിക്രം ചൗധരിയുടെ ജീവിതമാണ്. ഇവ ഓർനർ സംവിധാനം ചെയ്യുന്ന ഈ ഡോകുമെന്ററി ബിക്രം യോഗ എന്ന പേരിൽ അമേരിക്കയിൽ വ്യാപകമായി പ്രചരിച്ച 'ഹോട്ട്  യോഗ'യെപ്പറ്റി, അതിന്റെ മറപിടിച്ചുകൊണ്ട് യോഗാചാര്യനായ ബിക്രം നടത്തിയ ലൈംഗിക ചൂഷണങ്ങളെപ്പറ്റിയുള്ള വെളിപ്പെടുത്തലുകളുടേത് കൂടിയാണ്. ബിക്രം ചൗധരി എന്ന മനുഷ്യന്റെ അതിനിഗൂഢമായ ജീവിതത്തിലേക്ക്. 

1944 -ൽ കൽക്കട്ടയിലാണ് ബിക്രം ചൗധരി ജനിക്കുന്നത്. നാലാം വയസ്സുമുതൽ യോഗ അഭ്യസിക്കുന്ന ബിക്രം, മൂന്നുതവണ ദേശീയ യോഗാ മത്സരങ്ങളിൽ ചാമ്പ്യനായി. ചെറുപ്പത്തിലുണ്ടായ ഒരു വെയ്റ്റ് ലിഫ്റ്റിങ് അപകടത്തിൽ കിടപ്പിലായിരുന്ന തന്നെ യോഗാഗുരുവായ ബിഷ്ണു ചരൺ ഘോഷ് വെറും ആറുമാസത്തിനുള്ളിൽ  എഴുന്നേൽപ്പിച്ച് നടത്തിയെന്നാണ് ബിക്രം അവകാശപ്പെടുന്നത്.  

എഴുപതുകളിൽ അമേരിക്കയിൽ ബിക്രം അവതരിപ്പിച്ച, 90 മിനിറ്റ് നീണ്ടുനിൽക്കുന്ന ഒരു വിശേഷയിനം 'ഹഠയോഗം' പ്രോഗ്രാം അമേരിക്കയിൽ തരംഗമായി. ബിഷ്ണു ചരൺ ഘോഷിൽ നിന്ന് അഭ്യസിച്ച അഞ്ഞൂറോളം യോഗാ പോസുകളിൽ നിന്ന് തെരഞ്ഞെടുത്ത 26 പോസുകളായിരുന്നു ബിക്രമിന്റെ അമേരിക്കൻ പ്രോഗ്രാമിൽ ഉൾപ്പെടുത്തിയിരുന്നത്. 1973 -ൽ ജപ്പാനിലും സാൻഫ്രാൻസിസ്‌കോയിലെ യോഗാ സെഷനുകൾ സംഘടിപ്പിച്ച്, റിച്ചാർഡ് നിക്സന്റെ കാലിന്റെ അസുഖം യോഗ കൊണ്ട് മാറ്റിക്കൊടുത്തതുകൊണ്ടാണ് ബിക്രം ലോസ് ഏഞ്ചലസിൽ വന്നിറങ്ങിയത്. ബിവർലി ഹിൽസ് എന്ന സമ്പന്നർ തിങ്ങിപ്പാർക്കുന്ന സ്ഥലത്ത് ബിക്രം തന്റെ യോഗ സ്റ്റുഡിയോ തുറന്നു. സ്റ്റുഡിയോയിലെ വലിയ ഹാളിനുള്ളിൽ, ഇന്ത്യയിലേതിന് സമാനമായ കാലാവസ്ഥ കൊണ്ടുവരാൻ, ഹീറ്ററുകൾ ഉപയോഗിച്ച്  40 ഡിഗ്രി സെൽഷ്യസ് താപനില നിലനിർത്തിക്കൊണ്ടാണ് ബിക്രം തന്റെ പരിശീലന പരിപാടികൾ നടത്തിയത്. എൽവിസ് പ്രെസ്‌ലി ആയിരുന്നു തന്റെ ആദ്യശിഷ്യൻ എന്ന് ബിക്രം പറയുന്നു. പിന്നീട് ജോർജ് ഹാരിസൺ, മഡോണ തുടങ്ങി പല ഹോളിവുഡ് സെലിബ്രിറ്റികളും ബിക്രമിന്റെ ശിഷ്യരായി. ഒമ്പതാഴ്ച നീണ്ടുനിൽക്കുന്ന കോഴ്സിന്, ശിഷ്യൻ ഒന്നിന് 10,000 $ വീതമായിരുന്നു ബിക്രം വാങ്ങിയിരുന്ന ഫീസ്. 2012 ആയപ്പോഴേക്കും അമേരിക്കയിൽ മാത്രം ബിക്രം യോഗാ സ്റ്റുഡിയോക്ക് 330 ഫ്രാഞ്ചെസികൾ ഉണ്ടായി. ലോകമെമ്പാടുമായി 600 എണ്ണവും. 

ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ 'ബിക്രം യോഗ' എന്നത് അമേരിക്കയിലെ ഏറെ ജനപ്രിയമായ  ഒരു ബ്രാൻഡ് ആയി വളർന്നുവന്നു. കറുത്ത കൗപീനം ധരിച്ചുകൊണ്ട് ക്ലാസ്സിലൂടെ തലങ്ങും വിലങ്ങും നടന്ന നിർദേശങ്ങൾ നല്കിക്കൊണ്ടിരുന്ന ഒതുങ്ങിയ ശരീരമുള്ള ബിക്രമിന്റെ രൂപം അമേരിക്കയിൽ പ്രസിദ്ധമായി. ബിക്രം വളരെ വേഗത്തിൽ ഏറെ സമ്പത്താർജ്ജിച്ചു. റോളക്സ് വാച്ചു ധരിച്ചു കൊണ്ട്, റോൾസ് റോയ്‌സിൽ കറങ്ങി. 1984 -ൽ ഇന്ത്യയിൽ നിന്ന് രാജശ്രീ ചക്രബർത്തി എന്ന ഒരു യോഗാ ചാമ്പ്യനെ വിവാഹം കഴിച്ചു. 'മെർവ്‌ ഗ്രിഫിൻ ഷോ'യിൽ തന്റെ ഭാര്യയെ അഭിമാനപൂർവം പ്രദർശിപ്പിച്ചു. 

2013 -ൽ, ബിക്രമിന്റെ ജനപ്രീതിയിൽ സംശയത്തിന്റെ നിഴൽ വീഴ്ത്തിക്കൊണ്ട് ആദ്യത്തെ കേസ് ഫയൽ ചെയ്യപ്പെട്ടു. ജെയ്ൻ ഡോ എന്ന യുവതിയായിരുന്നു പരാതിക്കാരി. തന്നെ ബിക്രം ബലാത്സംഗം ചെയ്തു എന്നായിരുന്നു ജെയ്‌നിന്റെ ആരോപണം. ലൈംഗികമായി പീഡിപ്പിക്കാൻ വേണ്ടി ബ്രിക്രമിന്റെ സംഘത്തിലെ ശിഷ്യന്മാർ തന്നെ യോഗ പഠിക്കാൻ വരുന്ന യുവതികളെ ഗുരുവിന്റെ അരികിൽ എത്തിക്കുമായിരുന്നുവത്രെ. ടീച്ചേർസ് ട്രെയിനിങ് കോഴ്‌സ് എന്ന അഡ്വാൻസ്‌ഡ് കോഴ്‌സിന് വലിയൊരു സംഖ്യ ഫീസിനത്തിൽ വാങ്ങിയിരുന്നു. എന്നിട്ടും, സ്വന്തമായി ഒരു സ്റ്റുഡിയോ തുടങ്ങണമെങ്കിൽ ബിക്രമിന്റെ അനുമതി വേണമായിരുന്നു. ഈ അനുമതി കിട്ടാൻ വേണ്ടി വന്നിരുന്ന നിരവധി സ്ത്രീകളെയും, പുരുഷന്മാരെയും ബിക്രം ലൈംഗികമായി ചൂഷണം ചെയ്തു എന്ന പരാതികൾ ഉയർന്നുവന്നു. ഒപ്പം ഒന്നിന് പിന്നാലെ മറ്റൊന്നായി നിരവധി കേസുകളും ചാർജ് ചെയ്യപ്പെട്ടു .

ഏറ്റവും ശക്തമായ കേസ് ഫയൽ ചെയ്യപ്പെട്ടത് ബിക്രമിന്റെ സ്വന്തം ലീഗൽ അഡ്‌വൈസറായിരുന്ന മീനാക്ഷി ജാഫാ ബോഡെൻ എന്ന സ്ത്രീയിൽ നിന്നായിരുന്നു. ബിക്രമിന്റെ പല പീഡനശ്രമങ്ങൾക്കും താൻ സാക്ഷിയായിരുന്നു എന്ന് അവർ മൊഴി നൽകി. ഒപ്പം, തന്നെ ബിക്രം പീഡനങ്ങൾക്ക് ഇരയാക്കിയിരുന്നു എന്ന പരാതിയും. സാറാ ബോൺ എന്ന മറ്റൊരു യോഗ ടീച്ചറും ബലാത്സംഗം ആരോപിച്ച് കേസ് നൽകുകയുണ്ടായി. ഇതിൽ മീനാക്ഷിക്ക് ബിക്രം ചൗധരി ഏകദേശം 75 ലക്ഷം ഡോളറോളം നഷ്ടപരിഹാരമായി നൽകണമെന്ന് കോടതി വിധിച്ചു. അതിനിടെ ബിക്രമും പത്നി രാജശ്രീയുമായി നടന്നുകൊണ്ടിരുന്ന വിവാഹമോചനക്കേസിലും വിധി വന്നു. എന്നാൽ ഈ കേസുകൾ നടന്നുകൊണ്ടിരിക്കെ, കോടതി വിധിച്ച നഷ്ടപരിഹാരത്തുക നൽകാതെ തന്നെ,  ബിക്രം ചൗധരി ഇന്ത്യയിലേക്ക് മടങ്ങി. ഇനി അമേരിക്കയിലേക്ക് മടങ്ങാനോ, ബലാത്സംഗക്കേസുകളിൽ വിചാരണനേരിടാനോ താൻ തയ്യാറല്ല എന്ന് അഭിഭാഷകർ മുഖേന ബിക്രം കോടതിയെ അറിയിച്ചു. 

അമേരിക്കൻ കോടതിയിൽ പ്രസ്തുത കേസുകൾ പുരോഗമിക്കുന്നതിനിടെയാണ്, ബിക്രം ചൗധരിയെപ്പറ്റിയുള്ള ഡോകുമെന്ററി നെറ്റ്ഫ്ലിക്സിൽ റിലീസ് ആയിരിക്കുന്നത്. പതിറ്റാണ്ടുകൾ മുമ്പ് ബിക്രം ആദ്യമായി അമേരിക്കയിൽ ക്ലാസുകള്‍ തുടങ്ങിയ അന്നുമുതലുള്ള 'ബിക്രം യോഗ' സെഷനുകളുടെ ദൃശ്യങ്ങളും, ബിക്രമിന്റെയും, പത്നിയുടെയും, ബിക്രമിന്റെ പീഡനങ്ങൾക്ക് ഇരയായി എന്ന് പരാതിപ്പെടുന്നവരുടെയും ഒക്കെ മൊഴികളും ഇടകലർത്തിക്കൊണ്ടുള്ള യഥാതഥമായ ഒരു ആഖ്യാനമാണ് ഈ ഡോകുമെന്ററിയുടേത്. കോടതി നടപടികളുടെ വിശദമായ ചിത്രീകരണങ്ങളും ഇതിലുണ്ട്. 

ഇന്ന്, കേസുകൾ കോടതിയിൽ വിചാരണ പുരോഗമിക്കുമ്പോഴും, ഇത്രയും കാലം ബിക്രമിനാൽ പീഡിപ്പിക്കപ്പെട്ട യുവതികൾ സംഘടിക്കാനും തങ്ങൾ നടത്തുന്ന യോഗ സ്റ്റുഡിയോയുടെ പേരിൽ നിന്ന് ഒരു കാലത്ത്  ഉപദ്രവിച്ച ക്രിമിനലിന്റെ പേര് നീക്കം ചെയ്യാനും, അതുവഴി ബിക്രമിന്റെ നിഴൽ പോലും ഏശാതെ യോഗ പ്രചരിപ്പിക്കാനുമുള്ള വഴി തേടുകയാണ്.