ഇന്ത്യൻ രാഷ്ട്രീയത്തിലെ അസദുദ്ദീൻ ഒവൈസി എന്ന നേതാവിന്റെ വളർച്ച

By Web TeamFirst Published Nov 21, 2019, 5:27 PM IST
Highlights

ഒവൈസിക്ക് ഇപ്പോൾ കിട്ടുന്ന ഈ സ്വീകാര്യത സൂചിപ്പിക്കുന്നത് മുസ്ലിം വോട്ടുബാങ്കിന്റെ വോട്ടിങ് രീതിയിൽ സമീപകാലത്തുണ്ടായിട്ടുള്ള മാറ്റമാണ്.

നീണ്ടുകിടക്കുന്നൊരു ഷെർവാണി. തലയിൽ പതിഞ്ഞു കിടക്കുന്ന തൊപ്പി. കഴുത്തിൽ ഒരു ഷാൾ. ഇതാണ് അസദുദ്ദീൻ ഒവൈസിയെന്ന രാഷ്ട്രീയ നേതാവിന്റെ സ്ഥിരം വേഷവിധാനം. വളർന്നുകിടക്കുന്ന താടി. പറ്റെ വെട്ടി നിർത്തിയ മീശ. രൂപഭാവങ്ങളിലും ഒരു മാറ്റവുമില്ലാതെ തന്നെ തുടരുന്ന ഒവൈസി, ആൾ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുൽ മുസ്‌ലിമീൻ അഥവാ AIMIM എന്ന രാഷ്ട്രീയപ്പാർട്ടിയുടെ ഹൈദരാബാദിൽ നിന്നുള്ള ലോക്സഭാംഗമാണ്. പാർട്ടിയുടെ ദേശീയ പ്രസിഡണ്ടും ഒവൈസി തന്നെയാണ്. ഒവൈസിയുടെ പാർട്ടിക്ക് ഇപ്പോൾ രണ്ട് എംപിമാരാണ് പാര്‍ലമെന്റിലുള്ളത്. തെലങ്കാനയിൽ ഏഴും, മഹാരാഷ്ട്രയിൽ രണ്ടും വീതം അസംബ്ലി സീറ്റുകളുമുണ്ട് AIMIM എന്ന പാർട്ടിക്ക്. 

നാലുതവണ എംപിയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ഒവൈസി എന്നും തന്റെ മുസ്ലിം സ്വത്വം ഉയർത്തിപ്പിടിച്ചു കൊണ്ടാണ് ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇടപെട്ടിട്ടുള്ളത്. കഴിഞ്ഞ ദിവസം അയോധ്യാ കേസിൽ വിധിവന്നപ്പോഴും ഒവൈസി വളരെ കൃത്യമായിത്തന്നെ തന്റെ അസംതൃപ്തി അറിയിച്ചുകൊണ്ട് പത്രങ്ങളെക്കണ്ടിരുന്നു. ഇപ്പോൾ, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുമായും കൊമ്പുകോർത്തിരിക്കുകയാണ് അദ്ദേഹം. ഒവൈസിക്ക് കിട്ടുന്ന പ്രാധാന്യം ഇന്ത്യയിലെ ന്യൂനപക്ഷ വോട്ടുകളെ ഇനിയും വിഘടിപ്പിക്കുമെന്നും അത് ഫലത്തിൽ ബിജെപിക്ക് തന്നെ ഗുണം ചെയ്യും എന്നുമാണ് മമതയുടെ വിമർശനം.

ഇന്ത്യൻ രാഷ്ട്രീയത്തിലേക്കുള്ള അസദുദ്ദീൻ ഒവൈസിയുടെ വളർച്ച എങ്ങനെയായിരുന്നു? ഇന്ത്യൻ രാഷ്ട്രീയത്തിൽ ഏറിയകൂറും പ്രതിനിധ്യങ്ങൾ ഹൈന്ദവതയുടെ പക്ഷത്ത് നിലയുറപ്പിച്ചു കഴിഞ്ഞ ഈ സാഹചര്യത്തിൽ വ്യക്തമായി മുസ്ലിം രാഷ്ട്രീയ പക്ഷം പിടിച്ചുകൊണ്ട് മാത്രം സംസാരിച്ചിട്ടുള്ള ഒവൈസിയുടെ ഭാവി എന്താണ് ?

ആരാണ് അസദുദ്ദീൻ ഒവൈസി? 

1969 മെയ് 13 -ന്  ഹൈദരാബാദിലെ സുൽത്താൻ സലാഹുദ്ദീൻ ഒവൈസിക്കും, ഭാര്യ നജ്മുനീസാ ബീഗത്തിനും മകനായിട്ടാണ് അസദുദ്ദീൻ ജനിക്കുന്നത്. ഹൈദരാബാദിലെ അറിയപ്പെടുന്ന ഒരു രാഷ്ട്രീയകുടുംബമായിരുന്നു ഒവൈസിയുടേത്. ഒവൈസിയുടെ അപ്പൂപ്പൻ അബ്ദുൽ വാഹിദ് ഒവൈസി ആണ്, മജ്‌ലിസെ ഇത്തിഹാദുൾ മുസ്ളിമീൻ എന്ന പേരിൽ അറിയപ്പെട്ടിരുന്ന പഴയ MIM എന്ന രാഷ്ട്രീയപ്പാർട്ടിയെ ഓൾ ഇന്ത്യ MIM എന്നപേരിൽ പുനഃസംഘടിപ്പിക്കുന്നത്. അച്ഛൻ സുൽത്താൻ ഒവൈസി പലവട്ടം എംപിയായിട്ടുണ്ട്. 1984 -ൽ തുടങ്ങി, 2004 -ൽ മകൻ അസദുദ്ദീൻ രംഗത്ത് വരുന്നതുവരെ എംപിയായിരുന്നു. അതിനു ശേഷം അസദുദ്ദീന് വേണ്ടി അദ്ദേഹം മത്സരരംഗത്തു നിന്ന് പിന്മാറുകയായിരുന്നു. 

ഉസ്മാനിയ യൂണിവേഴ്സിറ്റിയിലെ നിസാം കോളേജിൽ നിന്ന് ബിഎ കഴിഞ്ഞ ശേഷം, തുടർന്ന് ലണ്ടനിലെ ഇന്നർ ടെംപിളിൽ നിന്ന് ബാരിസ്റ്ററായി നിയമം  പഠിച്ചിറങ്ങി. എംഎൽഎ ആയ അക്ബറുദ്ദീൻ ഒവൈസി, പത്രപ്രവർത്തകനായ ബുർബാനുദ്ദീൻ ഒവൈസി എന്നിവർ സഹോദരങ്ങളാണ്. ഭാര്യ ഫർഹീനിൽ ആറു മക്കളുണ്ട് അദ്ദേഹത്തിന്. 


ചാർമിനാറിൽ നിന്ന് രാഷ്ട്രീയ പ്രവേശം

1994 -ൽ ചാർമിനാർ മണ്ഡലത്തിൽ നിന്ന് എംഎൽഎ ആയിക്കൊണ്ടാണ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ അദ്ദേഹത്തിന്റെ തുടക്കം. അവിടെ നിന്ന് തുടർച്ചയായി നിയമസഭയിലെത്തിയ ശേഷമാണ് 2004 തൊട്ടുള്ള ലോക്സഭയിലെ ഊഴങ്ങൾ. ഇന്ത്യൻ മുസ്ലീങ്ങളുടെ യഥാർത്ഥ പ്രതിനിധിയാണ് താനെന്നാണ് ഒവൈസിയുടെ വാദം. തന്റെ അസാമാന്യമായ പ്രസംഗശേഷി വെച്ച് ടെലിവിഷൻ ഡിബേറ്റുകളിലും മറ്റും ഒവൈസി തിളങ്ങാറുണ്ട്. 

എന്നാൽ ഇന്ത്യൻ മുസ്‌ലിംകളുടെ അഭ്യുദയകാംക്ഷി എന്ന അദ്ദേഹത്തിന്റെ വാദത്തെ പലരും ഖണ്ഡിക്കാറുണ്ട്. അദ്ദേഹത്തെ പേരെടുത്തു പറയാതെ പ്രസിദ്ധ പാട്ടെഴുത്തുകാരനും തിരക്കഥാകാരനുമായ  രാജ്യസഭാ എംപി ജാവേദ് അക്തര്‍ ഇങ്ങനെ പറഞ്ഞു," നമുക്കിടയിൽ ഒരാളുണ്ട്. ഇന്ത്യയിലെ മൊത്തം ഇന്ത്യക്കാരുടേയും പ്രതിനിധിയാണ് താനെന്നാണ് അയാളുടെ വെപ്പ്, എന്നാൽ അയാൾ ഒരു മൊഹല്ലയുടെ പ്രതിനിധി പോലും അല്ലെന്നുള്ള സത്യം അയാൾ അറിയുന്നില്ല. ഭാരത് മാതാ കീ ജയ് എന്ന് പറയാൻ അയാൾക്ക് മടിയാണ്. ഭരണഘടനയിൽ അങ്ങനെ പറയുന്നില്ല എന്ന് അയാൾ പറയുന്നു. ഞാൻ ചോദിക്കുന്നത് ഭരണഘടനയിൽ അങ്ങനെ നിര്‍ദ്ദേശമില്ലെന്നാണ് അദ്ദേഹം പറയുന്നത്. എനിക്ക് അദ്ദേഹത്തോട് ഒന്നേ ചോദിക്കാനുള്ളൂ, അദ്ദേഹത്തോട് ഈ  ഷെർവാണിയും താടിയും മറ്റും വളർത്താൻ ഭരണഘടനാ പറഞ്ഞിട്ടാണോ അപ്രകാരം ചെയുന്നത്?" 

തുറന്നുതന്നെ പ്രകടിപ്പിക്കുന്ന മുസ്ലിം സ്വത്വം 

മുസ്ലിം ന്യൂനപക്ഷ വോട്ടുബാങ്കിൽ, മതേതരത്വം പറഞ്ഞുകൊണ്ട് കോൺഗ്രസ് അടക്കമുള്ള പാർട്ടികൾ കൈവശം വെച്ചിരുന്ന സീറ്റുകളിലേക്കാണ് മുസ്‌ലിം സ്വത്വം തുറന്നു പ്രകടിപ്പിച്ചുകൊണ്ടുതന്നെ ഒവൈസി കേറിവന്നത്. കേന്ദ്രത്തിലും ഇന്നുവരെ കോൺഗ്രസിന്റെ സ്വാധീനത്തിലുണ്ടായിരുന്ന സംസ്ഥാനങ്ങളിലും ബിജെപിയുടെ തേരോട്ടം തുടങ്ങിയതോടെ, ഒവൈസിക്കും AIMIM-നും ഹൈദരാബാദിന് പുറത്തേക്ക് കടക്കാനുള്ള അവസരവും തുറന്നുകിട്ടി. ഒവൈസിക്ക് ഇപ്പോൾ കിട്ടുന്ന ഈ സ്വീകാര്യതയും, AIMIM ന്റെ സീറ്റുകളുടെ എണ്ണത്തിലുണ്ടാകുന്ന സീറ്റെണ്ണത്തിൽ വന്ന വർധനവും സൂചിപ്പിക്കുന്നത് മുസ്ലിം വോട്ടുബാങ്കിന്റെ വോട്ടിങ് രീതിയിൽ സമീപകാലത്തുണ്ടായിട്ടുള്ള മാറ്റം കൂടിയാണ്. 

കോൺഗ്രസ്, സിപിഎം, സമാജ് വാദി പാർട്ടി, ആർജെഡി, ജെഡിയു, തൃണമൂൽ തുടങ്ങി പല പല പ്രാദേശിക കക്ഷികൾക്കായി മുസ്‌ലിം വോട്ടുകൾ ഇത്രയും കാലമായി വിഭജിച്ചു പൊയ്ക്കൊണ്ടിരിക്കുകയായിരുന്നു. ആ വോട്ടുകളെ, മതേതരത്വം എന്ന സ്ഥിരം നയം വെടിഞ്ഞുകൊണ്ട്, പകരം തന്റെ മുസ്ലിം സ്വത്വവും, മതത്തോടും സമുദായക്കാരോടുമുള്ള തന്റെ പ്രതിബദ്ധതയും തുറന്നു പ്രകടിപ്പിച്ചുകൊണ്ട് തന്നെ നേടിയെടുക്കാനാണ് അസദുദ്ദീൻ ഒവൈസിയുടെ ശ്രമം, ഒപ്പം ഇന്ത്യ മുഴുവനുമായി വ്യാപിച്ചു കിടക്കുന്ന മുസ്ലിം വോട്ടുബാങ്കിനെ ഒരു ദേശീയ മുസ്‌ലിം പാർട്ടി എന്ന നിലയിൽ ഭാവിയിൽ സ്വാധീനിക്കാനും.  

click me!