ജീവിച്ചിരിക്കുന്ന അധ്യാപകനോട് നിങ്ങൾ മരിച്ചുവെന്ന് അധികൃതർ, ഒടുവിൽ തെളിയിക്കാനായി ഓട്ടം

By Web TeamFirst Published Jul 3, 2021, 4:00 PM IST
Highlights

ഒടുവിൽ അദ്ദേഹത്തെ നേരിട്ട് കണ്ടപ്പോൾ അവർക്ക് കാര്യങ്ങൾ ബോധ്യമായി. തങ്ങൾക്ക് തെറ്റ് സംഭവിച്ചതാണെന്ന് മുനിസിപ്പൽ കോർപ്പറേഷൻ സമ്മതിച്ചു. 

മഹാരാഷ്ട്രയിലെ 55 -കാരനായ ഒരു അധ്യാപകന് ഈ ആഴ്ച ആദ്യം താനെ മുനിസിപ്പൽ കോർപ്പറേഷനിൽ നിന്ന് ഒരു ഫോൺ കോൾ ലഭിച്ചു. ചന്ദ്രശേഖർ ദേശായി എന്നായിരുന്നു ആ അധ്യാപകന്റെ പേര്. ദേശായിയുടെ മരണ സർട്ടിഫിക്കറ്റ് തയ്യാറാണെന്നും അത് വാങ്ങാൻ വരണമെന്നുമായിരുന്നു ഫോണിലൂടെ ഒരാൾ പറഞ്ഞത്. താൻ ജീവനോടെയുണ്ടെന്നും എന്തോ പിശക് സംഭവിച്ചതാണെന്നും അയാൾ മറുതലക്കലുള്ള ആളോട് പറയാൻ ശ്രമിച്ചു. എവിടെ കേൾക്കാൻ! കുറെ നേരം വെറുതെ തർക്കിച്ചുവെങ്കിലും, ഉദ്യോഗസ്ഥൻ തങ്ങൾക്ക് തെറ്റ് പറ്റിയതാണെന്ന് അംഗീകരിച്ചില്ല.

അവസാനം, താൻ ജീവനോടെ ഉണ്ടെന്ന് തെളിയിക്കാൻ മുനിസിപ്പൽ ഓഫീസിലേക്ക് നേരിട്ട് ചെല്ലാൻ ദേശായി തീരുമാനിച്ചു. മുംബൈയിലെ ഘട്കോപ്പർ പ്രദേശത്തെ ഒരു സ്കൂളിലാണ് അദ്ദേഹം പഠിപ്പിക്കുന്നത്. കഴിഞ്ഞ വർഷം കൊറോണ വൈറസ് ബാധിച്ച് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കുറച്ച് ദിവസങ്ങൾക്ക് ശേഷം അസുഖം ഭേദമായി അദ്ദേഹത്തെ ഡിസ്ചാർജ് ചെയ്യുകയും ചെയ്‌തു. എന്നിരുന്നാലും, താനെ മുനിസിപ്പൽ കോർപ്പറേഷന്റെ രേഖയിൽ, കൊവിഡ് മൂലം ദേശായി മരിച്ചുവെന്നാണ് രേഖപ്പെടുത്തിയിരുന്നത്. 

"ഞാൻ ജീവിച്ചിരിപ്പുണ്ടെന്ന് അയാളോട് ഞാൻ പറഞ്ഞു. നിങ്ങൾ എന്താണ് ഈ പറയുന്നതെന്ന് ഞാൻ ചോദിച്ചു. ഞങ്ങൾക്ക് അത് തെളിയിക്കാൻ  രേഖകളുണ്ട് എന്നയാൾ മറുപടിയായി പറഞ്ഞു. നിങ്ങളെ മരിച്ചതായി പ്രഖ്യാപിച്ചുവെന്ന് അയാൾ എന്നോട് പറഞ്ഞു. എന്റെ 80 വയസ്സുള്ള അമ്മയ്‌ക്കോ ഭാര്യയ്‌ക്കോ ആണ് അത്തരമൊരു കോൾ ലഭിച്ചിരുന്നെങ്കിൽ എന്തായിരിക്കും സംഭവിക്കുക" ദേശായി പറഞ്ഞു.

ഒടുവിൽ അദ്ദേഹത്തെ നേരിട്ട് കണ്ടപ്പോൾ അവർക്ക് കാര്യങ്ങൾ ബോധ്യമായി. തങ്ങൾക്ക് തെറ്റ് സംഭവിച്ചതാണെന്ന് മുനിസിപ്പൽ കോർപ്പറേഷൻ സമ്മതിച്ചു. എന്നിരുന്നാലും, പൂനെയിലാണ് പട്ടിക തയ്യാറാക്കിയതെന്ന് അവർ പറഞ്ഞു. "ഡിസ്ചാർജ് ചെയ്തവരിൽ കൊവിഡിന് ശേഷമുള്ള ലക്ഷണങ്ങളെക്കുറിച്ചും കൊവിഡ് ഇരകളുടെ കുടുംബങ്ങളിൽ നടന്ന മരണത്തെക്കുറിച്ചോ അല്ലെങ്കിൽ അണുബാധയെക്കുറിച്ചോ വിവരങ്ങൾ ലഭിക്കാനാണ് ഞങ്ങൾ സാധാരണയായി ആളുകളെ വിളിക്കുന്നത്. അദ്ദേഹത്തിന്റെ പേര് മരണ പട്ടികയിൽ ഉണ്ടായിരുന്നു. അങ്ങനെയാണ് ഞങ്ങൾ അദ്ദേഹത്തെ അബദ്ധത്തിൽ വിളിക്കുന്നത്. പക്ഷേ ഇപ്പോൾ മുതൽ, മരണം സ്ഥിരീകരിക്കുന്നതിന് മുൻപ് ആരെയും വിളിക്കില്ല എന്ന തീരുമാനത്തിലാണ് കോർപ്പറേഷൻ” അഡീഷണൽ മുനിസിപ്പൽ കമ്മീഷണർ സന്ദീപ് മാൽവി പറഞ്ഞു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!