
സോഷ്യൽ മീഡിയയിൽ തികച്ചും വ്യത്യസ്തങ്ങളായ അനവധി വീഡിയോകളാണ് ഓരോ ദിവസവുമെന്നോണം വൈറലായി മാറുന്നത്. അതിൽ തന്നെ വഴിയിൽ കാണുന്ന വ്യത്യസ്തമായ കാഴ്ചകളും ആളുകൾ പകർത്തി ഷെയർ ചെയ്യാറുണ്ട്. അതുപോലെ ഒരു വീഡിയോയാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെട്ടു കൊണ്ടിരിക്കുന്നത്. മഹാരാഷ്ട്രയിൽ നിന്നാണ് ഈ വീഡിയോ പകർത്തിയിരിക്കുന്നത്. ഒരു ഓട്ടോ ഡ്രൈവർ എങ്ങനെയാണ് തന്റെ വാഹനം ഒരു ആഡംബര വാഹനം പോലെ മാറ്റിയെടുത്തിരിക്കുന്നത് എന്നാണ് ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തിരിക്കുന്ന വീഡിയോയിൽ കാണുന്നത്.
പവർ വിൻഡോകൾ, എസി, കൺവെർട്ടിബിൾ സീറ്റുകൾ, ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിവയെല്ലാം തന്നെ ഈ ഓട്ടോയിലുണ്ട്. അതായത് അകത്ത് കയറിയാൽ നമ്മളേതോ ആഡംബര കാറിലാണ് ഉള്ളത് എന്ന പ്രതീതിയുളവാക്കും എന്ന് അർത്ഥം. വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത് uff_sam എന്ന യൂസറാണ്. വീഡിയോയിൽ ഒരു ഓട്ടോറിക്ഷ കാണാം. പുറത്ത് നിന്ന് കാണുമ്പോൾ ഒരു സാധാരണ ഓട്ടോറിക്ഷയാണെങ്കിലും അകത്ത് കയറിയാലാണ് അത് അങ്ങനെയല്ല എന്ന് മനസിലാവുക.
അകത്ത് പവർ വിൻഡോകൾ, എസി, കൺവെർട്ടിബിൾ സീറ്റുകൾ എന്നിവയൊക്കെ കാണാം. യാത്ര നീണ്ടതാണെങ്കിൽ സീറ്റുകൾ വലുതാക്കുകയും അതിൽ വേണമെങ്കിൽ ഒരാൾക്ക് കിടന്നു പോകാനുള്ള സൗകര്യം വരെയും ഉണ്ട്. മഹാരാഷ്ട്രയിലെ അമരാവതി മേഖലയിലെ ബദ്‌നേരയിൽ നിന്നുള്ളതാണ് വീഡിയോ. മറ്റൊരു വീഡിയോയിൽ, വീഡിയോ പകർത്തുന്നയാൾ ഓട്ടോയുടെ ഉടമയെയും പരിചയപ്പെടുത്തുന്നതായി കാണാം. വളരെ പെട്ടെന്നാണ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്. രസകരമായ കമന്റുകളാണ് പലരും നൽകിയത്. ഓട്ടോക്കാരൻ ഇതൊരു ഓയോ റൂമാക്കി മാറ്റാനുള്ള തയ്യാറെടുപ്പിലാണോ എന്നാണ് ചിലർ ചോദിച്ചത്. എന്തായാലും, ക്രിയേറ്റിവിറ്റി കൊള്ളാം എന്നും പലരും അഭിപ്രായപ്പെട്ടു.