കളിക്കുന്നതിനിടെ അഞ്ച് വയസുകാരി അബദ്ധത്തിൽ 50 ഗ്രാം സ്വർണക്കട്ടി വിഴുങ്ങി. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് സാധ്യതയുണ്ടെന്ന ഡോക്ടർമാരുടെ മുന്നറിയിപ്പിനെ തുടർന്ന്, ബീജിങ് ചിൽഡ്രൻസ് ഹോസ്പിറ്റലിൽ വെച്ച് അടിയന്തര എൻഡോസ്കോപ്പിയിലൂടെ സ്വർണക്കട്ടി പുറത്തെടുത്തു.

ളിക്കുന്നതിനിടെ 50 ഗ്രാം ഭാരമുള്ള സ്വർണക്കട്ടി അഞ്ച് വയസുകാരി അബദ്ധത്തിൽ വിഴുങ്ങി. പിന്നാലെ അടിയന്തര ശസ്ത്രക്രിയയിലൂടെ കുട്ടിയുടെ വയറ്റിൽ നിന്നും സ്വർണക്കട്ടി പുറത്തെടുത്തു. ഏകദേശം നാല് സെന്‍റിമീറ്റർ നീളമുള്ള സ്വർണക്കട്ടിയാണ് കുട്ടിയുടെ വയറ്റിൽ കുടുങ്ങിയതെന്ന് റിപ്പോർട്ടുകൾ പറയുന്നു. വടക്കൻ ചൈനയിൽ നടന്ന സംഭവം സമൂഹ മാധ്യമങ്ങളിലൂടെ വൈറലാവുകയും പിന്നാലെ വ്യാപകമായ ചർച്ചകളും തമാശക്കുറിപ്പുകളും സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു.

അഞ്ച് വയസുകാരി വിഴുങ്ങിയത് 50 ഗ്രാം സ്വർണക്കട്ടി!

ഓഗസ്റ്റ് 16 -ൽ, സ്വർണക്കട്ടി വിഴുങ്ങി ഏകദേശം ആറു മണിക്കൂറിന് ശേഷമാണ് കുട്ടിയെ ബീജിങ് ചിൽഡ്രൻസ് ഹോസ്പിറ്റലിൽ എത്തിച്ചത്. എക്‌സ്-റേ പരിശോധനയിൽ സ്വർണക്കട്ടി വയറ്റിൽ തന്നെ കുടുങ്ങിക്കിടക്കുന്നതായി കണ്ടെത്തി. കട്ടിയുള്ളതും സാന്ദ്രത കൂടിയതുമായ സ്വർണക്കട്ടിയുടെ മിനുസമുള്ള ഉപരിതലം ദഹനനാളത്തിൽ കുടുങ്ങി ഗുരുതരമായ പ്രശ്നങ്ങൾക്ക് കാരണമാകാമെന്ന് ഡോക്ടർമാർ മാതാപിതാക്കൾക്ക് മുന്നറിയിപ്പ് നൽകി. സ്വർണക്കട്ടി വയറ്റിന്‍റെ ആന്തരിക പാളിയിൽ മുറിവുണ്ടാകാനും അതുവഴി ദഹനനാളത്തിൽ സുഷിരം രൂപപ്പെടാനും ഇത് വലിയ തോതിലുള്ള രക്തസ്രാവത്തിന് കാരണമാക്കുമെന്നും ഡോക്ടർമാർ മുന്നറിയിപ്പ് നൽകി.

ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു

കുട്ടിയെ ആശുപത്രിയിലെത്തിക്കുന്നതിന് മുമ്പ് കുടുംബം പ്രദേശത്തെ നിരവധി ക്ലിനിക്കുകളിൽ ചികിത്സ തേടിയെങ്കിലും എവിടെയൊന്നും എൻഡോസ്കോപ്പിക് സൗകര്യം ഉണ്ടായിരുന്നില്ലെന്നും റിപ്പോർട്ടുകളിൽ പറയുന്നു. ഒടുവിലാണ് കുട്ടിയുമായി കുടുംബം ബീജിങ് ചിൽഡ്രൻസ് ഹോസ്പിറ്റലിലെത്തിയത്. ഡോക്ടർമാർ കുട്ടിയെ അടിയന്തര എൻഡോസ്കോപ്പിക് നടപടിയ്ക്ക് വിധേയയാക്കുകയും സ്വർണക്കട്ടി പുറത്തെടുക്കുകയായിരുന്നു. വയറ്റിനുള്ളിലെ വളരെ പരിമിതമായ ഇടത്താണ് സ്വർണക്കട്ടി കുടുങ്ങിയിരുന്നതെന്ന് മെഡിക്കൽ റിപ്പോർട്ടുകളിൽ പറയുന്നു. ചെറിയൊരു പിഴവ് പോലും ദഹനനാളത്തിന്‍റെ ആന്തരിക പാളിക്ക് കേടുപാടുകൾ വരുത്താൻ സാധ്യതയുണ്ടായിരുന്നുവെന്ന് ആശുപത്രി റിപ്പോർട്ടുകളിൽ പറയുന്നു. സംഭവം ചൈനീസ് സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ 50 ഗ്രാം സ്വർണക്കട്ടി കുട്ടിക്ക് കളിക്കാൻ കൊടുക്കാൻ മാത്രം ധനികരാണോ കുടുംബം എന്നതടക്കമുള്ള കുറിപ്പുകളും പ്രത്യക്ഷപ്പെട്ടു.