
കഴിഞ്ഞ ആഴ്ചയാണ് ഉത്തർപ്രദേശ് തെരഞ്ഞെടുപ്പി(Uttar Pradesh elections)ന്റെ ആദ്യഘട്ട നാമനിർദ്ദേശ നടപടികൾ ആരംഭിച്ചത്. തെരഞ്ഞെടുപ്പുകളിൽ, വിജയിക്കാനായി പലരും മത്സരിക്കുമ്പോൾ തോൽക്കാൻ വേണ്ടി മാത്രം മത്സരിക്കുന്ന ഒരാളുണ്ട്. ഹസനുറാം അംബേദ്കരി(Hasanuram Ambedkari) എന്നാണ് അദ്ദേഹത്തിന്റെ പേര്. അദ്ദേഹം ഉത്തർപ്രദേശിലെ ആഗ്രയിലെ ഖേരാഗഡ് നിയമസഭാ സീറ്റിൽ നിന്ന് സ്വതന്ത്ര സ്ഥാനാർത്ഥിയായി നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. തന്റെ 94 -ാമത് തെരഞ്ഞെടുപ്പ് മത്സരത്തിനായി ഒരുങ്ങുകയാണ് അദ്ദേഹം. നൂറ് തെരഞ്ഞെടുപ്പുകളിൽ തോൽക്കാനാണ് അദ്ദേഹം ഇങ്ങനെ ചെയ്യുന്നതത്രെ.
93 തെരഞ്ഞെടുപ്പുകളിൽ നിലവില്‍ അദ്ദേഹം പരാജയപ്പെട്ടു. കാൻഷി റാം സ്ഥാപിച്ച ഓൾ ഇന്ത്യ ബാക്ക്‌വേർഡ് ആൻഡ് മൈനോറിറ്റി കമ്മ്യൂണിറ്റീസ് എംപ്ലോയീസ് ഫെഡറേഷന്റെ (BAMCEF) അംഗമാണ് അംബേദ്കരി. ഭീം റാവു അംബേദ്കറുടെ ആശയങ്ങൾ അനുസരിച്ചാണ് താൻ എല്ലാ തെരഞ്ഞെടുപ്പുകളിലും മത്സരിച്ചതെന്നും അദ്ദേഹം പറഞ്ഞു. കർഷകത്തൊഴിലാളിയായി ജോലി ചെയ്യുന്ന ഇദ്ദേഹത്തിന് എംഎൻആർഇജിഎ ജോബ് കാർഡ് ഉണ്ട്. അദ്ദേഹത്തിന് ഔപചാരിക സ്കൂൾ വിദ്യാഭ്യാസം ഇല്ലെങ്കിലും ഹിന്ദി, ഉറുദു, ഇംഗ്ലീഷ് എന്നിവ വായിക്കാനും എഴുതാനും അറിയാം.
1985 മുതൽ ലോക്‌സഭാ, സംസ്ഥാന അസംബ്ലി, പഞ്ചായത്ത് തെരഞ്ഞെടുപ്പുകൾ എന്നിവയുൾപ്പെടെ വിവിധ തെരഞ്ഞെടുപ്പുകളിൽ അദ്ദേഹം വിവിധ സീറ്റുകളിൽ മത്സരിച്ചിട്ടുണ്ട്. 1988 -ൽ അദ്ദേഹം ഇന്ത്യൻ രാഷ്ട്രപതി സ്ഥാനത്തേക്ക് നാമനിർദ്ദേശ പത്രിക സമർപ്പിച്ചെങ്കിലും അത് നിരസിക്കപ്പെട്ടു.
2019 -ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ആഗ്ര, ഫത്തേപൂർ സിക്രി സീറ്റുകളിൽ നിന്നാണ് അംബേദ്കരി മത്സരിച്ചത്. 2021 -ൽ അദ്ദേഹം ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിച്ചു. അദ്ദേഹം ഐഎഎന്‍എസ്സിനോട് പറഞ്ഞു, 'പരാജയപ്പെടാന്‍ വേണ്ടിയാണ് ഞാന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. വിജയിക്കുന്ന രാഷ്ട്രീയക്കാര്‍ ജനങ്ങളെ മറക്കും. നൂറുതവണ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട് റെക്കോര്‍ഡിടാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ആരാണ് എന്‍റെ എതിരാളി എന്നത് ഞാന്‍ ഗൗനിക്കുന്നേയില്ല. അംബേദ്കറുടെ ഐഡിയോളജിയില്‍ വിശ്വസിക്കുന്നവര്‍ക്ക് ഒരവസരം നല്‍കാന്‍ കൂടിയാണ് ഞാന്‍ മത്സരിക്കുന്നത്.'
അംബേദ്കരി യുപി നിയമസഭാ തെരഞ്ഞെടുപ്പിനായി വീടുവീടാന്തരം കയറിയിറങ്ങി തന്റെ ഭാര്യയ്ക്കും അനുയായികൾക്കുമൊപ്പം പ്രചാരണം ആരംഭിച്ചു. 'എന്റെ അജണ്ട എപ്പോഴും നിഷ്പക്ഷവും അഴിമതിരഹിതവുമായ വികസനവും സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ക്ഷേമവുമാണ്' അദ്ദേഹം പറഞ്ഞു. വളരെ കുറച്ച് കാലം ബിഎസ്പിയിലും അംഗമായിരുന്നു അദ്ദേഹം. ഡെക്കാൻ ഹെറാൾഡിനോട് പറഞ്ഞത് ഇങ്ങനെ, 'ഞാൻ BAMCEF-ന്റെ പ്രവർത്തകനായിരുന്നു, യുപിയിൽ ബിഎസ്പിയുടെ വേരുകൾ ശക്തിപ്പെടുത്താൻ ഞാൻ പ്രവർത്തിച്ചു. 1985 -ൽ ഞാൻ ടിക്കറ്റ് ചോദിച്ചപ്പോൾ, എന്റെ ഭാര്യ പോലും എനിക്ക് വോട്ട് ചെയ്യില്ലെന്ന് പറഞ്ഞെന്നെ പരിഹസിച്ചു. ഞാൻ വളരെ നിരാശനായിരുന്നു, അതിനുശേഷം എല്ലാ തെരഞ്ഞെടുപ്പുകളിലും ഞാൻ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്നു'.