
മരിച്ചോ ജീവിച്ചിരിക്കുന്നുണ്ടോ എന്ന് അറിയാതെ നമ്മുടെ ജീവിതത്തിൽ നിന്നും പെട്ടെന്നിറങ്ങിപ്പോകുന്ന പ്രിയപ്പെട്ടവർ നമുക്ക് എന്നും വേദന ആയിരിക്കും അല്ലേ? അതുപോലെയാണ് ബിഹാറിലെ പാറ്റ്നയിൽ നിന്നും ഏഴ് വർഷങ്ങൾക്ക് മുമ്പ് ഒരു യുവാവിനെ കാണാതായത്. അന്വേഷിച്ചിട്ടും കണ്ടെത്താനാവാതെ വന്നപ്പോൾ ഒടുവിൽ വീട്ടുകാർ അയാളുടെ അന്ത്യകർമ്മങ്ങൾ ചെയ്തു. എന്നാൽ, ഇപ്പോൾ തന്റെ വീട്ടിലേക്ക്, അച്ഛന്റേയും അമ്മയുടേയും അടുത്തേക്ക് തന്നെ തിരികെ എത്തിയിരിക്കുകയാണ് യുവാവ്.
ഏഴ് വർഷത്തിന് മുമ്പ് യുവാവിനെ കാണാതായതിന് പിന്നാലെ അയാളെ കണ്ടെത്താനുള്ള എല്ലാ ശ്രമങ്ങളും അച്ഛനും അമ്മയും വീട്ടുകാരും നടത്തിയിരുന്നു. എന്നാൽ, ഒരു തരത്തിലും ആളെ കണ്ടെത്താൻ സാധിച്ചില്ല. ഒടുവിൽ വളരെ വേദനയോടെ അവർ തങ്ങളുടെ മകനെ കണ്ടെത്താനുള്ള തിരച്ചിൽ അവസാനിപ്പിക്കുകയായിരുന്നു. കാണാതാകുമ്പോൾ അവരുടെ മകൻ ബിഹാരി റായ്‍ക്ക് 30 -കളിലായിരുന്നു പ്രായം.
പഞ്ചായത്ത് തലവനാണ് ഏഴ് വർഷങ്ങൾക്കിപ്പുറം മകൻ ജീവിച്ചിരിപ്പുണ്ട് എന്ന കാര്യം മാതാപിതാക്കളെ അറിയിച്ചിരിക്കുന്നത്. ഏഴ് വർഷം മുമ്പ് ബിഹാരിക്ക് ഒരു അപകടം പറ്റി. പിന്നീട്, ദില്ലിയിലെ ഒരു ഇൻസ്റ്റിറ്റ്യൂഷനിൽ കഴിയുകയായിരുന്നു അയാൾ. അവിടെ നിന്നുമാണ് പഞ്ചായത്ത് തലവനെ ആളുകൾ ബന്ധപ്പെട്ടതും ഇത് ബിഹാരി റായിയുടെ ചിത്രം അയച്ച് ആളെ തിരിച്ചറിയാനും പറഞ്ഞത്.
പഞ്ചായത്ത് സെക്രട്ടറിയാണ് ദില്ലിയിൽ നിന്നും ബിഹാരിക്ക് നാട്ടിൽ വരാനും വീട്ടുകാരോട് ഒന്നിക്കാനുമുള്ള ചെലവുകൾ വഹിച്ചത്. ബിഹാരിയുടെ വീട്ടിൽ അച്ഛനും അമ്മയുമുണ്ട്. ബിഹാരി പോകുമ്പോൾ അയാളുടെ ഭാര്യയും ഉണ്ടായിരുന്നു എങ്കിലും അവർ ബിഹാരി പോയ പിന്നാലെ മരണപ്പെട്ടു.
എത്ര അന്വേഷിച്ചിട്ടും കുടുംബത്തിന് മകനെ കണ്ടെത്താനാവാത്തതിന് പിന്നാലെ ഒരു മന്ത്രവാദിയാണ് ബിഹാരിയുടെ അച്ഛനോടും അമ്മയോടും നിങ്ങളുടെ കാണാതായ മകൻ മരണപ്പെട്ടു എന്ന് പറഞ്ഞത്. അതോടെ കുടുംബം അയാളുടെ അന്ത്യകർമ്മങ്ങൾ ചെയ്യുകയായിരുന്നു.