
കുടുംബത്തിനൊപ്പം കൂടുതൽ സമയം ചെലവഴിക്കുന്നതിനായി തന്റെ കോർപ്പറേറ്റ് ജോലി ഉപേക്ഷിച്ച ബെംഗളൂരുവിൽ നിന്നുള്ള ഒരു യുവാവിന്റെ കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ജീവിതവിജയം എന്നാൽ അത് കോർപറേറ്റ് ജോലി സമ്പാദിക്കുക എന്നത് മാത്രമല്ല എന്നാണ് ഈ പോസ്റ്റ് തെളിയിക്കുന്നത്. സംരംഭകനായ വരുൺ അഗർവാളാണ് തന്റെ ഊബർ ഡ്രൈവറായ ദീപേഷിനെക്കുറിച്ചുള്ള കഥ ലിങ്ക്ഡ്ഇനിൽ ഷെയർ ചെയ്തത്.
ദീപേഷ് ഒരുകാലത്ത് ഒരു കോർപ്പറേറ്റ് കമ്പനിയിൽ ജോലി ചെയ്തിരുന്നുവെന്നും, പ്രതിമാസം ഏകദേശം 40,000 രൂപ ശമ്പളം വാങ്ങിയിരുന്നുവെന്നുമാണ് അഗർവാൾ തന്റെ പോസ്റ്റിൽ പറയുന്നത്. സ്ഥിരതയുള്ള ജോലി ആയിരുന്നെങ്കിലും, അത് തനിക്ക് വലിയ നഷ്ടം വരുത്തിവച്ചുവെന്നാണ് ദീപേഷ് പറയുന്നത്. ഭാര്യയ്ക്കും കുട്ടികൾക്കും വേണ്ടി സമയം കണ്ടെത്താനായില്ല, വർക്ക് ലൈഫ് ബാലൻസ് നിലനിർത്താൻ താൻ പാടുപെട്ടുവെന്നാണത്രെ ദീപേഷ് പറയുന്നത്.
'ഇതാണ് ദീപേഷ്, ഇന്നത്തെ എന്റെ ഊബർ ഡ്രൈവർ ദീപേഷ് ആയിരുന്നു' എന്നാണ് പോസ്റ്റിന്റെ ക്യാപ്ഷനിൽ പറയുന്നത്. തന്റെ കുടുംബവും മനഃസമാധാനവുമായിരുന്നു ദീപേഷിന് വലുത് അതിനാലാണ് ദീപേഷ് കോർപറേറ്റ് ജോലി ഉപേക്ഷിച്ച് മുഴുവൻ സമയ ടാക്സി ഡ്രൈവറായത്. ജോലി ഉപേക്ഷിക്കുന്നത് വിഡ്ഢിത്തമല്ലേ എന്നൊക്കെ ആളുകൾ പറയുമെങ്കിലും ദീപേഷിനെ സംബന്ധിച്ചിടത്തോളം ഇതൊരു നല്ല തീരുമാനം ആയിരുന്നു. അവിടെ 40,000 ആയിരുന്നെങ്കിൽ ടാക്സിയോടിച്ച് ഒരു മാസം 56,000 രൂപ വരെ ദീപേഷ് സമ്പാദിക്കുന്നുണ്ട്. അതും മാസത്തിൽ 21 ദിവസം മാത്രം ജോലി ചെയ്തിട്ട്.
അത് മാത്രമല്ല, സ്വന്തമായി ഒരു കാർ വാങ്ങി അതിന് ഒരു ഡ്രൈവറെ നിയമിക്കുക കൂടി ചെയ്തിട്ടുണ്ട് ദീപേഷ് എന്നും ഇത് വിപുലമാക്കാനുള്ള ശ്രമത്തിലാണ് എന്നുമാണ് അഗർവാൾ പറയുന്നത്. 'ചില നേരങ്ങളിൽ ജീവിതത്തിൽ മുന്നേറാനുള്ള ഏറ്റവും നല്ല മാർഗം ഡ്രൈവർ സീറ്റിൽ ഇരിക്കുക എന്നതാണ്' എന്നും അദ്ദേഹം തന്റെ പോസ്റ്റിൽ പറഞ്ഞു.