
ദില്ലി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ബെഞ്ചിൽ കിടന്നുറങ്ങിയ സഹയാത്രക്കാരന്‍റെ ചിത്രം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച് അധിക്ഷേപിച്ച യുവാവിനെതിരെ ജനരോഷം ശക്തമാകുന്നു. ദീർഘദൂര യാത്രകൾക്കിടയിലുള്ള കാത്തിരിപ്പ് സമയങ്ങളിൽ വിമാനത്താവളങ്ങളിൽ വിശ്രമിക്കുന്നത് ആഗോളതലത്തിൽ തന്നെ സാധാരണമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ലക്ഷക്കണക്കിന് ആളുകൾ യാത്രക്കാരന് പിന്തുണയുമായി രംഗത്തെത്തിയത്.
പുൽകിത് ശർമ്മ എന്ന എക്സ് ഉപയോക്താവാണ്, ബെഞ്ചിൽ ഹാൻഡ് ബാഗ് തലയിണയാക്കി ഉറങ്ങുന്ന ഒരു യാത്രക്കാരന്‍റെ ചിത്രമെടുത്ത് സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത്. യാത്രക്കാരന്‍റെ പ്രവൃത്തി "അങ്ങേയറ്റം സങ്കടകരവും സംസ്കാരശൂന്യവും നാണംകെട്ടതുമാണ്" എന്ന് വിശേഷിപ്പിച്ച ഇയാൾ, ഇന്ത്യൻ യാത്രക്കാരെ 'കുരങ്ങൻമാരുടെ കൂട്ട'ത്തോടാണ് ഉപമിച്ചത്. "ഇന്ത്യക്കാർക്ക് സാമൂഹിക ബോധം പഠിപ്പിച്ചു കൊടുക്കാൻ ഒരു സർക്കാരിനും കഴിയില്ല. എല്ലാവർക്കുമായി നൽകിയ ഒരു പൊതുസ്ഥലം സ്വന്തം വീടുപോലെയാണ് ഈ ഭ്രാന്തൻ കൈയടക്കി വെച്ചിരിക്കുന്നത്," പുൽകിത് ശർമ്മ തന്‍റെ പോസ്റ്റിൽ കുറിച്ചു.
ദില്ലി വിമാനത്താവള അധികൃതരെ ടാഗ് ചെയ്ത ഇയാൾ, ഇത്തരം യാത്രക്കാരെ 'നേരെയാക്കാൻ' വിമാനത്താവളങ്ങളിൽ പ്രത്യേക പോലീസ് സേനയെ നിയോഗിക്കണമെന്നും ആവശ്യപ്പെട്ടു. പാശ്ചാത്യ രാജ്യങ്ങളിലെ ഒരു സാധാരണ ബസ് സ്റ്റോപ്പ് പോലും ഇന്ത്യയിലെ ഏറ്റവും വലിയ വിമാനത്താവളത്തേക്കാൾ വൃത്തിയുള്ളതാണെന്നും, വിമാനത്താവളത്തിൽ അത്യാധുനിക സൗകര്യങ്ങൾ ഒരുക്കിയ അധികൃതർക്ക് മുഴുവൻ മാർക്കും നൽകുന്നുവെങ്കിലും ഇതൊക്കെ ഉപയോഗിക്കാൻ നൽകിയിരിക്കുന്നത് ഒരു കൂട്ടം കുരങ്ങൻമാർക്കാണെന്നും ഇയാൾ അധിക്ഷേപിച്ചു.
No Govt. can bring Civic Sense to Indians.
Utterly pathetic and shameful, this nut job has occupied this public space (meant to be shared) like he owns it. 🤮@DelhiAirport should have a separate Police to straighten out such uncivilised tits.
Most uncivilised people. There… pic.twitter.com/X76529IfRp— Pulkit Sharma ॐ (@Pulkits77) June 4, 2026
പോസ്റ്റ് വൈറലായതോടെ, സ്വന്തം കാര്യം നോക്കി വിശ്രമിച്ച ഒരു സാധാരണക്കാരനെ പരസ്യമായി അപമാനിച്ച പുൽകിത് ശർമ്മയ്‌ക്കെതിരെ സമൂഹ മാധ്യമ ഉപയോക്താക്കൾ ഒന്നടങ്കം തിരിഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ ട്രാൻസിറ്റ് ഹബ്ബുകളിൽ പോലും കണക്റ്റിംഗ് ഫ്ലൈറ്റുകൾക്കായി മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വരുമ്പോൾ ആളുകൾ ബെഞ്ചിലോ കസേരകളിലോ കാർപ്പെറ്റിലോ കിടന്നുറങ്ങാറുണ്ടെന്ന് യാത്രാപരിചയമുള്ള നിരവധി ആളുകൾ പ്രതികരണങ്ങളിലൂടെ വ്യക്തമാക്കി. "ലോകമെമ്പാടുമുള്ള വിമാനത്താവളങ്ങളിലും ബസ് സ്റ്റാൻഡുകളിലും പാർക്കുകളിലും ആളുകൾ ബെഞ്ചിൽ കിടക്കാറുണ്ട്. നിങ്ങൾ ലോകം കാണാത്തത് കൊണ്ടാണ് ഇങ്ങനെ സംസാരിക്കുന്നത്. യൂറോപ്പിലെയും അമേരിക്കയിലെയും വിമാനത്താവളങ്ങളിലെ അവസ്ഥ കണ്ടാൽ ഇന്ത്യയിലെ യാത്രക്കാർ എത്രയോ ഭേദമാണെന്ന് നിങ്ങൾക്ക് മനസ്സിലാകും." എന്നായിരുന്നു ഒരാൾ അഭിപ്രായപ്പെട്ടത്.
"ഇതിൽ യാതൊരു തെറ്റുമില്ല. ആ ചിത്രത്തിൽ അയാൾ തന്‍റെ ചെരുപ്പുകൾ കൃത്യമായി ഊരി താഴെ വെച്ചിട്ടുണ്ട്. മറ്റുള്ളവർക്ക് ശല്യമുണ്ടാക്കാതെ മാന്യമായാണ് അയാൾ വിശ്രമിക്കുന്നത്. നിങ്ങൾ അധികം യാത്ര ചെയ്തിട്ടില്ലെന്ന് ഇതിൽ നിന്നും വ്യക്തമാണ്." എന്നായിരുന്നു മറ്റൊരു കമന്‍റ്. "4-5 മണിക്കൂർ ലേ-ഓവർ ഉണ്ടെങ്കിൽ ആളുകൾ അത്രയും സമയം കസേരയിൽ വെറുതെ ഇരിക്കണമെന്ന് നിർബന്ധിക്കരുത്. നിങ്ങൾക്ക് ഇരിക്കാൻ സ്ഥലം വേണമെങ്കിൽ ചോദിച്ചാൽ അയാൾ മാറിത്തരുമായിരിക്കും. സോഷ്യൽ മീഡിയയിൽ വന്ന് വെറുതെ അനാവശ്യം വിളമ്പേണ്ടതില്ല. വിമാനത്താവളങ്ങളിൽ ഉറങ്ങുന്നത് ആഗോളതലത്തിൽ സാധാരണമാണ്." ഇങ്ങനെ നീളുന്നു ആളുകളുടെ അഭിപ്രായ പ്രകടനം. മറ്റുള്ളവരുടെ സ്വകാര്യതയെ മാനിക്കാതെ അനുവാദമില്ലാതെ ചിത്രങ്ങൾ പകർത്തി സോഷ്യൽ മീഡിയയിൽ അപമാനിക്കാൻ ശ്രമിച്ച പുൽകിത് ശർമ്മയുടെ നടപടി തികച്ചും അപക്വമാണെന്നാണ് ഭൂരിഭാഗം പേരുടെയും അഭിപ്രായം.