
വിദേശത്ത് ജോലി ചെയ്യുന്ന ഒരു ഇന്ത്യൻ പ്രവാസി കുടുംബത്തിൽ നിന്ന് നേരിടുന്ന സാമ്പത്തിക സമ്മർദം വിവരിച്ച് സമൂഹ മാധ്യമത്തിൽ പങ്കുവെച്ച കുറിപ്പ് വ്യാപക ചർച്ചയാകുന്നു. സഹോദരന്‍റെ വിവാഹത്തിനായി നേരത്തെ 19 ലക്ഷം രൂപ നൽകിയ തനിക്ക്. ഇപ്പോൾ സഹോദരന്‍റെ പേരിൽ ഫ്ലാറ്റ് വാങ്ങാൻ വീണ്ടും 15 മുതൽ 20 ലക്ഷം രൂപ വരെ നൽകണമെന്ന് അച്ഛനമ്മമാർ ആവശ്യപ്പെടുകയാണെന്ന് പ്രവാസി കുറിച്ചു.
മൂന്ന് വർഷമായി വിദേശത്ത് ജോലി ചെയ്യുന്ന യുവാവ്, ഇന്ത്യയിൽ ജോലി ചെയ്തിരുന്ന കാലത്ത് ശമ്പളത്തിൽ നിന്ന് കാര്യമായ സമ്പാദ്യമുണ്ടാക്കാൻ കഴിഞ്ഞിരുന്നില്ലെന്ന് കുറിപ്പിൽ പറയുന്നു. എന്നാൽ, വിദേശത്തേക്ക് പോയതോടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടു. ഇതിനാൽ പല തവണ കുടുംബത്തെ സഹായിക്കാൻ കഴിഞ്ഞു. സർക്കാർ ബാങ്കിൽ ജോലി ചെയ്യുന്ന മൂത്ത സഹോദരന്‍റെ വിവാഹത്തിനായി 10 ലക്ഷം രൂപ നേരിട്ട് നൽകിയതോടൊപ്പം, വിവാഹ ജീവിതം കടബാധ്യതയോടെ തുടങ്ങാതിരിക്കാനായി 9 ലക്ഷം രൂപ കൂടി വായ്പയായി നൽകിയതായും അദ്ദേഹം വിശദീകരിക്കുന്നു. ആ തുക ഇതുവരെ തിരിച്ചുകിട്ടിയിട്ടില്ലെങ്കിലും അതിൽ പരാതി ഇല്ലെന്നും യുവാവ് വ്യക്തമാക്കി.
ഇപ്പോൾ ഏകദേശം 1.1 കോടി രൂപ വിലവരുന്ന ഫ്ലാറ്റ് സഹോദരന്‍റെ പേരിൽ വാങ്ങാനാണ് കുടുംബത്തിന്‍റെ പദ്ധതി. ഇതിനായി ആദ്യം 40 ലക്ഷം രൂപ ഡൗൺ പേയ്മെന്‍റ് നൽകാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും അത് താൻ നിരസിച്ചെന്നും അദ്ദേഹം എഴുതി. എന്നാൽ, വിവാഹം കഴിഞ്ഞ് ആറു മാസം പിന്നിടുമ്പോൾ വീണ്ടും 15 – 20 ലക്ഷം രൂപ നൽകണമെന്ന ആവശ്യം വീട്ടിൽ നിന്നും ശക്തമായതോടെയാണ് അദ്ദേഹം ഇക്കാര്യത്തിൽ ഒരു ഉപദേശം തേടി റെഡിറ്റിൽ തന്‍റെ ജീവിതത്തെ കുറിച്ച് എഴുതിയത്. തന്‍റെ നിരവധി കടങ്ങൾ താനാണ് വീട്ടിയതെന്നും മാത്രമല്ല കഴിഞ്ഞ ഒമ്പത് വർഷമായി തന്‍റെ ശമ്പള വർദ്ധനവിന് ആനുപാതികമായ തുക താൻ പ്രതിമാസ അലവൻസായി വീട്ടിലേക്ക് അയക്കാറുണ്ടെന്നും അതിന് പുറമേയാണ് ഇപ്പോഴത്തെ ആവശ്യമെന്നും അദ്ദേഹം എഴുതി.
യുവാവിന്‍റെ കുറിപ്പ് വളരെ പെട്ടെന്ന് തന്നെ സമൂഹ മാധ്യമങ്ങളിൽ വൈറലായി. കുടുംബത്തെ സഹായിക്കുന്നത് ഉത്തരവാദിത്തമാണെങ്കിലും ഒരാളുടെ മാത്രം സാമ്പത്തിക ശേഷിയെ നിരന്തരം ആശ്രയിക്കുന്നത് ചൂഷണമായി മാറാമെന്ന് നിരവധി പേർ അഭിപ്രായപ്പെട്ടു. സ്വന്തം സാമ്പത്തിക സുരക്ഷയ്ക്കും ഭാവി പദ്ധതികൾക്കും മുൻഗണന നൽകുകയും കുടുംബബന്ധങ്ങളിൽ വ്യക്തമായ സാമ്പത്തിക പരിധികൾ നിശ്ചയിക്കുകയും വേണമെന്നും നിരവധി പേർ ഉപദേശിച്ചു.