കുറ്റവാളികളെ പേടിച്ച് ഒളിവില്‍ കഴിയുന്ന വനിതാ ജഡ്ജിമാര്‍!

By Web TeamFirst Published Sep 28, 2021, 9:19 PM IST
Highlights

അഫ്ഗാനില്‍ ഒളിവില്‍ കഴിയുന്നത് 220 വനിതാ ജഡ്ജുമാര്‍; അവരുടെ രക്തത്തിനായി നടക്കുന്നത് അവര്‍ ജയിലിലടച്ച കൊടുംകുറ്റവാളികള്‍. ക്രിമിനലുകളെ തുറന്നു വിട്ടത് താലിബാന്‍. 

താലിബാന്‍ അധികാരത്തില്‍ വന്നതോടെ അഫ്ഗാനിസ്താന്റെ വിവിധ ഭാഗങ്ങളില്‍ ഭയന്നു വിറച്ച് ഒളിച്ചുജീവിക്കുന്നത് 220 വനിതാ ജഡ്ജുമാര്‍. എല്ലാ മേഖലകളില്‍നിന്നും സ്ത്രീകളെ പുറത്താക്കാനുള്ള താലിബാന്റെ നയങ്ങള്‍ മാത്രമല്ല ഇവരെ ഭയപ്പെടുത്തുന്നത്. ഭാര്യമാരെ കൊല ചെയ്തതടക്കമുള്ള ക്രൂരകൃത്യങ്ങളുടെ പേരില്‍ ഇവര്‍ ജയിലിലടച്ച കൊടുംകുറ്റവാളികളെ താലിബാന്‍കാര്‍ ജയിലില്‍നിന്ന് മോചിപ്പിച്ചിട്ടുണ്ട്. തങ്ങളെ ശിക്ഷിച്ച ജഡ്ജുമാരെ തിരഞ്ഞു നടപ്പാണ് ആ ക്രിമിനലുകള്‍. ഒന്നുകില്‍ താലിബാന്‍കാര്‍, അല്ലെങ്കില്‍ ഈ ക്രിമിനലുകള്‍-മരണം ഏതു സമയത്തും തേടിയെത്താമെന്ന ആശങ്കയിലാണ്, ഒരിക്കല്‍ അഫ്ഗാനിസ്താനിലാകെ ആദരിക്കപ്പെട്ടിരുന്ന ഈ സ്ത്രീകളിപ്പോള്‍. 

ബിബിസിയാണ് ഈ മുന്‍ ജഡ്ജുമാരുടെ അവസ്ഥ പുറത്തുകൊണ്ടുവന്നത്. വിവിധ സ്ഥലങ്ങളിലായി ഒളിച്ചു താമസിക്കുന്ന ആറു വനിതാ ജഡ്ജുമാരോട് സംസാരിച്ചാണ് ബിബിസി ഈ അന്വേഷണ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. 

20 വര്‍ഷത്തിനുള്ളില്‍ 270 സ്ത്രീകളാണ് അഫ്ഗാനിസ്താനില്‍ ജഡ്ജിയുടെ കസേരയിലിരുന്നിട്ടുള്ളത്. അവരില്‍ 220 പേരാണിപ്പോള്‍ ഒളിവില്‍ കഴിയുന്നത്. ഇവരെല്ലാം അഫ്ഗാനിലാകെ ആദരിക്കപ്പെട്ട വ്യക്തിത്വങ്ങളായിരുന്നു. ഉന്നത വിദ്യാഭ്യാസവും നിയമബിരുദവും കോടതികളില്‍ അഭിഭാഷകജോലി െചയ്ത പ്രവൃത്തി പരിചയവുമായാണ് ഇവര്‍ ജഡ്ജുമാരായി എത്തിയത്. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ ലോകത്തുതന്നെ മുന്‍നിരയിലായിരുന്ന അഫ്ഗാനിസ്താനില്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ ഈ ജഡ്ജുമാര്‍ക്ക് കഴിഞ്ഞിരുന്നു. സ്ത്രീകളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ അനേകം പുരുഷന്‍മാര്‍ ജയിലിലായത് ഇവരുടെ വിധിന്യായങ്ങളെ തുടര്‍ന്നായിരുന്നു. പ്രതികളില്‍ ഏറെപ്പേരും താലിബാനുമായി ബന്ധമുള്ളവരും. താലിബാന്‍കാരില്‍നിന്നുള്ള വിവാഹ മോചനം തേടിയെത്തിയ നിരവധി സ്ത്രീകള്‍ക്കും ആശ്വാസമായിരുന്നു ഈ വനിതാ ജഡ്ജുമാര്‍. 

എന്നാല്‍, താലിബാന്‍ അധികാരത്തില്‍വന്നതോടെ അവസ്ഥയാകെ മാറി. മുന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പൊതുമാപ്പ് നല്‍കുന്നതായി താലിബാന്‍ അറിയിച്ചിരുന്നുവെങ്കിലും അതൊക്കെ പേരില്‍ മാത്രമായിരുന്നു. പലയിടങ്ങളിലും താലിബാന്‍കാര്‍ ശത്രുസംഹാരം മുറപോലെ നടത്തി. പ്രശ്‌നങ്ങള്‍ ഉണ്ടാവുമ്പോള്‍ അതൊന്നും തങ്ങളല്ലെന്ന് താലിബാന്‍ കൈ കഴുകി. എന്നിട്ടും നിരവധി പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ്, മുന്‍ ഉദ്യോഗസ്ഥരോട് പ്രതികാര നടപടി നിര്‍ത്തണമെന്ന് കഴിഞ്ഞ ദിവസം അഫ്ഗാന്‍ പ്രതിരോധ മന്ത്രിയും താലിബാന്‍ സ്ഥാപകന്‍ മുല്ലാ ഉമറിന്റെ മകനുമായ മുല്ലാ മുഹമ്മദ് യാഖൂബിന് താലിബാന്‍ പടയാളികള്‍ക്ക് അയച്ച ശബ്ദ സന്ദേശത്തില്‍ പറേയണ്ടി വന്നത്. 

ഭാര്യയെ മൃഗീയമായി കൊന്ന താലിബാന്‍കാരന്‍

ഞെട്ടിക്കുന്ന കഥകളാണ് ഒളിവില്‍ കഴിയുന്ന ഈ വനിതാ ജഡ്ജുമാരില്‍ പലരും ബിബിസിയോട് പങ്കുവെച്ചത്. 

അതിലൊരാളാണ് മസൂമ (സുരക്ഷാ കാരണങ്ങളാല്‍ ശരിയായ പേരല്ല ഉപയോഗിച്ചത്). ബലാല്‍സംഗം, കൊലപാതകം, സ്ത്രീകളോടുള്ള അതിക്രമങ്ങള്‍ തുടങ്ങിയ നിരവധി കേസുകളില്‍ താന്‍ നൂറു കണക്കിന് പുരുഷന്‍മാര്‍ക്ക് തടവുശിക്ഷ വിധിച്ചിട്ടുണ്ടെന്ന് അവര്‍ പറയുന്നു. '' താലിബാന്‍ ജയില്‍ തുറന്ന് എല്ലാ തടവുകാരെയയും മോചിപ്പിച്ചു എന്ന് അറിഞ്ഞ നട്ടപ്പാതിരയ്ക്കാണ് ഞാന്‍ കുടുംബത്തോടൊപ്പം വീടും പൂട്ടി ഒളിവു ജീവിതത്തിലേക്ക് ഇറങ്ങിയത്. തിരിച്ചറിയാതിരിക്കാന്‍ ഒരു ബുര്‍ഖ ധരിച്ചാണ് രക്ഷപ്പെട്ടത്. താലിബാന്‍ ചെക്ക്‌പോസ്റ്റുകളില്‍നിന്ന് എങ്ങനെയൊക്കെയാ രക്ഷപ്പെട്ടു. പിന്നെ ഇതുവരെ പല സ്ഥലങ്ങളില്‍ മാറിമാറിത്താമസിച്ചു. ഞങ്ങള്‍ വീടുവിട്ടിറങ്ങിയതിനു പിന്നാലെ, വീട്ടില്‍ ഞങ്ങളെ തേടി സായുധ താലിബാന്‍ സംഘം വന്നതായി അയല്‍ക്കാര്‍ വിളിച്ചറിയിച്ചിരുന്നു. എങ്ങനെ ഇതുപോലെ ഭയന്ന് ജീവിതം തുടരും എന്നറിയില്ല. എന്റെ ശമ്പളം നിലച്ചു. കുടുംബത്തിന്റെ ആശ്രയം ഇല്ലാതായി. അതോടൊപ്പം എന്റെ ജീവിതവും അപകടത്തിലായി.''അവര്‍ പറയുന്നു. 

ഭാര്യയെ മൃഗീയമായി പീഡിപ്പിച്ചു കൊന്ന ഒരു കൊടും കുറ്റവാളിയുടെ കഥ പറയുന്നുണ്ട് ഈ വനിതാ ജഡ്ജ്. താലിബാന്‍കാരായിരുന്നു അയാള്‍. അതിക്രൂരമായ കൊലപാതകത്തില്‍ 20 വര്‍ഷം തടവു വിധിച്ചു. ''ജയിലില്‍ പോവും മുമ്പ് അയാള്‍ എന്നോടുപറഞ്ഞു, ജയിലില്‍നിന്നിറങ്ങിയാല്‍ ഞാന്‍ നിങ്ങളെ കാണും. ഭാര്യയോട് ചെയ്തതുപോലെ നിങ്ങളോടും ചെയ്യും എന്ന്. അന്ന് ഞാനത് കാര്യമായെടുത്തില്ല. എന്നാല്‍, താലിബാന്‍ വന്നപ്പോള്‍ അയാളും പുറത്തിറങ്ങി. എന്റെ നമ്പറിലേക്ക് അയാള്‍ വിളിച്ചു. നീതിന്യായ വകുപ്പില്‍നിന്നും എന്റെ നമ്പര്‍ എടുത്തിട്ടാണ് അയാള്‍ വിളിച്ചത്. പിന്നാലെയുണ്ടെന്നും കൈയില്‍കിട്ടിയാല്‍ ബാക്കിവെക്കില്ലെന്നുമാണ് അയാള്‍ ഭിഷണിപ്പെടുത്തുന്നത്. ''-ബിബിസിയോട് അവര്‍ പറയുന്നു. 


ഇത് ഒരു ജഡ്ജിന്റെ മാത്രം കഥയല്ല. സമാനമായ അനുഭവങ്ങളാണ് ബിബിസിയുമായി സംസാരിച്ച് മറ്റ് ആറുപേരും പറഞ്ഞത്. ഫോണില്‍ നിരന്തരം വധഭീഷണികള്‍ വന്നപ്പോള്‍ നമ്പര്‍ മാറ്റി നടക്കുകയാണ്. ഭാര്യമാരെ കൊന്നതിന് ശിക്ഷിക്കപ്പെട്ട ശേഷം പുറത്തിറങ്ങിയ നാലു താലിബാന്‍ പേരടങ്ങിയ സംഘം തങ്ങള്‍ക്ക് പിന്നാലെ ആയുധവുമായി വരുന്നുണ്ടെന്ന് ഇവരെല്ലാം ഭയക്കുന്നു. ഇടക്കിടെ ഒളിത്താവളങ്ങള്‍ മാറ്റിയാണ് ഇവരിപ്പോള്‍ ജീവിക്കുന്നത്. 


താലിബാന്‍കാര്‍ പിന്നാലെയുണ്ട്

തനിക്ക് 20 -ലേറെ വധഭീഷണികള്‍ ഫോണിലൂടെ വന്നതായി മുതിര്‍ന്ന ഒരു വനിതാ ജഡജി പറഞ്ഞു. ''സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ കേസുകളിലായിരുന്നു ഞാനേറ്റവും കൂടുതല്‍ വിധി പറഞ്ഞത്. താലിബാന്‍കാരും ഐസിസുകാരുമൊക്കെ പ്രതികളായി എന്റെ മുന്നിലെത്തിയിട്ടുണ്ട്. അവരില്‍ പലരും ജയിലിലുമെത്തി. ഇപ്പോള്‍ അവരെല്ലാം മോചിതരാണ്. പ്രതികാര ദാഹവുമായി കൊലവിളിച്ചു നടക്കുകയാണ് പല മുന്‍ കുറ്റവാളികളും.'' സന്‍ആ എന്ന് ബിബിസി പേരുമാറ്റിവിളിച്ച ആ മുന്‍ ജഡ്ജ് പറയുന്നു. 

കുടുംബാംഗങ്ങളുമായി ഒളിവില്‍ കഴിയുകയാണ് ഈ ജഡ്ജ്. വീട്ടില്‍ നിന്നും കുറച്ചു അത്യാവശ്യ സാധനം എടുക്കാന്‍ ഒരു ബന്ധുചെന്ന കഥ അവര്‍ പറഞ്ഞു. ''വീട്ടില്‍നിന്നും അധികം വേഗം സാധനങ്ങള്‍ എടുത്തുവെക്കുമ്പോള്‍ താലിബാന്‍കാര്‍ അവിടെത്തി. ജഡ്ജ് എവിടെ എന്നു ചോദിച്ച് അവരവനെ തല്ലിച്ചതച്ചു.  മുറിവേറ്റ് കിടന്ന അവനെ പിന്നീട് ഒരു ബന്ധു ആശുപത്രിയിലാക്കുകയായിരുന്നു.''

കുടുംബ കോടതിയില്‍ താന്‍ വിധി പറഞ്ഞ ഭൂരിഭാഗം കേസുകളും താലിബാന്‍കാരുടെ ഭാര്യമാരുടേതായിരുന്നുവന്ന് ഒരു ജഡ്ജ് പറയുന്നു. അന്നു തന്നെ താലിബാന്‍ ഭീഷണി ഉയര്‍ത്തിയിരുന്നു. ഒരിക്കല്‍ കോടതിക്കു നേരെ റോക്കറ്റ് ആക്രമണം നടത്തിയതായും അവര്‍ പറയുന്നു. 

തങ്ങളുടെ കൂട്ടത്തില്‍ ഒരു ജഡ്ജിനെ ഈയടുത്ത് താലിബാന്‍ വധിച്ചതായും ഈ ജഡ്ജുമാര്‍ സാക്ഷ്യപ്പെടുത്തുന്നു. എങ്ങനെയെങ്കിലും പുറത്തുകടക്കണമെന്നാണ് ആഗ്രഹിക്കുന്നത് എങ്കിലും അതൊട്ടും എളുപ്പമല്ല എന്നിവര്‍ക്ക് അറിയാം. ചില രാജ്യങ്ങള്‍ ഇവരെ രക്ഷപ്പെടുത്തുന്നതിന് ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍, ആരും പുറത്തുപോവാന്‍ പാടില്ല എന്ന് വാശിപിടിക്കുന്ന താലിബാന്‍കാര്‍ ഇവരെ വിടില്ല. അതോടൊപ്പം ഇവരുടെ രക്തം ആഗ്രഹിക്കുന്നവരും. 

ബ്രിട്ടനിലേക്ക് രക്ഷപ്പെടാന്‍ ഭാഗ്യമുണ്ടായ മുന്‍ വനിതാ ജഡ്ജ് മര്‍സിയ ബാബകര്‍ഖലീല്‍ ഒളിവില്‍ കഴിയുന്ന മുന്‍ സഹപ്രവര്‍ത്തകര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്നുണ്ട്. ''ഓരോ തവണയും ഒളിവിടങ്ങളില്‍നിന്നും ഇവര്‍ വിളിക്കുമ്പോള്‍ നിസ്സഹായ ആവാറുണ്ട്. എത്ര കാലം ഇങ്ങനെ ജീവിക്കും എന്നവര്‍ ചോദിക്കുമ്പോള്‍ എന്തു മറുപടി പറയും. ന്യൂസിലാന്‍ഡും മറ്റും ഇവരുടെ കാര്യത്തില്‍ താല്‍പ്പര്യം കാണിക്കുന്നുവെങ്കിലും അതിനൊക്കെ ഒരുപാടു സമയമെടുക്കും. അതിനുള്ളില്‍ എന്തൊക്കെ സംഭവിക്കും?''-മര്‍സിയ ചോദിക്കുന്നു. 

അഫ്ഗാന്‍ മാറിയ വിധം
എന്നാല്‍, ഈ ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് താലിബാന്‍ വക്താവ് ബിലാല്‍ കരീമി ബിബിസിയോട് പറഞ്ഞു. ''മറ്റേത് കുടുംബങ്ങളെ പോലെ വനിതാ ജഡ്ജുമാര്‍ക്കും നിര്‍ഭയരായി ജീവിക്കാം. ആരും അവരെ ഭീഷണിപ്പെടുത്തില്ല. ഇത്തരം പരാതികളെക്കുറിച്ച് ഞങ്ങളുടെ പ്രത്യേക സേനാവിഭാഗം അന്വേഷിക്കുന്നുണ്ട്. പരാതിയില്‍ കഴമ്പുണ്ടെങ്കില്‍, നടപടി ഉണ്ടാവും.''-ബിലാല്‍ കരീമി പറഞ്ഞു. 

പക്ഷേ, താലിബാന്‍ വക്താവ് ലഘൂകരിക്കുന്നതുപോലെയല്ല ഈ ജഡ്ജുമാരുടെ ജീവിതാവസ്ഥകളെന്ന് ബിബിസി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. നിലനില്‍ക്കുന്ന നിയമങ്ങള്‍ക്കകത്തുനിന്ന് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നീതി നല്‍കാന്‍ മുന്നിട്ടിറങ്ങിയവരാണ് ഇവര്‍. കുറ്റവാളികളെ തടവറകളിലേക്ക് അയച്ചവര്‍. എന്നാല്‍, തടവറകള്‍ തുറന്ന് താലബാന്‍ കുറ്റവാളികളെ പുറത്തേക്ക് ഇറക്കി വിട്ടതോടെ ഇവരാണിപ്പോള്‍ തടവുജീവിതം നയിക്കേണ്ടി വരുന്നത്. യഥാര്‍ത്ഥ ക്രിമിനലുകള്‍ പുറത്തും ന്യായാധിപര്‍ തടവറകളിലെന്നോണവും കഴിയേണ്ടിവരുന്ന വിചിത്രമായ അവസ്ഥ. അഫ്ഗാനിസ്താനിലെ ജീവിതം മാറിയത് ഇങ്ങനെയാണ്. 

click me!