
മെക്സിക്കോയിൽ നൂറുകണക്കിന് പക്ഷികൾ(Birds) ആകാശത്ത് നിന്ന് താഴേക്ക് വീഴുകയും, ദുരൂഹമായ സാഹചര്യത്തിൽ ചാവുകയും ചെയ്യുന്ന ഭീതിജനകമായ വീഡിയോയാണ് ഇപ്പോൾ സാമൂഹികമാധ്യമങ്ങളിൽ വൈറലാകുന്നത്. ഒരു പ്രേതസിനിമയ്ക്ക് സമാനമായ ഈ രംഗം മെക്‌സിക്കൻ സംസ്ഥാനമായ ചിഹുവാഹുവയിലെ കുവാഹ്‌റ്റെമോക് നഗര(Mexico’s Cuauhtémoc city)ത്തിലാണ് ഉണ്ടായത്. അവിടത്തെ തെരുവിലുടനീളം പക്ഷികളുടെ ശവങ്ങൾ ചിതറിക്കിടക്കുന്നതായി പ്രാദേശിക പത്രമായ എൽ ഹെറാൾഡോ ഡി ചിഹുവാഹുവ റിപ്പോർട്ട് ചെയ്തു.
അതേസമയം ഈ കൂട്ടമരണങ്ങളുടെ കാരണം ഇതുവരെ അറിവായിട്ടില്ല. തലയിൽ മഞ്ഞ നിറമുള്ള കറുത്ത ദേശാടനപ്പക്ഷികളാണ് കൂട്ടത്തോടെ ചത്തൊടുങ്ങിയത്. മെക്സിക്കോയിൽ ശൈത്യകാലം ചെലവഴിക്കാൻ വടക്കൻ കാനഡയിൽ നിന്ന് ദേശാടന പക്ഷികൾ എത്തിയിരുന്നു. പക്ഷേ, ഉയർന്ന തോതിലുള്ള വായുമലിനീകരണം ഇവയെ ബാധിച്ചിരിക്കാം. അതുമല്ലെങ്കിൽ ഹീറ്ററുകളുടെ പ്രവർത്തനം, കാർഷിക രാസവസ്തുക്കളുടെ പ്രയോഗം, താഴ്ന്ന താപനില എന്നിവ കാരണമാകാം അവ നിലം പതിച്ചതെന്ന് വിദഗ്ദർ അനുമാനിക്കുന്നു. ഫെബ്രുവരി 7 -നാണ് സംഭവം നടന്നത്. ഒരു വലിയ കറുത്ത മേഘം പോലെ പക്ഷികൾ താഴേക്ക് വീഴുന്നതും കെട്ടിടത്തിന്റെ മേൽക്കൂരയിലും നടപ്പാതയിലും തെരുവിലും വന്ന് പതിക്കുന്നതിന്റെയും ദൃശ്യങ്ങൾ ഒരു സുരക്ഷാ ക്യാമറയിൽ പതിഞ്ഞു.
താഴെ വീണ നിരവധി പക്ഷികൾ അപകടത്തെ അതിജീവിക്കുകയും, കുറച്ച് സമയത്തിന് ശേഷം വീണ്ടും പറന്നുയരുകയും ചെയ്തു. ബാക്കിയുള്ളവ അവിടെ തന്നെ ചത്ത് കിടന്നു. തെരുവിൽ പക്ഷികൾ കിടക്കുന്നത് കണ്ട നാട്ടുകാരാണ് പൊലീസിൽ വിവരമറിയിച്ചത്. കൂട്ടമരണങ്ങളുടെ കാരണം അന്വേഷിക്കാൻ സൂടെക്‌നിക്കൽ വെറ്ററിനറി ഡോക്ടർമാരുടെ സഹായം അധികൃതർ തേടുകയാണ്. ഹീറ്ററിൽ നിന്നുള്ള വിഷപ്പുക ശ്വസിച്ച് പക്ഷികൾ ചത്തതോ അല്ലെങ്കിൽ വൈദ്യുതി ലൈനിൽ തട്ടി വൈദ്യുതാഘാതമേറ്റ് ചത്തതോ ആകാമെന്നാണ് പ്രാഥമിക നിഗമനം.
സംഭവത്തിന്റെ വീഡിയോ പിന്നീട് വൈറലായപ്പോൾ ആളുകൾ പല അടിസ്ഥാനരഹിതമായ സിദ്ധാന്തങ്ങളും പങ്കുവച്ചു. അതിലൊന്ന് 5G സാങ്കേതികവിദ്യയാണ് സംഭവത്തിന് പിന്നിലെന്നതായിരുന്നു. വൈദ്യുതകാന്തിക മണ്ഡലത്തിന്റെ ഫലമാണിതെന്നും ചിലർ പറഞ്ഞു. യുകെ സെന്റർ ഫോർ ഇക്കോളജി ആൻഡ് ഹൈഡ്രോളജിയിലെ പരിസ്ഥിതി ശാസ്ത്രജ്ഞനായ ഡോ. റിച്ചാർഡ് ബ്രൗട്ടൺ ഗാർഡിയനോട് പറഞ്ഞു, "ഇരപിടിക്കുന്ന പക്ഷികളോ അല്ലെങ്കിൽ പരുന്ത് പോലുള്ളവയോ ദേശാടന പക്ഷികളുടെ ഇടയിലേക്ക് ഇടിച്ച് കയറിയത് കൊണ്ടാകാം അവ താഴെ വീണത്."
അതേസമയം ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. ന്യൂ മെക്സിക്കോയ്ക്ക് ചുറ്റും ധാരാളം ദേശാടന പക്ഷികൾ ചത്തു വീഴുന്ന നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഇതോടെ ഇതിന് പിന്നിലുള്ള കാരണം പഠിക്കാൻ ശാസ്ത്രജ്ഞർ നിർബന്ധിതരായി. പക്ഷികൾ ശ്വസിക്കുന്ന വിഷാംശം, ദേശാടന പക്ഷികൾ പറക്കുന്ന വഴികളെ മൂടി നിൽക്കുന്ന പുകപടലങ്ങൾ, അടുത്തിടെയുണ്ടായ തണുപ്പ്, തെക്കുപടിഞ്ഞാറൻ മേഖലയിലെ വരൾച്ച മൂലമുണ്ടായ ഭക്ഷണ സ്രോതസ്സുകളുടെ ശോഷണം എന്നിവ ഉൾപ്പെടെയുള്ള സാധ്യമായ കാരണങ്ങൾ ഗവേഷകർ അന്വേഷിക്കുന്നു.