
'മരണത്തെ വെല്ലുവിളിക്കുന്നവൻ' എന്നറിയപ്പെടുന്ന അമേരിക്കൻ ശതകോടീശ്വരൻ ബ്രയാൻ ജോൺസനെ അറിയാത്തവർ കുറവായിരിക്കും. 47 -ാം വയസ്സിൽ തന്റെ യുവത്വം നിലനിർത്താൻ ഒരു വർഷം 16 കോടി രൂപയാണ് ഇദ്ദേഹം ചെലവഴിക്കുന്നത്. കഠിനമായ ഭക്ഷണക്രമത്തിലൂടേയും ജീവിതചര്യയിലൂടേയും തനിക്ക് അഞ്ചുവയസ്സോളം കുറഞ്ഞെന്ന് കഴിഞ്ഞ വർഷം ബ്രയാൻ വെളിപ്പെടുത്തുകയും ചെയ്തിരുന്നു.
ശാരീരികമായ പ്രായം കുറയ്ക്കുന്നതിനായി 16 -കാരനായ മകൻ്റെ രക്തത്തിലെ പ്ലാസ്മ സ്വന്തം ശരീരത്തിലേക്ക് കയറ്റിക്കൊണ്ടുള്ള ഇദ്ദേഹത്തിൻറെ പരീക്ഷണവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ മകന്റെ രക്തത്തിൽ നിന്നുമുള്ള പ്ലാസ്മ സ്വീകരിക്കുന്നത് താൻ അവസാനിപ്പിച്ചു എന്നും തൻ്റെ ശരീരത്തിന് ആവശ്യമായ പ്ലാസ്മ സെല്ലുകൾ ലഭിച്ചു കഴിഞ്ഞുവെന്നുമാണ് ഇദ്ദേഹത്തിൻറെ പുതിയ വെളിപ്പെടുത്തൽ. ഒപ്പം ആർക്കെങ്കിലും ആവശ്യമുണ്ടെങ്കിൽ തന്റെ രക്തത്തിലെ പ്ലാസ്മാ സെല്ലുകൾ നൽകാൻ തയ്യാറാണ് എന്നും തമാശരൂപേണ പ്രഖ്യാപിച്ചിരിക്കുകയാണ് ബ്രയാൻ ജോൺസൺ.
പതിനാറുകാരനായ മകൻ ടാൽമേജ്നെയും 70 -കാരനായ പിതാവ് റിച്ചാർഡിനെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു മൾട്ടി ജനറേഷൻ പ്ലാസ്മ എക്സ്ചേഞ്ച് പരീക്ഷണമായിരുന്നു ഇദ്ദേഹം നടത്തിയിരുന്നത്. മകൻറെ പ്ലാസ്മ സ്വന്തം ശരീരത്തിലേക്ക് സ്വീകരിക്കുമ്പോൾ സ്വന്തം ശരീരത്തിൽ നിന്നും എടുക്കുന്ന പ്ലാസ്മ പിതാവിന്റെ ശരീരത്തിലായിരുന്നു കുത്തിവയ്ക്കുന്നത്.
കൗമാരക്കാരനായ മകനിൽ നിന്ന് ഒരു ലിറ്റർ രക്തം വേർതിരിച്ചെടുക്കുന്നതാണ് ഈ പ്രക്രിയയിലെ ആദ്യഘട്ടം. ഈ രക്തം പിന്നീട് അതിൻ്റെ ഘടകങ്ങളായി (പ്ലാസ്മ, ചുവന്ന രക്താണുക്കൾ, വെളുത്ത രക്താണുക്കൾ, പ്ലേറ്റ്ലെറ്റുകൾ) വേർതിരിക്കും. ശേഷം 47 കാരനായ ബ്രയാൻ ജോൺസന്റെ ശരീരത്തിലേക്ക് അത് കുത്തിവയ്ക്കും. ഏതായാലും തൻ്റെ ശരീരം താൻ ആഗ്രഹിച്ചതുപോലെ തന്നെ പുതിയൊരു ഘട്ടത്തിലേക്ക് കടന്നുകഴിഞ്ഞുവെന്നും ഇനി മകൻറെ രക്തം കുത്തിവയ്ക്കില്ലെന്നുമാണ് ടെക് കോടീശ്വരന്റെ പുതിയ വെളിപ്പെടുത്തൽ.
ഇന്ത്യയിൽ അടക്കം നിരവധി ആരാധകരുള്ള ബ്രയാൻ ജോൺസൺ സോഷ്യൽ മീഡിയയിലൂടെ തൻറെ ആരാധകരുമായി നിരന്തരം സംവദിക്കാറുണ്ട്. കഴിഞ്ഞദിവസം തൻ്റെ പ്ലാസ്മയുടെ ഒരു ബാഗുമായി നിൽക്കുന്ന ചിത്രവും ഇദ്ദേഹം പോസ്റ്റ് ചെയ്തിരുന്നു. ഒപ്പം ഇത് തന്റെ പ്ലാസ്മാ ബാഗാണെന്നും ആർക്കാണിത് വേണ്ടതെന്നും അദ്ദേഹം ചോദിക്കുന്നുണ്ട്.
പോസ്റ്റ് വൈറലായതോടെ പ്ലാസ്മ സ്വന്തമാക്കാൻ എത്ര പണം നൽകേണ്ടി വരും എന്ന് ചോദിച്ച ഒരു യൂസറിന് ജോൺസൺ നൽകിയ മറുപടി താൻ ഇത് സൗജന്യമായി തരാൻ തയ്യാറാണെങ്കിലും അതിന് നിയമപരമായ ചില നിയന്ത്രണങ്ങളുണ്ട് എന്നായിരുന്നു.
നിത്യയൗവനത്തിനായി ഒരു ദിവസം 50 ഗുളികൾ, ഒരു വർഷം ചെലവ് 16 കോടി; ബ്രയാൻ ജോൺസന്‍റെ വെളിപ്പെടുത്തൽ