തീരത്ത് അടിഞ്ഞത് ലക്ഷക്കണക്കിന് നീല കടൽജീവികൾ; ആശങ്കയോടെ തീരദേശവാസികൾ, ജാഗ്രതാ നിർദ്ദേശം

Published : Aug 04, 2026, 01:32 PM IST
Velella velella

Synopsis

യുകെയിലെ പ്രമുഖ ബീച്ചുകളിൽ ലക്ഷക്കണക്കിന് നീല കടൽജീവികൾ വൻതോതിൽ കരയ്ക്കടിയുന്നു. വെലെല്ല വെലെല്ല എന്നറിയപ്പെടുന്ന ഇവ യഥാർത്ഥ ജെല്ലിഫിഷുകളല്ല, മറിച്ച് ശക്തമായ കാറ്റിലും അസാധാരണമായ ചൂടിലും പെട്ട് തീരത്തെത്തുന്ന ജീവികളുടെ ഒരു കൂട്ടായ്മയാണ്. കാലാവസ്ഥാ വ്യതിയാനമാണ് ഇതിന് പിന്നിലെന്നാണ് വിദഗ്ധർ സംശയിക്കുന്നത്.

യുകെയിലെ പ്രമുഖ ബീച്ചുകളിൽ അത്ഭുതവും ആശങ്കയും സൃഷ്ടിച്ച് നീല നിറത്തിലുള്ള കടൽജീവികൾ വൻതോതിൽ കരയ്ക്കടിയുന്നു. ശക്തമായ കാറ്റിലും കടുത്ത ചൂടിലും പെട്ട് തെളിഞ്ഞ ഇലക്ട്രിക് ബ്ലൂ (Electric Blue) നിറത്തിലുള്ള ലക്ഷക്കണക്കിന് ജീവികളാണ് തീരപ്രദേശങ്ങളിൽ അടിയുന്നത്. ഇംഗ്ലണ്ടിലെ കംബ്രിയയിലുള്ള സെന്‍റ് ബീസ് ബീച്ചിലാണ് ഇവ ഏറ്റവും ഒടുവിലായി വൻതോതിൽ കാണപ്പെട്ടതെന്ന് ബിബിസി റിപ്പോർട്ട് ചെയ്യുന്നു. നേരത്തെ വെയിൽസ് തീരങ്ങളിലും സമാനമായ രീതിയിൽ ഇവ പ്രത്യക്ഷപ്പെട്ടിരുന്നു. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ കരയ്ക്കടിയൽ സംഭവങ്ങളിലൊന്നാണിതെന്ന് വിദഗ്ധരും ചൂണ്ടിക്കാണിക്കുന്നു.

എന്താണ് ഈ നീല ജീവികൾ?

കാഴ്ചയിൽ ജെല്ലിഫിഷുകളോട് സാദൃശ്യമുണ്ടെങ്കിലും വെലെല്ല വെലെല്ല അഥവാ 'ബൈ-ദി-വിൻഡ് സെയിലേഴ്‌സ്' (By-the-wind sailors) എന്നറിയപ്പെടുന്ന ഇവ യഥാർത്ഥ ജെല്ലിഫിഷുകളല്ല. ഒരൊറ്റ ജീവിയായി ഒന്നിച്ചു ജീവിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ആയിരക്കണക്കിന് കുഞ്ഞു ജീവികളുടെ കൂട്ടായ്മയായ 'കൊളോണിയൽ ഹൈഡ്രോയിഡുകൾ' ആണ് ഇവ. ഇവയ്ക്ക് ഏകദേശം രണ്ട് ഇഞ്ച് (5 സെന്‍റീമീറ്റർ) മാത്രം വലിപ്പമേയുള്ളൂ. ശരീരത്തിന് മുകളിലായുള്ള ചെറിയ സുതാര്യമായ 'പായ' പോലെയുള്ള ഭാഗത്ത് കാറ്റടിക്കുമ്പോഴാണ് ഇവ കടലിൽ സഞ്ചരിക്കുന്നത്. ശരീരത്തിന് താഴെയുള്ള നേർത്ത സ്പർശിനികൾ ഉപയോഗിച്ച് ഇവ സൂക്ഷ്മജീവികളെ തങ്ങളുടെ ഇരയാക്കുന്നു.

 

 

കാലാവസ്ഥാ വ്യതിയാനമോ?

അറ്റ്ലാന്‍റിക്, പസഫിക്, ഇന്ത്യൻ മഹാസമുദ്രങ്ങളിൽ കാണപ്പെടുന്ന ഇവ കൊടുങ്കാറ്റിലും ശക്തമായ കാറ്റിലും പെട്ടാണ് തീരങ്ങളിലേക്ക് അടിയുന്നത്. യുകെയിൽ തുടരുന്ന അസാധാരണ ചൂടും ഇവയുടെ കൂട്ടത്തോടെയുള്ള വരവിന് കാരണമായിട്ടുണ്ടെന്നാണ് സമുദ്ര ശാസ്ത്രജ്ഞർ കരുതുന്നത്. ഈ ജീവികൾക്ക് അപകടകാരിയായ 'പോർച്ചുഗീസ് മാൻ ഒ' വാർ' (Portuguese man o' war) ജീവികളുമായി സാമ്യമുണ്ടെങ്കിലും ഇവയുടെ വിഷവീര്യം താരതമ്യേന കുറവാണ്. എന്നിരുന്നാലും, ഇവയെ തൊട്ടശേഷം കണ്ണുകളിലോ മുഖത്തോ കൈവിരലുകൾ തട്ടിയാൽ അസ്വസ്ഥതയും ചൊറിച്ചിലും ഉണ്ടാകാൻ സാധ്യതയുണ്ടെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

PREV
Read more Articles on
click me!

Recommended Stories

കാമുകനുമായി വഴക്ക്: 18 -ാം നിലയിലെ ബാൽക്കണിയിൽ നിന്ന് ചാടിയ 20 -കാരി അത്ഭുതകരമായി രക്ഷപ്പെട്ടു
11 ലക്ഷത്തിന്റെ ജോലി ഉപേക്ഷിച്ച് കുടിവെള്ളം വിൽക്കാനിറങ്ങി, 28 ലക്ഷം വരുമാനം