അമ്മ മടങ്ങി വന്നില്ല, ഹോട്ടൽ മുറിയിൽ തനിച്ചായി 6 വയസുകാരൻ, രണ്ടാഴ്ച പൊന്നുപോലെ നോക്കി ജീവനക്കാർ

Published : Apr 03, 2026, 10:21 PM IST
boy

Synopsis

അമ്മ ഹോട്ടലിൽ ഉപേക്ഷിച്ചുപോയ ആറുവയസ്സുകാരനെ രണ്ടാഴ്ചയോളം സ്വന്തം കുഞ്ഞിനെ പോലെ നോക്കി ജീവനക്കാർ. ഒടുവില്‍ രണ്ടാഴ്ചയ്ക്ക് ശേഷം അമ്മയെ കണ്ടെത്തി. സംഭവം ചൈനയില്‍.

ചൈനയിലെ ഹെനാൻ പ്രവിശ്യയിൽ നിന്നുള്ള ഒരു ആറുവയസ്സുകാരന്റെയും രണ്ടാഴ്ചക്കാലം സ്വന്തം മകനെപ്പോലെ അവനെ നോക്കിയ ഹോട്ടൽ ജീവനക്കാരുടെയും കഥയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ചെങ്ചെങ് എന്ന ആറുവയസ്സുകാരനെ നഗരത്തിലെ ഒരു ഹോട്ടലിൽ ഉപേക്ഷിച്ച് അമ്മ പോവുകയായിരുന്നു. ഫെബ്രുവരിയിൽ അമ്മ യുയേയ്‌ക്കൊപ്പമാണ് അവൻ ഹോട്ടലിൽ എത്തിയത്. ആദ്യ ദിവസങ്ങളിൽ രാത്രികളിൽ മാത്രം പുറത്തുപോയിരുന്ന അവന്റെ അമ്മ, മാർച്ച് ആയതോടെ മടങ്ങിവരാതെയായി. ഹോട്ടലിലെ ക്ലീനിംഗ് സ്റ്റാഫും മറ്റ് ജീവനക്കാരും കുട്ടിയെ ഏറ്റെടുത്തു. അവർ അവന് ഭക്ഷണം നൽകി. ഒരു ക്ലീനിംഗ് ജീവനക്കാരിയാണ് അവന് അമ്മയെപ്പോലെ കൂട്ടിരുന്നത്.

മുറിയിലുണ്ടായിരുന്ന സ്മാർട്ട് സ്പീക്കറിനോട് 'നിനക്കും അച്ഛനമ്മമാരുണ്ടോ' എന്ന് കുട്ടി ചോദിച്ചതും, തന്റെ അമ്മ വരാനായി കാത്തിരിക്കുന്നതും കണ്ട ജീവനക്കാരുടെ മനസ് തകർന്നു പോവുകയായിരുന്നു. ഒടുവിൽ, പോലീസും അധികൃതരും ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിൽ മാർച്ച് 24 -ന് അവന്റെ അമ്മ ഹോട്ടലിൽ തിരിച്ചെത്തി. രോഗം വന്നതും വലിയ കടബാധ്യതയുമാണ് തന്നെ ഈ കടുംകൈ ചെയ്യാൻ പ്രേരിപ്പിച്ചതെന്ന് അവർ കരഞ്ഞുകൊണ്ട് പറഞ്ഞു.

അമ്മയെ കണ്ട മാത്രയിൽ തന്നെ കുട്ടി ഓടിച്ചെന്ന് കെട്ടിപ്പിടിച്ചു. അമ്മയോട് തനിക്ക് പരാതികളൊന്നുമില്ലെന്നാണ് കുട്ടി പറഞ്ഞത്. 'എനിക്ക് എന്നെ നോക്കാൻ അറിയാം. പെട്ടെന്ന് വളർന്ന് എനിക്ക് അമ്മയെ സംരക്ഷിക്കണം' എന്നും അവൻ പറഞ്ഞു. പിരിഞ്ഞുപോകുന്ന നേരത്ത് തന്നെ നോക്കിയ ഹോട്ടൽ ജീവനക്കാരോടും ചെങ്ചെങ് നന്ദി പറഞ്ഞു. യുവതിയുടെ ദയനീയാവസ്ഥ പരിഗണിച്ച് വുമൺസ് ഫെഡറേഷൻ താൽക്കാലികമായി കുട്ടിയെ ഒരു ഫോസ്റ്റർ കുടുംബത്തിലേക്ക് മാറ്റിയിട്ടുണ്ട്. ഇതുവരെ സ്കൂളിൽ പോയിട്ടില്ലാത്ത ചെങ്ചെങ് ഇപ്പോൾ കിന്റർഗാർട്ടനിൽ പഠനം ആരംഭിച്ചു. കുട്ടിയെ ഉപേക്ഷിച്ച നടപടി ശിക്ഷ ലഭിക്കാവുന്നതാണെങ്കിലും, കുടുംബത്തിന്റെ ദാരിദ്ര്യം കൂടി കണക്കിലെടുത്താകും തുടർനടപടികൾ.

PREV
Read more Articles on
click me!

Recommended Stories

നഴ്‌സറിയിൽ വർഷം ഫീസ് 3.7 ലക്ഷം രൂപ! ഇതിലും ഭേദം വീട്ടിലിരുത്തി പഠിപ്പിച്ച് പണം എസ്‍ഐപിയിലിടുന്നത്; പോസ്റ്റുമായി യുവതി
വർഷം 10 ശതമാനം വാടക കൂട്ടുമെന്ന് ഉടമ, എല്ലായിടത്തും ഇങ്ങനെയാണോ എന്ന് യുവാവ്